ബെംഗളൂരു: അറിഞ്ഞതിലുമേറെയാണ് വായു മലിനീകരണത്തിന്റെ അപകടം. ശ്വാസകോശത്തെ അതിവേഗം തകര്‍ക്കാന്‍ വായുമലിനീകരണത്തിന് കഴിയുമെന്നതുപോലെ ഹൃദയാഘാതത്തിലും മലിന വായുവിന് പങ്കുണ്ടെന്ന് പഠനം. പരമ്പര്യേതര കാരണങ്ങളാല്‍ ഹൃദയാഘാതമുണ്ടാകുന്ന 35 ശതമാനം ആളുകള്‍ക്കും ദോഷകരമാകുന്നത് വായുമലിനീകരണമാണെന്നാണ് കണ്ടെത്തല്‍.

മലിനവായു ശ്വസിക്കുന്നതോടെയുണ്ടാകുന്ന ആന്തരികാവയവങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍ക്കനുബന്ധമായാണ് ഹൃദയാഘാതമുണ്ടാകുന്നത്. ബെംഗളൂരു ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ വാസ്‌കുലാര്‍ സയന്‍സസ് നിംഹാന്‍സിന്റെയും സെയ്ന്റ് ജോണ്‍സ് റിസേര്‍ച്ച് സെന്ററിന്റെയും സഹകരണത്തോടെ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

2017 ഏപ്രിലിനും 2019 ഏപ്രിലിനും ഇടയില്‍ 2400 രോഗികളാണ് പഠനത്തില്‍ പങ്കെടുത്തത്. രണ്ടുവര്‍ഷത്തിനിടെ അസുഖവുമായി ആശുപത്രിയിലെത്തിയവര്‍ 25 ശതമാനവും 30 വയസ്സിനു താഴെയുള്ളവരാണ്. 30 ശതമാനം 31-35 വയസ്സിനിടയില്‍ പ്രായമുള്ളവരും 45 ശതമാനം 36-നും 40 വയസ്സിനും ഇടയിലുള്ളവരുമാണ്. ഇക്കൂട്ടത്തില്‍ 91 ശതമാനവും പുരുഷന്മാരും ഒമ്പതുശതമാനം സ്ത്രീകളുമാണ്.

രോഗികളില്‍ 49 ശതമാനവും സ്ഥിരമായി പുകവലിക്കുന്നവരാണ്. 34 ശതമാനവും മദ്യപിക്കുന്നവരുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റു രോഗങ്ങളുള്ളവരും ഹൃദയാഘാതമുണ്ടാകുന്നതില്‍ മുമ്പിലാണെന്നാണ് പഠനം പറയുന്നത്. പുകവലിക്കുന്നതിന് തുല്യമായ ഭവിഷ്യത്താണ് വായുമലിനീകരണമുണ്ടാക്കുന്നത്. ഒരുലക്ഷം ഇന്ത്യക്കാരില്‍ 200 പേരെങ്കിലും വായു മലിനീകരണം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഹൃദയസംബന്ധമായ അസുഖം നേരിടുന്നുണ്ടെന്ന് ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സി.എന്‍. മഞ്ജുനാഥ പറയുന്നു.

വായുമലീനീകരണം അതിവേഗം വര്‍ധിക്കുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വായുമലിനീകരണത്തോത് അപകടകരമായ നിലയിലാണ്.

Content Highlights: world heart day 2019