യിടെ കേരളത്തില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് നടത്തിയ ചില പഠനങ്ങളുടെ വെളിച്ചത്തില്‍ ഹൃദ്രോഗ ചികിത്സയെ സംബന്ധിച്ച ചില യാഥാര്‍ത്ഥ്യങ്ങളിലേക്കും അതിന്റെ കാണാപ്പുറങ്ങളിലേക്കും കടക്കാം. കേരളത്തിലെ ജനസംഖ്യ ഏതാണ്ട് 38 ദശലക്ഷമാണ്. ഇതില്‍ പുരുഷന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 72 വര്‍ഷവും സ്ത്രീകളുടേത് 74.7-ഉം ആണ്. കേരളത്തില്‍ പ്രതിവര്‍ഷം 1.75 ലക്ഷം ഹാര്‍ട്ടറ്റാക്കുകളാണ് സംഭവിക്കുന്നത്. ഇതില്‍ ഏതാണ്ട് 38,000 പേര്‍ മരണപ്പെടുന്നു. 50-70 വയസ്സിനിടയ്ക്കുള്ളവരിലാണ് ഹൃദയാഘാതം ഏറ്റവും കൂടുതലായി കാണുന്നത്.

2018-ല്‍ ഇവിടെ നടത്തിയ ഒരു പഠനത്തില്‍, ഹാര്‍ട്ടറ്റാക്ക് സംഭവിച്ച 80,000 രോഗികളില്‍ ഏതാണ്ട് 15 ശതമാനത്തോളം പേര്‍ക്ക് മാത്രമാണ് കൃത്യമായ 'പ്രൈമറി ആന്‍ജിയോപ്‌ളാസ്റ്റി' തക്കസമയത്ത് നടത്തി, ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്.

കേരളത്തില്‍ ഇപ്പോള്‍ ഏകദേശം 140 'കാത്ത് ലാബ്' സൗകര്യമുള്ള ആശുപത്രികളുണ്ട്. ഇത് ലോകത്തെ മികച്ച രാജ്യങ്ങളുടേതുമായി താരതമ്യപ്പെടുത്താം. ഇത്ര സാങ്കേതിക മികവുള്ള ഹൃദ്രോഗ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമായ മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ലെന്നുതന്നെ പറയാം. എന്നിട്ടും നമ്മുടെ നാട്ടില്‍ ഏതാണ്ട് 80-85 ശതമാനം രോഗികള്‍ക്കും ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍ കൃത്യസമയത്ത് ലഭിക്കേണ്ട ചികിത്സ കിട്ടാതെ പോകുന്നു.

തെറ്റായ രോഗനിര്‍ണയം, മുറിവൈദ്യനായി സ്വയം ചികിത്സിക്കുക, മറ്റ് ആള്‍ട്ടര്‍നേറ്റീവ് ചികിത്സാ ശാഖകള്‍ക്ക് പിറകെ പോകുക തുടങ്ങിയ കാരണങ്ങള്‍ ഉണ്ടെങ്കിലും ഹാര്‍ട്ടറ്റാക്കുണ്ടായ സിംഹഭാഗം രോഗികള്‍ക്കും പ്രധാനമായ 'പ്രൈമറി ആന്‍ജിയോപ്‌ളാസ്റ്റി'യും മറ്റു പ്രധാന ചികിത്സകളും ചെയ്യാന്‍ പറ്റാതെ പോകുന്നത് സാമ്പത്തിക പരാധീനതകള്‍ കൊണ്ടുതന്നെ. തത്ഫലമായി, ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കുമായിരുന്ന പലരുടെയും ജീവന്‍ അകാലത്തില്‍ പൊലിഞ്ഞുപോകുകയാണ്.

ഇനി കേരളത്തിലെ ഹൃദ്രോഗികളുടെ എണ്ണത്തിലുള്ള വിസ്ഫോടനാത്മകമായ വര്‍ധനയുടെ ചില കാരണങ്ങളിലേക്ക് കടക്കാം

ഹൃദ്രോഗചികിത്സയ്ക്ക് പൂര്‍ണ സജ്ജീകരണങ്ങളുള്ള, 'കാത്ത് ലാബ്' സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം കേരളത്തില്‍ അതിശയകരമാംവിധം വര്‍ദ്ധിച്ചുവരികയാണ്. എവിടെയും ഹൃദ്രോഗികളെ ചികിത്സിക്കാനുള്ള സജ്ജീകരണങ്ങള്‍ മോടിപിടിപ്പിക്കാനുള്ള വ്യഗ്രതയിലാണ് ആശുപത്രി ഉടമകള്‍.

സാങ്കേതിക മികവുള്ള ചികിത്സാലയങ്ങള്‍ സജ്ജമാക്കാന്‍ ആക്രാന്തം കാണിക്കുന്ന മലയാളികള്‍, എന്നാല്‍ ഏറ്റവും കാതലായ പല ചികിത്സാമാര്‍ഗങ്ങളും സൗകര്യപൂര്‍വം മറന്നുപോകുന്നു.

ഞാന്‍ പറഞ്ഞുവരുന്നത് രോഗപ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിത്തന്നെ. ഇത്രയൊക്കെ ചികിത്സാസൗകര്യങ്ങളുള്ള പടുകൂറ്റന്‍ ആശുപത്രികള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവന്നിട്ടും ഇവിടത്തെ ഹൃദ്രോഗികളുടെ എണ്ണത്തില്‍ എന്തെങ്കിലും കുറവ് കാണുന്നുണ്ടോ...? ഇല്ലാത്തതിന് കാരണം ചികിത്സയ്ക്കു മാത്രം പ്രാമുഖ്യം കൊടുക്കുന്ന ഒരു വികല ആരോഗ്യസംസ്‌കാരം നമ്മുടെ നാട്ടില്‍ ദുഷ്‌കരമാംവിധം വളര്‍ന്നുവരുന്നതു കൊണ്ടുതന്നെ.

ഹൃദ്രോഗത്തെ 85 ശതമാനം വരെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഇന്ന് നമ്മുടെ കണ്‍മുമ്പിലുണ്ട് എന്നുപറഞ്ഞാല്‍ കേള്‍ക്കാന്‍ മലയാളികള്‍ക്ക് മനസ്സില്ല. നമ്മുടെ കണ്ണും മനസ്സും തുറക്കുന്നത് എന്തെങ്കിലും അപായങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്.

ഹാര്‍ട്ടറ്റാക്കോ സ്ട്രോക്കോ ഒക്കെ ഉണ്ടായി തീവ്രപരിചരണ വിഭാഗത്തിലകപ്പെടുന്ന രോഗി വിതുമ്പുകയാണ്. അവിടെവച്ചെടുക്കുന്ന കൊളസ്ട്രോള്‍ 500 മില്ലിഗ്രാം ശതമാനം, പ്രഷര്‍ 250 മില്ലി മീറ്റര്‍ മെര്‍ക്കുറി, രക്തത്തിലെ പഞ്ചസാര 350 മില്ലിഗ്രാം ശതമാനം. ഇങ്ങനെ പോകുന്നു അടിതെറ്റിയ രക്തത്തിലെ ജീവല്‍പ്രധാന ഘടകങ്ങളുടെ അളവുകള്‍.

ഇവയൊക്കെ നേരത്തെ കണ്ടുപിടിച്ച്, പിടിയിലൊതുക്കി നിന്നിരുന്നെങ്കില്‍ ഇപ്പോള്‍ അകപ്പെട്ട മരണാസന്നമായ അവസ്ഥ അത്ഭുതകരമായി ഒഴിവാക്കാമായിരുന്നുവെന്ന് ഓര്‍ത്ത് പൊട്ടിക്കരയുന്നു. ഇതാണ് കേരളത്തില്‍ ഇപ്പോള്‍ എവിടെയും കാണുന്ന അവസ്ഥ.

കേരളത്തിലെ ഒരു സാധാരണവീട്ടിലെ കുടുംബനാഥന് ഹൃദ്രോഗമുണ്ടായാല്‍ പിന്നെ ആ കുടുംബം ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തുകയാണ്. ഏതാണ്ട് 40 ശതമാനം അധികച്ചെലവാണ് ഹൃദ്രോഗ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി കൂടുതലായി വേണ്ടിവരുന്നത്.

മരണംവരെ നിര്‍വിഘ്‌നം കൊണ്ടുപോകേണ്ടതാണ് 'ഹൃദ്രോഗ ചികിത്സ' എന്നോര്‍ക്കണം. കുടുംബനാഥനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒരു കുടുംബം സാമ്പത്തികമായി തകരുകതന്നെ ചെയ്യും.

ഈ സന്നിഗ്ധാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങളുണ്ടോ? തീര്‍ച്ചയായും ഉണ്ട്, ഏറെ പണം ചെലവാക്കി അപ്പപ്പോള്‍ ആശുപത്രികള്‍ കയറിയിറങ്ങി കഷ്ടപ്പെടുന്നതിനേക്കാള്‍ എളുപ്പകരവും ഭദ്രവുമായ ഒരു പരിഹാരം ഞാന്‍ വിവരിക്കാം:

അത് 'പ്രതിരോധ'ത്തിന്റെ പാതയാണ്. രോഗങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് നില്‍ക്കുന്നതിനുള്ള മാര്‍ഗം. ഈ സന്ദേശവുമായിട്ടാണ് 'വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍' എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29-ാം തീയതി മുന്നോട്ടുവരുന്നത്. ഈ ദിനം ഹൃദയത്തിനുവേണ്ടി മാത്രം മാറ്റിവച്ചിരിക്കുന്നു.

ഒരു മഹാമാരിപോലെ പടര്‍ന്നേറുന്ന ഹൃദയധമനീ രോഗങ്ങളെ വിജയപ്രദമായി പിടിയിലൊതുക്കാനുള്ള വിവിധ ക്രിയാത്മക നിര്‍ദേശങ്ങളുമായിട്ടാണ് 'വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍' നിങ്ങളെ അഭിമുഖീകരിക്കുന്നത്.

രോഗം വരാതെ നോക്കുക, പരമമായി രോഗങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുക. ഹൃദ്രോഗത്തിന്റെ കാര്യത്തിലും അത് സത്യമാണ്.

2000-ല്‍ ആരംഭിച്ച 'ലോക ഹൃദയദിനം' ഓരോ വര്‍ഷവും വിവിധ വിഷയങ്ങളെ അവലംബിച്ചാണ് പ്രതിരോധ പരിപാടികള്‍ സംവിധാനം ചെയ്യുന്നത്. 'എന്റെ ഹൃദയം, നിങ്ങളുടെ ഹൃദയം' എന്നതാണ് ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം.

ഏവരും സ്വന്തം ഹൃദയാരോഗ്യം സന്തുലിതമാക്കാന്‍ അവലംബിക്കുന്ന നടപടികള്‍ മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കണം.

ആദ്യമായി ആരോഗ്യപൂര്‍ണമായ ജീവിതശൈലി സ്വയം സ്വീകരിച്ച്, മറ്റു കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സമൂഹത്തിനും ഒരു പ്രചോദനമായി മാറണം.

ഈ ദിനത്തില്‍ ഓരോരുത്തരും എടുക്കേണ്ട പ്രതിജ്ഞകള്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ അടിവരയിട്ട് പറയുന്നു

  • നമ്മുടെ വീടുകളില്‍ ഹൃദയസൗഹൃദ ഭക്ഷണം പാകപ്പെടുത്തുകയും ആചരിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കണം.
  • നമ്മുടെ കുട്ടികളില്‍ വ്യായാമശീലം ഊര്‍ജ്ജസ്വലമാക്കുകയും പുകവലി പൂര്‍ണമായും ഉന്മൂലനം ചെയ്യുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കണം.
  • ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും രോഗികളില്‍ കൊളസ്ട്രോള്‍, പുകവലി, പ്രഷര്‍, പ്രമേഹം, അമിത വണ്ണം, വ്യായാമക്കുറവ്, സ്ട്രെസ്, മദ്യപാനം തുടങ്ങിയ എല്ലാ ആപത്ഘടകങ്ങളും കര്‍ശനമായി നിയന്ത്രണ വിധേയമാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കണം.
  • തൊഴിലിടങ്ങളില്‍ ഹൃദയസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് തൊഴില്‍ദാദാവും തൊഴിലാളികളും ദൃഢപ്രതിജ്ഞയെടുക്കണം.

80 ശതമാനത്തോളം ഹൃദ്രോഗാനന്തര മരണസംഖ്യ പുകവലി, അപഥ്യ ഭക്ഷണശൈലി, വ്യായാമരാഹിത്യം, മദ്യ ഉപയോഗം ഇവ നിയന്ത്രിക്കുന്നതിലൂടെ കുറയ്ക്കാവുന്നതാണ്.

പുകയില ഉപയോഗം ലോകമെമ്പാടും ആറ് ദശലക്ഷം പേരെ കൊന്നൊടുക്കുകയാണ്. പാസീവ് സ്‌മോക്കിങ് കാരണം ആറ് ലക്ഷം പേര്‍ പ്രതിവര്‍ഷം മരണപ്പെടുകയാണ്. ഇതില്‍ 28 ശതമാനവും കുട്ടികളാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഭൂമുഖത്തെ 60 ശതമാനം പേര്‍ക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല. ആഴ്ചയില്‍ കുറഞ്ഞത് രണ്ടര മണിക്കൂര്‍ കൃത്യമായി വ്യായാമ മുറകളില്‍ ഏര്‍പ്പെട്ടാല്‍ ഹൃദ്രോഗസാധ്യത 30 ശതമാനമായി കുറയ്ക്കാം.

കേരളത്തില്‍ 2008-ല്‍ നടന്ന ഒരു പഠനത്തില്‍ (സ്റ്റെപ്സ് സര്‍വേ) 16-നും 65-നും ഇടയ്ക്ക് പ്രായമുള്ളവരില്‍ 74.5 ശതമാനം പേര്‍ക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല എന്ന് തെളിഞ്ഞു.

'എന്താണ് കേരള പാരഡോക്‌സ്.?'

സാക്ഷരതയില്‍ ഒന്നാമന്‍, ആയുര്‍ദൈര്‍ഘ്യത്തിന്റെ കണക്കെടുത്താല്‍ ഇന്ത്യന്‍ ശരാശരിയുടെ മുന്‍പന്തിയില്‍, ചികിത്സാ സംവിധാനങ്ങളുടെ കാര്യമെടുത്താലും ഇതര സംസ്ഥാനങ്ങളെക്കാള്‍ മെച്ചം. എന്നാല്‍, ഹൃദയധമനീ രോഗങ്ങളിലേക്ക് നയിക്കുന്ന ആപത് ഘടകങ്ങളുടെ കാര്യമെടുത്താല്‍ കേരളം ഇന്ത്യന്‍ ശരാശരിയെക്കാള്‍ ഏറെ മുന്നില്‍.

ഇത്രയും സാക്ഷരതയും ബുദ്ധിവൈഭവവും ഒക്കെയുണ്ടെന്ന് അവകാശപ്പെടുന്ന മലയാളികള്‍, എന്നാല്‍ ആപത് ഘടകങ്ങളുടെ നിയന്ത്രണത്തില്‍ ഒരു മുന്‍കരുതലും എടുക്കുന്നില്ല. ഈ സ്ഥിതി മാറിയില്ലെങ്കില്‍ 'ആരോഗ്യകേരളം' ഭാവിയില്‍ വലിയ വിലകൊടുക്കേണ്ടി വരും.

വിവരങ്ങള്‍

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ്
കാര്‍ഡിയോളജിസ്റ്റ്,
ലൂര്‍ദ് ഹോസ്പിറ്റല്‍,
എറണാകുളം

Content Highlights: World Heart Day 2019, Healthy Heart, Heart health care,Cath lab Kerala