'' ഹൃദയം കിട്ടിയില്ലായിരുന്നുവെങ്കില്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ നിങ്ങള്‍ ജീവിച്ചിരിക്കില്ലായിരുന്നു''

ജീവിതത്തിലേക്ക് ഇനി ഒരു മടക്കമില്ലെന്നുറപ്പിച്ചാണ് ശസ്ത്രക്രിയ മുറിയുടെ മരവിച്ച തണുപ്പിലേക്ക് സഞ്ജീവിന്റെ ബോധം മറഞ്ഞത്, എന്നാല്‍ മണിക്കൂറുകള്‍ക്കപ്പുറം കണ്ണുകള്‍ തുറന്നപ്പോള്‍ അവനെ വരവേറ്റത് സഞ്ജീവിന് ജീവിതം തിരിച്ചുകൊടുത്ത ഡോക്ടര്‍മാരുടെ നേര്‍ത്ത പുഞ്ചിരിക്കൊപ്പം ഈ വാക്കുകള്‍ കൂടിയാണ്. 

ഇടുക്കി സ്വദേശിനിയായിരുന്ന നിബിയയുടെ ഹൃദയം ചങ്ങനാശേരി സ്വദേശിയായ സഞ്ജീവില്‍ ജീവിച്ചു തുടങ്ങിയിട്ട്  മൂന്ന് മാസം കഴിഞ്ഞു... സഞ്ജീവ് ഇപ്പോള്‍ ആരോഗ്യവാനാണ്. ശസ്ത്രക്രിയയ്ക്ക് പിന്നാലെയുള്ള റെഗുലര്‍ ചെക്കപ്പുകളൊഴിച്ചാല്‍ മറ്റൊന്നുമിപ്പോള്‍ ഈ മുപ്പതുകാരനെ അലട്ടുന്നില്ല. പുതിയ ഹൃദയത്തെ കുറിച്ച് പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ നഷ്ടപ്പെട്ട ജീവിതത്തിലെ പ്രതീക്ഷകള്‍ വീണ്ടെടുത്തതിന്റെ സന്തോഷമുണ്ടായിരുന്നു ഈ ചെറുപ്പക്കാരന്റെ വാക്കുകളില്‍.

2019 ജൂണ്‍ 14.. അന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിനും ഡോ. ജയകുമാറിനും ചരിത്രനേട്ടമായി അഞ്ചാമത് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഹൃദ്രോഗത്തെ തുടര്‍ന്ന് ഏഴ് വര്‍ഷമായി ചികിത്സയിലായിരുന്ന സഞ്ജീവില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട നിബിയയുടെ ഹൃദയമാണ് തുന്നിച്ചേര്‍ത്തത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയതാവട്ടെ മുന്‍പ് നാല് തവണ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ചരിത്രനേട്ടം സ്വന്തമാക്കിയ ഡോ.ജയകുമാറും. 

nibiya organ donation
നിബിയയുടെ ഹൃദയവുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്

ഏഴ് വര്‍ഷത്തെ ചികിത്സ ഒടുവില്‍ ഹൃദയം മാറ്റിവെക്കല്‍

2012 മുതലാണ് സഞ്ജീവിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. ശ്വാസം മുട്ടലിലായിരുന്നു തുടക്കം. ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും ശ്രീചിത്രയിലും ചികിത്സ തേടി. ഹൃദയം മാറ്റിവെക്കുന്നതാവും നല്ലതെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. ഹൃദയം ലഭിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നെങ്കിലും യോജിച്ച ഹൃദയം ലഭിച്ചില്ല. 2017മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. അതിനിടെ രോഗം വഷളായി. പലപ്പോഴും ആശുപത്രിയില്‍ തന്നെയായിരുന്നു സഞ്ജീവിന്റെ രാവും പകലും. 

അതിനിടെ ചെന്നൈയില്‍ നിന്നും ഒരു ഫോണ്‍കോളെത്തി. സഞ്ജീവിന് ചേരുന്ന ഹൃദയം ലഭ്യമാണെന്ന് അറിയിച്ചുള്ള ഫോണ്‍ സന്ദേശമായിരുന്നു അത്. ഹൃദയമെടുക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് അവസാന നിമിഷം മുടങ്ങിപ്പോയി. ചികിത്സ പിന്നെയും നീണ്ടു. രോഗം ഏറിയും കുറഞ്ഞുമിരുന്നു. എന്നാല്‍ ജൂണ്‍ മാസം ആദ്യമായതോടെ സഞ്ജീവിന്റെ നില ഏറെ വഷളായി. ഹൃദയ സംബന്ധിയായ പ്രശ്‌നങ്ങള്‍ക്കൊപ്പം സ്‌ട്രോക്കും ഉണ്ടായതോടെ പൂര്‍ണമായും തളര്‍ന്ന നിലയിലായി അവന്‍. എല്ലാം പ്രതീക്ഷകളും അസ്തമിച്ച് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്നും ഡോ. ജയകുമാറിനെ തേടി ഒരു ഫോണ്‍ സന്ദേശമെത്തിയത്. 

ആസ്സറ്റര്‍ മെഡ്‌സിറ്റിയിലെ ഒരാളുടെ ഹൃദയം മാറ്റിവെയ്ക്കലിന് തയ്യാറായിട്ടുണ്ടെന്നും അത് കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗിക്ക് ചേരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന ആ സന്ദേശമാണ് രണ്ടാഴ്ചയായി തീവ്രപരിചരണ യൂണിറ്റില്‍ തുടര്‍ന്നിരുന്ന സഞ്ജീവനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത്. പരിശോധനയില്‍ രക്തമടക്കമുള്ളവ ചേരുമെന്ന് തെളിഞ്ഞതോടെ ഡോക്ടറും സംഘവും എറണാകുളത്തെ ആശുപത്രിയിലെത്തി ദാതാവില്‍ നിന്നും ഹൃദയം സ്വീകരിച്ച് മടങ്ങി. ബാക്കിയെല്ലാം സിനിമാക്കഥ പോലെ മണിക്കൂറുകള്‍ക്കുള്ളില്‍ കഴിഞ്ഞു. 

sanjeev gopi heart transplantation
സഞ്ജീവ് ശസ്ത്രക്രിയ്ക്ക് ശേഷം 

ഡോക്ടര്‍ ജയകുമാര്‍ എന്റെ ദൈവമാണ്, ഹൃദയം തന്ന നിബിയ എനിക്ക് മാലാഖയും- സഞ്ജീവ് ഗോപി

ഇതെന്റെ അവസാന ദിവസമാണെന്ന് ഉറപ്പിച്ചുകൊണ്ടാണ് ശസ്ത്രക്രിയ ടേബിളില്‍ ഞാന്‍ കണ്ണടച്ച് കിടന്നത്. തണുപ്പ് ശരീരം മരവിപ്പിച്ചു. പേടിയില്ലായിരുന്നു. ഉള്ളത് മരിക്കുമെന്ന ഉറപ്പ് മാത്രം. ബോധം മറഞ്ഞുതുടങ്ങുന്നത് ഞാന്‍ അറിഞ്ഞിരുന്നു. ബാക്കിയൊന്നും ഇപ്പോള്‍ ഓര്‍മയിലില്ല.. പിന്നെപ്പോഴോ കണ്ണുതുറന്നപ്പോള്‍ മുന്നില്‍ ഡോക്ടറും നേഴ്‌സുമാരും അമ്മയും എന്നെ നോക്കി നില്‍ക്കുന്നു. മരണമാണോ ജീവിതമാണോ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. ഒന്നും തലയില്‍ തെളിഞ്ഞുവരുന്നില്ല. ഓര്‍ക്കാന്‍ ശ്രമിക്കും തോറും കണ്ണുകള്‍ അടഞ്ഞടഞ്ഞു വരുന്നു. പിന്നെയെപ്പോഴോ ബോധത്തിലേക്ക് ഉണര്‍ന്നപ്പോഴാണ് ശസ്ത്രക്രിയ കഴിഞ്ഞതാണെന്നും ഞാനിപ്പോള്‍ ഐസിയുവിലാണെന്നുമെല്ലാം മനസ്സിലായത്. ഐസിയുവില്‍ അങ്ങനെ കുറേ ദിവസം കഴിച്ചുകൂട്ടി.  ഇടയ്ക്കിടയ്ക്ക് ഡോക്ടര്‍മാരും നേഴ്‌സുമാരും വരും. എന്റെ ഭാഗ്യമാണ് ഇതെന്നാണ് അവര്‍ പറഞ്ഞത്. മാറ്റിവെക്കാന്‍ ഹൃദയം ലഭിച്ചില്ലായിരുന്നെങ്കില്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ ആയുസ്സ് എനിക്ക് ഉണ്ടാവുമായിരുന്നില്ലെന്നായിരുന്നു ഡോക്ടര്‍ അന്ന് പറഞ്ഞത്. എന്റെ ദൈവങ്ങളാണ് ജയകുമാര്‍ ഡോക്ടറും അവിടുള്ള നേഴ്‌സുമാരും. ജീവനുള്ളിടത്തോളം കാലം അവരെ മറക്കാനാവില്ല എനിക്ക്. 

ഇടുക്കിയിലുള്ള പെണ്‍കൊച്ചിന്റെ ഹൃദയമാണ് എന്റെ ഉള്ളിലുള്ളത് എന്ന് ഡോക്ടര്‍ പറഞ്ഞു. ഇടയ്ക്ക് ഒറ്റയ്ക്കിരിക്കുമ്പോള്‍ പത്രത്തിലും ടിവിയിലുമെല്ലാം കണ്ട ആ കൊച്ചിന്റെ മുഖം എന്റെ മനസ്സിലേക്ക് വരും. വല്ലാത്ത സങ്കടമാണ് അപ്പോള്‍. നല്ലൊരു പെണ്‍കുട്ടീടെ ജീവിതം കൊണ്ടോയിട്ടല്ലേ ദൈവം എനിക്ക് ഹൃദയം തന്നത് എന്നോര്‍ക്കുമ്പോള്‍ വിഷമം സഹിക്കാന്‍ പറ്റില്ല. ആശുപത്രീയിലായിരുന്നപ്പോള്‍ അവരുടെ വീട്ടുകാര്‍ ഡോക്ടറെ വിളിച്ചിരുന്നുവെന്ന് പറഞ്ഞുകേട്ടു. പക്ഷെ എനിക്ക് ഇതുവരെ അവരോട് സംസാരിക്കാനായിട്ടില്ല. അവര്‍ ഏത് മാനസികാവസ്ഥയിലാണെന്ന് അറിയില്ല. പക്ഷെ നിബിയയുടെ വീട്ടുകാരെ ഒന്ന് കാണണം എന്നുണ്ട്. സംസാരിക്കണം എന്നുണ്ട്. എനിക്ക് ഹൃദയം തന്ന നല്ല മനസ്സല്ലേ അവരുടേത്, അവരെയൊക്കെ മറന്ന് ഞാനെങ്ങനെ ജീവിക്കാനാണ്..