ഹൃദയാരോഗ്യത്തിന് പ്രഭാതഭക്ഷണങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. രാവിലെ ഭക്ഷണം കഴിക്കാതിരുന്നാല്‍ ഇത് മെറ്റബോളിസത്തെ തകരാറിലാക്കും. ഒരു ദിവസത്തെ ഊര്‍ജത്തിന്റേയും പ്രോട്ടീന്റേയും മൂന്നില്‍ ഒന്ന് പ്രഭാതഭക്ഷണത്തില്‍ നിന്നായിരിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തിലെ ലിപ്പിഡ് നിരക്കും കുടവയറും തമ്മില്‍ നല്ല ബന്ധമുണ്ട്. ആന്തരീകാവയവങ്ങളില്‍ കൊഴുപ്പടിയുന്നതാണ് ഇതിന് കാരണം. ഇത് ഇന്‍സുലിന്റെ നിയന്ത്രണം തകരാറിലാക്കി രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോള്‍ നിലയും വര്‍ധിപ്പിക്കുന്നു. പുകവലി രക്തക്കുഴലുകളുടെ വ്യാസം കുറച്ച് രക്തയോട്ടം തടസ്സപ്പെടുത്തുന്നു. പുകയിലയിലുള്ള നിക്കോട്ടിന്‍ രക്തസമ്മര്‍ദം ഉയര്‍ത്തി രക്തക്കുഴലുകളെ ചുരുക്കുന്നു. മദ്യപാനം കാര്‍ഡിയോമയോപ്പതി എന്ന രോഗാവസ്ഥയ്ക്ക് കാരണമാവുന്നു.

കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ചുവന്ന ഇറച്ചികള്‍ (കാള, പോത്ത്, പന്നി, മാട്ടിറച്ചി), എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍, അധികം ബേക്കറി പലഹാരങ്ങള്‍, കൃത്രിമ പാനീയങ്ങള്‍, അച്ചാര്‍, പപ്പടം, ഉണക്കമീന്‍, ഉപ്പ് അധികമുള്ള ആഹാരപദാര്‍ഥങ്ങള്‍ എന്നിവ പതിവായി കഴിക്കരുത്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് മത്സ്യങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മത്തി, അയല, ചൂര എന്നിവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡും കൊഴുപ്പ് കുറച്ച പ്രോട്ടീനും ഹൃദയത്തെ സംരക്ഷിക്കുന്നു. ഈ കൊഴുപ്പ് ട്രൈഗ്ലിസറൈഡ് കുറച്ച് നല്ല കൊളസ്‌ട്രോള്‍ കൂട്ടും. ഇത് രക്തക്കുഴലുകളുടെ ഇലാസ്തികത കൂട്ടി രക്തം കട്ടപിടിക്കുന്ന പ്രവണത കുറയ്ക്കും. 

ഫ്‌ളാക്‌സ് സീഡിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളും നാരുകളും ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.  പഴങ്ങളിലും പച്ചക്കറികലഉമുള്ള വിറ്റമിന്‍ ഇ, സി,എ, സെലിനിയം എന്നിവ ധമനികളില്‍ പ്ലേക്ക് ഉണ്ടാക്കുന്നത് തടഞ്ഞ് ഹൃദയാഘാതത്തില്‍ നിന്നും സംരക്ഷണം നല്‍കും. ബദാം, വാല്‍നട്‌സ്, കശുവണ്ടി എന്നിവയിലുള്ള അപൂരിത കൊഴുപ്പ് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും 6-7 എണ്ണ ക്രമത്തില്‍ മതിയാവും അതിന്റെ ഉപയോഗം. മഞ്ഞ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളും കരോട്ടിന്‍ കൂടുതലുണ്ട്. നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പച്ചക്കറികളും ദിവസേനെയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. പച്ചയായുള്ള സാലഡുകള്‍ ഉപയോഗിക്കുന്നത് വഴി അധിക കൊഴുപ്പിനേയും കൊളസ്‌ട്രോളിനേയും കുറയ്ക്കാന്‍ സഹായിക്കും. 

പൂരിതകൊഴുപ്പ്(വെണ്ണ, നെയ്യ്,ചുവന്ന മാംസം, പ്രോസസ്ഡ് ഫുഡ്‌സ്, ഹൈഡ്രോജിനേറ്റഡ് ഫാറ്റുകള്‍) രക്തത്തിലെ കൊളസ്‌ട്രോളിന്റെ നില ഉയര്‍ത്തി ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. വീണ്ടും തിളപ്പിച്ച് ഉപയോഗിക്കുന്ന എണ്ണ ഹൃദയത്തിന് വലിയ അപകടകാരിയാണ്. ഇതിലുള്ള ട്രാന്‍സ്ഫാറ്റി ആസിഡുകളാണ് ഇതിന് കാരണം. തവിട് കളയാത്ത ധാന്യങ്ങളില്‍ ഫൈറ്റോഈസ്ട്രജോനുകളും ഫൈറ്റോസ്റ്റിറോയിഡുകളും ഉണ്ട്. ഇത് ശരീരത്തിന് ഗുണം ചെയ്യും. മുഴുദാന്യങ്ങള്‍, ഓട്‌സ്, ബാര്‍ലി, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പാടനീക്കിയ പാലും കൊഴുപ്പ് കുറഞ്ഞ പാലും ഉപയോഗിക്കാം, ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. ഇത് രക്തസമ്മര്‍ദ്ദം കൂട്ടി ഹൃദയാഘാതത്തിനു വരെ കാരണമാവുന്നു. 

മാനസിക സംഘര്‍ഷം നിരന്തരമായി അനുഭവിക്കുന്നവര്‍ക്ക് ഹൃദ്രോഗബാധ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ മെഡിറ്റേഷന്‍, യോഗ എന്നിവ ശീലിക്കാം. പതിവായുള്ള വ്യായാമം ശീലമാക്കുക. ഇത് ശരീരത്തിലെ അധിക ഊര്‍ജത്തേയും കൊഴുപ്പിനേയും കുറച്ച് ആരോഗ്യം പ്രദാനം ചെയ്യുന്നു. മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം പകരുന്നു. വ്യായാമത്തെ പോലെ ഉറക്കവും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ചുരുങ്ങിയത് ആറ് മണിക്കൂറെങ്കിലും ഉറക്കത്തിനായി മാറ്റിവെക്കണം. ചിട്ടയായ ജീവിചചര്യ, ആരോഗ്യപ്രദമായ ഭക്ഷണം സ്ഥിരമായുള്ള വ്യായാമം ദുശീലങ്ങളോടുള്ള വിട എന്നിവ ശീലമാക്കിയാല്‍ ഹൃദയാരോഗ്യം നമുക്ക് കാത്തുസൂക്ഷിക്കാം. 

(പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ന്യൂട്രിഷനിസ്റ്റ് ആണ് ലേഖിക)

 

Content Highlights: Healthy Food for Healthy Heart, Food for heart health