കൊച്ചി: റോഡിലെ ചിട്ടകള്‍ പോലെയാണ് ജീവിതത്തിലെ ചിട്ടകളും എന്ന സന്ദേശവുമായി കുട്ടികളും പോലീസും നിരത്തിലിറങ്ങി. മാതൃഭൂമി ആരോഗ്യമാസികയും എറണാകുളം സിറ്റി പോലീസും ട്രാഫിക് വെസ്റ്റ് പോലീസും ചേര്‍ന്നാണ് ബോധവത്കരണ പരിപാടി നടത്തിയത്.

തിരക്കേറിയ കച്ചേരിപ്പടി മാധവ ഫാര്‍മസി ജങ്ഷനാണ് ഇതിനായി തിരഞ്ഞെടുത്തത്. ട്രാഫിക് ലൈറ്റ് ചുവപ്പില്‍നിന്ന്് പച്ചയാകുന്നതിനിടയിലുള്ള ഒരു മിനിറ്റ് സമയമാണ് ഉദ്യോഗസ്ഥര്‍ ബോധവത്കരണത്തിനായി ഉപയോഗിച്ചത്.

മൂക്കന്നൂരിലെ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ബാന്റുമായി എത്തിയത്. പോലീസുദ്യോഗസ്ഥര്‍ ഹൃദയാരോഗ്യ സന്ദേശം അറിയിക്കാനെത്തിയപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനും എസ്.പി.സി.യുടെ ബാന്റിനായി.

ബാന്റ് മേളത്തോടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ബാന്റ് സംഘവും റോഡ് മുറിച്ചു കടന്ന് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കു മുന്നില്‍ ഹൃദയാരോഗ്യ സന്ദേശം പകര്‍ന്നു. പ്ലക്കാര്‍ഡുകള്‍ ഏന്തിയ ഉദ്യോഗസ്ഥരുടെ ഇടയില്‍നിന്ന് ഹൃദയ സംരക്ഷണത്തെ കുറിച്ച് പോലീസ് സംസാരിച്ചു.

കൃത്യമായി ഗതാഗത നിയമം പാലിച്ചു പോകുന്ന യാത്രക്കാര്‍ക്ക് പോലീസുദ്യോഗസ്ഥര്‍ സമ്മാനങ്ങളും നല്‍കി.

അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ (ട്രാഫിക്) ടി.ബി. വിജയന്‍, വെസ്റ്റ് ട്രാഫിക് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.എസ്. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. എം. ഷാന്‍, പി.എസ്. സുരേഷ്, വി.പി. പ്രദീപ്, സി. ജയന്‍ ജോസഫ്, സുമോദ് എസ്. തുടങ്ങിയവര്‍ പ്ലക്കാര്‍ഡുകളുമായി മാര്‍ച്ച് ചെയ്തു.

എറണാകുളം ജില്ലയിലെ ആദ്യത്തെ എസ്.പി.സി. ബാന്റാണ് മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലേത്. 2014-ലാണ് എസ്.പി.സി. സ്റ്റാര്‍ട്ട് ചെയ്തത്. കൊച്ചി സിറ്റി പോലീസ് ഡി.സി.പി. ജി. പൂങ്കുഴലിയുടെ അഭിനന്ദനവും ഇവര്‍ നേടി.

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനാണ് മാതൃഭൂമി ആരോഗ്യമാസിക പോലീസ് വകുപ്പുമായി ചേര്‍ന്ന് ബോധവത്കരണ പരിപാടിയുമായി മുന്നോട്ടു വന്നത്.

'അറിവിലൂടെ ആരോഗ്യം' എന്ന സന്ദേശവുമായി തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ആരോഗ്യമാസിക എഡിറ്റര്‍ പറഞ്ഞു.

ഡെക്കാത്തലോണുമായി സഹകരിച്ചാണ് മാതൃഭൂമി ആരോഗ്യമാസിക പരിപാടി നടത്തിയത്.

Content Highlights: Ernakulam Heart Day