ഹൃദ്രോഗം മുതിര്‍വരുടെ രോഗമാണെ് പലരും കരുതാറുണ്ട്. എന്നാല്‍ കുട്ടികളിലും പല തരത്തിലുള്ള ഹൃദയത്തകരാറുകള്‍ കണ്ടുവരുന്നുണ്ട്. ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ ആറു മുതല്‍ 10 വരെ കുട്ടികളില്‍ ഹൃദയത്തകരാറുകള്‍ കാണുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ 25 ശതമാനം കുട്ടികള്‍ക്കാണു സങ്കീര്‍ണമായ ഹൃദയത്തകരാറുകള്‍ ഉണ്ടാകുന്നത്. ലോകത്ത് നടന്ന എല്ല പഠനങ്ങളും സമാനമായ കണക്കുകളാണ് കാണിക്കുന്നത്. കുട്ടികളിലെ ഹൃദയത്ത കരാറുകള്‍ എത്രമാത്രം ഗൗരവമുള്ളതാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇനി കേരളത്തിന്റെ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയാല്‍ ഇതിന്റെ ഗൗരവാവസ്ഥ കൂടുതല്‍ വ്യക്തമാകും. നവജാതശിശുമരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണു കേരളം. ആയിരത്തില്‍ 12 ആണ് നിരക്ക്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തോളമായി ഈ നിരക്ക് ഇതേപോലെ തുടരുകയാണ്. 12-ല്‍ നിന്ന് ഒറ്റയക്കത്തിലേക്ക് കൊണ്ടുവരാനുള്ള തീവ്രപരിശ്രമം തുടരുന്നുമുണ്ട്. എന്തുകൊണ്ടാണ് അത് വീണ്ടും കുറയാത്തത് എന്ന അന്വേഷണം ചെന്നുനില്‍ക്കുന്നത് കുട്ടികളിലെ ജന്മനാലുള്ള ഹൃദയത്തകരാറുകളിലേക്കാണ്. ഒരു വര്‍ഷം ശരാശരി അഞ്ചുലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ 4000 കുട്ടികള്‍ക്ക് ഹൃദയസംബന്ധമായ തകരാറുകള്‍ കാണുന്നുണ്ട്. ഇതില്‍ 1500 ഓളം കുട്ടികള്‍ക്ക് അടിയന്തിര ചികിത്സ ആവശ്യമുണ്ട്. എന്നാല്‍ അതില്‍ പകുതിയോളം കുട്ടികള്‍ക്ക് മാത്രമേ കൃത്യമായ ചികിത്സ ലഭ്യമാകുന്നുള്ളൂ എന്നാണ് വിലയിരുത്തുന്നത്. നവജാതശിശുമരണത്തിന്റെ കാരണങ്ങളില്‍ 25 ശതമാനത്തോളം ഹൃദ്രോഗമാണ്.  അതായത് ശിശുമരണങ്ങള്‍ക്ക് ഇടയാക്കുന്ന മറ്റ് കാരണങ്ങള്‍ ഇതിനകം തന്നെ കുറച്ചുകൊണ്ടുവന്നു. എന്നാല്‍ ഹൃദ്രോഗമരണങ്ങള്‍ ഇനിയും കുറയേണ്ടതുണ്ട്. അതായത് കേരളത്തിലെ നവജാതശിശുമരണ നിരക്ക് ഇനിയും കുറയ്ക്കാന്‍ ജന്മനാലുള്ള ഹൃദയത്തകരാറുകള്‍ നേരത്തെ കണ്ടെത്തി പരിഹരിക്കാന്‍ ഊര്‍ജ്ജിത ശ്രമം വേണമെന്നു സാരം.

ഇതിനിടയിലും പ്രതീക്ഷ പകരുന്ന കാര്യമുണ്ട്. കുട്ടികളില്‍ കാണുന്ന ഹൃദയത്തകരാറുകളില്‍ 75 ശതമാനവും കൃത്യമായ ചികിത്സയിലൂടെ ഭേദമാക്കിയെടുക്കാനാകും എന്നതാണ്. എങ്കിലും കുഞ്ഞുങ്ങളില്‍ ഹൃദയത്തകരാറുകള്‍ സംഭവിക്കാതിരിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളിലെ ഹൃദ്രോഗത്തെക്കുറിച്ചും ഗര്‍ഭധാരണത്തിനു വേണ്ട മുന്നൊരുക്കത്തെക്കുറിച്ചും ഗര്‍ഭകാലത്ത് നടത്തേണ്ട പരിശോധനയെക്കുറിച്ചും ജീവിതശീലങ്ങളെക്കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം.

ആദ്യഘട്ടം നിര്‍ണായകം

ഗര്‍ഭധാരണം നടന്ന് നാലുമുതല്‍ 10 ആഴ്ചകള്‍ക്കുള്ളിലാണു ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയം വികസിച്ചു രൂപംകൊള്ളുന്നത്. ഹൃദയത്തിന് നാല് അറകളാണെങ്കിലും ഗര്‍ഭസ്ഥശിശുവില്‍ ആദ്യം രണ്ട് അറകളാണ് ഉണ്ടാവുക. നാലു മുതല്‍ ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ അറകളും രൂപം കൊള്ളും. ഏഴ് മുതല്‍ 10 ആഴ്ചകള്‍ക്കുള്ളില്‍ രക്തക്കുഴലുകളും സജ്ജമാകും. നിര്‍ണായകമായ ഈ ഘട്ടത്തില്‍ വരുന്ന തകരാറുകളാണ് കുട്ടികളിലെ ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഈ സമയത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുഞ്ഞുഹൃദയത്തെ പ്രതികൂലമായി ബാധിച്ചേക്കും. എന്നാല്‍ പലപ്പോഴും നേരിടുന്ന ഒരു പ്രശ്‌നമുണ്ട്. ഗര്‍ഭിണിയാണെന്നു പലരും അറിയുന്നത് തന്നെ ആഴ്ചകള്‍ പിന്നിടുമ്പോഴാണ്. ഗര്‍ഭധാരണം നടന്നുവെന്ന് സംശയം തോന്നി ഡോക്ടറെ കണ്ട് പരിശോധന നടത്തി സ്ഥിരീകരിക്കുമ്പോഴേക്കും ആഴ്ചകള്‍ പിന്നിട്ടിട്ടുണ്ടാകും. അപ്പോഴേക്കും കുഞ്ഞിന്റെ ഹൃദയം രൂപം കൊണ്ട് കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടു കുഞ്ഞിന്റെ ഹൃദയാരോഗ്യത്തിന്റെ കാര്യം പരിഗണിക്കുമ്പോള്‍ ഗര്‍ഭധാരണത്തെക്കുറിച്ച് വ്യക്തമായ പ്ലാനിങ് ദമ്പതികള്‍ക്ക് ആവശ്യമാണ്. 

ജനനസമയത്തെ മാറ്റങ്ങള്‍

ഗര്‍ഭസ്ഥശിശുവിന്റെയും നവജാതശിശുവിന്റെയും ഹൃദയത്തിലെ രക്തചംക്രമണ രീതിയില്‍ വ്യത്യാസമുണ്ട്. ജനിച്ച ഉടന്‍ കുഞ്ഞു ശ്വാസോച്ഛ്വാസം ചെയ്തു തുടങ്ങുമ്പോള്‍ മാത്രമാണു ഹൃദയം സ്വാഭാവികമായ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ഗര്‍ഭസ്ഥശിശുവില്‍ ഹൃദയംരൂപം കൊണ്ടുകഴിഞ്ഞാലും ശ്വാസകോശം വികസിച്ചിട്ടുണ്ടാവില്ല. ഗര്‍ഭസ്ഥശിശു ഓക്‌സിജന്‍ സ്വീകരിക്കുന്നതും കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറന്തള്ളുന്നതും അമ്മയുടെ രക്തത്തിലൂടെയാണ്. ഗര്‍ഭസ്ഥശിശുവിന്റെ രക്തചംക്രമണം നടക്കുന്നത് ഡക്റ്റസ് ആര്‍ട്ടീരിയോസസ് എന്ന പ്രത്യേക കുഴലിലൂടെയാണ്. ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയത്തിന്റെ മേലറയെ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ഫൊറാമെന്‍ ഒവേല്‍ എന്നൊരു പ്രത്യേക വാല്‍വുമുണ്ട്. ജനിച്ച ഉടന്‍ കുഞ്ഞ് അലറിക്കരയുന്നതോടെ ശ്വാസോച്ഛ്വാസം സാധാരണഗതിയില്‍ തുടങ്ങുകയും അതോടെ ഡക്റ്റസ് ആര്‍ട്ടീരിയോസസ് എന്ന കുഴലും ഫൊറാമെന്‍ ഒവേല്‍ എന്ന ദ്വാരവും അടയുകയും ചെയ്യും. 24 മണിക്കൂറിനുള്ളില്‍ തന്നെ ഇതു സംഭവിക്കാറുണ്ട്. അതോടെയാണ് കുഞ്ഞിലെ രക്തചംക്രമണ രീതി സാധാരണ മനുഷ്യരുടേത് പോലെയാകുന്നത്. ഗര്‍ഭാവസ്ഥയില്‍ നടത്തു പരിശോധനയിലൂടെ ഹൃദയത്തകരാറുകള്‍ നേരത്തെ കണ്ടെത്താം. എന്നാല്‍ രക്തചംക്രമണ രീതിയിലെ ഈ പ്രത്യേകത കാരണം ഹൃദയത്തകരാറുകള്‍ പലപ്പോഴും ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കാറില്ല. എന്നാല്‍ ജനിച്ച ഉടന്‍ ഹൃദയപ്രവര്‍ത്തനം സ്വാഭാവികമായ രീതിയിലേക്ക് മാറുതോടെയാണ് ഹൃദയത്തകരാറുകള്‍ ആരോഗ്യത്തെ ബാധിക്കുന്ന ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടുന്നത്.  

ഹൃദയത്തകരാറുകള്‍ മൂന്ന് വിഭാഗം

കുഞ്ഞുഹൃദയത്തെ ബാധിക്കുന്ന ജന്മവൈകല്യങ്ങള്‍ ഒട്ടേറെയുണ്ട്. ഹൃദയഭിത്തിയിലെ വിടവ്, രക്തക്കുഴലിന്റെ പ്രശ്‌നങ്ങള്‍, വാല്‍വിലെ തകരാറുകള്‍, ഹൃദയ അറകളിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് അവയില്‍ ചിലത്. ഇത്തരം തകരാറുകളെ അതിന്റെ സങ്കീര്‍ണത കണക്കിലെടുത്ത് മൂന്ന് വിഭാഗങ്ങളായി തരംതിരിക്കാവുതാണ്. ലളിതമായ തകരാറുകള്‍, ഗൗരവമായ തകരാറുകള്‍, സങ്കീര്‍ണമായ തകരാറുകള്‍ എന്നിങ്ങനെ. ഇതില്‍ ചിലത് ശരീരത്തിന് നീലനിറം ഉണ്ടാക്കുന്ന അസുഖങ്ങളാണ്. മറ്റു ചിലത് നീലനിറം ഉണ്ടാക്കാത്ത അസുഖങ്ങളുമാണ്. ചികിത്സകൊണ്ട് പൂര്‍ണമായ ഫലം ലഭിക്കു പ്രശ്‌നങ്ങളാണ് ലളിതമായ തകരാറുകള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഹൃദയഭിത്തിയിലെ ദ്വാരം പോലുള്ള തകരാറുകളാണ് ഇവ. കാരണം ഹൃദയഭിത്തിയിലെ ദ്വാരം ചെറുതാണെങ്കില്‍ അത് സ്വാഭാവികമായിതന്നെ അടയും. വലുതാണെങ്കില്‍ കത്തീറ്റര്‍ ചികിത്സയിലൂടെയും പരിഹരിക്കാം. ഇതുകൊണ്ട് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല.  കുറച്ചുകൂടി വലിയ ഹൃദയത്തകരാറുകള്‍ ചിലപ്പോള്‍ ഉണ്ടായെന്ന് വരാം. ഹൃദയത്തിന് നാല് അറകള്‍ ഉണ്ടെങ്കിലും ശുദ്ധരക്തവും അശുദ്ധരക്തവും കലര്‍ന്നു ശരീരം നീലനിറമായി മാറുന്ന അവസ്ഥ, രക്തധമനികള്‍ സ്ഥാനം മാറിപ്പോകുന്ന അവസ്ഥ ഇതെല്ലാം ഗൗരവമായ തകരാറുകളില്‍ ഉള്‍പ്പെടും. ഇത്തരം പ്രശ്‌നങ്ങള്‍ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാക്കും. അതുകൊണ്ട് കഴിയുന്നതും നേരത്തെ തന്നെ സര്‍ജറി ആവശ്യമായി വരും.
 മൂന്നാമത്തേത് കോംപ്ലക്‌സ് കാറ്റഗറിയാണ്. അതീവ ഗൗരവമുള്ള തകരാറുകള്‍. ഇവിടെ ഹൃദയത്തിന് നാല് അറകള്‍ കാണുകയില്ല. ചിലപ്പോള്‍ രണ്ട് അറകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. വാല്‍വുകളുടെ എണ്ണം കുറവ്, രക്തക്കുഴലുകളുടെ കുറവ് തുടങ്ങിവയെല്ലാം അതിസങ്കീര്‍ണമായ തകരാറുകളില്‍ ഉള്‍പ്പെടുന്നവയാണ്. ഇത് പൂര്‍ണമായി പരിഹരിക്കാന്‍ കഴിയില്ല. സര്‍ജറിയിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താമെന്ന് മാത്രം. സര്‍ജറി ചെയ്താലും പിന്നീട് സങ്കീര്‍ണതകള്‍ വരാനും സാധ്യതയുണ്ട്. ജന്മനാലുള്ള ഹൃദയത്തകരാറുകളില്‍ 25 ശതമാനമാണ് കോംപ്ലക്‌സ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്.

ഹൃദയത്തകരാറുകള്‍ എന്തുകൊണ്ട്

ഗര്‍ഭധാരണം മുതല്‍ കുഞ്ഞിന്റെ ഹൃദയം രൂപപ്പെട്ടുവരുന്ന ഓരോ ഘട്ടത്തിലും സംഭവിക്കുന്ന പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഹൃദയത്തകരാറുകള്‍ക്ക് കാരണമാണ്. 
ജനിതകത്തകരാറുകള്‍: കുട്ടികളിലെ ഹൃദ്രോഗങ്ങളില്‍ 30 ശതമാനവും ജനിതകമായ കാരണങ്ങള്‍ കൊണ്ടാണൊണ് കണക്കാക്കുന്നത്. അത് ജനിതകരോഗങ്ങള്‍ കൊണ്ടാകാം. അല്ലെങ്കില്‍ ക്രോമസോം തകരാറുകള്‍ കൊണ്ടാകാം. ജന്മനാലുള്ള ഹൃദ്രോഗത്തിന് പ്രധാന കാരണമായി മാറുന്ന ജനിതകരോഗമാണ് ഡൗ സിന്‍ഡ്രോം. ഇത് കൂടാതെ ക്രോമസോം 22 തകരാറുകള്‍ കൊണ്ടുണ്ടാകു ഡൈജോര്‍ജ് സിന്‍ഡ്രോം തുടങ്ങി ഒട്ടേറെ ജനിതമായ കാരണങ്ങള്‍ കുഞ്ഞുങ്ങളില്‍ ഹൃദയത്തകരാറിലേക്ക് നയിക്കാം. ജനിതകത്തകരാറുകളില്‍ പ്രാധാന്യത്തോടെ കാണേണ്ട ചല സാഹചര്യങ്ങളുണ്ട്. അതിലൊന്നാണ് മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗസാധ്യതയുണ്ടോ എന്നത്. അതുവഴി കുട്ടികള്‍ക്ക് ഹൃദയത്തകരാറുകള്‍ വരാനുള്ള സാധ്യത വര്‍ധിക്കുന്നുണ്ട്. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗം പ്രത്യക്ഷത്തില്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ അവരില്‍ ഹൃദ്രോഗസാധ്യത ഒളിഞ്ഞിരിക്കുന്നുണ്ടായാലും അത് കുഞ്ഞിലേക്ക് ഹൃദയവൈകല്യമായി പകര്‍ന്നുകിട്ടാനുള്ള സാധ്യതയുണ്ട്. അതുപോലെ വളരെ അടുത്ത രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹിതരാകുന്നത് കുട്ടികളില്‍ ഹൃദയത്തകരാറുകള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുതായി പഠനങ്ങള്‍ പറയുന്നു.  ജനിതക കാരണങ്ങള്‍ക്കു പുറമേ മറ്റ് പല ഘടകങ്ങള്‍ കുഞ്ഞിന്റെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നുണ്ട്.

ഗര്‍ഭകാലപ്രമേഹം: ഗര്‍ഭിണിയായിരിക്കെ ഷുഗര്‍ നില കൂടുന്നത് (ജെസ്റ്റേഷണല്‍ ഡയബറ്റിസ്) കുഞ്ഞിന്റെ ഹൃദയാരോഗ്യത്തെ ബാധിക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണക്കാക്കുന്ന പരിശോധാനാഫലം എട്ടില്‍ കൂടുതലാണെങ്കില്‍ കുഞ്ഞിന് ഹൃദയത്തകരാര്‍ വരാനുള്ള സാധ്യത കൂടുതലാണ്.

പ്രായം: ഗര്‍ഭിണിയുടെ പ്രായവും കുഞ്ഞിന്റെ ആരോഗ്യവുമായി ബന്ധമുണ്ട്. അമ്മയുടെ പ്രായം കൂടുമ്പോള്‍ അത് സങ്കീര്‍ണതയ്ക്ക് ഇടയാക്കാം. 20 നും 35 നുമിടയില്‍ ഗര്‍ഭധാരണം നടക്കുതാണ് അനുയോജ്യം. 

മരുന്ന് ഉപയോഗം: ചില മരുന്നുകളുടെ അനിയന്ത്രിത ഉപയോഗം ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് ഗര്‍ഭിണികള്‍ മരുന്ന് ഉപയോഗിക്കുന്നതില്‍ ശ്രദ്ധവേണം. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നുകള്‍ ഉപയോഗിക്കരുത്.
 
ഫോളിക് ആസിഡിന്റെ കുറവ്: ഫോളിക് ആസിഡിന്റെ കുറവ് ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയാരോഗ്യത്തെ ബാധിക്കും. ഫോളിക് ആസിഡിന്റെ കുറവ് മറ്റ് ലക്ഷണങ്ങളെന്ന പോലെ പലപ്പോഴും തിരിച്ചറിയാനാകില്ല. ഗര്‍ഭിണികളില്‍ ഫോളിക് ആസിഡിന്റെ കുറവ് കുഞ്ഞിനെയാണ് ബാധിക്കുന്നത്.

ജീവിതശൈലിയിലെ പിഴവ്: ആരോഗ്യകമായ ഭക്ഷണരീതി ശീലമാക്കിയില്ലെങ്കിലും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കൂടാതെ വ്യായാമരഹിതമായ ജീവിതശൈലി തുടരുന്നതും പിന്നീട് ഗര്‍ഭിണിയാകുമ്പോള്‍ കുഞ്ഞിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. 

ലഹരി ഉപയോഗം: ഗര്‍ഭിണികളിലെ ലഹരി ഉപയോഗം കുഞ്ഞിന്റെ ഹൃദയത്തെ ദോഷകരമായി ബാധിക്കും. പുകവലി കൂടുതല്‍ അപകടം ചെയ്യുമെന്നു പഠനം പറയുന്നു. ഗര്‍ഭിണി തന്നെ പുകവലിക്കണമെന്നില്ല. പങ്കാളി പുകവലിക്കുന്നുണ്ടെങ്കിലും അത് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും.

അണുബാധ: ഗര്‍ഭിണികളില്‍ ഉണ്ടാകു അണുബാധ, റുബല്ല എിവയും ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയാരോഗ്യത്തെ ബാധിക്കാന്‍ കാരണമാകാം.

മറ്റുകാരണങ്ങള്‍

ജന്മവൈകല്യങ്ങള്‍ക്ക് പുറമേ കുട്ടികളുടെ ഹൃദയത്തെ തകരാറിലാക്കുന്ന രണ്ട് രോഗങ്ങളാണ് വാതപ്പനി അഥവാ റുമാറ്റിക് ഫീവറും കാവസാക്കി രോഗവും. വാതപ്പനി ഇപ്പോള്‍ ഗണ്യമായിതന്നെ കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. കാവസാക്കി രോഗത്തിന്റെ ലക്ഷണം കടുത്ത പനിയാണ്. ഒപ്പം പ്ലേറ്റ്‌ലറ്റ് കൗണ്ട് വളരെയധികം കൂടുകയും ചെയ്യും. കണ്ണിന് ചുവപ്പുനിറവും കാണാം. രോഗം ചികിത്സിച്ചില്ലെങ്കില്‍ അത് കൊറോണറി ധമനികളെ ബാധിച്ച് ഹൃദയപ്രവര്‍ത്തനത്തെ തകരാറിലാക്കും.


മറ്റുകാരണങ്ങള്‍
ജന്മവൈകല്യങ്ങള്‍ക്ക് പുറമേ കുട്ടികളുടെ ഹൃദയത്തെ തകരാറിലാക്കു രണ്ട് രോഗങ്ങളാണ് വാതപ്പനി അഥവാ റുമാറ്റിക് ഫീവറും കാവസാക്കി രോഗവും. വാതപ്പനി ഇപ്പോള്‍ ഗണ്യമായിത െകുറച്ചുകൊണ്ടുവരാന്‍ സാധിച്ചി'ുണ്ട്. കാവസാക്കി രോഗത്തിന്റെ ലക്ഷണം കടുത്ത പനിയാണ്. ഒപ്പം പ്ലേറ്റ്‌ലറ്റ് കൗണ്ട് വളരെയധികം കൂടുകയും ചെയ്യും. കണ്ണിന് ചുവപ്പുനിറവും കാണാം. രോഗം ചികിത്സിച്ചില്ലെങ്കില്‍ അത് കൊറോണറി ധമനികളെ ബാധിച്ച് ഹൃദയപ്രവര്‍ത്തനത്തെ തകരാറിലാക്കും.

കുഞ്ഞിന് ഹൃദയത്തകരാറുകള്‍ വരാതിരിക്കാന്‍ ഗര്‍ഭധാരണത്തിന് ഒരുങ്ങും മുമ്പ് തന്നെ ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.

അമിതഭാരം ഒഴിവാക്കുക: ശരിയായ ശരീരഭാരം നിലനിര്‍ത്തണം. ഗര്‍ഭധാരണത്തിന് മുമ്പ്തന്നെ അമിതവണ്ണം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അതിനായി വ്യായാമം ശീലമാക്കുകയും വേണം. അതോടൊപ്പം ആരോഗ്യകരമായ ഭക്ഷണരീതിയും സ്വീകരിക്കണം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഫോളിക് ആസിഡിന്റെ കുറവ് പരിഹരിക്കുക: ഫോളിക് ആസിഡിന്റെ കുറവ് ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയത്തകരാറുകള്‍ക്കു കാരണമാകാറുണ്ട് എന്നതിനാല്‍ ഇത് പരിഹരിക്കണം. ഗര്‍ഭധാരണത്തിന് മൂന്ന് മാസം മുമ്പുതന്നെ ഫോളിക് ആസിഡ് ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം കഴിക്കണം.

വൈദ്യപരിശോധന: ഗര്‍ഭധാരണത്തിന് ഒരുങ്ങുതിന് മുമ്പുതന്നെ കൃത്യമായ മെഡിക്കല്‍ പരിശോധന നടത്തുന്നത് നല്ലതാണ്. പ്രത്യേകിച്ചും രക്തത്തിലെ ഷുഗര്‍നില, തൈറോയ്ഡിന്റെ പ്രവര്‍ത്തനം എന്നിവ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പുവരുത്തണം.

സ്വയംചികിത്സ പാടില്ല: ഗര്‍ഭിണിയായിരിക്കുന്ന വേളയില്‍ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നുകള്‍ കഴിക്കരുത്.

പ്രതിരോധ വാക്‌സിന്‍: റുബല്ല പോലുള്ള രോഗങ്ങള്‍ ഗര്‍ഭകാലത്ത് വന്നാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാനിടയുണ്ട്. അതുകൊണ്ട് അത്തരം രോഗങ്ങള്‍ക്കെതിരെ എം.എം.ആര്‍. വാക്‌സിന്‍ നേരത്തെ തന്നെ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

ഗര്‍ഭകാല സ്‌കാനിങ് പ്രധാനം

ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയേയും ആരോഗ്യാവസ്ഥയെയും വിലയിരുത്തുന്നതില്‍ ഗര്‍ഭകാല സ്‌കാനിങ്ങിന് നിര്‍ണായക പങ്കുണ്ട്. അതില്‍ പ്രധാനമാണ് ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള പരിശോധനകള്‍.

എന്‍.ടി. സ്‌കാന്‍ 
ഗര്‍ഭധാരണം നടന്ന് ആറു മുതല്‍ എട്ട് ആഴ്ചകള്‍ക്കിടയില്‍ സാധാരണമായി സ്‌കാനിങ് നടത്താറുണ്ട്. എന്നാല്‍ ഇത് ഗര്‍ഭധാരണം ഉറപ്പാക്കാനുള്ള സ്‌കാനിങ്ങാണ്. അതായത് കുഞ്ഞ് വളരുന്നത് ഗര്‍ഭപാത്രത്തിന് അകത്ത് തന്നെയാണെന്ന് ഉറപ്പുവരുത്തുക, കുഞ്ഞിന്റെ ഹൃദയമിടിപ്പ് മനസ്സിലാക്കുക എന്നിവയാണു പ്രധാനം. എന്നാല്‍ കുഞ്ഞിന്റെ ഹൃദയപ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതില്‍ എന്‍.ടി. സ്‌കാന്‍ പ്രധാനപ്പെട്ടതാണ്. ഇത് ഗര്‍ഭധാരണത്തിനു ശേഷം 11 മുതല്‍ 13 വരെ ആഴ്ചയ്ക്കുള്ളിലാണ് ചെയ്യേണ്ടത്. എന്‍.ടി. സ്‌കാന്‍ എന്നത് അള്‍ട്രാസൗണ്ട് സ്‌കാനിങ്ങാണ്. ഇതിലൂടെ കുഞ്ഞിന് ഹൃദയത്തകരാറുകളോ ജനിതകത്തകരാറുകളോ ഉണ്ടോയെന്ന് വിലയിരുത്താന്‍ സാധിക്കും. ഗര്‍ഭപാത്രത്തിനുള്ളില്‍ കുഞ്ഞിന്റെ കഴുത്തിന് അടിവശമുള്ള ദ്രവത്തിന്റെ അളവാണ് ഈ സ്‌കാനിങ്ങിലൂടെ കണക്കാക്കുന്നത്. ഈ അളവ് മൂന്ന് മില്ലീലിറ്ററിന് താഴെയായിരിക്കണം. ഇത് 3.5 ല്‍ കൂടുതലാണെങ്കില്‍ ഹൃദയത്തിന്റെയും മറ്റ് ജനിതക തകരാറുകള്‍ക്കുമുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. അത് എട്ടിന് മുകളിലാണെങ്കില്‍ അത്തരം സാധ്യത 70 ശതമാനമാണെും വിലയിരുത്തും. 

അനോമലി സ്‌കാന്‍

ഇതിന് പുറമേ 18 ആഴ്ചയെത്തുമ്പോള്‍ നടത്തു അനോമലി സ്‌കാനുണ്ട്. 
കുഞ്ഞിന്റെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനമാണ് ഇതിലൂടെ വിലയിരുത്തുന്നത്. അതില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും പരിശോധിച്ചിരിക്കണം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഈ സ്‌കാനിങ്ങിലൂടെ പരിശോധിക്കുന്നത്. ഹൃദയത്തിന് നാല് അറകളുണ്ടോയെന്നത്, പ്രധാന രക്തക്കുഴലുകള്‍, അവയുടെ വലുപ്പം എന്നിവയാണവ. ഇവയില്‍ മാറ്റങ്ങള്‍ വരുമ്പോഴാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തകരാറുകളുണ്ടെന്ന വിലയിരുത്തുന്നത്.

നേരത്തെ കണ്ടെത്താം പരിഹാരം തേടാം

എന്‍.ടി. സ്‌കാന്‍ ഉള്‍പ്പടെയുള്ള പരിശോധനകളിലൂടെ ഗര്‍ഭസ്ഥശിശുവിന് ഹൃദയത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് നേരത്തെ തന്നെ കണ്ടെത്താനാകും. അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ വിദഗ്ധ പരിശോധന നടത്താനാകും.  തകരാറുകള്‍ പരിഹരിക്കാന്‍ ചികിത്സ ആവശ്യമാണെങ്കില്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ നടത്താനുമാകും. മാത്രമല്ല അത്തരത്തിലുള്ള ചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രിയിലേക്ക് പ്രസവം മാറ്റാവുന്നതുമാണ്. അങ്ങനെയാകുമ്പോള്‍ പ്രസവശേഷം കുഞ്ഞിന്റെ ഹൃദയ ചികിത്സയ്ക്ക് ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് പോകേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും കഴിയും. ഇനി ചികിത്സയിലൂടെ കൃത്യമായി പരിഹരിക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ ഹൃദയത്തകരാറാണ് കണ്ടെത്തിയതെങ്കില്‍ 20 ആഴ്ചയ്ക്കുള്ളിലാണെങ്കില്‍ അബോര്‍ഷന്‍ എന്ന സാധ്യതയും പ്രയോജനപ്പെടുത്താം.

തയ്യാറാക്കിയത്:  സി. സജില്‍