കേരളം കണ്ട മഹാദുരന്തം സംഹാരതാണ്ഡവമാടി കടന്നുപോയപ്പോൾ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലുമെന്ന പോലെ ആരോഗ്യരംഗത്തും കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. മലീമസമായ അന്തരീക്ഷവും പോഷകാഹാരക്കുറവുമൂലമുള്ള അനാരോഗ്യകരമായ ശാരീരികാവസ്ഥയും വിവിധ പകർച്ചവ്യാധികൾക്കു കളമൊരുക്കി. അതുകൊണ്ടും തീർന്നില്ല, ഓരോരോ മാനസികാരോഗ്യപ്രശ്നങ്ങളുമായി ആളുകൾ ആശുപത്രികളിലേക്കൊഴുകി. കൊടും നാശം വിതച്ച മഹാപ്രളയത്തിൽ ഒരായുഷ്‌കാലം സമ്പാദിച്ചതെല്ലാം ഒഴുകിയൊലിച്ചുപോയപ്പോൾ മനസ്സിന്റെ തീരാദുഃഖം ഹൃദയം ഏറ്റുവാങ്ങി. അങ്ങനെ സംസ്ഥാനത്തെ ആശുപത്രികളിൽ ഹാർട്ടറ്റാക്കുമായി എത്തിയവരുടെ സംഖ്യയിലും ഗണ്യമായ വർധനയുണ്ടായി. തളർന്ന ഹൃദയത്തിന്‌ താങ്ങാവുന്നതിലുമധികമായിരുന്നു മഹാപ്രളയത്തിന്റെ ദുരന്താനുഭവം. പൊതുവേ ഹൃദ്രോഗസാധ്യത ഏറിനിന്ന മലയാളികൾക്ക്‌ ദുരന്തശേഷം സംജാതമായ ‘പോസ്റ്റ്‌ ട്രൊമാറ്റിക്‌ സ്‌ട്രെസ്‌ ഡിസോർഡർ’ അവശേഷിപ്പിച്ച ഹൃദയാരോഗ്യത്തെ സാവധാനം കാർന്നുതിന്നു. ഈ പശ്ചാത്തലത്തിലാണ്‌ ഈവർഷത്തെ ‘ലോക ഹൃദയദിനം’ സമാചരിക്കപ്പെടുന്നതും.

ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്‌ ഈയിടെ ലാൻസെറ്റ്‌ ഗ്ലോബൽ ഹെൽത്ത്‌ ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങൾ മലയാളികളുടെ ഹൃദ്രോഗതീവ്രതയെ സവിസ്തരം അനാവരണം ചെയ്യുകയുണ്ടായി. ഇന്ത്യയിൽ 29 ശതമാനം പേർ ഹൃദ്രോഗാനന്തരം മരണപ്പെടുമ്പോൾ കേരളത്തിലത്‌ 40 ശതമാനമാണ്‌. കേരളത്തിൽ പ്രതിവർഷം 63,000 പേർ ഹൃദയാഘാതം മൂലവും 22,000 പേർ മസ്തിഷ്‌കാഘാതം മൂലവും മരണപ്പെടുന്നതായി തെളിഞ്ഞു. ഭക്ഷണശൈലിയിലെ അശാസ്ത്രീയതയും അമിതമായ രക്തസമ്മർദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവും പുകയിലയുടെ ഉപയോഗവും ഹൃദ്രോഗം ക്രമാതീതമായി വർധിക്കുന്നതിന്‌ കാരണമാകുന്നുവെന്ന്‌ ലാൻസെറ്റ്‌ ജേർണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിൽ ഏതാണ്ട്‌ 40 ശതമാനം പേർക്കും രക്താതിമർദവും പ്രമേഹവും ഉള്ളതായി പഠനം വ്യക്തമാക്കി. ഇതിൽ ഏതാണ്ട്‌ 85 ശതമാനം പേരും ഈ ആപത്‌ഘടകങ്ങൾ നിയന്ത്രണവിധേയമാക്കുന്നില്ല. ഈ അപകടാവസ്ഥ മലയാളിയെ സാവധാനം ഹൃദ്രോഗത്തിലേക്ക്‌ നയിക്കുകതന്നെ ചെയ്യും.

വിവിധ ഹൃദയധമനീരോഗങ്ങൾ മൂലം ഭൂമുഖത്തും 17.5 ദശലക്ഷം പേരാണ്‌ പ്രതിവർഷം മൃത്യുവിനിരയാകുന്നത്‌. ഈ സംഖ്യ 2030 ആകുമ്പോൾ 23.6 ദശലക്ഷമായി ഉയരുമെന്ന്‌ കണക്കാക്കപ്പെടുന്നു. ആകെയുള്ള മരണസംഖ്യയുടെ 31 ശതമാനവും ഹൃദയധമനീരോഗങ്ങൾ കൊണ്ടുതന്നെ. 30-നും 70-നും വയസ്സിനിടയ്ക്കുള്ള പത്തിലൊന്നുപേർ മരണപ്പെടുന്നതും ഹൃദയാഘാതം കൊണ്ടുതന്നെ. 30-നും 69-നും വയസ്സിനിടയ്ക്കുള്ള 11.4 ദശലക്ഷം പേരുടെയും 70- വയസ്സിനുമേലുള്ള 15.9 ദശലക്ഷം പേരുടേയും മരണസാധ്യത 2025-ഓടെ ക്രിയാത്മകമായി പ്രതിരോധിക്കുവാൻ സാധിക്കുമെന്ന്‌ പഠനങ്ങൾ സ്ഥിരീകരിക്കുന്നു. പുകവലി, അമിതകൊഴുപ്പ്‌, രക്താതിമർദം, പ്രമേഹം, മദ്യസേവ, അമിതവണ്ണം, വ്യായാമക്കുറവ്‌, സ്‌ട്രെസ്‌ ഇവ സമുചിതമായി നിയന്ത്രിക്കുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കാം.

ലോകഹൃദയദിനം (വേൾഡ്‌ ഹാർട്ട്‌ ഡേ) ആരംഭിച്ചിട്ട്‌ ഒന്നര ദശകം കഴിഞ്ഞു. 2000-ത്തിൽ തുടങ്ങിയ ഹൃദയദിനം ഓരോവർഷവും വിവിധ വിഷയങ്ങളാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌. ഹൃദയത്തിന്‌ കരുത്തേകാനും അതുവഴി ഹൃദ്രോഗത്തെ പടിപ്പുറത്ത്‌ നിർത്താനും ഓരോരുത്തരും അനുവർത്തിക്കേണ്ട പ്രതിരോധമാർഗങ്ങൾ മറ്റുള്ളവർക്കും പ്രയോജനകരമാംവിധം പങ്കുവെയ്ക്കണമെന്ന്‌ ഈ ദിനം ആഹ്വാനം ചെയ്യുന്നു. അതുവഴി ഭൂമുഖത്തുള്ള ദശലക്ഷക്കണക്കിന്‌ ആളുകൾക്കും തങ്ങുടെ ഹൃദയാരോഗ്യം കാത്തുപരിപാലിക്കാനുള്ള പ്രചോദനസ്രോതസ്സായി ഏവരും മാറണം.

ഈവർഷം ഹൃദയദിന സന്ദേശം എന്റെ ഹൃദയം, നിങ്ങളുടെഹൃദയം (my heart, your heart) എന്നതാണ്‌. നിങ്ങളുടെയും മറ്റുള്ളവരുടെയും ഹൃദയാരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന സത്വരനടപടികൾ സംയുക്തമായി കൈക്കൊള്ളുക. ഒരു ലളിതമായ പ്രതിജ്ഞയിലൂടെ ഇവ സ്വായത്തമാക്കണം. ഹൃദയസൗഹൃദ ഭക്ഷണവും കൃത്യവും ഊർജസ്വലവുമായ വ്യായാമവും നിങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കണം. പുകവലി സമൂഹത്തിൽ നിന്ന്‌ തുടച്ചുമാറ്റണം.

ഭക്ഷണശൈലിയിൽ അടിസ്ഥാനപരമായി സസ്യഭുക്കാകണമെന്ന്‌ ജനിതകമായി പ്രോഗ്രാം ചെയ്യപ്പെട്ട മനുഷ്യൻ എന്നാൽ സാഹചര്യങ്ങളുടെ സമ്മർദത്താൽ കാലാന്തരത്തിൽ ഒരു മിശ്രഭുക്കായി മാറി. ഉഷ്ണപ്രദേശങ്ങളിലുള്ളവർ സസ്യാഹാരം കൂടുതലായി കഴിച്ചപ്പോൾ തണുപ്പുള്ള പ്രദേശങ്ങളിലുള്ളവർ കടുത്ത ശീതകാലത്തെ അതിജീവിക്കാനുള്ള പരിചയയായി കൂടുതൽ കൊഴുപ്പടങ്ങിയ മാംസാഹാരങ്ങളിൽ അഭയംതേടി. ശരീരത്തിലെ കട്ടിയുള്ള കൊഴുപ്പുപാളി മനുഷ്യനെ കൊടുംതണുപ്പിനെ നേരിടാൻ പ്രാപ്തനാക്കി. ഭക്ഷണം വിശപ്പുമാറ്റാൻ മാത്രമല്ല, ആസ്വദിക്കാനും കൂടിയുള്ളതാണെന്ന തിരിച്ചറിവിലൂടെ മനുഷ്യൻ ഭക്ഷണശാസ്ത്രത്തിന്‌ പുതിയ നിർവചനങ്ങൾ നൽകി. എന്നാൽ രുചിയുള്ള കൊഴുപ്പും പഞ്ചസാരയും കൂടി മനുഷ്യശരീരത്തെ നാനാരോഗങ്ങളിലേക്ക്‌ വലിച്ചിഴക്കുക തന്നെ ചെയ്തു. ഒപ്പം വ്യായാമക്കുറവും കൂടിയായപ്പോൾ അമിത കൊഴുപ്പ്‌ ശരീരത്തിലടിഞ്ഞുകൂടി. ഹൃദയധമനികളിൽ അമിത കൊഴുപ്പ്‌ നിക്ഷേപിക്കപ്പെട്ട്‌ അതിന്റെ ഉൾവ്യാസം കുറഞ്ഞ്‌ അതിലൂടെയുള്ള രക്തപ്രവാഹത്തിന്‌ പാളിച്ചയുണ്ടായി. കൊറോണറി ധമനികളിലൂടെയുള്ള അപര്യാപ്തമായ രക്തപര്യയനം ഹൃദ്രോഗത്തിന്‌ ഹേതുവായി.

ആഹാരത്തെ പൊതുവായി ഹൃദയ സൗഹൃദഭക്ഷ്യവസ്തുക്കളെന്നും അല്ലാത്തവയെന്നും തിരിക്കാം. ഏതൊക്കെയാണ്‌ ഹൃദയസംരക്ഷ പോഷണങ്ങൾ! ഇതിൽ മത്സ്യങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. മത്സ്യങ്ങളിലടങ്ങിയിട്ടുള്ള ഒമേഗ-3- ഫാറ്റി അമ്ളങ്ങൾ ഹൃദയധമനികളിലെ ജരിതാവസ്ഥയ്ക്കു കടിഞ്ഞാണിടുന്നു. കൂടാതെ വെളുത്തുള്ളി, ഒലിവ്‌ എണ്ണ, തേൻ, മുന്തിരിയുടെ തൊലി, നെല്ലിക്ക, പാവക്ക ഇവ ഹൃദയത്തിന്‌ പരിരക്ഷ നൽകുന്നു. പ്രകൃതിയുടെ നാരുകൾ അടങ്ങിയ ആഹാരപദാർത്ഥങ്ങൾ ഗ്രീൻ റ്റി തുടങ്ങിയവയും ഹൃദയത്തിനു പ്രിയങ്കരം തന്നെ. ഭക്ഷണക്രമത്തിലെ താളംതെറ്റലുകളാണ്‌ മിക്കരോഗങ്ങൾക്കും കാരണമെന്ന്‌ മുഖ്യവൈദ്യശാസ്ത്രശാഖകളെല്ലാം ഒരേ സ്വരത്തിൽ പറയുന്നു. രോഗങ്ങളെ നേരിടാനും പിടിയിലൊതുക്കാനും ഒരുപക്ഷെ മരുന്നുകളേക്കാൾ ഫലപ്രദമായി ആരോഗ്യ പൂർണമായ ഭക്ഷണശൈലിക്ക്‌ സാധിക്കും എന്ന യാഥാർത്ഥ്യം പല ബൃഹത്തായ പഠനങ്ങളിലൂടെയും സ്ഥിരീകരിച്ചുകഴിഞ്ഞു. ഭക്ഷണം തന്നെ ചികിത്സ എന്ന സംജ്ഞ രൂപപ്പെടുകയാണ്‌. മരുന്നിനൊപ്പം നിന്ന്‌ രോഗങ്ങളെ നിയന്ത്രിക്കുക മാത്രമല്ല, മരുന്നുതന്നെയാണ്‌ ആരോഗ്യ പൂർണമായ ആഹാരം എന്ന്‌ വെളിപ്പെടുകയാണ്‌.

കൃത്യവും ഊർജ്ജസ്വലവുമായി വ്യായാമപദ്ധതികൾ സംവിധാനം ചെയ്ത് പ്രാവർത്തികമാക്കണമെന്ന്‌ ഹൃദയദിനം ആഹ്വാനം ചെയ്യുന്നു. ആഴ്ചയിൽ കുറഞ്ഞത്‌ രണ്ടര മണിക്കൂർ എയ്‌റോബിക്‌ വ്യായാമ മുറകൾ ചെയ്യണം. ഇതിന്‌ ഒരു മാരത്തൺ ഓട്ടക്കാരൻ ആകണമെന്നില്ല. നടത്തം, ജോഗിങ്‌, സൈക്ളിങ്ങ്‌, നീന്തൽ, ഡാൻസിങ്‌ എല്ലാം ഹൃദയത്തിന്‌ ഉത്തേജകരമായ വ്യായാമമുറകൾ തന്നെ. ആഴ്ചയിൽ ആറുദിവസം കുറഞ്ഞത്‌ 45 മിനിട്ട്‌ വ്യായാമം ചെയ്യുക.

രോഗം വരട്ടെ, എന്നിട്ട്‌ നോക്കാം എന്ന ധാർഷ്ട്യമനോഭാവം മലയാളികളെ അപകടങ്ങളിലേക്ക്‌ വലിച്ചിഴക്കുന്നു. ഹൃദയത്തിന്‌ എന്തുപ്രശ്നം വന്നാലും ആൻജിയോപ്ളാസ്റ്റിയും ബൈപ്പാസുമൊക്കെയുണ്ടല്ലോ എന്ന ധാരണ മലയാളികളിൽ രൂഢമൂലമായിരിക്കുന്നു. ഈ മനോഭാവം മാറണം. മേൽപ്പറഞ്ഞ ചികിത്സാവിധികൾ ഹൃദയത്തിനുള്ള പാച്ച്‌വർക്കുകൾ മാത്രം. യഥാർത്ഥ ചികിത്സ പ്രതിരോധ മാർഗങ്ങൾ ആരായുകതന്നെ. ആപത്‌ഘടകങ്ങളെ സംയോജിതമായി പിടിയിലൊതുക്കുകവഴി 80-90 ശതമാനം വരെ ഹൃദ്രോഗത്തിൽ നിന്ന്‌ രക്ഷപ്പെടാമെന്ന യാഥാർത്ഥ്യം പലർക്കുമറിയില്ല. ഹാർട്ടറ്റാക്കുമായി തീവ്രപരിചരണ വിഭാഗത്തിൽ അകപ്പെടുമ്പോഴാണ്‌ പലരും പൊട്ടിക്കരയുന്നത്. ആപത്‌ഘടകങ്ങൾ നേരത്തെ നിയന്ത്രിച്ചിരുന്നുവെങ്കിൽ ഈ ദാരുണാവസ്ഥയിൽ നിന്ന്‌ രക്ഷപ്പെടാമായിരുന്നുവെന്ന്‌ അപ്പോഴാണ്‌ ബോധോദയമുണ്ടാകുന്നതും. സമയം ഇനിയും വൈകിയിട്ടില്ല. ഈ ലോകഹൃദയദിനം നിങ്ങളെ ഓർമപ്പെടുത്തുന്നു; ‘ഹൃദയത്തെ സ്നേഹിക്കണമെന്നും അതിനെ കാത്തുപരിപാലിക്കണമെന്നും.’

Content Highlights: World Heart Day 2018 Special Story, My Heart Your Heart