ലോകത്ത് ജനിക്കുന്ന നൂറു കുട്ടികളിൽ ഒരാളുടെ ഹൃദയത്തിന്‌ തകരാർ കാണപ്പെടുന്നു‍. കേരളത്തിൽ ഇവരിൽ പലരും ചികിത്സയ്ക്ക് വിധേയരാവുന്നുണ്ട്. ശസ്ത്രക്രിയകളിൽ 90 ശതമാനവും വിജയകരം. സർക്കാരിന്റെ ‘ഹൃദ്യം’ പദ്ധതി ഹൃദയചികിത്സയും ശസ്ത്രക്രിയയും വേണ്ടിവരുന്ന കുട്ടികൾക്ക് പ്രയോജനകരമാവുന്നു. തികച്ചും സൗജന്യമായ ചികിത്സാ പദ്ധതിയാണിത്.

ഭയം വേണ്ട

കുഞ്ഞുങ്ങളിലെ ഹൃദ്രോഗങ്ങൾ ശരീരശാസ്ത്രപരമായ വൈകല്യമാണ്. മുതിർന്നവരിലെപ്പോലെ ജീവിതശൈലിയുമായി ഒരുവിധത്തിലും ബന്ധപ്പെട്ടതല്ല. എന്നാലും പലരും അനാവശ്യ ഭയംമൂലം ചികിത്സയ്ക്കോ ശസ്ത്രക്രിയയ്ക്കോ കുട്ടികളെ കൊണ്ടുവരാറില്ല.

ഒരിക്കൽ സർജറി ചെയ്താൽപ്പിന്നെ കുട്ടികൾക്ക് തുടർചികിത്സ വേണ്ടിവരാറില്ല. 25 ശതമാനം രോഗികൾക്ക് ജനിച്ച് ഒരുമാസത്തിനകംതന്നെ ശസ്ത്രക്രിയ ചെയ്യേണ്ടതുണ്ട്. മറ്റുള്ളവർക്ക് ഒരു വയസ്സിനകം ശസ്ത്രക്രിയ ചെയ്താൽ മതിയാവും. ചികിത്സിക്കാതിരുന്നാൽ വലുതാവുമ്പോഴും ഹൃദയവൈകല്യങ്ങളുണ്ടാവും.

ഗർഭാവസ്ഥയിൽത്തന്നെ കണ്ടെത്താം

ഗർഭാവസ്ഥയിൽത്തന്നെ രോഗം കണ്ടെത്താം. നാലാം മാസത്തിൽ നടത്തുന്ന ഫെറ്റാൽ സ്കാനിലൂടെയാണ് ഇത് സാധിക്കുന്നത്. കുഞ്ഞ് ജനിച്ചയുടനെ ശസ്ത്രക്രിയ നടത്താൻ ഇത് സഹായകമാവും. രോഗനിർണയത്തിലും ചികിത്സയിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലാണ്. ശസ്ത്രക്രിയയ്ക്ക് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ തിരക്കിട്ട് സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.

തിരുവനന്തപുരം ശ്രീചിത്ര, കൊച്ചി അമൃത, ലിസ്സി, ആസ്റ്റർ, തിരുവല്ല ബിലീവേഴ്‌സ് തുടങ്ങിയ ആശുപത്രികളിൽ ഇപ്പോൾ കേരളത്തിൽ സർജറി നടക്കുന്നുണ്ട്. മാതാ അമൃതാനന്ദമയിമഠവും മറ്റും പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്യാൻ അവസരം നൽകുന്നു.

ലക്ഷണങ്ങൾ

ഹൃദയമിടിപ്പിലെ താളക്രമവ്യതിയാനം

പാലുകുടിക്കാൻ പ്രയാസം

തൂക്കമില്ലാതെ വരുക

കുഞ്ഞിന് നീലനിറം വരിക (ബ്ലൂ ബേബി)

തുടർച്ചയായ ശ്വാസതടസ്സം

അടിക്കടി കഫക്കെട്ട്

ജാഗ്രത വേണം

യഥാസമയം ചികിത്സ നല്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുഞ്ഞുങ്ങളുടെ മരണത്തിൽ 11.7 ശതമാനവും സംഭവിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ കൊണ്ടാണ്. രണ്ടുലക്ഷം രൂപയോളം ചെലവുവരുന്ന ശസ്ത്രക്രിയ സൗജന്യമായി ലഭ്യമാക്കാൻ സർക്കാർ സംവിധാനമുണ്ട്. ശിശുക്കളുടെ ശസ്ത്രക്രിയ വിദഗ്ധരും പ്രത്യേകം പരിശീലനം ലഭിച്ചവരുമായ ഡോക്ടർമാരും നഴ്‌സുമാരുമാണ് ചെയ്യുന്നത്. അതിനാൽ അമ്മമാരുടെ ഭയത്തിന് അടിസ്ഥാനമില്ല.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. പി.കെ. ബ്രിജേഷ്, സീനിയർ പീഡിയാട്രിക് കാർഡിയാക് സർജൻ, അമൃത ആശുപത്രി, കൊച്ചി