കൊച്ചി: അവര്‍ അവര്‍ക്കുവേണ്ടി പടികള്‍ കയറി, അവരുടെ ഹൃദയങ്ങള്‍ക്കുവേണ്ടി. ഹൃദയാരോഗ്യ സംരക്ഷണത്തിന് പടികള്‍ കയറുന്നത് നല്ലതാണെന്ന സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി നെഞ്ചില്‍ ബാഡ്ജ് ധരിച്ചു. ഇടപ്പള്ളി, ആലുവ മെട്രോ സ്റ്റേഷനുകളില്‍ ലോക ഹൃദയദിനത്തോടനുബന്ധിച്ച് മാതൃഭൂമി ആരോഗ്യമാസികയുടെ ആഭിമുഖ്യത്തില്‍ റിനൈ മെഡിസിറ്റി, കെ.എം.ആര്‍.എല്‍. എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിച്ച ഹാര്‍ട്ടി വെല്‍കം പരിപാടിയിലാണ് ഹൃദയസംരക്ഷണത്തിനായി എല്ലാവരും ഒന്നിച്ചത്. 

ഇടപ്പള്ളി, ആലുവ സ്‌റ്റേഷനുകളിലെത്തിയ യാത്രക്കാരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു മാതൃഭൂമി ഹാര്‍ട്ടി വെല്‍കം ഒരുക്കിയത്. പടവുകള്‍ കയറിയെത്തിവര്‍ക്ക് പ്രോത്സാഹനമായി സമ്മാനപ്പൊതിയുമുണ്ടായിരുന്നു. ഇരു സ്റ്റേഷനുകളിലും രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിപാടി. ടിക്കറ്റെടുത്ത് വരുന്ന യാത്രക്കാര്‍ കയറുന്ന എസ്‌കലേറ്ററിന് പ്രത്യേകമായി സജ്ജീകരിച്ച കമാനവും അതിന് മുന്നില്‍ കര്‍ട്ടനുകളും ഇട്ടിരുന്നു. കമാനത്തില്‍ ഹൃദയദിനത്തോടനുബന്ധിച്ച സന്ദേശങ്ങളും എഴുതിയിരുന്നു. ഇതുവായിച്ച് സമീപത്തെ ചവിട്ടുപടികള്‍ കയറി യാത്രക്കാര്‍ മുകളിലെത്തി. അവിടെ അവരെ കാത്ത് മാതൃഭൂമി പ്രതിനിധികളുണ്ടായിരുന്നു. 

hearty welcom Campaign

ദിവസവും ഏഴുമിനിറ്റ് നേരം പടികള്‍ കയറുന്നത് ഹൃദയാഘാത സാധ്യത വളരെയധികം കുറയ്ക്കും, പുകവലി, മദ്യപാനം എന്നിവ കുറയ്ക്കുക, കൊഴുപ്പും മധുരവും കുറഞ്ഞ ഭക്ഷണം ശീലമാക്കുക, മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക, വൈദ്യപരിശോധനകള്‍ കൃത്യമായ സമയത്ത് നടത്തുക തുടങ്ങിയ ബോധവത്ക്കരണ സന്ദേശങ്ങള്‍ ഇവരുമായി മാതൃഭൂമി പ്രതിനിധികള്‍ പങ്കുവച്ചു. ഹൃദയാരോഗ്യ സംരക്ഷണ സന്ദേശങ്ങള്‍ അവരവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലും മറ്റ് സ്ഥലങ്ങളിലും എത്തിക്കുന്നതിനായി ഒരു ബാഡ്ജും ഇവര്‍ക്ക് നല്‍കി. 

Mathrubhumi Arogyamagazine

പടവുകള്‍ കയറി എത്തുന്നവരുടെ രക്തസമ്മര്‍ദ്ദം, ഭാരം എന്നിവ പരിശോധിക്കുന്നതിന് റിനൈ മെഡിസിറ്റിയുടെ മെഡിക്കല്‍ സംഘം രണ്ട് സറ്റേഷനിലുമുണ്ടായിരുന്നു. കുറച്ചുപേര്‍ എസ്‌ക്കലേറ്ററിനെ ആശ്രയിച്ചെങ്കിലും യുവാക്കളും കുട്ടികളും പ്രായമായവരും സ്ത്രീകളും ചവിട്ടുപടികള്‍ കയറാന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. ഇരു സ്റ്റേഷനുകളില്‍ നിന്നുമായി ആയിരത്തില്‍ അധികം യാത്രക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച പരിപാടി രാത്രിവരെ നീണ്ടു.