പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ ചെയ്യാന്‍ സൗകര്യമൊരുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് ഹൃദ്യം. ഹൃദയ പ്രശ്‌നങ്ങള്‍ (Cogenital Heart Disease-CHD) ഉള്ള കുട്ടികളുടെ ഓണ്‍ലൈന്‍ രജിസ്ട്രി തയ്യാറാക്കി മുന്‍ഗണനാക്രമത്തില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ സൗകര്യമൊരുക്കുകയാണ് ഇതുവഴി ചെയ്യുന്നത്. 

അപേക്ഷിക്കേണ്ട വിധം

ഹൃദ്യം വെബ്‌പേജ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഈ അപേക്ഷകള്‍ അതാത് ജില്ലയുടെ ചുമതലയുള്ള ഡിസ്ട്രിക്റ്റ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (DEIC) പരിശോധിക്കും. അഞ്ചു ഘട്ടങ്ങളായുള്ള രജിസ്‌ട്രേഷനും ഡി.ഇ.ഐ.സി. വെരിഫിക്കേഷനും പൂര്‍ത്തിയായാല്‍ രജിസ്റ്റര്‍ നമ്പര്‍ ലഭിക്കും. തുടര്‍ന്ന് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കേരളത്തിലെ പ്രമുഖ അഞ്ച് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റുമാരുടെ അഭിപ്രായം രേഖപ്പെടുത്തും. ചികിത്സാരേഖകള്‍, എക്കോ റിപ്പോര്‍ട്ട് എന്നിവയും ആവശ്യമെങ്കില്‍ രോഗിയെ നേരിട്ട് പരിശോധിച്ചുമാണ് റിപ്പോര്‍ട്ട് നല്‍കുക. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് വിവിധ കാറ്റഗറിയാക്കി തിരിക്കും. ഇതു പരിഗണിച്ച്് ശസ്ത്രക്രിയ തീരുമാനിക്കുന്നു. ശസ്ത്രക്രിയ അടിയന്തരമായി വേണ്ട സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ എംപാനല്‍ ചെയ്തിട്ടുള്ള മറ്റ് ആശുപത്രികളിലേക്കും ശുപാര്‍ശ നല്‍കും. ഓണ്‍ലൈന്‍ വഴിയാണ് ഇതു നടപ്പിലാക്കുന്നത്. അപേക്ഷകള്‍ നല്‍കാനുള്ള സൗകര്യം ആശുപത്രികളില്‍ ലഭ്യമാണ്.


എംപാനല്‍ ആശുപത്രികള്‍

ശ്രീ ചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, 
തിരുവനന്തപുരം

ഗവ. മെഡിക്കല്‍ കോളേജ്, 
കോട്ടയം

അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് 
മെഡിക്കല്‍ സയന്‍സസ്, കൊച്ചി

ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി

ലിസി ഹോസ്പിറ്റല്‍, കൊച്ചി

ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, തിരുവല്ല
ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക്;  www.hridyam.in