ഇടനെഞ്ച് വേദന മലയാളിയുടെ ഉറക്കം കെടുത്തുന്ന ഒന്നാണ്. പുതിയ ജീവിത ശൈലിയില്‍ ഹൃദയ രക്ഷയെ കുറിച്ചുള്ള ആയുര്‍വേദ നിര്‍ദേശങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഹൃദയരക്ഷയുടെ പ്രാഥമിക തലങ്ങളില്‍ ആഹാരത്തിനും വ്യായാമത്തിനുമുള്ള പ്രാധാന്യം എല്ലാവര്‍ക്കും അറിവുള്ളത് തന്നെ. എന്നാല്‍ ഒരു വ്യക്തിയുടെ പ്രായം, അനുബന്ധ രോഗങ്ങള്‍, മറ്റ് ആരോഗ്യ സുചകങ്ങള്‍, എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഹൃദ്രോഗ പ്രതിരോധത്തിന്റെ പ്രായോഗിക നിര്‍ദേശങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. ആയുര്‍വേദത്തിന്റെ ശാസ്ത്രീയ തത്വങ്ങളില്‍ ഊന്നി നിന്നുകൊണ്ടുള്ള ഹൃദ്രോഗ പ്രതിരോധത്തിന്റെ സാധ്യതകള്‍ അറിയാം 

പചന ശക്തി ദുര്‍ബലമായാല്‍
നമ്മുടെ ശരീരത്തിലെ ദഹന വ്യാപാരങ്ങളെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ് ആയുര്‍വേദത്തില്‍ അഗ്നി എന്ന് പേരിട്ട് വിളിക്കുന്ന പചന ശക്തി. വൈവിധ്യമാര്‍ന്ന ആഹാരങ്ങളെ ദഹിപ്പിച്ച് അവയുടെ പോഷക ഘടകങ്ങളെ ശരീരത്തിലെ വിവിധ കലകള്‍ക്ക് എത്തിച്ച് കൊടുക്കുന്ന സുപ്രധാന ജൈവവ്യാപാരം നിര്‍വഹിക്കലാണ് പചന വ്യവസ്ഥയുടെ  ധര്‍മം. എന്നാല്‍ തെറ്റായ ജീവിത ശൈലി നിമിത്തവും സേവിക്കുന്ന ഭക്ഷണങ്ങളുടെ  നിരന്തര ഉപയോഗം മൂലവും നമ്മുടെ ശരീരത്തിലെ അഗ്നിയുടെ കര്‍മ ശക്തി ദുര്‍ബലമാകുന്നു. ദുര്‍ബലമായ അഗ്നി തന്നെയാണ് സര്‍വ രോഗങ്ങളുടെയും അടിസ്ഥാന കാരണം. ചയാപചയ പ്രവര്‍ത്തനങ്ങളുടെ തകരാറുകള്‍ ആരംഭിക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. ചയാപചയ സംബന്ധികളായ വികൃതികള്‍ കാരണം ശരീരത്തിലും  വിശിഷ്യാ ഹൃദയത്തിന് രക്തം പ്രദാനം ചെയ്യുന്ന രക്തക്കുഴലുകളിലുമെല്ലാം മേദസ് അടക്കമുള്ളവ ക്രമാതീതമായി അടിഞ്ഞ് കൂടുന്നു.

കട്ടികൂടിയതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണങ്ങള്‍ എണ്ണമയമുള്ള ആഹാരങ്ങള്‍, ഒരുപാട് തണുത്ത ഭക്ഷണങ്ങള്‍ വിരുദ്ധമായ ആഹാരങ്ങള്‍ എന്നിവ അഗ്നിയെ ദുര്‍ബലമാക്കി ഹൃദയ സംബന്ധമികളായ ധമനികള്‍ക്കുള്ളില്‍ സ്രോതരോധം ഉണ്ടാക്കുന്നു. ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതാണ്. നമ്മുടെ നിത്യ വ്യവഹാരത്തിലെ ബ്ലോക്ക് ഉണ്ടാക്കുന്ന പ്രസ്തുത ഭക്ഷണ ശീലങ്ങള്‍ അറിയുകയും അവ പ്രതിരോധിക്കുകയും വേണം. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് പോലെ പ്രധാനമാണ് ചിലത് മെനുവില്‍ ഉള്‍പ്പെടുത്തുന്നത്. 

ഹൃദയം കാക്കും ഭക്ഷണങ്ങള്‍
നെല്ലിക്ക, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, ജീരകം, ഉലുവ, മഞ്ഞള്‍, തുടങ്ങിയ സാധാരണ അടുക്കള ദ്രവ്യങ്ങള്‍ എല്ലാം തന്നെ ഹൃദയാരോഗ്യത്തിന് നല്ലതാണ്. മോര് കറിയാക്കി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. മുരിങ്ങയില, കുമ്പളങ്ങ തുടങ്ങിയവയും സ്വാദിഷ്ട വിഭവങ്ങളായി തീന്‍ മേശയില്‍ എത്തിക്കേണ്ടതാണ്. രക്തസമ്മര്‍ദം, പ്രമേഹം, തുടങ്ങിയവയും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ മേല്‍പറഞ്ഞ ഭക്ഷണ ശീലങ്ങള്‍ പൊതുവായി ശീലിക്കാവുന്നതാണ്. ആയുര്‍വേദം ഹൃദയസംബന്ധിയായ ധമനികള്‍ക്കുള്ളില്‍ ഉണ്ടാവുന്ന തടസ്സം പ്രതിരോധിക്കുവാന്‍ നിര്‍ദേശിക്കുന്ന സുപ്രധാന ദ്രവ്യമാണ് വെളുത്തുള്ളി. വെളുത്തുള്ളി പാല് കാച്ചിയും, അച്ചാറിന്റെ രൂപത്തിലും ഉപയോഗിക്കാം. വയറെരിച്ചില്‍ പോലുള്ള അസുഖമുള്ളവര്‍ വെളുത്തുള്ളിയുടെ ഉപയോഗം നിയന്ത്രിക്കണം.  

കര്‍ശനമായ ആഹാര  നിയന്ത്രണം വേണ്ടിവരുന്നതിനാല്‍ മിക്കവാറും എല്ലാ ജീവിതശൈലി രോഗങ്ങളിലും രോഗി പൊതുവെ ക്ഷീണിച്ച് വരാറുണ്ട്. ഇത്തരത്തിലുള്ള ശരീരക്കാര്‍ക്ക് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവാം. അതുകൊണ്ട് തന്നെ ശരീരത്തിന് വേണ്ട പോഷക ഘടകങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. രക്തത്തിലെ പഞ്ചസാര, കൊഴുപ്പ്, എന്നിവയുടെ അളുവുകള്‍ നിര്‍ണയിച്ച ശേഷം വൈദ്യ നിര്‍ദേശാനുസരണം ച്യവനപ്രാശം, വിദാര്യാദിഘൃതം, ഇന്ദുകാന്തം, ധാന്വന്തരംഘൃതം പോലെയുള്ള ഔഷധങ്ങള്‍ ഹൃദയ രക്ഷയ്ക്കും ശരീര ബലത്തിനും വേണ്ടി നിശ്ചിതകാലം  സേവിക്കാം.
 
പഞ്ചകര്‍മ ചികിത്സ
ചയാപചയ തകരാറുകള്‍ നിമിത്തം ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളെ ഇല്ലാതാക്കാനായി ഉചിതമായ ശോധന ചികിത്സകള്‍ കൃത്യമായ ഇടവേളകളില്‍ ചെയ്യേണ്ടതുണ്ട്. ഹൃദ്രോഗ സാധ്യതയുള്ളവര്‍ പാരമ്പര്യമുള്ളവര്‍ എന്നിവര്‍ 30-40 വയസ്സില്‍ വൈദ്യ മേല്‍നോട്ടത്തില്‍ ശോധന ചികിത്സകള്‍ക്ക് വിധേയരാകണം. ഇത് ഹൃദ്രോഗമടക്കുള്ള ജീവിത ശൈലി രോഗങ്ങളുടെ സാധ്യതയെ കുറയ്ക്കും. 

ശോധന ചികിത്സകള്‍ക്ക്  പുറമെ ഉദ്വര്‍ത്തനം (ചൂര്‍ണ രൂപത്തിലുള്ള ഔഷധങ്ങള്‍കൊണ്ട് തടവുന്നത്),തക്രധാര(ഔഷധ സിദ്ധമായ മോരുകൊണ്ട് ശിരസ്സില്‍ ധാര ചെയ്യുന്നത്), ഊരോവസ്തി(ഹൃദ്യമായ തൈലങ്ങള്‍ നെഞ്ചില്‍ നിര്‍ത്തുന്നത്) തുടങ്ങിയ ചികിത്സാ മുറകളും  ഹൃദയത്തിനും അനുബന്ധ രക്ത ചംക്രമണ വ്യൂഹത്തിനും ഹിതകരമാണ്.   

ശരീര വേഗങ്ങളെ തടയരുത്
ഇതര വൈദ്യ ശാസ്ത്രങ്ങളെ അപേക്ഷിച്ച് ആയുര്‍വേദം പ്രാധാന്യം നല്‍കുന്ന  ഒരു പ്രധാന സംഗതിയാണ് വേഗധാരണം. സ്വാഭാവികങ്ങളായ മല മുത്ര അധോവാത വേകങ്ങളെ ബോധപൂര്‍വം തടഞ്ഞുവെക്കുന്നതിനെയാണ് വേഗധാരണം എന്ന് പറയുന്നത്. മുല മൂത്രാധി വേഗധാരണം ശരീരത്തിന്റെ സ്വാഭാവിക ചയാപചയ ദഹന ചംക്രമണ വ്യാപാരങ്ങളില്‍ സ്ഥായിയായ വൈകൃതങ്ങള്‍ ഉണ്ടാക്കുന്നു. 

ജീവിത ശൈലിയും തിരക്ക് പിടിച്ച ജീവിത ടൈംടേബിളും മാനസിക സമ്മര്‍ദങ്ങളും കൂടിച്ചേരുമ്പോള്‍ വേഗധാരണം കൂടുതല്‍ രോഗകാരിയായി മാറുന്നു.
കൃത്യമായ മലശോധനയെ സഹായിക്കുന്ന ആഹാര പാനീയങ്ങള്‍ ശീലിക്കണം. ത്രിഫല ചൂര്‍ണം, സംസ്‌കരിച്ച ആവണക്കെണ്ണ, ഇതരൗഷങ്ങള്‍ എല്ലാം വൈദ്യ നിര്‍ദേശാനുസരണം സേവിച്ച് ശോധന ക്രമപ്പെടുത്തണം.

വ്യായാമം പ്രധാനം
കേവലം കൊഴുപ്പിനെ കത്തിച്ച് കളയാന്‍ മാത്രമല്ല രക്ത ചംക്രമണ വ്യൂഹത്തെ ശക്തിപ്പെടുത്താനും വ്യായാമം ആവശ്യമാണ്. മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനും വിഷാദത്തെ  അകലെ നിര്‍ത്താനും വ്യായാമം സഹായിക്കും. പ്രായത്തിനും ശരീര ശക്തിക്കും അനുസരിച്ച് ഉചിതമായ വ്യായാമങ്ങള്‍ തിരഞ്ഞെടുക്കണം. നിരപ്പായ പ്രതലത്തില്‍ നടക്കുക, ജോഗിങ്, സൈക്ലിങ്, നീന്തല്‍ ഇവയിലേതെങ്കിലും സൗകര്യ പ്രദമായി തിരഞ്ഞെടുക്കാം. യോഗയും പ്രാണായാമവും എല്ലാം പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തന താളത്തെ ക്രമീകരിക്കുന്നതിലും രക്തചംക്രമണം സുഗമമാക്കുന്നതിലും യോഗയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. 

നല്ല മനസ്സ് നല്ല ഉറക്കം
മാനസിക സമര്‍ദം ലഘുകരിക്കാനുള്ള ജീവിത ശൈലി വ്യതിയാനങ്ങള്‍ ഓരോരുത്തരും സ്വീകരിക്കണം. ആവശ്യത്തിനുള്ള ഉറക്കം ഹൃദയാരോഗ്യത്തിന് പരമ പ്രധാനമാണ്. പകലുറക്കം കഴിയുന്നതും ഒഴിവാക്കണം. ഉറക്കക്കുറവുള്ളവര്‍ നസ്യം, ശിരോ അഭ്യംഗം, തളം, തക്രധാര തുടങ്ങിയ ആയുര്‍വേദ ചികിത്സകള്‍ക്ക് വിധേയരാകണം.

അമിതമായ ഉദ്യോഗം, വിഷാദം, അനാവശ്യ ചിന്ത, ആകാരണമായ ദേഷ്യം മത്സര ചിന്ത എന്നിവയെല്ലാം ക്രമത്തില്‍ കുറച്ച് കൊണ്ടുവരാനുള്ള പ്രയത്‌നത്തില്‍ ഏര്‍പ്പെടണം. ഹോബികള്‍, വിശ്രമ വേളകള്‍ എന്നിവയെല്ലാം മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ നല്ലതാണ്.

കുടവയറും അമിതവണ്ണവും
കുടവയറും അമിതവണ്ണവും ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാണ്. കൊഴുപ്പ് കലര്‍ന്ന ഭക്ഷണം ഒഴിവാക്കിയും വ്യായാമം ശീലിച്ചും തടി  കുറയ്ക്കാം. ഉദ്വര്‍ത്തനം, ലേഖനവസ്തി, കന്മദം പോലെയുള്ള പ്രത്യേക ഔഷധങ്ങള്‍ എന്നിവയും പൊണ്ണത്തടി കുറയ്ക്കാന്‍ ഉപകരിക്കും. വേങ്ങാക്കാതല്‍, ഞാവല്‍ത്തൊലി എന്നിവയിട്ട് തിളിപ്പിച്ച വെള്ളം നിത്യപാനീയമായി ഉപയോഗിക്കുന്നത് ദുര്‍മേദസ്സിനും പ്രമേഹത്തിനും ഹിതകരമാണ്. 

(മാതൃഭൂമി ആരോഗ്യ മാസികയില്‍ പ്രസിദ്ധീകരിച്ചത്)