'ഹൃദയത്തെ പരിപാലിക്കാം - ആരോഗ്യകരമായ ചുറ്റുപാടുകളിലൂടെ'   എന്ന സന്ദേശവുമായാണ് ഇത്തവണ ലോകം ഹൃദയദിനം ആചരിക്കുന്നത്. ജനിതക ഹൃദയ വൈകല്യങ്ങളുമായി പിറക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയത്തെ പരിപാലിക്കാനുള്ള ആരോഗ്യകരമായ ചുറ്റുപാടുകള്‍ ഒരുക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ടോ? 

പ്രതിവര്‍ഷം അഞ്ചുലക്ഷം പ്രസവങ്ങള്‍ നടക്കുന്ന കേരളത്തില്‍ ജനിതകഹൃദയവൈകല്യവുമായി പിറന്നുവീഴുന്നത് 4000 കുഞ്ഞുങ്ങളാണ്. അതേ കാരണം കൊണ്ട് വര്‍ഷാവര്‍ഷം മരണപ്പെടുന്നത് 750ലധികം കുട്ടികളും. ശിശുമരണങ്ങള്‍ക്കുള്ള പ്രധാനകാരണങ്ങളില്‍ ഒന്നായ ജനിതക ഹൃദയവൈകല്യത്തെ പ്രതിരോധിക്കാന്‍ കേരളം എത്രത്തോളം സജ്ജമാണെന്ന് വിലയിരുത്തുമ്പോഴാണ് ആരോഗ്യരംഗത്ത് നമ്മള്‍ ഇനിയും എത്രദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുക. ഇന്ത്യയില്‍ ശിശുമരണങ്ങള്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് തന്നെയാണ് കേരളം. 2020 ആകുമ്പോഴേക്കും നിലിവിലുള്ള 12 ശിശുമരണങ്ങള്‍ എന്ന കണക്കില്‍ നിന്ന് 8-9 എന്ന രീതിയിലേക്ക് മരണനിരക്ക് കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യരംഗം. എന്നാല്‍ മരണത്തിന് നിദാനമായ കാരണങ്ങളെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുന്നതിന് അനാവശ്യമായ കാലതാമസമാണ് കേരളം എടുക്കുന്നത്. 

കേരളത്തില്‍ ഒരു വര്‍ഷം എത്ര കുട്ടികളാണ് ജനിതകഹൃദയവൈകല്യവുമായി ജനിക്കുന്നത്, അവരില്‍ എത്രപേര്‍ക്ക് മതിയായ ചികിത്സ ലഭിച്ചു, എത്രപേര്‍ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയിലൂടെ രോഗത്തെ അതിജീവിച്ചു, എത്ര കുട്ടികള്‍ ഇക്കാരണത്താല്‍ മരണപ്പെട്ടു തുടങ്ങിയ അടിസ്ഥാനവിവരങ്ങളുടെ കണക്കുകള്‍ പോലും നമ്മുടെ ആരോഗ്യവകുപ്പിന്റെ കൈയില്‍ ഇല്ല. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ആയിരത്തില്‍ എട്ടുകുട്ടികള്‍ ഹൃദയവൈകല്യവുമായി ജനിക്കുന്നു എന്ന കണക്കിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ തന്നെ അത്രയും കുഞ്ഞുങ്ങളെ പോലും ചികിത്സിക്കാനുള്ള സൗകര്യം നമ്മുടെ കേരളത്തിലില്ല. 

WHO യുടെ റിപ്പോര്‍ട്ട് പ്രകാരം ജനിച്ച് നാലാഴ്ചയ്ക്കുള്ളില്‍ 3,03,000 കുട്ടികളാണ് ജനിതക ഹൃദയ വൈകല്യം മൂലം ഒരുവര്‍ഷം മരിക്കുന്നത്. ഗുരുതരമായ ഹൃദ്രോഗവുമായി ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 60 ശതമാനം കുഞ്ഞുങ്ങളും ഒരു വയസ്സെത്തുന്നതിന് മുമ്പേ മരണപ്പെടുന്നു. 90 ശതമാനം പേര്‍ അഞ്ചുവയസ്സെത്തുന്നതിന് മുമ്പും. 

 

ഈ രംഗത്തുള്ള വിദഗ്ധരുടെ കുറവാണ് നാം നേരിടുന്ന പ്രധാനവെല്ലുവിളി. ഇന്ത്യ മുഴുവന്‍ എടുത്തുനോക്കുകയാണെങ്കില്‍ തന്നെ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് വളരെ കുറവാണ്. പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ അതിലും കുറവാണ്.  24 പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റും 12 പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജനും ആവശ്യമുള്ള കേരളത്തില്‍ നിലവില്‍ 12 പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റും 10 പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജനും മാത്രമെയുള്ളൂ.

ശസ്ത്രക്രിയ ഉള്‍പ്പടെയുളള ചികിത്സാ സൗകര്യങ്ങളുള്ള ആസ്പത്രികളുടെ അഭാവമാണ് മറ്റൊന്ന്. ഹൃദയവൈകല്യവുമായി ജനിക്കുന്ന 4000 കുഞ്ഞുങ്ങളില്‍ 25-35 ശതമാനം കുഞ്ഞുങ്ങളും അതീവഗുരുതരമായ വൈകല്യങ്ങളോടെയാണ് ജനിക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്താന്‍ സാധിച്ചില്ലെങ്കില്‍ ആദ്യജന്മദിനത്തിന് മുന്‍പേ ഇവര്‍ മരണപ്പെട്ടേക്കാം. സ്വകാര്യ ആസ്പത്രികളില്‍ ഒന്നരലക്ഷം മുതല്‍ അഞ്ചുലക്ഷം വരെയാണ് ശസ്ത്രക്രിയക്ക് ചെലവ് വരുന്നത്. ഒരു ഇടത്തരം കുടുംബത്തിന് താങ്ങാനാകുന്നതിനും മുകളില്‍. പൊതുജനാരോഗ്യമേഖലയില്‍ രണ്ട് ആസ്പത്രികളില്‍ മാത്രമാണ് ശസ്ത്രക്രിയ സൗകര്യമുള്ളത്. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും. അതില്‍ കോട്ടയം മെഡിക്കല്‍ കോളേജ് പരിപൂര്‍ണ സജ്ജവുമായിട്ടില്ല. 

സ്വകാര്യ ആസ്പത്രികളായ എറണാകുളത്തെ അമൃത, ലിസി, ആസ്റ്റര്‍ മെഡിസിറ്റി, തിരുവല്ലയിലെ ബിലീവേഴ്്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ്, എന്നീ ആസ്പത്രികളില്‍ ശസ്ത്രക്രിയക്കുള്ള സൗകര്യമുണ്ടെങ്കിലും ഭീമമായ ചികിത്സാ ചെലവുകള്‍ താങ്ങാനാകാത്തതിനാല്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സൗജന്യമായി ശസ്ത്രക്രിയ ചെയ്യാനാകുന്ന ശ്രീചിത്രയെ തന്നെയാണ്. വര്‍ഷം 450 മുതല്‍ 500 കേസുകള്‍ ചെയ്യാനുള്ള പ്രാപ്തിയെ ശ്രീചിത്രക്കുള്ളൂ. എന്നിട്ടും തങ്ങളുടെ കഴിവിന്റെ പരമാവധിയെന്നോണം വര്‍ഷം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങളുടേതുള്‍പ്പടെ 600 ശസ്ത്രക്രിയകളാണ് ഇവിടെ ചെയ്തുവരുന്നത്. ഇതിന് പുറമെ അടിയന്തര ശസ്ത്രക്രിയകള്‍ വേറെയും. 

ഇതിന് ഒരു പ്രതിവിധിയെന്ന രീതിയിലാണ് കേരളസര്‍ക്കാരും ദേശീയ ആരോഗ്യദൗത്യത്തിന്റെ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രമും ചേര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്ത് 31-ന് ഹൃദ്യം പദ്ധതിക്ക് തുടക്കം കുറിച്ചത്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചിന്‍, ആസ്റ്റര്‍ മെഡിസിറ്റി, ലിസി ഹോസ്പിറ്റല്‍, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ തിരുവല്ല എന്നീ സ്വകാര്യ ആസ്പത്രികളെ ഉള്‍പ്പെടുത്തിയുള്ള ഈ പദ്ധതി സൗജന്യ ചികിത്സ ഉറപ്പുനല്‍കുന്നു. ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ നിന്ന് അത്യാഹിത സ്വഭാവമുള്ളവ കണ്ടെത്തി 24 മണിക്കൂറിനകം ഒഴിവുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി മരണനിരക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആന്ധ്രയില്‍ നടപ്പാക്കിയ ആരോഗ്യശ്രീ പദ്ധതി നടത്തിപ്പിലുണ്ടായ പാളിച്ചകള്‍ ഒരുപാഠമായി ഉള്‍ക്കൊണ്ടാകണം ഹൃദ്യം പദ്ധതിയുടെയും നടത്തിപ്പ് (ശസ്ത്രക്രിയ ആവശ്യമില്ലാത്ത കേസുകള്‍ക്ക് പോലും ശസ്ത്രക്രിയകള്‍ നടത്തി അവിടെ നിരവധി ആസ്പത്രികളാണ് ആരോഗ്യശ്രീയുടെ ഫണ്ട് ദുരുപയോഗം ചെയ്തത്.) പ്രാരംഭദശയിലായതിനാല്‍ തന്നെ പദ്ധതിയെ വിലയിരുത്താനായിട്ടില്ല. എന്നിരുന്നാല്‍ തന്നെയും വടക്കന്‍ ജില്ലയില്‍ നിന്ന് ഒരു ആസ്പത്രിയെ പോലും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്നുള്ളത് തന്നെയാണ് ഈ പദ്ധതിയുടെയും നമ്മുടെ ആരോഗ്യരംഗത്തിന്റെയും ഏറ്റവും വലിയ പരാജയം. 

 

കേരളത്തിലെ ജനനനിരക്കില്‍ പകുതിയിലേറെയും വടക്കന്‍ ജില്ലകളില്‍ നിന്നാണ്. അതായത് കേരളത്തില്‍ നടക്കുന്ന അഞ്ചുലക്ഷം പ്രസവങ്ങളില്‍ ഏകദേശം എണ്‍പതിനായിരം കേസുകളും മലപ്പുറത്ത് നിന്നും നാല്‍പതിനായിരത്തിലധികം കോഴിക്കോട് നിന്നുമാണ്. കണ്ണൂരും കാസര്‍കോഡും തൃശൂരും പാലക്കാടും കൂടി ചേരുമ്പോള്‍ ഏകദേശം രണ്ടര-മൂന്ന് ലക്ഷത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ ഓരോവര്‍ഷവും പിറക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ആശ്രയിക്കാനാകുന്ന ഏറ്റവും അടുത്തുള്ള കേന്ദ്രം കൊച്ചിയാണ്. അത്യാഹിതസ്വഭാവമുള്ള ഒരു കേസ് കാസര്‍കോട് റിപ്പോര്‍ട്ട് ചെയ്തു എന്നിരിക്കട്ടെ കാസര്‍കോട് നിന്നും കൊച്ചി വരെ എത്തണമെങ്കില്‍ ചുരുങ്ങിയത് ആറര മണിക്കൂറെങ്കിലും വേണം. അതിനുള്ളില്‍ കുഞ്ഞിന് ജീവഹാനി സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. തള്ളിക്കളയാനാകില്ലെന്നല്ല നിരവധി സംഭവങ്ങള്‍ അങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ആ മണിക്കൂറുകളില്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം പറഞ്ഞറിയിക്കാനാകില്ല. 

കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ശസ്ത്രക്രിയക്കായി എത്രയും പെട്ടന്ന് തന്നെ സജ്ജമാക്കുക എന്നുള്ളതാണ് അതിനുള്ള ഏറ്റവും മികച്ച പോംവഴി. 
നിലവില്‍ അഡള്‍ട്ട് കേസുകള്‍ ചെയ്യാനുള്ള സൗകര്യം മാത്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിനുള്ളത്. പീഡിയാട്രിക് ഐ.സി.യു., പീഡിയാട്രിക് വെന്റിലേറ്റര്‍ തുടങ്ങി അവശ്യമായ സജ്ജീകരണങ്ങളില്ലാതെ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ചെയ്യാന്‍ സാധിക്കില്ല. മാത്രമല്ല മികച്ച പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജനും സേവനസന്നദ്ധരായ സ്റ്റാഫ് നഴ്സുമാരും ആവശ്യമാണ്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പിന് മുന്നില്‍ സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ല. അമ്പതുലക്ഷം മുതല്‍മുടക്കില്‍ അത്യാവശ്യസജ്ജീകരണങ്ങള്‍ തയ്യാറാക്കി നല്‍കുകയാണെങ്കില്‍ എപ്പോള്ഡ വേണമെങ്കിലും ശസ്ത്രക്രിയ ആരംഭിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് തയ്യാറാണ്. ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് സഹായത്തിനായി സര്‍ജനെ അയക്കാന്‍ ശ്രീചിത്രയും. 

തുടക്കത്തില്‍ ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ശസ്ത്രക്രിയകള്‍ ചെയ്തുതുടങ്ങിയാല്‍ മാത്രമേ ഒരു വര്‍ഷത്തിനകത്ത് മലബാറിന് ഒരു ആശ്വാസമേകാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് സാധിക്കുകയുള്ളൂ. അങ്ങനെയാണെങ്കില്‍ വളരെ ഗുരുതരമായ കേസുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശ്രീചിത്രക്ക് സാധിക്കുകയും ചെയ്യും. ചെറിയ ശസ്ത്രക്രിയകള്‍ പോലും ശ്രീചിത്രയിലേക്ക് വരുന്ന നിലവിലുള്ള അവസ്ഥക്ക് മാറ്റം വരും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ആയിരക്കണക്കിന് കുട്ടികളാണ് ശ്രീചിത്രയിലെ രജിസ്റ്ററില്‍ ഊഴവും കാത്തിരിക്കുന്നത്. കാത്തിരിപ്പിനിടയില്‍  അസുഖം മൂര്‍ച്ഛിച്ച് മരണപ്പെട്ടവരുണ്ട്.ഉള്ളതെല്ലാം വിറ്റുപെറുക്കി സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയവരുണ്ട്. 

ജനിതക ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാന്‍ ആദ്യം വേണ്ടത് എത്രയും വേഗത്തിലുള്ള രോഗനിര്‍ണയവും തക്കസമയത്തുള്ള ചികിത്സയുമാണ്. കുഞ്ഞ് ജനിച്ച് 25 ദിവസത്തിനുള്ളില്‍ തന്നെ രോഗനിര്‍ണയം നടത്തി ശസ്ത്രക്രിയ ആവശ്യമെങ്കില്‍ അത് നടത്താനാകുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടാകണം. ചുരുങ്ങിയത് ഒരു ഏഴ് സിഎച്ച്ഡി സര്‍ജിക് സെന്റേഴ്സ് എങ്കിലും കേരളത്തിന് ആവശ്യമുണ്ട്. സാധാരണക്കാരുടെ ആശ്രയമായ മെഡിക്കല്‍ കോളേജുകളില്‍ ആരോഗ്യവകുപ്പ് മുന്‍കൈയെടുത്ത് അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്. കുഞ്ഞുഹൃദയങ്ങള്‍ക്കായി ഉത്തരവാദിത്തത്തോടെ, കരുതലോടെ പ്രവര്‍ത്തിക്കാന്‍ ഈ ഹൃദയദിനം ഒരു തുടക്കമാകട്ടെ.