ഹൃദ്രോഗം യുവാക്കളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് വരുന്നത് എന്തുകൊണ്ടാണ്?

ഹൃദ്രോഗ ചികിത്സാ രംഗത്തെ വലിയ മുന്നേറ്റം തന്നെയാണ് അതിന് കാരണം.  പണ്ട് കാലത്ത് ഒരസുഖവുമില്ലാത്തയാള്‍ പെട്ടെന്ന് മരിച്ചുവെന്നൊക്കെ പതിവായി കേള്‍ക്കുമായിരുന്നു. പക്ഷെ അത് ഹൃദയാഘാതം കൊണ്ടാണോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നേരെ മറിച്ച് ഇന്ന് നൂതന സംവിധാനങ്ങള്‍ വികസിച്ച് വന്നു. മാത്രമല്ല കൃത്യമായ ചികിത്സയും ജീവിത ശൈലി പാലിച്ച് പോന്നാലും അസുഖം പൂര്‍ണമായും കുറക്കാന്‍ കഴിയുമെന്നും പറയാന്‍ കഴിയും. യുവാക്കളില്‍ ഇന്ന് കണ്ട് വരുന്ന ഹൃദ്രോഗത്തിന് പ്രധാന കാരണം പുകവലി തന്നെയാണ്. 

പുകവലി കൊണ്ട് മാത്രം ഇരുപത് ശതമാനത്തോളം ആളുകള്‍ ഇന്ന് ഹൃദ്രോഗത്തിന് അടിമപ്പെടുന്നുണ്ട്. ജീവിത ശൈലിയിലെ മാറ്റവും അത്ര നിസ്സാരമല്ല. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഇന്ന് നമ്മുടെ പതിവ് ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഒന്നായി മാറി. ഇത് അമിത കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിനും അത് ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. മാത്രമല്ല ഭാവിയില്‍ ഹൃദ്രോഗത്തിന് കാരണമായേക്കാവുന്ന രക്തസമ്മര്‍ദം, പ്രമേഹം, അമിത കൊളസ്‌ട്രോള്‍ എന്നിവയെല്ലാം ചെറുപ്പക്കാരില്‍ തന്നെ കണ്ട് വരുന്നുമുണ്ട്. മറ്റൊന്ന് മാറിയ ജീവിത സാഹചര്യത്തിന്റെ ഭാഗമായി ആര്‍ക്കും വ്യായാമം ചെയ്യാനോ മറ്റൊ സമയം കിട്ടുന്നില്ല. മാത്രമല്ല നിയന്ത്രണമില്ലാത്ത ആഹാരവും ചെറുപ്പം മുതലേ ശീലമായി വരുന്നു. ഇതൊക്കെ ഹൃദയത്തില്‍ കൊഴുപ്പ് അഴിഞ്ഞ് കൂടാന്‍ പ്രധാന കാരണമാവുകയും അത് ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. 

ജീവിത ശൈലിയും ഹൃദ്രോഗവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? 

ഹൃദ്രോഗം മാത്രമല്ല ഇനി ഭാവിയില്‍ ഉണ്ടായേക്കാവുന്ന പല രോഗങ്ങളുടെയും പ്രധാന കാരണമാവുമെന്ന് ചൂണ്ടിക്കാട്ടുന്നത് ജീവിത ശൈലിയിലെ മാറ്റം തന്നെയാണ്. നിയന്ത്രണമില്ലാത്ത ഭക്ഷണം മൂലം രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി അത്തിറോസ് ക്ലിറോസിസ് എന്ന അവസ്ഥയുണ്ടാക്കുന്നു. ഇത് പ്രമേഹം, രക്തസമ്മര്‍ദം എന്നിവയ്‌ക്കെല്ലാം പ്രധാനമായും കാരണാമാകുന്നുമുണ്ട്. മറ്റൊന്ന് ഗള്‍ഫ് രാജ്യങ്ങളിലെ ഓരോ ഭക്ഷണ രീതിയും കേരളത്തെയും വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. 

നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ പോലും ഫാസ്റ്റ്ഫുഡ് കോര്‍ണറുകള്‍ വലിയ തോതില്‍ ഉയര്‍ന്ന് വരുന്നത് ഇതിന് പ്രധാന ഉദാഹരണമാണ്. അത് പോലെ തന്നെയാണ് നേരത്തെ പറഞ്ഞപോലെ വ്യായാമക്കുറവിന്റെ പ്രശ്‌നങ്ങള്‍. പലപ്പോഴും ചെറിയ രീതിയില്‍ വ്യായാമം ചെയ്യാന്‍ പോലും ജോലിയിലെ ഷിഫ്റ്റ് സംവിധാനം കൊണ്ടും മറ്റും കഴിയാറില്ല. ഇത് വലിയൊരു പ്രശ്‌നം തന്നെയാണ്. 

 

നെഞ്ച് വേദനയല്ലാതെ ഹൃദ്രോഗം തിരിച്ചറിയാനുള്ള മറ്റ് മാര്‍ഗങ്ങള്‍ എന്തെങ്കിലും ഉണ്ടോ?

ഹൃദ്രോഗത്തിന്റെ ഏറ്റവും ഭയാനകമായ അവസ്ഥനെഞ്ച് വേദന തന്നെയാണ്. അതല്ലാതെ വളരെ സാധാരണയായി കണ്ട് വരുന്ന നെഞ്ചെരിച്ചില്‍, ഗ്യാസ് പോലെ അനുഭവപ്പെടുന്ന അവസ്ഥ എന്നിവയും ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണമായി അനുഭവപ്പെടാറുണ്ട്. പലപ്പോഴും രോഗികളോട് ചോദിക്കുമ്പോള്‍ എനിക്കൊരു നെഞ്ചരിച്ചല്‍ പോലെ ഒരു പ്രശ്‌നം അനുഭവപ്പെട്ടുവെന്നാണ് പറയാറുള്ളത്. നമ്മള്‍ ഗ്യാസെന്നും നെഞ്ചെരിച്ചലെന്നും പറഞ്ഞ് തള്ളിക്കളയുന്ന അവസ്ഥയൊക്കെ ഹൃദയാഘാതത്തിന് കാരണമാവാറുണ്ട് എന്നത് കൊണ്ട് ഇത്തരം അവസ്ഥയുണ്ടാകുമ്പോള്‍ കൃത്യമായ വൈദ്യ ചികിത്സ തേടുക തന്നെയാണ് വേണ്ടത്. മറ്റൊന്ന് ചില ആളുകള്‍ക്ക് ഇത് തല കറക്കമായി അനുഭവപ്പെടാം, ചില ആളുകള്‍ക്ക് നെഞ്ചില്‍ ഒരു ഇടിപ്പ് പോലെയും ഉണ്ടാവാം. നെഞ്ചിലല്ലാതെയും വേദന വരാം. താടിയിലെ വേദന, കഴുത്തിലെ വേദന, വയറിലെ വേദന ഇതും ചിലപ്പോള്‍ ഹൃദയാഘാതമുണ്ടാകാനുള്ള കാരണമാവാം. 

എങ്ങനെയാണ് നിലവിലെ ഹൃദ്രോഗ ചികിത്സയുടെ അവസ്ഥ?

കേരളത്തിന്റെ അവസ്ഥ പറയുകയാണെങ്കില്‍ പഴയകാലത്തില്‍ നിന്ന് വെത്യസ്തമായി നല്ല ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ വളര്‍ച്ച തന്നെയാണ്. കേരളത്തിലെ ചെറിയ ആശുപത്രിയില്‍പോലും ഹൃദ്രോഗ പരിശോധനയ്ക്കായുള്ള കാത്ത് ലാബുകള്‍ വികസിച്ച് വന്നിട്ടുണ്ട്. ചുരുക്കി പഞ്ഞാല്‍ യുറോപ്യന്‍ വികസിത രാജ്യമായ ഫ്രാന്‍സില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാത്ത് ലാബുകള്‍ കേരളത്തില്‍ മാത്രമുണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ കണ്ടെത്താനുള്ള സൗകര്യം വലിയ തോതില്‍ വര്‍ധിച്ച് വന്നു. എന്നാല്‍ ഹാര്‍ട്ട് അറ്റാക്ക് വരുമ്പോള്‍ ചെയ്യുന്ന പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി പരിശോദനകളൊക്കെ അല്‍പ്പം ചെലവ് കൂടിയതാണ് എന്ന് പറയാതെ വയ്യ. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സ്റ്റെന്റിയൊക്കെ വില കുറച്ചത് കാരണം താങ്ങാവുന്ന തരത്തില്‍ ചികിത്സാ ചെലവുകള്‍ എത്തിയിട്ടുമുണ്ട്. എന്നാല്‍ വടക്കേ ഇന്ത്യയിലൊക്കെ ഉള്ളതിനേക്കാല്‍ എത്രയോ കുറവാണ് കേരളത്തിലെ ചികിത്സാ ചെലവുകള്‍. 

ഹൃദയാഘാതവും ഹൃദയസ്തംഭനവും  തമ്മിലുള്ള വ്യത്യാസം എന്താണ്?

രണ്ടും രണ്ടാണെങ്കിലും രണ്ടും തമ്മില്‍ അടുത്ത ബന്ധമുണ്ട്. വ്യക്തമായി പറഞ്ഞാല്‍ ഹൃദയാഘാതം എന്നത് ഹൃദയത്തിലെ ഏതെങ്കിലും രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് ബ്ലോക്ക് ആയിട്ട് രക്തഓട്ടം നിന്ന് ഹൃദയത്തിന്റെ ആ പ്രത്യേക ഭാഗം പ്രവര്‍ത്തനം നിലച്ച് അപകടത്തിലേക്ക് പോവുന്നതാണ്. ഹൃദയം പൂര്‍ണമായും അതിന്റെ മിടിപ്പ് നിര്‍ത്തുന്ന അവസ്ഥയെ ആണ് ഹൃദയ സ്തംഭനം എന്ന് പറയുന്നത്. പെട്ടെന്ന് ചികിത്സ കിട്ടിയില്ലെങ്കില്‍ മരണത്തിലേക്ക് വരെ നയിക്കാവുന്ന അവസ്ഥയാണിത്. ഏതൊരാളുടെയും ശരീരത്തില്‍ മരിക്കുന്ന സമയത്ത് സംഭവിക്കുന്ന ആദ്യത്ത പ്രവര്‍ത്തനം ഹൃദയം അതിന്റെ ജോലി നിര്‍ത്തുക എന്നതാണ്. ആശുപത്രിയില്‍ നിന്നോ മറ്റോ ആണെങ്കില്‍ കാര്‍ഡിയാക് മസാജ് ഒക്കെ നല്‍കി ചിലപ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ വീണ്ടും ശരിയാക്കി എടുക്കാം. ഹൃദയസ്തംഭന അവസ്ഥയില്‍ ചികിത്സ കിട്ടിയില്ലെങ്കില്‍ മരണം ഉറപ്പാണ്. എന്നാല്‍ ഹൃദയാഘാത അവസ്ഥ മരുന്നിലൂടെയും മറ്റും മാറ്റിയെടുക്കാന്‍ സാധിക്കും.

പുകവലിയും ഹൃദ്രോഗവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

പുകവലിയും ഹൃദ്രോഗവും തമ്മില്‍ വളരെ ഏറെ ബന്ധമുണ്ട്. എന്നാല്‍ പുകവലിക്കുന്ന എല്ലാവര്‍ക്കും ഹൃദയപ്രശ്‌നം ഉണ്ടാവണമെന്നില്ല. ഹൃദയത്തില്‍ പുകവലിയുണ്ടാക്കുന്ന മാറ്റങ്ങള്‍ രണ്ട് തരത്തിലുണ്ട്. ഒന്ന് ഹൃദയത്തിനകത്ത് അസ്തിറോസ് ക്ലിറോസിസ് എന്ന ഹൃദയത്തിന് ബ്ലോക്ക് ഉണ്ടാക്കുന്ന അവസ്ഥയ്ക്ക് പ്രധാന കാരണമാകുന്നുവെന്നതാണ്.  മറ്റൊന്ന്  ഹൃദയത്തിന്റ സ്വാഭാവിക രക്തപ്രഭാവത്തെ പുകവലിയിലൂടെ ശരീരത്തിലെത്തുന്ന നിക്കോട്ടിന്‍ തടസ്സപ്പെടുത്തുന്നു.  ഇത് ഹൃദ്രോഗത്തിന് കാരണമാക്കുകയും ചെയ്യുന്നു.

ഹൃദ്രോഗവും വ്യായാമവും?
ഹൃദ്രോഗമുണ്ടെന്ന് പരിശോധനയില്‍ കണ്ടാല്‍ ഡോക്ടറുടെ നിര്‍ദേശാനസുരണം മാത്രമേ വ്യായാമം ചെയ്യാന്‍ പാടുള്ളൂ. ഹൃദ്രോഗം വന്ന ഒരാള്‍ക്കാണെങ്കില്‍ അതായത് ഹൃദയത്തിന്റെ പമ്പിങ് ഒക്കെ കുറഞ്ഞ ആളാണെങ്കില്‍ വളരെ കട്ടിയായ വ്യായാമം ചെയ്യരുത് എന്നാണ് പൊതുവെ നിര്‍ദേശിക്കാറുള്ളത്. ചിട്ടയായ നടത്തം തന്നെയാണ് ഹൃദ്രോഗമുള്ളവര്‍ക്ക് ഏറ്റവും നല്ല വ്യായാമം. എന്നാല്‍ ഹൃദ്രോഗം വരാത്ത ആള്‍ അതായത്‌ ഹൃദ്രോഗം വരാന്‍ സാധ്യതയുള്ള ആളുകള്‍ എന്ന് വെച്ചാല്‍ പുകവലി, രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയെല്ലാം ഉള്ളവരോട് കുറച്ച് കട്ടിയുള്ള വ്യായാമം ചെയ്യാന്‍ പറയാറുണ്ട്. കാരണം ഇത്തരക്കാര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത ഏറെയാണ്. 

കുഞ്ഞുങ്ങളുടെ ഹൃദ്രോഗവും മുതിര്‍ന്നവരുടെ ഹൃദ്രോഗവും തമ്മിലുള്ള വ്യത്യാസം എന്താണ്?

കുഞ്ഞുങ്ങളുടെ  ഹൃദ്രോഗം സാധാരണ കണ്ട് വരുന്ന ബ്ലോക്ക്, അറ്റാക്ക് എന്ന രീതിയിലുള്ള ഹൃദ്രോഗമല്ല. മറിച്ച് ഹൃദയത്തിന്റെ മൊത്തത്തിലുള്ള മാറ്റത്തിന്റെ പ്രശ്‌നം കൊണ്ടുണ്ടാവുന്നതാണ്. അതായത് സ്ട്രക്ചറല്‍ ഹാര്‍ട് ഡിസീസ് എന്ന് പറയും. ചില ദ്വാരങ്ങള്‍ പ്രത്യക്ഷപ്പെടുക, രക്തക്കുഴലുകളിലെ വാല്‍വിന്റെ പ്രശ്‌നം എന്നിവയെല്ലാമാണ് കണ്ട് വരുന്നത്. ഇത് മുതിര്‍ന്നവരുടെ ഹൃദ്രോഗവുമായി ബന്ധമില്ലെങ്കിലും കൃത്യമായ ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്.

എങ്ങനെയാണ് സ്‌റ്റെന്റിന്റെ പ്രവര്‍ത്തനം?
ഒരു ലോഹത്തിന്റെ ചുരുളാണ് സ്‌റ്റെന്റ് എന്ന് പറയുന്നത്. ബ്ലോക്ക് നീക്കിയതിന് ശേഷം രണ്ടാമത് ചുരുങ്ങാതിരിക്കാനാണ് ഇത് ഇപയോഗിക്കുന്നത്. ഇത് രണ്ട് തരത്തിലാണുള്ളത്. ഒന്ന് മരുന്ന് പുരുട്ടിയ സ്റ്റെന്റും, മരുന്ന് പുരട്ടാത്ത സ്റ്റെന്റും. മരുന്ന് പുരട്ടിയ സ്റ്റെന്റില്‍ നിന്നും ഒരുമാസത്തോളം മരുന്ന് ഹൃദയത്തിന് നല്‍കിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ പിന്നീട് ചുരുങ്ങാനുള്ള സാധ്യത കുറവായിരിക്കും.

രണ്ടാമത്തെ അറ്റാക്ക് അപകടകാരിയാണോ?
അറ്റാക്ക് എപ്പോഴും വരുന്നത് ഹൃദയത്തിന്‌ ബ്ലോക്ക് സംഭവിക്കുമ്പോഴാണ്. ഒന്നാമത്തെ അറ്റാക്ക് വരുമ്പോള്‍ തന്നെ അത് നീക്കിയിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് രണ്ടാമത്തെ അറ്റാക്ക് വരാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ചിലരില്‍ വരുന്നുമുണ്ട്. ഒരിക്കല്‍ അറ്റാക്ക് വരുന്നതോട് കൂടി ഹൃദയത്തിന്റെ ശക്തി കുറയുകയും രണ്ടമത്തെ അറ്റാക്ക് വരുമ്പോള്‍ അത് കൂടുതല്‍ ശക്തിയിലാവുകയും ചെയ്യും. ഓരോ പ്രാവശ്യം അറ്റാക്ക് വരുമ്പോഴും അത് ഹൃദയത്തിന്റെ ശക്തിയെ ദുര്‍ബലപ്പെടുത്തുമെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ ഒരു തവണ അറ്റാക്ക് വന്ന് പിന്നീട് വരുമ്പോള്‍ അപകടാവസ്ഥ കൂടുതല്‍ ആവുകയും ചെയ്യുന്നു. 

മരുന്ന് മറക്കരുത്?

ഹൃദ്രോഗം വരാതിരിക്കാന്‍ ഏതൊരാളും ചെയ്യേണ്ടത് ഷുഗര്‍, കൊളസ്‌ട്രോല്‍, പ്രമേഹം എന്നിവയൊന്നും വരാതെ ശരീരത്തെ സ്വയം കാത്ത് സുക്ഷിക്കുക, വ്യായാമം മടിയില്ലാതെ ചെയ്യുക എന്നിവയാണ്. എന്നാല്‍ ഹൃദ്രോഗം വന്നവരാണെങ്കില്‍ മരുന്ന് ഒരു കാരണവശാലും മുടക്കുകയും അരുത്. പണ്ടുണ്ടായിരുന്നതിനേക്കാള്‍ മേന്മയേറിയ നിരവധി ഔഷധങ്ങള്‍ ഇന്ന് ഹൃദ്രോഗചികിത്സാരംഗത്ത് സുലഭമാണ്. ഹൃദയസങ്കോചനശേഷി വര്‍ധിപ്പിക്കുന്ന, ഹൃദയത്തിന്റെ ലോഡ് കുറയ്ക്കുന്ന, കൊളസ്ട്രോള്‍ ക്രമീകരിക്കുന്ന, രക്തം കട്ടിയാകാതിരിക്കാന്‍ സഹായിക്കുന്ന, ഹൃദയധമനികളുടെ ഘടനാവൈകല്യം റിപ്പയര്‍ ചെയ്യുന്ന നിരവധി ഔഷധങ്ങള്‍ ഇന്ന് കൈയെത്തും ദൂരത്തുണ്ട്. അവ സമുചിതമായി പ്രയോഗിക്കുകയേ വേണ്ടൂ. ചിലപ്പോള്‍ വര്‍ഷങ്ങളോളം മരുന്ന് കഴിക്കേണ്ടി വരുമെങ്കിലും അത് ബാക്കിയാക്കുക വലിയ ജീവിതമായിരിക്കും. മരുന്നിന്റെ എണ്ണം വളരെ കുറവാണെങ്കിലും അതിന്റെ ഫലം വലിയതാണ്. രക്തം കട്ടികുറക്കുന്ന ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍, കൊഴുപ്പ് അഴിഞ്ഞ് കൂടാതിരിക്കാനുള്ള സ്റ്റാറ്റിന്‍ മരുന്നുകള്‍  എന്നിവയാണ് പ്രധാനമായും രോഗികള്‍ക്ക് നല്‍കുന്നത്. 

ഹൃദയദിനത്തില്‍ ഡോക്ടര്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണ്?

ആദ്യമായിട്ട് തന്നെ ഹൃദയം ശരീരത്തിന്റെ ഏറ്റവും പരമപ്രധാനമായ അവയവമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവുക എന്നത് തന്നെയാണ്. ഇതിനെ കാത്ത് സൂക്ഷിക്കാന്‍ സ്വയം പ്രതിരോധം തന്നെയാണ് ഏറ്റവും പ്രഥമ മരുന്ന്. അത് കേട് വരാതെ ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. കേട് വന്നാല്‍ ഡോക്ടര്‍മാര്‍ ചികിത്സിക്കുമെങ്കിലും ആദ്യം ഇത് വരാതെ സൂക്ഷിക്കുക തന്നെയാണ് പ്രധാനമായും ചെയ്യേണ്ടത്. മറ്റൊന്ന് രോഗം വന്നവരാണെങ്കില്‍ ഒരു കാരണവശാലും മരുന്ന് മറക്കുകയുമരുത്. ചിലപ്പോള്‍ ജീവിത കാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരുമെങ്കിലും വളരെ കുറഞ്ഞ ചെലവിലുള്ളതാണ് ആസ്പരിന്‍ പോലുള്ള മരുന്നുകള്‍. ഇത് മാത്രം മതി ഹൃദയത്തെ ഒരു പരിധിവരെ കാത്ത് സൂക്ഷിക്കാന്‍.