രീരവും മനസ്സും ഒന്നായി ഇണങ്ങി ഒരുമിക്കുക... അതിനുള്ള സാഹചര്യമാണ് 'യോഗ' ഒരുക്കുന്നത്. ശരീരത്തില്‍ അന്തര്‍ലിനമായി കിടക്കുന്ന അദ്വിതീയ ശക്തിചൈതന്യങ്ങളെ ഉണര്‍ത്തി, സജീവമാക്കി മനുഷ്യനെ സായുജ്യത്തിന്റെ പൂര്‍ണതയിലെത്തിച്ചേരാന്‍ പ്രാപ്തമാക്കുക... വേദിക് സംസ്‌കൃതത്തില്‍ 'യോഗ'യെ, വിവിധ മാനസിക വ്യാപാരങ്ങളുടെയും ശാരീരികാവയവങ്ങളുടെയും സന്തുലിതമായ ഏകോപനവും ലയനവും ആയിട്ടാണ് നിര്‍വചിച്ചിരിക്കുന്നത്.

 • അഞ്ച് പ്രധാനപ്പെട്ട അര്‍ത്ഥവിന്യാസങ്ങളാണ് യോഗയ്ക്കുള്ളത്:
 • ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ഏറ്റവും ചിട്ടയായ ജീവിതരീതി.
 • ശരീരത്തെയും മനസ്സിനെയും പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാനുള്ള മാര്‍ഗം.
 • ദാര്‍ശനിക തത്ത്വശാസ്ത്രം.
 • പരമ്പരാഗത സമ്പ്രദായങ്ങളോട് ബന്ധപ്പെട്ട പദസമുച്ചയങ്ങള്‍, 'ഹത', 'മന്ത്ര', 'ലയ' എന്നിവയോടുള്ള അഭേദ്യമായ സമന്വയം.
 • സൗഖ്യത്തിലേക്കുള്ള പരിശീലന മാര്‍ഗം.

ചിരഃപുരാതനായ ഭാരതീയ സംസ്‌കാരത്തിലെ യോഗം, ന്യായം, സാംഖ്യം, വൈശേഷികം, ഉത്തരമീമാംസ, പൂര്‍വമീമാംസ എന്നീ ആറ് ശാസ്ത്ര സംഹിതകളില്‍ പ്രധാനിയാണ്'യോഗ'. യോഗാശാസ്ത്രത്തെ പ്രധാനമായി നാലായി തരംതിരിച്ചിട്ടുണ്ട്:

കര്‍മയോഗം, രാജയോഗം, ഭക്തിയോഗം, ജ്ഞാനയോഗം. 'പതഞ്ജലി' മഹര്‍ഷിയാണ് 'രാജയോഗ'ത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്.

മനുഷ്യന്റെ അന്തരംഗങ്ങളില്‍ പുകപിടിച്ച് കിടക്കുന്ന ജീവശക്തിയെ തിരഞ്ഞുപിടിച്ച് സജീവമാക്കുന്നതോടെ രോഗശാന്തി സ്വായത്തമാകുമെന്ന തിരിച്ചറിവാണ് യോഗയുടെ അംഗീകാരത്തിനുള്ള മുഖ്യകാരണം. പ്രത്യേകിച്ച്, ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മറുമരുന്നായി ഇന്ന് യോഗ പ്രചുരപ്രചാരം നേടുകയാണ്.

ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും ഭാരതീയ യോഗയെ അംഗീകരിക്കുകയും ജൂണ്‍ 21 'അന്താരാഷ്ട്ര യോഗ ദിനം' ആയി ആചരിക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ലോകമൊട്ടാകെ ഏതാണ്ട് 190 രാജ്യങ്ങളിലാണ് ലോക യോഗ ദിനം സമാചരിക്കുന്നത്.

ജാതിയുടെയും മതത്തിന്റെയും പരിവേഷം ചാര്‍ത്തി ഈ മഹത്തായ വ്യായാമമുറയെ പാര്‍ശ്വവത്കരിക്കുന്നതിനു പകരം, സമ്പൂര്‍ണമായ ഒരു ശാരീരികആത്മീയ വ്യായാമ പരിശീലനമായി അംഗീകരിച്ച്, യോഗയെ ഓരോരുത്തരുടെയും ദൈനംദിന പ്രവര്‍ത്തന പരിപാടികളുടെ മുഖ്യഭാഗമാക്കിത്തീര്‍ക്കണം.

സ്‌കൂള്‍കോളേജ് വിദ്യാര്‍ഥികള്‍ക്ക് പാഠ്യപദ്ധതിയുടെ ഭാഗമായി, അല്ലെങ്കില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്റെ ഭാഗമായി 'യോഗാഭ്യാസം' ഏര്‍പ്പെടുത്തുന്നതും ഉപകാരപ്രദമാകും. ചെറുപ്പംമുതല്‍ കൃത്യമായി യോഗ അഭ്യസിച്ചുതുടങ്ങുന്നത് ബുദ്ധികൂര്‍മതയും മാനസിക വികസനവും വൈകാരിക പക്വതയും സമ്പുഷ്ടമാക്കാന്‍ സഹായിക്കും. നന്നായി പഠിക്കുവാനും ഓര്‍മ നിലനിര്‍ത്താനും ക്രിയാത്മകമായി ചിന്തിക്കാനുമുള്ള ഉത്തേജനമായി യോഗയെ പരിഗണിക്കാം.

'വൃക്ഷാസനം', 'പത്മാസനം', 'ഉത്കടാസനം' ഇവ ബുദ്ധിയും ഏകാഗ്രതയും വര്‍ധിപ്പിക്കുന്നതിനും 'അര്‍ധചക്രാസനം', 'ഭുജംഗാസനം' തുടങ്ങിയവ ഹൃദയശ്വാസോച്ഛ്വാസ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും അസ്ഥികള്‍ക്ക് ബലം നല്‍കാനും പ്രയോജനപ്പെടും. ഉദരപേശികള്‍ ശക്തിപ്പെടുത്താന്‍ 'പാദഹസ്താസനം', 'നൗകാസനം' ഇവയും ഏറെ പ്രയോജനപ്രദമാകും. രാവിലെയോ വൈകുന്നേരമോ 20 മിനിട്ടെങ്കിലും ഈ യോഗമുറകള്‍ അഭ്യസിക്കുക.

കഠിനമായ മറ്റു വ്യായാമ മുറകളെ അപേക്ഷിച്ച് കഠിനാധ്വാനം കുറവു മാത്രം വേണ്ടിവരുന്നതുകൊണ്ട് രോഗികള്‍ക്കും അല്ലാത്തവര്‍ക്കും ഏതു പ്രായക്കാര്‍ക്കും അനായാസം ചെയ്യാവുന്നതാണ് യോഗാഭ്യാസങ്ങളില്‍ പലതും.

എന്നാല്‍, ശാരീരാകായാസം വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രയോജനം ലഭിക്കാന്‍ (പ്രത്യേകിച്ച് ഹൃദ്രോഗികള്‍ക്ക്) യോഗക്കൊപ്പം മറ്റ് 'എയ്‌റോബിക്' വ്യായാമ പദ്ധതികളും അനുവര്‍ത്തിക്കണം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കൃത്യമായ യോഗാഭ്യാസം ഏറെ സഹായിക്കുമെന്നതിനെപ്പറ്റി ഇന്ന് പല പഠനങ്ങളും പുറത്തുവരികയാണ്. ഹൃദയാരോഗ്യത്തിന് അനിവാര്യമായ 'ആഴ്ചയില്‍ ഒന്നര മണിക്കൂര്‍ എയ്‌റോബിക് വ്യായാമം' എന്ന നിര്‍ദേശപത്രികയില്‍ യോഗ സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും ശ്വസനസഹായ വ്യായാമ മുറകളോടൊപ്പം ദിവസേന ചെയ്തു തീര്‍ക്കാവുന്നതാണ് 20 മിനിട്ട് യോഗാഭ്യാസവും. 'ഹൃദയാരോഗ്യത്തിനുള്ള യോഗാഭ്യാസ'ത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഡോ. മാല കണ്ണിങ്ങാം അമേരിക്കയില്‍ വിപുലമായ ക്ലാസുകളാണ് സംവിധാനം ചെയ്തിരിക്കുന്നതും.

പ്രശസ്ത സൈക്കോളജിസ്റ്റായ ഡോ. കണ്ണിങ്ങാമിന്റെ അഭിപ്രായപ്രകാരം ശരീരത്തെയും മനസ്സിനെയും വികാരവിചാരങ്ങളെയയും സമന്വയിപ്പിച്ചു കൊണ്ടുള്ള ക്രിയാത്മകമായ യോഗ മുറകള്‍കൊണ്ട് ഹൃദ്രോഗം വരാതിരിക്കാനും വന്നവര്‍ക്ക് തീവ്രത കുറയ്ക്കാനും സാധിക്കും. അമിത രക്തസമ്മര്‍ദം, പ്രമേഹം, വര്‍ധിച്ച കൊളസ്‌ട്രോള്‍ തുടങ്ങിയ ആപത് ഘടകങ്ങള്‍ ക്രമീകരിച്ച് ഹൃദ്രോഗഭീതിയില്‍ നിന്ന് പരിരക്ഷിക്കുന്നു.

യോഗ തുടങ്ങി ഏതാണ്ട് 12 ആഴ്ചകള്‍കള്‍ക്കകം ഫലം കണ്ടുതുടങ്ങുമെന്ന് ഡോ. കണ്ണിങ്ങാം പറയുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഇതേപ്പറ്റി പല പഠനങ്ങളും തുടങ്ങിയിട്ടുണ്ട്. ഈയിടെ 'യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജി' യില്‍ പ്രസിദ്ധീകൃതമായ 'യോഗയും ഹൃദയധമനീ രോഗങ്ങളും' എന്ന പഠന ഫലവും 'യോഗ'യുടെ പ്രയോജനങ്ങളെ അടിവരയിട്ട് കാട്ടുന്നു.

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസറായ ഗ്ലോറിയ, ചെറുപ്പക്കാരെയും വയോധികരെയും ഉള്‍പ്പെടുത്തി നടത്തിയ പഠനങ്ങള്‍ ശരീരഭാരം, പ്രഷര്‍, ചീത്ത എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ തുടങ്ങിയ ആപത്ഘടകങ്ങള്‍ സമുചിതമായി കുറയ്ക്കാന്‍ കൃത്യമായ യോഗ മുറകള്‍ക്കു കഴിഞ്ഞതായി കണ്ടെത്തി.

ഡോ. ഗ്ലോറിയയുടെ അഭിപ്രായപ്രകാരം ഹാര്‍ട്ട് അറ്റായ്ക്കും ആന്‍ജിയോപ്‌ളാസ്റ്റിയും ബൈപ്പാസ് ശസ്ത്രക്രിയയും കഴിഞ്ഞുള്ള എല്ലാ രോഗികള്‍ക്കും കൃത്യമായി യോഗ പരിശീലനം നല്‍കണം. ഇതും സാധാരണയുള്ള റിഹാബിലിറ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമാകണം. ഈ നടപടി സ്‌ട്രെസ്സ്, വിഷാദം, ഉത്കണ്ഠ, ഭയം തുടങ്ങിയവയെ അകറ്റി ഹൃദ്രോഗത്തിന്റെ സങ്കീര്‍ണതകളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.

'പാദഹസ്താസനം', 'ജാനുശിരാസനം', 'സപ്തപാദഹസ്താസനം', 'സേതുബന്ധ സര്‍വാംഗാസനം' തുടങ്ങിയവയാണ് ഹൃദയരോഗത്തിന് ഫലപ്രദമായ യോഗാസന മുറകള്‍.

ചില യോഗാഭ്യാസങ്ങള്‍ ഹൃദ്രോഗമുള്ളവര്‍ക്ക് നിഷിദ്ധവുമാണ്. അവ ചെയ്യാന്‍ വേണ്ടിവരുന്ന അധിക ആയാസം നെഞ്ചുവേദനയുണ്ടാക്കാം. 'പരിപൂര്‍ണനവാസനം', 'ഉത്തിടത്രികോണാസനം', 'പിഞ്ചമയൂരാസനം', 'അധോമുഖവിര്‍ക്കാസനം', 'ശലഭശീഷാസനം' തുടങ്ങിയവ ചെയ്യാന്‍ ഹൃദ്രോഗമുള്ളവര്‍ വൈദ്യനിര്‍ദേശം കൂടാതെ മുതിരരുത്. ആര്‍ക്കും അധിക ശരീരാധ്വാനം വേണ്ടി വരും. നാലുതരത്തില്‍ യോഗ ഹൃദയാരോഗ്യ സുരക്ഷ കൈവരുത്തുന്നു.

 • സ്‌ട്രെസ് കുറച്ച് ഹൃദയസ്പന്ദന വേഗം നിയന്ത്രിക്കുന്നു.
 • ശരീരത്തിന്റെ പൊതുവായ വീക്കം, പ്രത്യേകിച്ച്, മനോസംഘര്‍ഷത്തോടനുബന്ധിച്ച വ്രണാവസ്ഥ നീക്കുന്നു.
 • ഹൃദയഭിത്തിയെയും ധമനികളെയും രോഗാതുരമാക്കുന്ന അമിത രക്തസമ്മര്‍ദം സന്തുലിതമാക്കുന്നു. ഹൃദ്രോഗവും ഹൃദയപരാജയവും സ്‌ട്രോക്കിനുള്ള സാധ്യതയും കുറയ്ക്കുന്നു. കൂടാതെ, പ്രമേഹവും വര്‍ധിച്ച കൊളസ്‌ട്രോളും നിയന്ത്രിച്ച് ഹൃദ്രോഗത്തെ തടയുന്നു.
 • എയ്‌റോബിക്' വ്യായാമ മുറകള്‍ ചെയ്യാനുള്ള സന്നദ്ധത വര്‍ധിപ്പിക്കുന്നു. വ്യായാമ രഹിതര്‍ക്കും മടിയന്മാര്‍ക്കും ഉള്ള ആദ്യപാഠമായി യോഗയെ തെരഞ്ഞെടുക്കാം. ശ്വസന സഹായിയായ എയ്‌റോബിറ്റ് വ്യായാമ മുറകള്‍, നടത്തം, ഓട്ടം, സൈക്കിള്‍ ചവിട്ടല്‍, ഡാന്‍സ് ചെയ്യല്‍, നീന്തല്‍ തുടങ്ങിയവ ദിവസേന കുറഞ്ഞത് 30 മിനിറ്റ് വീതം ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ചെയ്തിരിക്കണം. അതോടൊപ്പം, അനുബന്ധമായി സവിശേഷ യോഗാസന മുറകളും കൃത്യമായി പരിശീലിക്കണം.
 • Content highlights: Yoga, Healthy Heart