വിദ്യാഭ്യാസ കാര്യത്തില്‍ മാത്രമല്ല ഭക്ഷണ കാര്യത്തില്‍ പോലും അവഗണന അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ സ്ത്രീകള്‍. ഇക്കാര്യത്തില്‍  കേരളത്തിലെ സ്ത്രീകളുടെ സ്ഥിതി താരതമ്യേനെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മികച്ചതെന്ന മാനദണ്ഡത്തിനും പുറത്താണ് നിലവിലെ അവസ്ഥ. 

പുലര്‍ച്ചെ എഴുന്നേല്‍ക്കണം. വീട്ടിലോരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് പാചകം ചെയ്യണം. കുഞ്ഞുങ്ങളെ സ്‌കൂളിലയയ്ക്കണം. എല്ലാവരെയും യാത്രയാക്കിക്കഴിഞ്ഞാല്‍ ഒരു ദീര്‍ഘ ശ്വാസത്തിനു പോലും സമയം കളയാതെ സ്വന്തം ജോലിക്കായി ജീവന്‍ വാരിപ്പിടിച്ച് പാഞ്ഞുപോകണം. അവിടെയെത്തിയാലോ ഒട്ടു മിക്കവര്‍ക്കും നടു നിവര്‍ക്കാന്‍ പോലും സമയം കിട്ടാത്ത വിധത്തില്‍ തിരക്കുകളാവും. വൈകുന്നേരം വീട്ടിലെത്തിയാല്‍ എല്ലാവരും ആശ്വാസത്തോടെ വിനോദങ്ങളിലേക്കും വിശ്രമങ്ങളിലേക്കും നീങ്ങുമ്പോള്‍ വീട്ടമ്മമാര്‍ക്ക് തിരക്കോടു തിരക്കാണ്. ഏതാണ്ട് പാതിരാ വരെ.

സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവതകള്‍ പോലും ആഹ്ലാദിക്കുമെന്നൊക്കെ സ്മൃതികളില്‍ പറയും. പക്ഷേ, ആദരവും പൂജയും ആരോഗ്യവും തുല്യതയുമാണ് സ്ത്രീകള്‍ക്കു വേണ്ടത് എന്ന വസ്തുതയോട് എല്ലാവരും മുഖം തിരിക്കുകയും ചെയ്യും. ആരോഗ്യകാര്യങ്ങളില്‍ കേരളത്തിന്റെ നിലവാരം യൂറോപ്യന്‍ രാജ്യങ്ങളോടു കിടപിടിക്കുന്നതായിരുന്നു മുമ്പ്. ഇപ്പോഴും ചില മേഖലകളില്‍ നാം ഏറെ മുന്നില്‍ത്തന്നെയാണ്. സ്ത്രീകള്‍ക്ക് ചികില്‍സാ സൗകര്യങ്ങളും ആരോഗ്യസാഹചര്യങ്ങളുമൊരുക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും ഏറെ മുന്നിലാണ് കേരളം.

എന്നാല്‍ അതിനൊപ്പം തന്നെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗപരമായ വിവേചനത്തിന്റെ പ്രത്യാഘാതങ്ങള്‍ സ്ത്രീകളുടെ ആരോഗ്യ രംഗത്ത് പ്രകടമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പൊതുവേ കാണുന്ന ഒന്നാണ് പെണ്‍കുഞ്ഞുങ്ങളോടുള്ള അവഗണന. വിദ്യാഭ്യാസ കാര്യത്തില്‍ മാത്രമല്ല ഭക്ഷണ കാര്യത്തില്‍ പോലും അവഗണന അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ പെണ്‍ കുഞ്ഞുങ്ങള്‍. എന്നാല്‍ ഇക്കാര്യത്തിലും കേരളത്തിലെ പെണ്‍കുഞ്ഞുങ്ങളുടെ സ്ഥിതി ഏറെ മുന്നിലാണ്. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കേരളത്തിലെ സ്ത്രീകള്‍ മുന്നില്‍ത്തന്നെ.

ദുരിത യാത്ര

എന്നാല്‍ ഇന്നും നമ്മുടെ നാട്ടിലെ സ്ത്രീകള്‍ ഏറെ അവഗണന അനുഭവിക്കുന്ന രംഗങ്ങളുണ്ട്. യാത്ര, പൊതുസമൂഹത്തിലെ അന്തസ്സ്, പൊതുജീവിതത്തില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം, തൊഴിലിടങ്ങളിലെ സമത്വം, മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവ ഉദാഹരണം. കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യാവസ്ഥയെയും മാനസികാവസ്ഥയെയും ഏറ്റവും ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് യാത്ര. വളരെയധികം യാത്ര ചെയ്യേണ്ടി വരുന്നുണ്ടെങ്കിലും വിപുലമായ യാത്രാ പരിചയങ്ങളൊന്നും ഉണ്ടാകുന്നുമില്ല. ബസിലും തീവണ്ടിയിലും തിങ്ങി ഞെരുങ്ങി കെട്ടി ഞാന്ന് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അസ്ഥി സംബന്ധമായ രോഗങ്ങളും സന്ധിപ്രശ്നങ്ങളും ഉണ്ടാകുന്നത് വിരളമല്ല. യാത്രകളുണ്ടാക്കുന്ന അങ്കലാപ്പുകളാണ് വളരെ വലിയൊരു വിഭാഗം സ്ത്രീകളിലും ഉത്കണ്ഠാപ്രശ്നങ്ങളും രക്താതിമര്‍ദം പോലുള്ള അസ്വസ്ഥതകളുമുണ്ടാക്കുന്നത്. സ്വന്തമായി സ്‌കൂട്ടറിലോ കാറിലോ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്നും വലിയ വാഹനങ്ങളില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന അവഹേളനങ്ങളും പേടിപ്പിക്കലുകളും ഒരു സാമൂഹിക പ്രശ്നമായിത്തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ അപകടത്തില്‍ പെടുന്നത് ഒരു നാലഞ്ചു കൊല്ലം മുമ്പു വരെ വളരെ വിരളമായിരുന്നു. പുരുഷന്മാരെക്കാള്‍ തികഞ്ഞ ജാഗ്രതയോടെയാണ് മിക്ക സ്ത്രീകളും യാത്ര ചെയ്യുന്നതെങ്കിലും അപകടങ്ങളുടെ കാര്യത്തില്‍ സ്ത്രീകളുടെ തോത് കൂടി വരികയാണ്.

പൊണ്ണത്തടി

സ്ത്രീകള്‍ നേരിടുന്ന  ഒരു പ്രശ്നമാണ് പൊണ്ണത്തടി. കേരളത്തിലെ വീട്ടമ്മമാര്‍ക്കിടയിലെ പൊണ്ണത്തടിയെക്കുറിച്ച് ചെറുതെങ്കിലും കാര്യമാത്ര പ്രസക്തമായ ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്. മിക്കപ്പോഴും അമ്മമാര്‍ക്ക് രാവിലെ ഭക്ഷണം കഴിക്കാന്‍ കഴിയാറില്ല. ശരിയായ പ്രഭാത ഭക്ഷണം ഇല്ലാത്തതു കൊണ്ടുള്ള പ്രശ്നങ്ങള്‍ ഒരു വശത്ത്. മറുവശത്താകട്ടെ അസമയത്തെ അമിത ഭക്ഷണം കൊണ്ടുള്ള പ്രശ്നങ്ങളും. ഭക്ഷണം മിച്ചം വെക്കാനും പാഴാക്കാനുമുള്ള മടി മൂലം മിച്ചമുള്ള ഭക്ഷണം മുഴുവന്‍ തിന്നു തീര്‍ക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുക്കുന്നവരാണ് മിക്ക സ്ത്രീകളും. അതുകൊണ്ടു തന്നെ വളരെ വേഗം പൊണ്ണത്തടിയും രക്താതി മര്‍ദവും പോലുള്ള പ്രശ്നങ്ങള്‍ ആരംഭിക്കുകയായി. ചികില്‍സയാവശ്യമുള്ള രോഗങ്ങളിലൊന്നാണ് പൊണ്ണത്തടി. പുതിയ കാലത്തെ ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങളിലൊന്നായ ഉപാപചയരോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പൊണ്ണത്തടിയോടൊപ്പം വരുന്ന അനുബന്ധ രോഗങ്ങളാണ് മുട്ടുവേദന, സന്ധിവാതം തുടങ്ങിയവയൊക്കെ. സന്ധിവാതരോഗങ്ങളുമായി ചികില്‍സ തേടിയെത്തുന്നവരില്‍ 60 ശതമാനത്തിലധികവും സ്ത്രീകളാണ്. മധ്യവയസ്‌കരായ സ്ത്രീകള്‍. മിക്കവരെയും കാര്യമായി അലട്ടുന്ന പ്രശ്നം പൊണ്ണത്തടിയാണു താനും.

സ്തനാര്‍ബുദം

കേരളത്തിലെ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന്റെ തോത് പാശ്ചാത്യ രാജ്യങ്ങളിലെ വര്‍ധിച്ച കണക്കുകള്‍ക്ക് സമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാറിയ ജീവിത രീതികള്‍ വലിയൊരളവു വരെ സ്തനാര്‍ബുദത്തിനു കാരണമാകുന്നുമുണ്ട്. വ്യായാമമില്ലാത്ത ജീവിതരീതിയും വീട്ടില്‍ പാചകം ചെയ്യുന്നത് കഴിവതും ഒഴിവാക്കി പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന രീതിയുമൊക്കെ ഒരളവോളമെങ്കിലും സ്തനാര്‍ബുദത്തിലേക്കു നയിക്കുന്നുണ്ട്. ഒട്ടുമിക്ക സാഹചര്യങ്ങളിലും സ്തനാര്‍ബുദം ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നാമെത്തിയിട്ടുണ്ടെങ്കിലും സ്തനാര്‍ബുദത്തിന്റെ തോത് വര്‍ധിച്ചു വരുന്നത് അപകടകരമായ പ്രവണതയാണ്.

മാനസിക പ്രശ്നങ്ങള്‍

പുരുഷന്മാര്‍ക്ക് ജോലിയില്‍ നിന്നും ജീവിതശൈലീപ്രശ്നങ്ങള്‍ മൂലവുമൊക്കെയാണ് മാനസിക വിഷമതകള്‍ നേരിടേണ്ടി വരുന്നതെങ്കില്‍ സ്ത്രീക്ക് മാനസിക പ്രശ്നങ്ങളുണ്ടാകുന്നത് പ്രധാനമായും ഭര്‍തൃവീട്ടുകാര്‍, ഭര്‍ത്താവ്, തൊഴില്‍സ്ഥലം എന്നിവിടങ്ങളില്‍ നിന്നാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നല്ലൊരു പങ്ക് സ്ത്രീകളും തൊഴിലെടുക്കുന്നവരായി മാറിക്കഴിഞ്ഞു. തൊഴിലെടുക്കാതെ കുടുംബിനിയായി കഴിയുന്ന സ്ത്രീക്ക് പല തരത്തിലുള്ള അവമതികള്‍ക്കും ഇരയാകേണ്ടി വാരുറുമുണ്ട്. തൊഴില്‍ ചെയ്യുന്നവര്‍ക്കാകട്ടെ ജോലിയുടെ ഭാരത്തോടൊപ്പം അമ്മ, ഭാര്യ, വീട്ടിലെ പണികളുടെ ചുമതലക്കാരി എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്യേണ്ടതായും വരുന്നു.

തന്റെ ചുമതലകളോട് പരിപൂര്‍ണമായി നീതി പുലര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ പലതരത്തിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ക്കും ഇരകളാവുന്നു സ്ത്രീകള്‍. ഇതിനു പുറമേ ശാരീരികമായുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ പോലും കണ്ടു പിടിക്കാനുള്ള കഴിവ് സ്ത്രീകള്‍ക്ക് കൂടുതലാണു താനും. തന്മൂലം നിസ്സാരമായ ശാരീരിക വ്യതിയാനങ്ങള്‍ പോലും വേദനയായും പെരുപ്പായും അസുഖങ്ങളായും വ്യാഖ്യാനിച്ച് സ്വയം രോഗിയാണെന്നു കരുതുന്ന പ്രവണതയുമുണ്ട് ചിലര്‍ക്ക്. വിഷാദരോഗങ്ങള്‍ പോലുള്ള മാനസികാസ്വാസ്ഥ്യങ്ങള്‍ സ്ത്രീകളില്‍ പുരുഷന്മാരെക്കാള്‍ രണ്ടിരട്ടിയോളമുണ്ടെന്ന് പ്രഗല്ഭ മനോരോഗ വിദഗ്ധനായ ഡോ.പി.എന്‍.സുരേഷ്‌കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. 20-35 പ്രായത്തിലാണ് വിഷാദരോഗവും മറ്റും കൂടുതലായി കാണുന്നതും. പല തരത്തിലുള്ള ഫോബിയകള്‍, പാനിക് ഡിസോര്‍ഡര്‍ തുടങ്ങിയവയും സ്ത്രീകളില്‍ കൂടുതലായി കാണുന്നുണ്ട്.

മികച്ച ആരോഗ്യ മാതൃക

ഒരുവശത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങളും പൊണ്ണത്തടി പോലുള്ള സര്‍വസാധാരണമായ അസ്വസ്ഥതകളും വര്‍ധിച്ചു വരുമ്പോഴും മറുവശത്ത് സ്ത്രീകള്‍ക്കിടയില്‍ പുതിയൊരു ആരോഗ്യാവബോധം വളര്‍ന്നു വരുന്നുണ്ട്. ജിംനേഷ്യങ്ങളില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുകയും എയറോബിക് ഡാന്‍സ് ഉള്‍പ്പെടെയുള്ള വ്യായാമ പദ്ധതികളില്‍ താത്പര്യത്തോടെ മുഴുകുന്നവരുമായ സ്ത്രീകളുടെ എണ്ണം കഴിഞ്ഞ മൂന്നു നാലു വര്‍ഷത്തിനിടയില്‍ത്തന്നെ പല മടങ്ങായി വര്‍ധിച്ചിട്ടുണ്ട് . ശരിയായ ഭക്ഷണച്ചിട്ടകളെക്കുറിച്ചും വര്‍ക്ക്ഔട്ടിനെക്കുറിച്ചുമുള്ള മികച്ച ധാരണകളാണ് അപ്പര്‍ക്ലാസ്സ് സ്ത്രീകളെ ആരോഗ്യ ജീവിതത്തിലേക്ക് നയിക്കുന്നത്. ശരിയായ ആരോഗ്യാവബോധമുണ്ടായാലും മികച്ച ജീവിതം നയിക്കാനുള്ള സാഹചര്യങ്ങള്‍ കൂടിയുണ്ടായാലേ അതു കൊണ്ടു പ്രയോജനമുണ്ടാവുകയുള്ളൂ. സ്ത്രീകള്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ പ്രാപ്യമാക്കാന്‍ സമൂഹത്തിനു കഴിയേണ്ടതാണ്. 

Content Highlight: Women's Health, World Health Day