'ഐ ലവ് മൈ ബോഡി...' സംസാരത്തിനിടയില്‍ പലപ്പോഴും ഒരു മന്ത്രംപോലെ ടോണി ലൂക്കിന്റെ നാവിലെത്തുന്ന വാചകം. ശരീരത്തെ അത്രമേല്‍ സ്‌നേഹിക്കുന്നവന്‍ അതിനായി അത്രമേല്‍ ആത്മാര്‍ഥമായി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. നിവിന്‍ പോളിക്കൊപ്പം 'സഖാവ്' എന്ന ചിത്രം... പ്രിഥ്വിരാജിനൊപ്പം 'ഊഴം', '9' എന്നീ ചിത്രങ്ങള്‍... പ്രണവ് മോഹന്‍ലാലിനൊപ്പം 'ആദി' എന്ന ചിത്രം... ഇപ്പോഴിതാ സാക്ഷാല്‍ അമിതാഭ് ബച്ചനൊപ്പം 'ബാദ്ല' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം.
സിനിമയുടെ തിരക്കുകള്‍ ഏറിവരുമ്പോഴും 'ശരീരം' എന്ന അടിസ്ഥാന പാഠം ടോണി ലൂക്ക് എന്ന നടന്‍ ഒരിക്കലും മറക്കുന്നില്ല. 'ശരീരത്തെ മറന്ന് ജീവിച്ചാല്‍ ആ ജീവിതം ഒരിക്കലും പൂവണിയില്ല' എന്നാണ് ടോണി പറയുന്നത്.
'കുട്ടിക്കാലം മുതലേ കൂട്ടുകൂടിയ കായികലോകം...' അതാണ് തന്റെ ജീവിതത്തിന്റെ അടിസ്ഥാനമെന്നാണ് ടോണി പറയുന്നത്. 'കുട്ടിക്കാലം മുതല്‍ ശരീരം സൂക്ഷിക്കണമെന്ന ആഗ്രഹം എന്നിലുണ്ടായിരുന്നു. തമിഴ്നാട്ടിലെ സേലത്തെ മോണ്ട്ഫോര്‍ട്ട് സ്‌കൂളിലായിരുന്നു ഞാന്‍ പഠിച്ചിരുന്നത്. ആ സമയത്ത് അത്ലറ്റിക്‌സിലേക്ക് പോകാന്‍ മനസ്സ് തീരുമാനിച്ചതാണ് ജീവിതത്തില്‍ നിര്‍ണായകമായതെന്നാണ് ഞാന്‍ കരുതുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് രാവിലെ എഴുന്നേറ്റ് ദിവസവും അഞ്ച് കിലോമീറ്റര്‍ ഓടുമായിരുന്നു. വൈകുന്നേരം എന്റെ ഇനങ്ങളായ ലോങ്ജമ്പിലും ട്രിപ്പിള്‍ജമ്പിലും ഹൈജമ്പിലും പരിശീലനം നടത്തും. അതിനുശേഷം രാത്രിയില്‍ ജിംനേഷ്യത്തിലും പരിശീലനം നടത്തിയാണ് ഞാന്‍ എന്നും ഉറങ്ങാറുണ്ടായിരുന്നത്. കുട്ടിക്കാലത്തെ ആ ശീലമാണ് ഇന്നും എന്റെ ആരോഗ്യത്തിന്റെ രഹസ്യം. ഇപ്പോള്‍ വയസ്സ് മുപ്പത് കഴിയുമ്പോഴും രാവിലെ എഴുന്നേറ്റ് പത്ത് കിലോമീറ്റര്‍ ഓടാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല...' -ടോണി പറയുന്നു.
'ഐ ലവ് മൈ ബോഡി... ഇതോര്‍ത്താല്‍ എല്ലാം ശരിയാകും' എന്നാണ് ടോണിയുടെ ആരോഗ്യമന്ത്രം. 'എന്റെ ശരീരമാണ് ഏറ്റവും പ്രധാനം എന്നാണ് വിശ്വാസം. എന്റെ ശരീരമില്ലാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. സിനിമാനടനെന്ന ജോലിയായാലും മറ്റെന്തായാലും ഒക്കെ ശരീരം എന്ന അടിസ്ഥാനത്തില്‍ നിന്നാണ് ഞാന്‍ പ്രവര്‍ത്തിക്കേണ്ടത്. ശരീരം അത്രമേല്‍ പ്രധാനമായതുകൊണ്ട് അത് നല്ലരീതിയില്‍ പരിപാലിക്കേണ്ടതും എന്റെ ഉത്തരവാദിത്വമാണ്. ശരീരത്തിന് ദോഷം ചെയ്യുന്ന പുകവലി പോലുള്ള കാര്യങ്ങളില്‍ നിന്ന് ഞാന്‍ അകന്നുനില്‍ക്കുന്നത് അതുകൊണ്ടാണ്. ഭക്ഷണകാര്യത്തില്‍ ഞാന്‍ വലിയ നിയന്ത്രണങ്ങള്‍ എടുക്കാറില്ല. ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം കഴിക്കാറുണ്ട്. എന്നാല്‍ ഒന്നും അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഭക്ഷണം നിങ്ങള്‍ ഏതു കഴിച്ചാലും കുഴപ്പമില്ല. അതിനുശേഷം വേണ്ട വ്യായാമങ്ങള്‍ ചെയ്താല്‍ എല്ലാം ശരിയാകും. പഠനകാലത്തും അതിനുശേഷവും ശരീരം നന്നായി നോക്കുന്ന പലരും ജോലിയൊക്കെ കിട്ടി കല്യാണമൊക്കെ കഴിയുമ്പോള്‍ പതുക്കെ അതില്‍നിന്ന് പിറകോട്ട് പോകും. ഭക്ഷണം കൂടുന്നതിനൊപ്പം വ്യായാമങ്ങള്‍ കുറയുന്നതോടെയാണ് പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്...'' -ടോണി തന്റെ ആരോഗ്യസങ്കല്പം പങ്കുവെയ്ക്കുന്നു.
ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ മൂന്നാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ച കഥയും തന്റെ ആരോഗ്യത്തിന്റെ വിജയമായി ടോണി പങ്കുവെയ്ക്കുന്നുണ്ട്.
'ബാദ്ലയില്‍ അഭിനയിക്കാന്‍ എത്തുന്നതിന് മുമ്പ് എന്റെ ഭാരം 90 കിലോ വരെ എത്തിയതാണ്. മൂന്നാഴ്ച കഠിനാധ്വാനം ചെയ്താണ് ഞാന്‍ 10 കിലോയിലേറെ ഭാരം കുറച്ച് ബാദ്ലയിലെ കഥാപാത്രമായത്. ഡിസംബറിലെ തണുപ്പുകാലത്ത് മാത്രമാണ് ഞാന്‍ വ്യായാമങ്ങള്‍ ചെയ്യുന്നതില്‍ അല്പം വിശ്രമം എടുക്കാറുള്ളത്. ബാക്കി എല്ലാക്കാലത്തും കൃത്യമായി വ്യായാമം ചെയ്ത്, ഇഷ്ടമുള്ള ഭക്ഷണവും കഴിച്ചാണ് എന്റെ ജീവിതം. ഒരു കാര്യം ഞാന്‍ എപ്പോഴും മനസ്സില്‍ ഉറപ്പിക്കാറുണ്ട്... ജീവിതത്തില്‍ എത്ര തിരക്ക് വന്നാലും ശരി, വ്യായാമങ്ങള്‍ ഒരിക്കലും മുടക്കരുത്...' -ടോണി പറയുന്നു.
Content Highlight: Tony Luke, Bollywood actor Tony Luke, Model Tony Luke, Tony Luke,Tony Luke fitness secret