ന്ന് ലോകാരോഗ്യ ദിനമാണ്. ' സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ ' എന്നതാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടന മുന്നോട്ട് വെയ്ക്കുന്ന തീം. എല്ലാവര്‍ക്കും, എവിടേയും, സ്വീകാര്യമായ രീതിയില്‍ ,ചിലവു കുറഞ്ഞ ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ഇതിന്റെ കാതല്‍. ലോകാരോഗ്യ ദിനം പ്രമാണിച്ച് ഇതാ ഏതാനും ഹെല്‍ത്ത് ടിപ്പുകള്‍

മടിയന്‍ മല ചുമക്കും എന്ന് കേട്ടിട്ടില്ലേ .. വേറൊരു തരത്തില്‍ പറഞ്ഞാല്‍ മേലനങ്ങാതെ മടിയന്മാരായി നടന്നാല്‍ അധികം താമസിയാതെ രോഗ ദുരിതങ്ങളുടെ മല ചുമക്കേണ്ടി വരും നാം.

ജിമ്മില്‍ പോകണം എന്നോ ട്രെഡ് മില്‍ വാങ്ങണമെന്നോ നിര്‍ബന്ധബുദ്ധി വേണ്ട. നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക.നടത്തം ,ഓട്ടം ,നീന്തല്‍ ,ബാഡ്മിന്റണ്‍, ക്രിക്കറ്റ് ,ഫുട്‌ബോള്‍ തുടങ്ങിയ കളികള്‍ എന്നിവയില്‍ ഏതെങ്കിലും ആവട്ടെ ,പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി! മാര്‍ഗം ഏതായാലും നമുക്ക് വ്യായാമം ചെയ്യാന്‍ കഴിയണം.

ചുരുങ്ങിയത് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും മുപ്പത് മിനുട്ട് വീതം വ്യായാമം ചെയ്യണം.

ആരോഗ്യദായകമായ ഭക്ഷണ ശൈലി സ്വീകരിക്കണം. മൂന്നു നേരം മൂക്കു മുട്ടേ ചോറോ അരിപ്പലഹാരങ്ങളോ തിന്നുന്നത് ഒഴിവാക്കണം. ധാന്യങ്ങളും മത്സ്യ മാംസാദികളും പയറുവര്‍ഗങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും നിത്യേനയുള്ള ആഹാരത്തിന്റെ ഭാഗമാക്കണം. ഊണുമേശയിലെ നമ്മുടെ പ്ലേറ്റൊന്നു നോക്കൂ.ഒരു കുന്നു ചോറും ,അരികത്തായി ഇത്തിരി വീതം കറികളും അല്ലേ? ഒന്നു മാറ്റിപ്പിടിക്കൂ...

പാത്രത്തിന്റെ നാലിലൊന്നു മതി ചോറോ മറ്റ് ധാന്യങ്ങളോ. ബാക്കി മേല്‍പ്പറഞ്ഞ വിഭാഗം ഭക്ഷണ പദാര്‍ത്ഥങ്ങളാവട്ടെ.

ജങ്ക് ഫുഡ്‌സ് ഒഴിവാക്കണം.ഈ ആഗോള ഭീമന്മാരുടെ നുരയുന്ന കുറേ വര്‍ണ പാനീയങ്ങളില്ലേ. അതിനോടൊക്കെ ഒരു ബൈ പറഞ്ഞേക്കൂ. നമ്മുടെ ദാഹം ശമിപ്പിക്കുന്നില്ലെന്നത് മാത്രമല്ല ,അവയുടെ സ്ഥിരമായ ഉപയോഗം എല്ലുകളെ ദ്രവിപ്പിക്കുന്നതിനും നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതിനും ഇടയാക്കും.

ഉപ്പ് ,പഞ്ചസാര എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

നാം ഒരു ദിവസം കഴിക്കുന്ന ഉപ്പ് നമുക്ക് വേണ്ടതിലും എത്രയോ ഏറെയാണെന്നോ !അച്ചാര്‍ ,ഉണക്കമീന്‍ ,കൊണ്ടാട്ടം ,ഉപ്പിലിട്ടത് ,പപ്പടം .... ഒക്കെ നല്ല രസാണ് കഴിക്കാന്‍.. പക്ഷേ എത്ര ഉപ്പാണ് നമ്മുടെ ശരീരത്തില്‍ എത്തുന്നത്. അതു കൊണ്ട് ഇവയൊന്നും തന്നെ നമ്മുടെ നിത്യ വിഭവങ്ങളാവരുത്.

ശരീരഭാരം അഭികാമ്യമായ രീതിയില്‍ നിലനിര്‍ത്തണം.

വ്യായാമവും ആഹാരരീതിയുമെല്ലാം ഇതിന് പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. എങ്ങനെയാണ് നമ്മുടെ ശരീരഭാരം നമുക്ക് ആവശ്യത്തില്‍ കൂടുതല്‍ ആണോ എന്ന് തീര്‍ച്ചപ്പെടുത്തുക

സംഗതി സിമ്പിള്‍ ആണ്. ഒരു കുഞ്ഞു കണക്കാണ്. നിങ്ങളുടെ പൊക്കത്തില്‍ (സെന്റിമീറ്ററില്‍ ) നിന്ന് 100 കുറയ്ക്കുക. അത്രയും തൂക്കമാണ് (കിലോഗ്രാമില്‍) നിങ്ങള്‍ക്ക് വേണ്ടത്.

ഉദാഹരണത്തിന് 160 സെന്റിമീറ്റര്‍ ഉയരമുള്ള ആള്‍ക്ക് 160 - 100 = 60 കിലോഗ്രാം തൂക്കമാണ് വേണ്ടത്.

ഓരോ കാലത്തും നാട്ടില്‍ ലഭ്യമായ പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന വിലയേറിയ ഇറക്കുമതി ചെയ്യപ്പെട്ട ഫലങ്ങള്‍ക്ക് നമ്മുടെ മാങ്ങ ,പേരക്ക തുടങ്ങിയവയേക്കാള്‍ മേനി നടിക്കാന്‍, ആ വിലയേക്കാള്‍ മറ്റ് ഗുണമൊന്നും ഇല്ലെന്ന് ഓര്‍ക്കുക.

ആവശ്യത്തിനനുസരിച്ച് വെള്ളം കുടിക്കണം.

ശുദ്ധജലം കിട്ടാക്കനിയായ ഇക്കാലത്ത് തിളപ്പിച്ചാറിയ വെള്ളം കുടിക്കണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ജീവിതത്തിലെ വിവിധ സമ്മര്‍ദ്ദങ്ങളാണ് നമ്മുടെ ആരോഗ്യത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. ജോലി നമുക്ക് ജീവിക്കാന്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഹോം വര്‍ക്ക് കിട്ടുന്നത് പോലെ , നമ്മുടെ ജോലിയുടെ ഒരു പങ്ക് വീട്ടിലേക്ക് കൊണ്ടു വരരുത്. ഫയല്‍ നോട്ടവും ബിസിനസും മറ്റും നമ്മുടെ കുടുംബത്തോടൊപ്പമുള്ള സമയം അപഹരിക്കാന്‍ ഇടവരുത്തരുത്.

എല്ലാവര്‍ക്കും തിരക്കുകളുണ്ട്.ഒരു ദിവസം ഇരുപത്തിനാല് മണിക്കൂറേ എല്ലാവര്‍ക്കും ഉള്ളൂ താനും. തിരക്കുകള്‍ മാറ്റി വെച്ച് ഈ സമയം ഫലപ്രദമായി ചിലവഴിക്കാന്‍ സാധിച്ചാല്‍, നമുക്കും എല്ലാത്തിനും സമയമുണ്ടാകും. കുട്ടികള്‍ക്ക് ഒപ്പം കളിക്കാനും ,അവര്‍ക്ക് കഥ പറഞ്ഞു കൊടുക്കാനും ,ഫേസ് ബുക്ക് നോക്കാനും ,പുസ്തകങ്ങള്‍ വായിക്കാനും ,എഴുതാനും ,യാത്രകള്‍ പോകാനും എല്ലാം ...

ഒന്നോര്‍ക്കൂ ... 'ഞാന്‍ ലീവ് എടുത്താല്‍ ശരിയാവില്ല 'എന്ന ചിന്തയാല്‍ നിങ്ങള്‍ കുടുംബത്തോടൊപ്പമോ ,സുഹൃത്തുക്കളോടൊപ്പമോ ചിലവഴിക്കേണ്ട എത്രയോ അമൂല്യ നിമിഷങ്ങള്‍ നഷ്ടപ്പെടുത്തി കാണും?

ചങ്ങാതീ ,ഏതാനും ദിവസം നിങ്ങളില്ലെങ്കിലും നിങ്ങളുടെ സ്ഥാപനം നന്നായി നടക്കും.ചെറിയ ഇടവേളകള്‍ എടുക്കൂ... കുടുംബത്തോടോ കൂട്ടുകാരോടോ ഒപ്പം അടിച്ചു പൊളിക്കൂ. റീചാര്‍ജ് ചെയ്ത് കൂടുതല്‍ ഉന്മേഷത്തോടെ തിരിച്ചു വന്നു നന്നായി ജോലി ചെയ്യൂ.

എത്ര ഉയര്‍ന്ന പദവിയിലുള്ള ആളാണെങ്കിലും ഗൗരവമുള്ള ഒരസുഖം വന്നാല്‍ മതി. അയാളുടെ സ്ഥിതി മാറാന്‍! അയാള്‍ ദുര്‍ബലനാകും ,അയാള്‍ക്ക് പരാശ്രയമില്ലാതെ വയ്യെന്നാകും. എന്തിന് അയാളുടെ ജീവിതമേ മാറിപ്പോകാം. കൃത്യമായ ചികിത്സയും സാന്ത്വനവും കൂട്ടും വേണ്ടി വരും ജീവിതം തിരിച്ചു പിടിക്കാന്‍. അതു കൊണ്ട് സ്വന്തം ആരോഗ്യത്തിന്മേല്‍ രണ്ടു കണ്ണും വേണം.

പിന്നെ ഓരോ രോഗം വരുമ്പോഴും അനുഭവ സാക്ഷ്യങ്ങളുടേയും വാട്‌സാപ്പ് ഫോര്‍വേഡുകളുടേയും പുറകേ പോവാതിരിക്കുക. ശാസ്ത്രീയമായ ചികിത്സാ രീതികള്‍ സ്വീകരിക്കുക.

ജീവിതത്തില്‍ പ്രണയം കാത്തു സൂക്ഷിക്കുക 

പ്രണയത്തേക്കാള്‍ ജീവിതത്തെ സുന്ദരമാക്കുന്ന മറ്റൊന്നുമില്ല തന്നെ.എന്നാല്‍ പ്രണയത്തിന്റെ വഴിത്താരകളില്‍ ഇടറി വീണ് സമ്മര്‍ദ്ദമേറ്റാതിരിക്കാനും ശ്രദ്ധിക്കുക.

ഈ ലോകത്തിന് നിങ്ങള്‍ക്ക് സമ്മാനിക്കാനാവുന്ന ഏറ്റവും മഹത്തായ കാര്യം നിങ്ങളുടെ പുഞ്ചിരിയാണ്.

നിങ്ങളുടെ നിറഞ്ഞ പുഞ്ചിരി നിങ്ങള്‍ക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിലും പ്രകാശം പരത്തും. മാത്രമല്ല നിങ്ങളുടേയും കൂടെയുള്ളവരുടെയും ആരോഗ്യവും പരിപോഷിപ്പിക്കപ്പെടും.

മനോഹരമായ ഒരു പുഞ്ചിരി നിങ്ങളുടെ മുഖത്തും ഹൃദയത്തിലും സന്തത സഹചാരിയാവട്ടെ ..ഏവര്‍ക്കും ആരോഗ്യം ആശംസിക്കുന്നു ...

Content Highlight: Tips for a Healthy Life, Health Tips