പുതിയ തലമുറ നേരിടുന്ന വലിയ പ്രയാസങ്ങളിലൊന്നാണ് നടുവേദനയും കഴുത്തിന്റേ വേദനയും. മുന്‍പ് ഇത്തരം വേദനകള്‍ വയസ്സുകാലത്തെ ശാരീരിക പ്രശ്നങ്ങള്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് വളരെ നേരത്തെ എത്തിത്തുടങ്ങി. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇവ രണ്ടിനും പിന്നിലുള്ള കാരണം. 25 മുതല്‍ 55 വയസ്സുവരെ പ്രായമുള്ളവരിലാണ് ഇവ കൂടുതലായി കാണുന്നത്. സാധാരണ കഴുത്തു വേദനയും നടുവേദനയും നട്ടെല്ല്, പേശികള്‍, ലിഗമെന്റുകള്‍, സ്നായുക്കള്‍ കശേരുക്കള് ഞരമ്പുകള്‍, സ്പൈന്‍ കോഡ്, ആമാശയം, വസ്തിപ്രദേശത്തെ അവയവങ്ങള്‍, ഉരസ്സിലെ അവയവങ്ങള്‍ എന്നിവയെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നു.
കാരണങ്ങള്‍
പേശികള്‍ സ്നായുക്കള്‍ ലിഗമെന്റ് എന്നിവയ്ക്കുള്ള വലിവുകള്‍ അമിതഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുന്നത്, ഡിസ്കുകളുടെ തേയ്മാനം, സ്ഥാനചലനം, നട്ടെല്ലിന്റെ വളവുകളിലുള്ള മാറ്റങ്ങള്‍, ജന്മനായുള്ള വൈകല്യങ്ങള്‍, അസ്ഥികളുടെ ക്ഷയം, ഓസ്റ്റിയോപെറോസിസ്, വാത രോഗങ്ങള്‍, കിടക്കുമ്പോഴുണ്ടാവുന്ന വ്യത്യാസങ്ങള്‍, പൊക്കമുള്ള തലയണയുടെ ഉപയോഗം, അമിതമായ അധ്വാനം തുടര്‍ച്ചയായ തുമ്മല്‍, അമിതമായ മദ്യപാനം, പുകവലി, ശരിയായ രീതിയിലല്ലാത്ത വ്യായാമങ്ങള്‍, അമിതമായ ചുമ, അമിതമായ ശരീരവണ്ണം, തുടര്‍ച്ചയായ ഇരിപ്പ്. വിറ്റാമിന്‍ ഡി, കാത്സ്യം എന്നിവയുടെ കുറവ്. മാനസിക പിരിമുറക്കം, ചില മരുന്നുകളുടെ കൂടുതലായ ഉപയോഗം എന്നിവയെല്ലാം തന്നെ കഴുത്ത് വേദനയ്ക്കും നടുവേദനയ്ക്കും പൊതുവേയുള്ള കാരണങ്ങളാണ്.
കഴുത്തുവേദനയുടെ ലക്ഷണങ്ങള്‍
കഴുത്തിനു ചുറ്റുപാടുകള്‍ക്ക് ശക്തമായ വേദന, നീര്‍ക്കെട്ട്, കഴുത്തിന് പിടിത്തം, വശങ്ങളിലേക്ക് തിരിക്കാന്‍ പ്രയാസം, തിരിക്കുമ്പോള്‍ വേദന, കൈകളിലേക്ക് വേദന ഇറങ്ങിവരിക, കൈകള്‍ക്ക് തരിപ്പ്, ചിലപ്പോള്‍ കൈകളില്‍ എന്തെങ്കിലും പിടിച്ചാല്‍ വീഴുക, തോള് കൈമുട്ട്,പേശികള്‍ എന്നിവയില്‍ വേദന, തലവേദന, മുഖത്ത് നീര്‍ക്കെട്ട്,മുഖപേശികള്‍ക്ക് വേദന, നെഞ്ചുവേദന എന്നിവയെല്ലാം കഴുത്തുവേദനയില്‍ കാണുന്ന ലക്ഷണങ്ങളാണ്.
നടുവേദനയുടെ ലക്ഷണങ്ങള്‍
അരക്കെട്ടിന് വേദന, അരക്കെട്ടില്‍ നീര്‍ക്കെട്ട് , അരക്കെട്ടിന് പിടിത്തം, വേദന കാലുകളിലേക്ക് വരിക, കാലിന് പിടിത്തം, കുനിയുന്നതിന് പ്രയാസം, ശക്തമായ വേദന, മുട്ട് മടക്കാതെ കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ കാലുകള്‍ക്ക് ശക്തമായ പിടിത്തവും വേദനയും അനുഭവപ്പെടുക, വയറുവീര്‍ക്കലും വേദനയും എന്നിവയെല്ലാം നടുവേദനയില്‍ കാണുന്ന ചില ലക്ഷണങ്ങളാണ്.
വേദനയുള്ളവര് ശ്രദ്ധിക്കാന്‍
- വിറ്റാമിന്‍ ഡിയുടെ ശരീരത്തില്‍ ഉണ്ടാകുന്നതിനായി ദിവസവും സൂര്യപ്രകാശം ഏല്ക്കുക, ശരീരത്തില്‍ കാത്സ്യത്തിന്റെ അളവ് ക്രമപ്പെടുത്തുന്നതിനുള്ള ആഹാരങ്ങള്‍ കഴിക്കുക.
- ഉയരംകൂടിയ തലയണകളും കിടക്കുമ്പോള്‍ താഴുന്നുപോകുന്ന കിടക്കകളും ഒഴിവാക്കുക
- രണ്ടുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യാതിരിക്കുക.
- മണിക്കൂറുകളോളം തുടര്‍ച്ചയായി നിന്ന് ജോലിചെയ്യുന്നത് ഒഴിവാക്കുക
- 90 ഡിഗ്രിയില്‍ ഇരിക്കുന്നതിനായി എപ്പോഴും ശ്രദ്ധിക്കുക
- ശരീരഭാരം ഉയരത്തിനനുസരിച്ച് ക്രമപ്പെടുത്തുക
- മലര്‍ന്നുകിടന്ന് ഉറങ്ങുക
- അമിതമായ ആഹാരം,മദ്യപാനം,പുകവലി,പകലുറക്കം എന്നിവ ഒഴിവാക്കുക
- കുനിഞ്ഞുഭാരം പൊക്കാതിരിക്കുക, അമിതഭാരം പൊക്കുന്നത് ഒഴിവാക്കുക.
- മലബന്ധം, വയര്‍ വീര്‍ക്കല്‍, അസിഡിറ്റി എന്നിവ വരാതിരിക്കാന്‍ ശ്രദ്ധിക്കുക
- വീഴ്ച, അപകടങ്ങള്‍ എന്നിവ വരാതിരിക്കാന്‍ ശ്രദ്ധിക്കുക
- ഏത് ജോലിയായാലും ആരോഗ്യത്തിന് അനുസരിച്ച് ചെയ്യുക
Content Highlight: Back Pain and Neck Pain,Back pain Causes and symptoms,Neck Pain Causes and symptoms,backpain treatment