കണ്ണൂർ (കണിച്ചാർ): കണിച്ചാറിലെ പലചരക്ക്‌ കടകളിലൊന്നായ പി.സി. സ്റ്റോറിലെത്തിയവർ ഞായറാഴ്ച സ്നേഹത്തോടെ ഇങ്ങനെയൊരു ചോദ്യംനേരിട്ടു -‘പഞ്ചസാര ഇന്ന്‌ വാങ്ങണോ? നാളെ പോരേ!’ ചായക്കടകളിലെത്തിയവരോടും കടക്കാർ ഇങ്ങനെ ചോദിച്ചു. ‘ചായ വിത്തൗട്ടായാൽ കുഴപ്പമില്ലല്ലോ? ഇന്ന് പഞ്ചാര ഹർത്താലാണ്’. കണിച്ചാർ പഞ്ചായത്ത് പരിധിയിലെ മറ്റു കടകളിൽ ഞായറാഴ്ച ചായ കുടിക്കാനും സാധനങ്ങൾ വാങ്ങാനുമെത്തിയവരും ഈ ചോദ്യങ്ങൾ കേട്ട് അമ്പരന്നു.

എന്നാൽ ‘ലോക പ്രമേഹദിനമായ നവംബർ 14-ന് പഞ്ചസാര ബഹിഷ്കരിക്കൂ’ എന്ന ബാനർ കണ്ടതോടെ എല്ലാവരും ആഹ്വാനം ഏറ്റെടുത്തു. ‘പ്രമേഹത്തിനെതിരേ പഞ്ചസാര ബഹിഷ്കരിക്കൂ’ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ഇതിലും നല്ല മാർഗമില്ലെന്ന്‌ കണ്ടെത്തിയ കണിച്ചാർ പി.എച്ച്.സി.യും പഞ്ചായത്തും ചേർന്നാണ് ‘പഞ്ചാര ഹർത്താൽ’ നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ.അഗസ്റ്റിന്റെതായിരുന്നു ആശയം.

ഞായറാഴ്ച പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലും പഞ്ചസാര ബഹിഷ്കരിച്ചും ഹോട്ടലുകളിൽ ‘വിത്തൗട്ട്’ ചായ നൽകിയും പലചരക്ക് കടകളിൽ പഞ്ചസാര വിൽക്കാതിരുന്നുമാണ് ‘പഞ്ചാര ഹർത്താൽ’ ആചരിച്ചത്. പ്രമേഹത്തെക്കുറിച്ചും കോവിഡാനന്തരം പ്രമേഹബാധ കൂടുന്നതിനെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ഹർത്താലിന്റെ ലക്ഷ്യം.

‘പഞ്ചാര ഹർത്താലി’ന് വ്യാപാരികളും ജനങ്ങളും നല്ല പിന്തുണ നൽകിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു. പഞ്ചസാര വിൽക്കാതിരുന്നതിനോട് ജനങ്ങൾ അനുകൂലമായാണ് പ്രതികരിച്ചതെന്ന് പലചരക്ക് വ്യാപാരി ജിക്സൻ പി.ജോയി പറഞ്ഞു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ജോജൻ എടത്താഴെ, മെഡിക്കൽ ഓഫീസർ ഡോ. ഡിജിന പ്രിയ, ജെ.എച്ച്.ഐ.മാരായ സന്തോഷ്, ഷൈനേഷ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. തൂവാലവിപ്ലവം, ശുചിത്വമുദ്ര തുടങ്ങി വേറിട്ട പ്രവർത്തനങ്ങൾ നടത്തി കണിച്ചാർ പഞ്ചായത്തും ആരോഗ്യവിഭാഗവും മുമ്പും ശ്രദ്ധനേടിയിരുന്നു.

Content Highlights: world diabetes day, world diabetes day theme, world diabetes day world diabetes day india, world diabetes day world diabetes day 2021