ക്തത്തിലെ ഷുഗര്‍നില കണക്കാക്കുന്നത് സംബന്ധിച്ച അടിസ്ഥാന അറിവുകള്‍ പ്രമേഹത്തെക്കുറിച്ച് ശരിയായ ധാരണ നല്‍കും. ഒപ്പം രോഗപ്രതിരോധം എളുപ്പമാക്കും.

ടെസ്റ്റ് ചെയ്യേണ്ടത് ആരൊക്കെ?

 • അമിത ദാഹവും വിശപ്പും, ഇടക്കിടെ മൂത്രംപോകല്‍, കാര്യകാരണങ്ങളില്ലാതെ ശരീരഭാരം കുറയല്‍, മുറിവുകള്‍ ഉണങ്ങാന്‍ താമസം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പ്രമേഹ പരിശോധന നടത്തണം.
 • അമിതവണ്ണമുള്ള, പ്രായപൂര്‍ത്തിയായവര്‍ കൃത്യമായ ഇടവേളകളില്‍ ഷുഗര്‍ നോക്കണം.
 • മാതാപിതാക്കള്‍ പ്രമേഹം, അമിത രക്തസമ്മര്‍ദം, പി.സി.ഒ.ഡി. പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ മക്കള്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യേണ്ടതാണ്.
 • ഒരുതവണ ടെസ്റ്റ് ചെയ്തപ്പോള്‍ നേരിയ തോതില്‍ ഷുഗര്‍ വ്യതിയാനം കണ്ടവര്‍ വര്‍ഷാവര്‍ഷമെങ്കിലും പുനര്‍പരിശോധന നടത്തേണ്ടതാണ്.
 • ഗര്‍ഭകാല പ്രമേഹം അഥവാ ജി.ഡി.എം. ഒരു തവണയെങ്കിലും നിര്‍ണയിക്കപ്പെട്ടിട്ടുള്ളവര്‍ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍പോലും മൂന്നുവര്‍ഷത്തില്‍ ഒരു തവണയെങ്കിലും പരിശോധന നടത്തേണ്ടതാണ്. ജീവിതകാലം മുഴുവന്‍ പരിശോധന തുടരണം.
 • മേല്‍പ്പറഞ്ഞ യാതൊരു പ്രശ്നങ്ങളും ഇല്ലെങ്കില്‍പോലും പ്രമേഹ പരിശോധന നടത്തുന്നത് ഉചിതമാണ്. പരിശോധനാ ഫലം നോര്‍മലാണെങ്കിലും ഓരോ മൂന്നുവര്‍ഷവും തുടര്‍പരിശോധനകള്‍ നടത്തേണ്ടതുമാണ്.

ടെസ്റ്റ് ചെയ്യാന്‍ പോകും മുമ്പ്

 • റാന്‍ഡം ബ്ലഡ് ഷുഗര്‍(RBS) മാത്രം പരിശോധിച്ചാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയില്ല.
 • വെറുംവയറ്റിലെ ഷുഗര്‍ പരിശോധന (FBS Fasting Blood Sugar), ഭക്ഷണം കഴിഞ്ഞ് ഒന്നര-രണ്ടു മണിക്കൂര്‍ കഴിഞ്ഞുള്ള പരിശോധന (PPBS Post Prandial Blood Sugar), കഴിഞ്ഞ മൂന്നുമാസത്തെ ബ്ലഡ് ഷുഗറിന്റെ ശരാശരി കണക്കാക്കുന്ന ടെസ്റ്റ് (HbA1C) തുടങ്ങിയവ ചെയ്താല്‍ വളരെ നേരത്തേതന്നെ പ്രമേഹം കണ്ടുപിടിക്കാന്‍ സാധിക്കും.
 • ഫാസ്റ്റിങ് ബ്ലഡ് ഷുഗര്‍ ടെസ്റ്റ് രാവിലെ വെറുംവയറ്റിലായിരിക്കണം. രാത്രിഭക്ഷണം കഴിച്ചശേഷം കുറഞ്ഞത് എട്ട് മണിക്കൂര്‍ കഴിഞ്ഞേ പരിശോധനയ്ക്ക് രക്തമെടുക്കാവൂ. രാവിലെ വെള്ളം അല്ലാതെ മറ്റെന്തെങ്കിലും കുടിക്കാനോ കഴിക്കാനോ പാടില്ല.
 • പോസ്റ്റ് പ്രാന്‍ഡിയല്‍ ബ്ലഡ് ഷുഗര്‍ കണക്കാക്കുന്നതിന് മുന്‍പ് 75 ഗ്രാം ഗ്ലൂക്കോസ് അല്ലെങ്കില്‍ അന്നത്തെ നിങ്ങളുടെ പ്രഭാതഭക്ഷണം കഴിച്ച് ഒന്നര- രണ്ട് മണിക്കൂര്‍ കഴിയണം.
 • പ്രമേഹരോഗിയാണെങ്കില്‍ PPBS കണക്കാക്കുന്നതിന് മുന്‍പ് അന്ന് കഴിക്കേണ്ട ഗുളികകള്‍ മുഴുവന്‍ കഴിച്ചിട്ടുണ്ടാവണം. ഗുളിക കഴിക്കാതെ എത്ര കൂടുന്നുണ്ടെന്ന് നോക്കട്ടെ എന്ന മനോഭാവം പാടില്ല. മരുന്നുകള്‍ എത്രമാത്രം ഫലവത്താണെന്ന് നോക്കിയാണ് ഡോക്ടര്‍മാര്‍ ഡോസ് അഡ്ജസ്റ്റ് ചെയ്യുന്നതും ചില മരുന്നുകള്‍ നിര്‍ത്തുന്നതും. മരുന്ന് കഴിച്ചില്ലെങ്കില്‍ ഷുഗര്‍ കൂടുതല്‍ കാണിക്കുകയും ഇപ്പോള്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ഫലപ്രാപ്തി തിരിച്ചറിയാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യും.

എച്ച്.ബി.എ.വണ്‍.സി. ടെസ്റ്റിന്റെ മെച്ചമെന്താണ്?

എച്ച്. ബി.എ.വണ്‍.സി ടെസ്റ്റിനെക്കുറിച്ച് പലര്‍ക്കും അറിവില്ല. കഴിഞ്ഞ മൂന്നുമാസത്തെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണയിക്കാന്‍ ചെയ്യുന്ന ഈ ടെസ്റ്റ്, ഒളിഞ്ഞിരിക്കുന്ന പ്രമേഹം കണ്ടെത്താന്‍ പ്രയോജനപ്പെടും. FBS ടെസ്റ്റില്‍ നിങ്ങള്‍ തലേന്ന് രാത്രി കഴിച്ച ഭക്ഷണവുമായി ബന്ധപ്പെട്ട് ഏറ്റക്കുറച്ചിലുകള്‍ വരാം. PPBS ടെസ്റ്റില്‍ അന്നത്തെ നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ മാറ്റംവന്നാല്‍ ഏറ്റക്കുറച്ചിലുകള്‍ വരാം. എന്നാല്‍ എച്ച്. ബി.എ.വണ്‍.സി. ടെസ്റ്റിനെ ഇതൊന്നും ബാധിക്കുന്നില്ല. പ്രമേഹം കണ്ടുപിടിക്കാനും, പ്രമേഹം ഉള്ളവരില്‍ നിയന്ത്രണത്തിന്റെ അളവ് തിട്ടപ്പെടുത്താനും മാത്രമല്ല, ഭാവിയില്‍ പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ വരുമോയെന്ന് ഒരുപരിധിവരെ പ്രവചിക്കാനും ഈ ടെസ്റ്റുകൊണ്ട് സാധിക്കും. ഇത് ചെയ്യുമ്പോള്‍ വെറുംവയറ്റില്‍ ചെയ്യണം എന്നും നിര്‍ബന്ധമില്ല.

ടെസ്റ്റ് റിസല്‍റ്റുകള്‍വെച്ച് പ്രമേഹമുണ്ടെന്ന് എപ്പോള്‍ പറയാം?

 • ഭക്ഷണത്തിന് മുന്‍പ് രക്തത്തിലെ ഷുഗര്‍ 126mg/dl-ല്‍ കൂടുതലും, ഭക്ഷണത്തിന് ശേഷമുള്ള ഷുഗര്‍ നില 200 mg/dl-ല്‍ കൂടുതലും, എച്ച്. ബി.എ.വണ്‍.സി 6.5 ശതമാനത്തില്‍ കൂടുതലും അതുമല്ലെങ്കില്‍, ലക്ഷണങ്ങള്‍ ഉള്ളവരില്‍ റാന്‍ഡം ബ്ലഡ്ഷുഗര്‍ 200 mg/dlല്‍ കൂടുതലും ഉണ്ടെങ്കില്‍ പ്രമേഹമുണ്ടെന്ന് അനുമാനിക്കാം.
 • യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാത്ത ഒരാളാണെങ്കില്‍ ഇതില്‍ ഏതെങ്കിലും രണ്ടുടെസ്റ്റ് പോസിറ്റീവ് ആവുകയോ ഒരേടെസ്റ്റ് രണ്ടു വ്യത്യസ്ത സമയങ്ങളില്‍ പോസിറ്റീവ് ആയാലോ പ്രമേഹരോഗം ഉണ്ടെന്ന് തീര്‍ച്ചയാക്കാം.
 • ഈ ടെസ്റ്റിന്റെയൊക്കെ നോര്‍മല്‍ അളവ് അറിഞ്ഞിരിക്കേണ്ടതാണ്. കാരണം നോര്‍മലിനും പ്രമേഹത്തിനും ഇടയ്ക്ക് പ്രീ ഡയബറ്റിക് എന്ന ഘട്ടമുണ്ട്. ഇത് നേരത്തേ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്താല്‍ പ്രമേഹത്തിലേക്ക് പോകുന്നത് തടയാന്‍ സാധിക്കും.
 • ഭക്ഷണത്തിന് മുന്‍പ് രക്തത്തിലെ ഷുഗര്‍ 100 mg/dl-ല്‍ കുറവും, ഭക്ഷണത്തിന് ശേഷമുള്ള ഷുഗര്‍ നില 140 mg/dl-ല്‍ കുറവും, കൂടെ എച്ച്. ബി.എ.വണ്‍.സി 5.7 ശതമാനത്തില്‍ താഴെയുമാണെങ്കില്‍ മാത്രമേ റിസല്‍റ്റ് പൂര്‍ണമായും നോര്‍മല്‍ എന്ന് പറയാനാകൂ.

Content Highlights: world Diabetes Dday 2021, when should you test your blood sugar

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്