പ്രമേഹ ചികിത്സയില്‍ അലോപ്പതി മരുന്നുകളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ് പലരും. അതിനാല്‍ത്തന്നെ മരുന്ന് കഴിച്ചുതുടങ്ങുന്നതിനെ പലരും ആശങ്കയോടെയാണ് കാണുന്നത്.

പ്രമേഹംപോലുള്ള ജീവിതശൈലി രോഗങ്ങള്‍ക്ക് ആദ്യത്തെതും ഏറ്റവും പ്രാധാന്യം കൊടുക്കുന്നതുമായ ചികിത്സ ജീവിതക്രമം ചിട്ടയാക്കുക എന്നതുതന്നെയാണ്. അതായത് ദിവസേനയുള്ള വ്യായാമവും ശരിയായുള്ള ഭക്ഷണക്രമവും. ഇവ പ്രമേഹം നിയന്ത്രിക്കാന്‍ ഉപകരിക്കുന്നു. അതിനൊപ്പം ചില സാഹചര്യങ്ങളില്‍ മരുന്നുകളും അത്യാവശ്യമാണ്.

  • മരുന്നുകള്‍ എപ്പോള്‍ തുടങ്ങണം എന്ന് ഡോക്ടര്‍ തീരുമാനിക്കുന്നത് പല ഘടകങ്ങള്‍ കണക്കിലെടുത്താണ്.  ശരീരഭാരം, ജീവിതരീതി ഇവയൊക്കെ ശരിയായി വിലയിരുത്തി, ജീവിതശൈലിമാറ്റങ്ങള്‍ക്ക് നിങ്ങളുടെ പ്രമേഹത്തിന്റെ അളവില്‍ എത്രമാത്രം കുറവുണ്ടാക്കാന്‍ പറ്റും എന്ന് മനസ്സിലാക്കിയാണ് ഡോക്ടര്‍ മരുന്ന്
  • നിശ്ചയിക്കുന്നത്.
  • രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ മൂന്നുമാസത്തെ ശരാശരിയായ HbA1C, 1 മുതല്‍ 1.5 ശതമാനംവരെ കുറയ്ക്കാന്‍ കൃത്യമായ ജീവിതശൈലി മാറ്റങ്ങള്‍കൊണ്ട് സാധിക്കും.
  • ശരീരം ഒരുപാട് മെലിഞ്ഞുപോയവര്‍ക്കും ക്ഷീണം ബാധിച്ചവര്‍ക്കും ഷുഗറിന്റെ അളവ് ഒരുപാട് കൂടുതലാണെങ്കില്‍ മരുന്ന് തുടങ്ങുന്നതാണ് നല്ലത്.
  • സ്വയം മരുന്നുകള്‍ തുടങ്ങാനോ നിര്‍ത്താനോ ഡോസ് മാറ്റാനോ തുനിയരുത്.
  • കൃത്യമായ ചികിത്സയിലൂടെ, കുറച്ച് കാലത്തേക്കെങ്കിലും ഗുളിക നിര്‍ത്താന്‍ സാധിക്കാറുണ്ട്. അത് ശരീരഘടന, പരിശ്രമം എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും.

ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കണോ?

ഡയബറ്റിസ് റിവേര്‍സല്‍ (Diabetes Reversal) സാധ്യമാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. അതായത് ചില രോഗികള്‍ക്ക് കുറച്ച് കാലത്തേക്കെങ്കിലും മരുന്നുകള്‍ പൂര്‍ണമായും നിര്‍ത്താന്‍ സാധിക്കാറുണ്ട്. വളരെ ചുരുക്കം പേരില്‍ വര്‍ഷങ്ങളോളം മരുന്നില്ലാതെ തുടരാനും സാധ്യമാണ്. പ്രമേഹത്തിന്റെ പ്രാരംഭഘട്ടത്തില്‍തന്നെ ചികിത്സ തേടുന്നവരിലും അവരില്‍ത്തന്നെ അമിതവണ്ണം കാരണം പ്രമേഹം വന്നവരിലും ഡയബറ്റിസ് റിവേര്‍സല്‍ (Diabetes Reversal) എളുപ്പമാണ്.

ഗുളികയാണോ ഇന്‍സുലിനാണോ നല്ലത്? 

രണ്ടിനും അതിന്റേതായ ഗുണങ്ങളും ചെറിയ പ്രയാസങ്ങളുമുണ്ട്. നിങ്ങളുടെ അസുഖത്തിന് ഗുളികയാണോ അതോ ഇന്‍സുലിനാണോ ആവശ്യമെന്ന് നിര്‍ണയിക്കുന്നത് ഡോക്ടറാണ്. ടൈപ്പ് വണ്‍ പ്രമേഹത്തിന് നിലവില്‍ ഇന്‍സുലിന്‍ മാത്രമാണ് ചികിത്സ. മറ്റുള്ള പ്രമേഹങ്ങള്‍ പലതും ഗുളിക കൊണ്ടുമാത്രം ചികിത്സിക്കാന്‍ സാധിക്കും. 40 വര്‍ഷത്തോളം പ്രമേഹം ഉണ്ടായിട്ടും ഗുളികകള്‍ മാത്രം കഴിച്ച്, യാതൊരു സങ്കീര്‍ണതകളും ബാധിക്കാതെ ജീവിതം തുടരുന്ന ഒരുപാടുപേരുണ്ട്. 

ചില ഗുളികകള്‍ വയറ്റില്‍ പ്രശ്നമുണ്ടാക്കും. ഇന്‍സുലിനാണെങ്കില്‍ കുത്തിവയ്ക്കണം എന്ന ബുദ്ധിമുട്ടുണ്ട്. ഇവ രണ്ടും ഒഴിച്ചാല്‍ ഇന്‍സുലിനായാലും ഗുളികയായാലും ബ്ലഡ് ഷുഗര്‍ സാധാരണ നിലയിലാണെങ്കില്‍ യാതൊരു ദോഷങ്ങളും ഉണ്ടാവാറില്ല.

Content Highlights: World Diabetes Day 2021, When should you take medicine for diabetes 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്