പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന് ആനുപാ
തികമായി ഗര്‍ഭാവസ്ഥയിലെ പ്രമേഹവും കൂടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ ഗര്‍ഭിണികളില്‍ 10 ശതമാനം വരെയും നഗരപ്രദേശങ്ങളില്‍ 20 ശതമാനം വരെയും പ്രമേഹമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

രണ്ടുതരത്തില്‍

ഗര്‍ഭാവസ്ഥയിലെ പ്രമേഹം രണ്ടുതരത്തിലാകാം.
1. നേരത്തേതന്നെയുണ്ടായിരുന്ന പ്രമേഹം (പ്രീ എക്സിസ്റ്റിങ് ഡയബറ്റിസ്-പി.ഇ.ഡി.)/ (പ്രീ ജസ്റ്റേഷണല്‍ ഡയബറ്റിസ്-പി.ജി.ഡി.)
2. ജസ്റ്റേഷണല്‍ ഡയബറ്റിസ് മെലിറ്റസ് (ജി.ഡി.എം.)

പ്രീ ജസ്റ്റേഷണല്‍/ പ്രീ എക്സിസ്റ്റിങ് ഡയബറ്റിസ്

ഗര്‍ഭിണിയാകുന്നതിന് മുന്‍പുതന്നെ പ്രമേഹം ബാധിച്ചിട്ടുള്ളവരെയാണ് പ്രീ ജസ്റ്റേഷണല്‍/ പ്രീ എക്സിസ്റ്റിങ് ഡയബറ്റിസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇത് ടൈപ്പ് 1 പ്രമേഹമോ ടൈപ്പ് 2 പ്രമേഹമോ ആകാം. ചിലരില്‍ ഗര്‍ഭധാരണത്തിന് മുന്‍പുതന്നെ പ്രമേഹം സ്ഥിരീകരിച്ചിട്ടുണ്ടാകും. ചിലരില്‍ ഗര്‍ഭധാരണത്തിന് ശേഷമാകും പ്രമേഹം സ്ഥിരീകരിക്കുന്നത്. പക്ഷേ അവര്‍ക്ക് നേരത്തെ തന്നെ പ്രമേഹം ഉണ്ടാവുകയും രക്തപരിശോധന നടത്താത്തതുകൊണ്ട് കണ്ടെത്താന്‍ വൈകിയതുമാകും.

ട്രൂ ജസ്റ്റേഷണല്‍ ഡയബറ്റിസ് മെലിറ്റസ്

നേരത്തെ പ്രമേഹമില്ലാതിരിക്കുകയും ഗര്‍ഭാവസ്ഥയില്‍ ആദ്യമായി രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യുന്ന അവസ്ഥയാണ് ട്രൂ ജസ്റ്റേഷണല്‍ ഡയബറ്റിസ്. ഇത് സാധാരണയായി ഗര്‍ഭാവസ്ഥയുടെ രണ്ടാം പകുതിയിലാണ്(24 26 ആഴ്ചകളില്‍) കണ്ടുവരുന്നത്.

ആദ്യപരിശോധനയില്‍ ഷുഗര്‍ നോക്കണം

ഗര്‍ഭിണിയായാല്‍ ആദ്യമായി ഡോക്ടറെ കാണുമ്പോള്‍ത്തന്നെ പ്രമേഹപരിശോധന നടത്തണം.

മൂന്നുമാസത്തെ ശരാശരി ഗ്ലൂക്കോസ് അളവ് അറിയുന്ന എച്ച്.ബി.എ.വണ്‍ സി(HBA1c) ടെസ്റ്റോ ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റോ(OGTT) ചെയ്യാം.

ഒ.ജി.ടി.ടിയില്‍ ആദ്യം, എട്ടുമണിക്കൂര്‍ ഭക്ഷണം കഴിക്കാതെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. ശേഷം 250 മില്ലിലിറ്റര്‍ വെള്ളത്തില്‍ 75 ഗ്രാം ഗ്ലൂക്കോസ് ചേര്‍ത്ത് കുടിക്കണം. 

അതിനുശേഷം ഒരുമണിക്കൂര്‍ കഴിഞ്ഞും രണ്ടുമണിക്കൂര്‍ കഴിഞ്ഞും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കും. ഭക്ഷണത്തിനുമുന്‍പുള്ള ബ്ലഡ്ഷുഗര്‍ 126-ല്‍ കൂടുതലോ ഗ്ലൂക്കോസ് കുടിച്ചുകഴിഞ്ഞ് രണ്ടുമണിക്കൂറിനുശേഷമുള്ള ബ്ലഡ്ഷുഗര്‍ 200-mg/dl ല്‍ കൂടുതലോ ആണെങ്കില്‍ പി.ഇ.ഡി./പി.ജി.ഡി. ആണെന്നുറപ്പിക്കാം.

diab
Representative Image| Photo: GettyImages

ഭക്ഷണത്തിന് മുന്‍പുള്ള ബ്ലഡ്ഷുഗര്‍ 95-നും 120-നും ഇടയിലോ, ഗ്ലൂക്കോസ് കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് 180 mg/dl-ല്‍ കൂടുതലോ, രണ്ട് മണിക്കൂര്‍ കഴിഞ്ഞ് 153 mg/dl-ല്‍ കൂടുതലോ ആണെങ്കില്‍ ഗര്‍ഭകാല പ്രമേഹം(ജി.ഡി.എം) ആണെന്ന് കണക്കാക്കും.

ഷുഗര്‍ നില ഇതില്‍ കുറവാണെങ്കില്‍ അത് സാധാരണ അവസ്ഥയാണ്. അങ്ങനെയുള്ളവര്‍ ഈ പരിശോധന(ഒ.ജി.ടി.ടി.) 24 ആഴ്ചയെത്തുമ്പോള്‍ വീണ്ടും നടത്തണം.

ആദ്യപരിശോനയ്ക്കെത്തുമ്പോള്‍ എല്ലാ ഗര്‍ഭിണികള്‍ക്കും ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് നടത്താന്‍ കഴിഞ്ഞെന്നുവരില്ല. ഭക്ഷണം കഴിക്കാതെ നടത്തേണ്ട പരിശോധനയായതുകൊണ്ടാണിത്. അത്തരം സാഹചര്യത്തില്‍ 50 ഗ്രാം ഗ്ലൂക്കോസ് നല്‍കി ഒരു മണിക്കൂറിനുശേഷം ഷുഗര്‍നില പരിശോധിക്കും. അപ്പോള്‍ അത് 130-140 mg/dlന് മുകളിലാണെങ്കില്‍ പിന്നീട് ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തേണ്ടതുണ്ട്.

പ്രമേഹമുള്ളവര്‍ ഗര്‍ഭിണിയാകുമ്പോള്‍

പ്രമേഹത്തെ വളരെയധികം ഗൗരവത്തോടെ കാണേണ്ട സമയമാണ് ഗര്‍ഭകാലം. കാരണം, കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ അത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടമായിമാറാം. 

ഗര്‍ഭധാരണത്തിനുശേഷമുള്ള ആദ്യ ആഴ്ചകളിലാണ് കുഞ്ഞിന്റെ അവയവങ്ങള്‍, പ്രത്യേകിച്ച് തലച്ചോര്‍, ഹൃദയം, വൃക്ക തുടങ്ങിയവ രൂപംകൊള്ളുന്നത്. ഈഘട്ടത്തില്‍ ഗര്‍ഭിണിയുടെ ഗ്ലൂക്കോസ് നില സാധാരണനിലയിലായിരിക്കണം. അപ്പോള്‍മാത്രമേ അവയവങ്ങള്‍ ശരിയായരീതിയില്‍ രൂപംകൊള്ളുകയുള്ളൂ. അനിയന്ത്രിതമായ ഗ്ലൂക്കോസ് നില കുഞ്ഞിന് ജന്മനാ ഉള്ള വൈകല്യങ്ങള്‍ക്ക് സാധ്യതകൂട്ടും.

ആര്‍ത്തവം നില്‍ക്കുമ്പോഴായിരിക്കും ഗര്‍ഭിണിയാണെന്ന് പലരും മനസ്സിലാക്കുന്നത്. അപ്പോഴേക്കും കുഞ്ഞിന്റെ അവയവങ്ങള്‍ പകുതി വികസിച്ചുതുടങ്ങിയിരിക്കും. അതുകൊണ്ട് ഗര്‍ഭധാരണത്തിന് തയാറെടുക്കുംമുന്‍പ് തന്നെ പ്രമേഹം നിയന്ത്രണവിധേയമാക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമാണെങ്കില്‍ ഗര്‍ഭാവസ്ഥയുടെ അവസാനത്തെ ത്രൈമാസത്തില്‍ ഗര്‍ഭം അലസാനുള്ള സാധ്യതയും കുഞ്ഞിന് ഗര്‍ഭാശയത്തില്‍വെച്ച് ജീവന്‍ നഷ്ടമാകാനുള്ള സാധ്യതയും കൂടുതലാണ്.

പ്രമേഹമുള്ളവര്‍ ഗര്‍ഭധാരണത്തിന് മൂന്നുമാസം മുമ്പുതന്നെ ഡോക്ടറെ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഷുഗര്‍ നില കൃത്യമായി നിയന്ത്രണത്തില്‍ കൊണ്ടുവരുകയും വേണം. എച്ച്.ബി.എ.വണ്‍ സി 6.5 ശതമാനത്തില്‍ താഴെ നിലനിര്‍ത്തണം. ഷുഗര്‍ നിയന്ത്രണത്തിലാവുന്നതുവരെ ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കണം.

ചികിത്സ എങ്ങനെ

പ്രീ എക്സിസ്റ്റിങ് ഡയബറ്റിസ് ഉണ്ടായാല്‍ എന്‍ഡോക്രൈനോളജിസ്റ്റും ഗൈനക്കോളജിസ്റ്റും ഒരുമിച്ചുള്ള ചികിത്സയാണ് വേണ്ടത്. ഷുഗര്‍നില ഭക്ഷണത്തിനുമുന്‍പ് 95 mg/dl -ല്‍ താഴെയും ഭക്ഷണശേഷം ഒരുമണിക്കൂര്‍ കഴിഞ്ഞ് 140 mg/dl-ല്‍ താഴെയും രണ്ടുമണിക്കൂര്‍ കഴിഞ്ഞ് 120 mg/dl -ല്‍ താഴെയും നിലനിര്‍ത്തുകയാണ് ചികിത്സയുടെ ലക്ഷ്യം.

ഈ സാഹചര്യത്തില്‍ ഭക്ഷണത്തിനു മുന്‍പും ശേഷവുമായി ദിവസം നാലുമുതല്‍ ആറുതവണവരെ ഗ്ലൂക്കോസ് നില പരിശോധിക്കേണ്ടിവരും. ദിവസേന പലപ്രാവശ്യം ഇന്‍സുലിന്‍ കുത്തിവെപ്പുകള്‍ നല്‍കേണ്ടിയും വരും. അതേപോലെ, രക്തത്തിലെ ഗ്ലൂക്കോസ് കുറഞ്ഞുപോകുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധയാവശ്യമാണ്.

ടൈപ്പ് 1 പ്രമേഹമുള്ളവരാണെങ്കില്‍ തുടര്‍ച്ചയായി ഗ്ലൂക്കോസ് നില നിരീക്ഷിക്കാനുള്ള ഉപകരണങ്ങളും ഇന്‍സുലിന്‍ പമ്പും ആവശ്യമായിവരാം.

എച്ച്.ബി.എ.വണ്‍ സി ഗര്‍ഭകാലത്ത് ആറുശതമാനത്തില്‍ താഴെ നിലനിര്‍ത്തണം. മൂന്നുമാസം കൂടുമ്പോള്‍ കണ്ണുകള്‍, വൃക്കയുടെ പ്രവര്‍ത്തനം, മൂത്രത്തിലെ പ്രോട്ടീന്‍ എന്നിവ പരിശോധിക്കണം.

ഗര്‍ഭകാലത്തിന്റെ ആദ്യ കുറച്ച് ആഴ്ചകളില്‍ ഛര്‍ദിയും ഭക്ഷണം കഴിക്കല്‍ കുറയുന്നതും കാരണം ഇന്‍സുലിന്‍ ആവശ്യകത താരതമ്യേന കുറവായിരിക്കും. എന്നാല്‍, പിന്നീടങ്ങോട്ട് രക്തത്തിലെ ഗ്ലൂക്കോസ് നില കൂടിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ നിയന്ത്രിക്കാന്‍ കൂടുതല്‍ പ്രയാസം നേരിടുകയും ചെയ്യും.

diab
Representative Image| Photo: GettyImages

ഗര്‍ഭകാലപ്രമേഹം നല്‍കുന്ന സൂചന

ഗര്‍ഭാവസ്ഥയുടെ ആദ്യപകുതിക്കുശേഷം, അതായത് 24 മുതല്‍ 26 ആഴ്ച വരെയുള്ള കാലത്താണ് ഗര്‍ഭകാലപ്രമേഹം(ജി.ഡി.എം.) കണ്ടുതുടങ്ങുന്നത്. സാധാരണമായി ഇത് പ്രസവശേഷം അപ്രത്യക്ഷമാവുകയും ചെയ്യും. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പ്രമേഹം വരാന്‍ സാധ്യതയുണ്ട്.

ഗര്‍ഭകാലത്ത് സ്വാഭാവികമായും ഒട്ടേറെ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോര്‍മോണുകളില്‍ ചിലത് ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതാണ്. അപ്പോള്‍ കൂടുതല്‍ ഇന്‍സുലിന്‍ ശരീരത്തിന് ആവശ്യമായിവരും. എന്നാല്‍, ചിലരില്‍ ഈസാഹചര്യത്തില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങള്‍ക്ക് കുടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെപോകും. ഇങ്ങനെ ഗര്‍ഭകാലത്ത് ആവശ്യത്തിനനുസരിച്ച് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കഴിയാതെപോകുന്നവരില്‍ ഗര്‍ഭകാലപ്രമേഹം പ്രത്യക്ഷപ്പെടും. ഇങ്ങനെ ഇന്‍സുലിന്‍ ഉത്പാദനത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടവരില്‍ ഭാവിയില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതായത് ഗര്‍ഭകാലപ്രമേഹത്തെ ഭാവിയില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള വലിയ സൂചനയായി കണക്കാക്കാവുന്നതാണ്.

കാരണങ്ങള്‍

തെക്കുകിഴക്കന്‍ ഏഷ്യക്കാരിലും ഇന്ത്യക്കാരിലും ഗര്‍ഭകാലപ്രമേഹം, ടൈപ്പ് 2 പ്രമേഹം എന്നിവ വരാനുള്ള ജനിതകപരമായ സാധ്യതകള്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അമിതവണ്ണം, അടുത്ത രക്തബന്ധമുള്ളവര്‍ക്ക് പ്രമേഹമുണ്ടായിരിക്കുക, മുന്‍പുള്ള ഗര്‍ഭകാലയളവില്‍ പ്രമേഹമുണ്ടായിരിക്കുക, ആദ്യപ്രസവത്തില്‍ ഭാരം കൂടിയ കുഞ്ഞിന് ജന്മം നല്‍കുക, ഗര്‍ഭിണിയുടെ പ്രായം 35 വയസ്സിന് മുകളിലാവുക, ഗര്‍ഭകാലത്ത് തുടര്‍ച്ചയായി അണുബാധയുണ്ടാവുക, ഇടവിട്ടുണ്ടാകുന്ന ഗര്‍ഭച്ഛിദ്രം, പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്, അംനിയോട്ടിക് ദ്രാവകം കൂടുതലായി നിറയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം ഗര്‍ഭകാലപ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ലക്ഷണങ്ങള്‍ കാണാറില്ല

അമിതമായ ദാഹം, വിശപ്പ് അല്ലെങ്കില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ തുടങ്ങിയ ലക്ഷണങ്ങളൊന്നും ഗര്‍ഭകാലപ്രമേഹത്തില്‍ സാധാരണയായി കാണാറില്ല. അതുകൊണ്ട് പരിശോധനയിലൂടെ മാത്രമേ ഗര്‍ഭകാലപ്രമേഹം നിര്‍ണയിക്കാന്‍ സാധിക്കുകയുള്ളൂ. ഗര്‍ഭാവസ്ഥയുടെ തുടക്കത്തിലുള്ള പരിശോധനയില്‍ പ്രമേഹം കണ്ടെത്തിയില്ലെങ്കിലും 24-26 ആഴ്ച ആകുമ്പോള്‍ വീണ്ടും പരിശോധിക്കുക.

പരിശോധനകള്‍ തുടരണം

പ്രമേഹം കൃത്യമായി നിയന്ത്രിച്ചവരില്‍ പരിചരണവും സ്‌കാനിങ് തവണകളുമെല്ലാം പ്രമേഹമില്ലാത്ത ഗര്‍ഭിണികള്‍ക്ക് സമാനമാണ്. എങ്കിലും പ്രമേഹസങ്കീര്‍ണതകളുണ്ടാകുന്നുണ്ടോയെന്ന് സൂക്ഷ്മനിരീക്ഷണം തുടരണം.

ഗര്‍ഭകാലപ്രമേഹമുള്ളവരില്‍ ഓരോ മൂന്നുമാസത്തിലും കണ്ണുകള്‍, വൃക്കകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കണം. ഗര്‍ഭസ്ഥശിശുവിന്റെ ഭാരം വളരെ കൂടുകയോ അംനിയോട്ടിക് ദ്രാവകത്തിന്റെ അളവ് കൂടുകയോ ചെയ്യുന്നുണ്ടെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്.

ഗര്‍ഭാവസ്ഥയുടെ അവസാന ആഴ്ചകളില്‍

ഗര്‍ഭകാലപ്രമേഹമുള്ളവരില്‍ ഗര്‍ഭാവസ്ഥയുടെ അവസാനത്തെ ആഴ്ചകളില്‍ ഗര്‍ഭസ്ഥശിശുവിന്റെ ചലനങ്ങളറിയുന്നതിനുള്ള പരിശോധനകള്‍, നോണ്‍സ്‌ട്രെസ് ടെസ്റ്റ് എന്നിവ ചെയ്യണം.

പ്രമേഹം കൃത്യമായി നിയന്ത്രണത്തിലാണ്, കുഞ്ഞിന് ഭാരക്കൂടുതലില്ല എന്നിങ്ങനെയാണെങ്കില്‍ സാധാരണ പ്രസവം പ്രതീക്ഷിക്കാം. എന്നാല്‍, പ്രമേഹം നിയന്ത്രണത്തിലല്ല, അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളുണ്ട് എങ്കില്‍ മാസം തികയാതെ പ്രസവത്തിന് സാധ്യത കൂടും. ഇത്തരം സാഹചര്യത്തില്‍ കുഞ്ഞിന് ജനനശേഷമുള്ള ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളൊഴിവാക്കാനാവശ്യമായ മരുന്നുകള്‍ നല്‍കേണ്ടിവരും. ഇത് പ്രമേഹനിയന്ത്രണത്തെ ബാധിക്കാം. അതുകൊണ്ട് ഈ കാലയളവില്‍ ഇന്‍സുലിന്‍ ഡോസുകള്‍ വര്‍ധിപ്പിക്കേണ്ടതായും വരാം.

ഭാവിയിലെ പ്രമേഹസാധ്യത തടയാന്‍

പ്രീ എക്സിസ്റ്റിങ് പ്രമേഹമുള്ളവരില്‍ പ്രസവശേഷം ഇന്‍സുലിന്റെ ആവശ്യം 50 ശതമാനത്തോളം കുറയും. ഗര്‍ഭകാല പ്രമേഹമുള്ളവരില്‍ ഭൂരിഭാഗം പേരിലും പ്രസവശേഷം പ്രമേഹം അപ്രത്യക്ഷമാകാറുണ്ട്. എങ്കിലും 50മുതല്‍ 70 ശതമാനംവരെ ആളുകളില്‍ 15 മുതല്‍ 30വരെ വര്‍ഷങ്ങള്‍ക്കുശേഷം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍, ഗര്‍ഭകാലപ്രമേഹമുണ്ടായിരുന്നവര്‍ പ്രസവശേഷം 4-12 ആഴ്ചകള്‍ക്കുള്ളില്‍ ഗ്ലൂക്കോസ് ടോളറന്‍സ് പരിശോധന നടത്തണം. അതിനുശേഷം വര്‍ഷത്തിലൊരിക്കലോ കുറഞ്ഞത് മൂന്നുവര്‍ഷം കൂടുമ്പോഴോ രക്തത്തിലെ ഗ്ലൂക്കോസ് നിരീക്ഷിക്കേണ്ടതുണ്ട്. ഗര്‍ഭകാലപ്രമേഹമുണ്ടായിരുന്നവര്‍ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പാലിക്കണം. അനുയോജ്യമായ ശരീരഭാരം നിലനിര്‍ത്തണം. ജീവിതശൈലിയില്‍ വരുത്തുന്ന ഇത്തരം മാറ്റങ്ങളിലൂടെ 50 ശതമാനം പേരില്‍ ടൈപ്പ് 2 പ്രമേഹം തടയാന്‍ സാധിക്കും.

പ്രമേഹരോഗിയായ അമ്മയുടെ കുഞ്ഞിന് ജനിച്ചയുടന്‍ ചില സങ്കീര്‍ണതകളുണ്ടാകാനുള്ള സാധ്യതയുണ്ട്. ജനനസമയത്ത് രക്തത്തിലെ ഗ്ലൂക്കോസ് കുറഞ്ഞുപോകാതിരിക്കാന്‍ നിയോനാറ്റോളജിസ്റ്റിന്റെ പരിചരണം ആവശ്യമാണ്.

മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കേണ്ടുതുണ്ട്. അത് കുഞ്ഞിനും അമ്മയ്ക്കും സഹായകരമാകും. ഇങ്ങനെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണരീതി, വ്യായാമം എന്നിവ തുടരണം.

ഭക്ഷണം കൊണ്ട് നിയന്ത്രിക്കാനാകുമോ?

ഗര്‍ഭകാലപ്രമേഹം(ജി.ഡി.എം.) കണ്ടെത്തിക്കഴിഞ്ഞാല്‍ രണ്ടാഴ്ച പോഷകാഹാരം(nturition therapy) അടങ്ങിയ ഭക്ഷണം നിര്‍ദേശിക്കും. 80 മുതല്‍ 90 വരെ ശതമാനം പേര്‍ക്കും ഭക്ഷണത്തിലൂടെ മാത്രം ഇത് നിയന്ത്രിക്കാം. ഭക്ഷണം ചെറിയ അളവില്‍ തവണകളായി കഴിച്ചും ഷുഗര്‍ (simple sugars) അടങ്ങിയ ഭക്ഷണം ഒഴിവാക്കിയും ഭക്ഷണം ക്രമീകരിക്കും. ഉദാഹരണമായി മൂന്ന് ഇഡലി രാവിലെ ഒരുനേരം കഴിക്കുന്നുണ്ടെങ്കില്‍ അത് രണ്ട് ഇഡലി രാവിലെ എട്ടുമണിക്കും ഒന്ന് 11 മണിക്കും കഴിക്കുക. മധുരം കൂടിയ പഴങ്ങള്‍ ഒഴികെയുള്ളവ കഴിക്കുക, കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക. മുട്ടയുടെ വെള്ള, മത്സ്യം എന്നിവ ഉള്‍പ്പെടുത്താം. എന്നാല്‍, പാചകത്തിന് കൂടുതല്‍ എണ്ണ ഉപയോഗിക്കരുത്. ബേക്കറിപ്പലഹാരങ്ങള്‍ ഒഴിവാക്കുക. കഴിയുന്നതും സജീവമായിരിക്കാനും നിര്‍ദേശിക്കും.
ഇനി, ഭക്ഷണനിയന്ത്രണത്തിലുടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടതായിവരും. നേരത്തേ പ്രമേഹമുള്ളവരില്‍ ഉപയോഗിക്കുന്ന അത്രയും ഇന്‍സുലിന്‍ ഗര്‍ഭകാലത്തുമാത്രം പ്രമേഹമുള്ളവരില്‍ ആവശ്യമായിവരാറില്ല.

അമ്മയ്ക്കും കുഞ്ഞിനും പ്രയാസങ്ങള്‍ ഒഴിവാക്കാം

ഗര്‍ഭിണിയായിരിക്കെ ഷുഗര്‍നില കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ അത് അമ്മയ്ക്കും കുഞ്ഞിനും പല സങ്കീര്‍ണതകള്‍ ഉണ്ടാക്കും. 

അമ്മയ്ക്കുണ്ടാകുന്ന പ്രയാസങ്ങള്‍

 • ഗര്‍ഭാവസ്ഥയിലുള്ള അമിത ബി.പി. അല്ലെങ്കില്‍ പ്രീ എക്ലാംസിയ.
 • മാസം തികയാതെയുള്ള പ്രസവം(37 ആഴ്ചയ്ക്കു മുന്‍പുള്ള പ്രസവം)
 • ഗര്‍ഭം അലസാനുള്ള സാധ്യത
 • പോളിഹൈഡ്രാംനിയോസ്(അംനിയോട്ടിക് ദ്രാവകം കൂടുന്ന അവസ്ഥ)
 • ഗര്‍ഭിണിയായിരിക്കുമ്പോള്‍ രക്തസ്രാവം( ആന്റിപാര്‍ട്ടം ഹെമറേജ്)
 • അണുബാധ, പ്രത്യേകിച്ച് മൂത്രാശയ അണുബാധ, വജൈനല്‍ കാന്‍ഡിഡിയാസിസ്(യോനിയിലെ പൂപ്പല്‍)
 • ഭാരക്കൂടുതലുള്ള കുഞ്ഞിനെ പ്രസവിക്കുമ്പോഴുണ്ടാകുന്ന സങ്കീര്‍ണതകള്‍
 • സിസേറിയന്‍, വാക്വം ഡെലിവറി തുടങ്ങിയവ വേണ്ടിവരുമ്പോഴുള്ള പ്രയാസങ്ങള്‍

കുഞ്ഞിനുണ്ടാകുന്ന പ്രയാസങ്ങള്‍

 • ഭാരം കൂടുതലുള്ള കുഞ്ഞ്(നാല് കിലോയില്‍ കൂടുതല്‍)
 • ജന്‍മവൈകല്യങ്ങള്‍(ഹൃദയവൈകല്യങ്ങള്‍, നാഡി സംബന്ധമായ വൈകല്യങ്ങള്‍)
 • ഗര്‍ഭപാത്രത്തില്‍ വെച്ച് കുഞ്ഞിന് ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യത
 • കുഞ്ഞിന് വലുപ്പക്കൂടുതലുണ്ടാകുമ്പോള്‍ ഷോള്‍ഡര്‍ ഡിസ്റ്റോസിയ പോലുള്ള ജനനസമയത്തെ പരിക്കുകള്‍ സംഭവിക്കാം. 
 • നവജാത ശിശുക്കളില്‍ ഗ്ലൂക്കോസ് അളവ് കുറയുക, കാത്സ്യം കുറയുക, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകാം. 

ഇന്‍സുലിനാണ് ഉചിതം

ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ടൈപ്പ് 2 പ്രമേഹമുള്ളവര്‍ അത് നിയന്ത്രിക്കാന്‍ ഗുളികകളായിരിക്കും കഴിക്കുന്നത്. എന്നാല്‍, ഗര്‍ഭകാലത്തും അതിന് മൂന്നുമാസം മുന്‍പും പ്രമേഹം നിയന്ത്രിക്കാന്‍ ഇന്‍സിലിനാണ് ഉചിതം. 

ഗ്ലൂക്കോമീറ്ററുപയോഗിച്ച് ദിവസവും നാലുമുതല്‍ ആറുതവണ വരെ രക്തത്തിലെ ഗ്ലൂക്കോസ് നില നിരീക്ഷിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ചിലപ്പോള്‍ ഇന്‍സുലിന്‍ 3-4 കുത്തിവെപ്പുകളായി എടുക്കേണ്ടി വന്നേക്കാം. ഇന്‍സുലിന്‍ കുത്തിവെപ്പുകള്‍ എടുക്കുന്നതിനും ഗ്ലൂക്കോമീറ്ററുകള്‍ ഉപയോഗിക്കുന്നതിനുമുള്ള ശരിയായ അറിവുണ്ടാകണം. 

diab
Representative Image| Photo: GettyImages

ടൈപ്പ് 1 പ്രമേഹബാധിതര്‍ എപ്പോഴും ഇന്‍സുലിന്‍ ചികിത്സയിലായിരിക്കും. ഗര്‍ഭധാരണം ആയൂത്രണം ചെയ്യുന്ന ടൈപ്പ് 1 പ്രമേഹരോഗികള്‍ അവരുടെ പ്രമേഹത്തെ കര്‍ശനമായി നിയന്ത്രിക്കുന്നതിന് ചിലപ്പോള്‍ ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കേണ്ടതായി വരാം. മാത്രമല്ല, അമിത ബി.പി., കൊളസ്‌ട്രോള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. 

 • പ്രമേഹസങ്കീര്‍ണതകള്‍ ഉള്ളവരില്‍ ഗര്‍ഭകാലത്ത് അത് കൂടുതല്‍ പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണിയാകുന്നതിനു മുന്‍പുതന്നെ പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. 
 • പ്രമേഹമുള്ള എല്ലാ ഗര്‍ഭിണികളും ഫോളിക് ആസിഡ് സപ്ലിമെന്റ് കഴിക്കേണ്ടതുണ്ട്. തൈറോയ്ഡ് പ്രവര്‍ത്തനം സാധാരണനിലയിലാണെന്ന് ഉറപ്പുവരുത്തുകയും വേണം. 
 • വിറ്റാമിന്‍ ഡി നിലയും ഗര്‍ഭിണിയാകുന്നതിന് മുന്‍പ് സാധാരണ നിലയിലായിരിക്കണം. 
 • കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ശീലമാക്കണം. അമിതവണ്ണമുണ്ടെങ്കില്‍ അത് കുറയ്ക്കണം.

(കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സെന്റര്‍ ഫോര്‍ എന്‍ഡോക്രൈനോളജി & ഡയബറ്റിസ് വിഭാഗം ക്ലിനിക്കല്‍ പ്രൊഫസറാണ് ലേഖിക) 

Content Highlights: World Diabetes Day 2021, What is gestational diabetes, How to control gestational diabetes

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌