മലപ്പുറം: കേരളീയരില്‍ 11 മുതല്‍ 20 വരെ ശതമാനം പേര്‍ക്ക് പ്രമേഹമുണ്ടെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയുടെ (8.9 ശതമാനം) ഇരട്ടിയാണ്. രോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കാത്തതും തെറ്റായ വിവരങ്ങള്‍ രോഗനിയന്ത്രണത്തിനുള്ള മാര്‍ഗങ്ങളായി സ്വീകരിക്കുന്നതും രോഗം സങ്കീര്‍ണമാക്കുന്നു.

ചില തെറ്റിദ്ധാരണകളും യാഥാര്‍ഥ്യവും

 • തടി കൂടുതലുള്ളവര്‍ക്കു മാത്രമേ രോഗം ബാധിക്കൂവെന്നത് തെറ്റിദ്ധാരണയാണ്. അധികവണ്ണം ടൈപ്പ്-2 പ്രമേഹം വരാനുള്ള ഒരു പ്രധാന കാരണമാണ്. ചിലര്‍ക്ക് ജന്മനാ പാന്‍ക്രിയാസിന്റെ ബീറ്റാ സെല്ലുകളുടെ ശക്തിക്കുറവുണ്ടാകാം. അവര്‍ക്ക് അധിക വണ്ണമില്ലെങ്കിലും പ്രമേഹമുണ്ടാകും.
 • പ്രായമായവര്‍ക്കേ പ്രമേഹം ബാധിക്കൂ എന്ന ധാരണ ശരിയല്ല. ഏതു പ്രായത്തിലും രോഗംവരാം.
 • പ്രമേഹ മരുന്നുകള്‍ വൃക്കയ്ക്കും കരളിനും ദോഷംചെയ്യുമെന്നത് ശരിയല്ല. ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് ലൈസന്‍സ് കിട്ടണമെങ്കില്‍ അത് ദീര്‍ഘകാലം കഴിച്ചാല്‍ പാര്‍ശ്വഫലങ്ങളില്ലെന്നു തെളിയിക്കണം. അത്തരം മരുന്നുകള്‍ വൃക്കയെയും കരളിനെയും സംരക്ഷിക്കാനുള്ള തരത്തിലുള്ളവയുമായിരിക്കും. എന്നാല്‍, മരുന്ന് കഴിക്കാതെ പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്ട്രോളും അധികമായി നിന്നാല്‍ ഈ അവയവങ്ങള്‍ക്ക് തകരാറുണ്ടാകും.
 • വ്യായാമംകൊണ്ടുമാത്രം പ്രമേഹത്തെ നിയന്ത്രിക്കാനാകില്ല. ജീവിതശൈലികൊണ്ട് രോഗം വരുകയാണെങ്കില്‍ വ്യായാമവും ഭക്ഷണനിയന്ത്രണവും കൊണ്ട് ഒരു പരിധിവരെ നിയന്ത്രിക്കാം.
 • മധുരം കൂടുതല്‍ കഴിച്ചാല്‍ പ്രമേഹസാധ്യത ഉണ്ടെന്നത് പൂര്‍ണമായും തെറ്റല്ല. മധുരം, മാങ്ങയും ചക്കയുമടക്കമുള്ള അതിമധുരമുള്ള പഴങ്ങള്‍ കഴിക്കുമ്പോള്‍ പാന്‍ക്രിയാസിന് സമ്മര്‍ദമുണ്ടാവുകയും പ്രമേഹത്തിലേക്കു നയിക്കുകയും ചെയ്യാം.
 • പ്രമേഹബാധിതരുടെയെല്ലാം കാല് മുറിക്കേണ്ടിവരില്ല. എന്നാല്‍, അപകടങ്ങളിലല്ലാതെ കാല് മുറിക്കേണ്ടിവരുന്നതിന് പ്രധാന കാരണം പ്രമേഹമാണ്. പ്രമേഹത്താലുണ്ടാകുന്ന അന്ധത രോഗം നിയന്ത്രിച്ചുകൊണ്ട് ഒഴിവാക്കാം.
 • പ്രമേഹത്തിന് ശര്‍ക്കര കഴിക്കാം എന്ന ധാരണ തെറ്റാണ്. ഇതിലും ഗ്ലൂക്കോസുണ്ട്.
 • പച്ചച്ചക്ക പ്രമേഹത്തിന് നല്ലതാണെന്നു പറയാനാകില്ല. മൂത്ത ചക്കയില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ് ഉണ്ട്. ഇത് സങ്കീര്‍ണരൂപത്തിലുള്ള പഞ്ചസാരയാണ്. ഇത് ആഗിരണം ചെയ്യുമ്പോള്‍ പഞ്ചസാരയായി ശരീരത്തിലെത്തും.
 • പഴുത്ത പഴങ്ങള്‍ കഴിക്കാനേ പാടില്ലെന്നത് തെറ്റാണ്. ചക്ക, മാങ്ങ, ഈന്തപ്പഴം, സപ്പോട്ട, മുന്തിരി, കൈതച്ചക്ക ഇവ ഒഴിവാക്കണം. ആപ്പിള്‍, ഓറഞ്ച്, മുസംബി തുടങ്ങി അതിമധുരമില്ലാത്തവ കഴിക്കാം. ഭക്ഷണം കഴിച്ചതിന്റെ കൂടെ കഴിക്കരുത്. പകരമായാണ് കഴിക്കേണ്ടത്.
 • ചക്കരക്കൊല്ലി പ്രമേഹം മാറ്റുമെന്നത് തെറ്റാണ്. ഇത് നാവില്‍ മധുരം അനുഭവിപ്പിക്കുന്നത് കുറയ്ക്കുമെന്നേയുള്ളൂ.
 • മധുരം തീരെ കഴിച്ചില്ലെങ്കില്‍ ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കില്ലെന്നത് തെറ്റിദ്ധാരണയാണ്. അന്നജം അടങ്ങിയ ഭക്ഷണം വയറിലെത്തി ദഹിക്കുമ്പോള്‍ ഗ്ലൂക്കോസായി മാറുന്നുണ്ട്. ഏതു രീതിയില്‍ ഗ്ലൂക്കോസ് ചെന്നാലും ഇന്‍സുലിന്‍ സ്രവിപ്പിക്കുന്ന പ്രക്രിയ നടക്കും.
 • അരിഭക്ഷണത്തിനു പകരം അതേ അളവില്‍ ഗോതമ്പ് കഴിച്ചാല്‍ പ്രശ്‌നമില്ലെന്നത് തെറ്റാണ്. രണ്ടിലുമുള്ളത് അന്നജമാണ്. ഗോതമ്പില്‍ കൂടുതല്‍ നാരുകളുണ്ടെന്നേയുള്ളൂ.
 • അച്ഛനും അമ്മയ്ക്കും രോഗമില്ലാത്തതുകൊണ്ട് രോഗം വരില്ലെന്നു പറയാനാകില്ല. ജീവിതശൈലി കൊണ്ടും രോഗംവരാം.
 • പ്രമേഹരോഗികള്‍ക്ക് പ്രത്യേക ഭക്ഷണം വേണ്ട. അന്നജവും കൊഴുപ്പും കുറഞ്ഞ, പച്ചക്കറികളും പഴങ്ങളും ആവശ്യത്തിനടങ്ങിയ ഭക്ഷണമാണ് വേണ്ടത്.
 • പ്രമേഹബാധിതര്‍ക്ക് അധിക വ്യായാമം വേണമെന്നില്ല. ദിവസം 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍വരെ ലളിത വ്യായാമം മതി.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. പി. സുരേഷ് കുമാര്‍, പ്രമേഹരോഗ വിദഗ്ധന്‍, കോഴിക്കോട്

Content Highlights: World Diabetes day 2021, What is diabetes