നുഷ്യന്റെ ആരോഗ്യം തകര്‍ക്കുന്ന ജീവിതശൈലീരോഗങ്ങളില്‍ മുന്‍പന്തിയിലാണ് പ്രമേഹത്തിന്റെ സ്ഥാനം. പ്രമേഹം ശരീരത്തിലെ പ്രധാന അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും എന്നതാണ് വെല്ലുവിളി. സങ്കീര്‍ണതകള്‍ ആരംഭത്തില്‍ത്തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ അപകടം സംഭവിക്കാനുള്ള സാധ്യതയേറെയാണ്. പ്രമേഹരോഗിയെ മാറാരോഗിയാക്കുന്നതും സാമ്പത്തികമായി തകര്‍ക്കുന്നതും ഇത്തരം സങ്കീര്‍ണപ്രശ്നങ്ങളാണ്. അതിനാല്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും പ്രാധാന്യമേറെയാണ്.

സങ്കീര്‍ണതകള്‍ രണ്ടുതരം

പ്രമേഹം കണ്ടെത്തിയാല്‍ രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയാണ് പ്രധാന ചികിത്സാരീതി. എന്നാല്‍ സങ്കീര്‍ണതകളുണ്ടായാല്‍ ചികിത്സാരീതിയില്‍ മാറ്റംവരും. സങ്കീര്‍ണതകളുടെ സ്വഭാവമനുസരിച്ച് പൊതുവെ ഇതിനെ രണ്ടായി തരംതിരിക്കാം.
1. മെറ്റാബോളിക് കോംപ്ലിക്കേഷന്‍ അഥവാ പെട്ടെന്നുണ്ടാകുന്ന സങ്കീര്‍ണതകള്‍.
2. ക്രോണിക് കോംപ്ലിക്കേഷന്‍ അഥവാ കാലക്രമേണ സംഭവിക്കുന്ന സങ്കീര്‍ണതകള്‍.
പ്രമേഹം കൂടുമ്പോഴുണ്ടാകുന്ന ഡയബറ്റിക് കീറ്റോ അസിഡോസിസ്, ഹൈപ്പര്‍ ഓസ്‌മോളാര്‍ നോണ്‍ കീറ്റോട്ടിക് കോമ, പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപ്പോ ഗ്ലൈസീമിക് കോമ എന്നീ അവസ്ഥകളാണ് പെട്ടെന്ന് സംഭവിക്കുന്ന സങ്കീര്‍ണതകളായി പരിഗണിക്കുന്നത്.

പെട്ടെന്നുണ്ടാകുന്ന പ്രമേഹസങ്കീര്‍ണതകളില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ഡയബറ്റിക് കീറ്റോ അസിഡോസിസ് രോഗം. ഇതിനെ ഡയബറ്റിക് കോമ എന്നും പറയാറുണ്ട്.  

റെറ്റിനോപതി, ന്യൂറോപതി, നെഫ്രോപതി, ഹൃദ്രോഗം, തലച്ചോറിലെ കേടുകള്‍ മൂലമുള്ള സ്‌ട്രോക്ക്, ഡയബറ്റിക് ഫുട്ട് രോഗങ്ങള്‍ എന്നിവ കാലക്രമേണ സംഭവിക്കുന്ന സങ്കീര്‍ണതകളായി കണക്കാക്കുന്നു.

പഞ്ചസാരയുടെ അളവ് കൂടിയാല്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫാസ്റ്റിങ് സമയത്ത് 70 മുതല്‍ 100 വരെയും ആഹാരശേഷം 100 മുതല്‍ 140 വരെയുമാണ് സാധാരണം. ഇത് കൂടുമ്പോള്‍ പ്രമേഹ പൂര്‍വാവസ്ഥയിലേക്കും പ്രമേഹത്തിലേക്കും കടക്കുന്നു. ഇങ്ങനെ അളവ് വര്‍ധിക്കുമ്പോള്‍ സാധാരണഗതിയിലാക്കാനായി ഇന്‍സുലിനുണ്ടാക്കുന്ന ഗുളികകളും ഇന്‍സുലിനും ഉപയോഗിക്കുന്നു.
അണുബാധ വരുമ്പോഴും മരുന്നുകള്‍/ഇന്‍സുലിന്‍ കുത്തിവയ്പ് മുടങ്ങുമ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി ഉയരാറുണ്ട് (300 മുതല്‍ 500 വരെ). ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വന്‍തോതില്‍ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും കോശങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഊര്‍ജമില്ലാതാവുകയും ചെയ്യും. അങ്ങനെ സംഭവിക്കുമ്പോള്‍ ശരീരത്തിലെ കൊഴുപ്പുകളില്‍നിന്ന് കോശങ്ങള്‍ ഊര്‍ജമുണ്ടാക്കാന്‍ തുടങ്ങും.

കൊഴുപ്പുകളില്‍നിന്ന് ഊര്‍ജമുണ്ടാക്കുമ്പോള്‍ അസറ്റോണ്‍ എന്ന ലവണം കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടും. അസറ്റോണ്‍ ആസിഡ് ലവണമായതുകൊണ്ട് ശരീരത്തിന്റെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ, രക്തത്തിലെ പി.എച്ച് വളരെ അസിഡിക്കായിമാറുകയും ചെയ്യും.

രക്തത്തിലെ പി.എച്ച് അസിഡിക്കാകുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ഓര്‍മശക്തി കുറയുകയും ചെയ്യും. അതിനാല്‍ രോഗി അബോധാവസ്ഥയിലാകാനുള്ള സാധ്യതയുണ്ട്. അതിനാലാണ് ഈ രോഗത്തെ ഡയബറ്റിക് കോമ എന്ന് മെഡിക്കല്‍ സയന്‍സ് വിളിക്കുന്നത്. കൃത്യസമയത്ത് കണ്ടുപിടിക്കുകയും ശരിയായ ചികിത്സ നല്‍കുകയും ചെയ്താല്‍ രോഗി രക്ഷപ്പെടും. അല്ലാത്തപക്ഷം ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്. പ്രധാനമായും ഈ അവസ്ഥ ഇന്‍സുലിന്‍ ആവശ്യമുള്ള ടൈപ്പ് 1 പ്രമേഹരോഗികളിലാണ് കാണുന്നത്. ഈ അവസ്ഥയ്ക്ക് പ്രധാന കാരണം ആവശ്യത്തിനുള്ള ഇന്‍സുലിന്‍ ഇല്ലാതെവരുന്നതും വെള്ളത്തിന്റെ അംശം കുറയുന്നതുമാണ്.

പഞ്ചസാരയുടെ അളവ് കുറഞ്ഞാല്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറയുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. രക്തത്തിലെ പഞ്ചസാര 70 mg ക്ക് താഴെ വരുകയാണെങ്കില്‍ അതിനെ കാഠിന്യം കുറഞ്ഞ ഹൈപ്പോഗ്ലൈസീമിയ എന്ന് പറയും. പഞ്ചസാരയുടെ അളവ് 55 mg ക്കും താഴെയായാല്‍ തീവ്രപരിചരണം ആവശ്യമായിവരും. 45 mg യിലും താഴുമ്പോള്‍ രോഗി അബോധാവസ്ഥയിലാകും. ചെറിയ ഹൈപ്പോഗ്ലൈസീമിയ ആരംഭത്തിലേ കണ്ടുപിടിക്കുകയും പ്രതിവിധിയായി ഗ്ലൂക്കോസുള്ള ആഹാരം കഴിക്കുകയും ചെയ്താല്‍ രോഗം ഭേദപ്പെടും. പക്ഷേ, കഠിനമാണെങ്കില്‍ മറ്റൊരാളുടെ സഹായം ആവശ്യമായിവരികയും ചിലപ്പോള്‍ ആശുപത്രിയിലെത്തിച്ച് ചികിത്സയ്ക്ക് വിധേയമാകേണ്ടതായും വരും.

കാരണങ്ങള്‍:
1. പ്രമേഹരോഗമരുന്ന് കഴിക്കുന്ന വ്യക്തി കൃത്യമായ സമയത്ത് ആഹാരം കഴിക്കാതിരിക്കുക.
2. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും പ്രമേഹം നിയന്ത്രണത്തിലാവുകയുംചെയ്തിട്ടും മരുന്നുകളില്‍ മാറ്റങ്ങള്‍ വരുത്താതിരിക്കുക.
3. സാധാരണ ചെയ്യാത്ത ശാരീരികാധ്വാനം ചെയ്യുക.

എല്ലാ പ്രമേഹരോഗികളും ചികിത്സതുടങ്ങുമ്പോള്‍, രക്തത്തിലെ പഞ്ചസാര കുറഞ്ഞുവരുന്ന അവസ്ഥ അഥവാ ഹൈപ്പോഗ്ലൈസീമിയയെപ്പറ്റി നല്ലവണ്ണം അറിഞ്ഞിരിക്കണം.

ഇന്‍സുലിന്‍ കുറയുകയും വെള്ളം കുടിക്കാതിരിക്കുകയും ചെയ്താല്‍

ടൈപ്പ് 2 പ്രമേഹരോഗികളില്‍ ഇന്‍സുലിന്റെ അളവ് ആവശ്യത്തിന് ഇല്ലാതെവരികയും അവര്‍ ആവശ്യത്തിന് വെള്ളം കുടിക്കാതെവരികയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് ഡയബറ്റിക് ഹൈപ്പര്‍ ഓസ്‌മോളാര്‍ നോണ്‍ കീറ്റോട്ടിക് കോമ. കീറ്റോ അസിഡോട്ടിക് കോമയില്‍നിന്നു വ്യത്യസ്തമാണ് ഈ അവസ്ഥ. ഇവിടെ കൊഴുപ്പുകളില്‍നിന്ന് അസറ്റോണ്‍ എന്ന കെമിക്കല്‍ ഉണ്ടാകുന്നില്ല. അതുകൊണ്ട് രക്തത്തിലെ പി.എച്ച്-ല്‍ കാര്യമായ വ്യത്യാസം വരില്ല. എന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയും (600 മുതല്‍ 800 വരെ), രക്തത്തിന്റെ കട്ടി വളരെ കൂടുകയും ചെയ്യുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും രോഗിയുടെ ഓര്‍മ നഷ്ടപ്പെടുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും.

ചികിത്സ

ആവശ്യത്തിനുള്ള വെള്ളം ഞരമ്പുകളില്‍ക്കൂടി നല്‍കി രക്തത്തിന്റെ കട്ടി അഥവാ ഓസ്‌മോളാലിറ്റി കുറയ്ക്കുന്നതാണ് ചികിത്സാരീതി. വളരെ ചെറിയതോതിലുള്ള ഇന്‍സുലിന്‍ മാത്രമേ ഇതിനാവശ്യമുള്ളൂ. ആരംഭത്തിലേ കണ്ടുപിടിക്കുകയും ആവശ്യത്തിനുള്ള ഫ്ളൂയിഡ് കൊടുക്കുകയും ചെയ്തില്ലങ്കില്‍ ജീവഹാനി വരെ സംഭവിക്കാം.

വിശപ്പ് കുറഞ്ഞെന്ന് കരുതി ഇന്‍സുലിന്‍ അളവ് കുറയ്ക്കരുത്

ഡയബറ്റിക് കീറ്റോ അസിഡോസിസ് ഉള്ളവരില്‍ ശരീരത്തിന് ആവശ്യമായ വെള്ളവും ഉപ്പും മറ്റ് ലവണങ്ങളും ലഭ്യമാക്കുകയും ആവശ്യത്തിനുള്ള ഇന്‍സുലിന്‍ നല്‍കുകയും ചെയ്താല്‍ രോഗം ഭേദമാക്കാനാകും. അതിഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ നിരന്തര ജാഗ്രത ആവശ്യമാണ്. ഇന്‍സുലിന്‍ അത്യാവശ്യമുള്ള ടൈപ്പ് വണ്‍ പ്രമേഹരോഗികള്‍ ഒരു കാരണവശാലും ഇന്‍ജെക്ഷന്‍ മുടക്കാന്‍ പാടില്ല. അസുഖങ്ങള്‍ വരുമ്പോള്‍, വിശപ്പ് കുറയുന്നതിനാല്‍ ഇന്‍സുലിന്റെ അളവ് കുറയ്ക്കരുത്. വലിയയ അണുബാധ പിടിപെടുന്ന ടൈപ്പ് 2 പ്രമേഹരോഗികളില്‍ ഡയബറ്റിക് കീറ്റോ അസിഡോസിസ് രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

(കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി എന്‍ഡോക്രൈനോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

Content Highlights: World Diabetes Day 2021, What are the complications of uncontrolled diabetes

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌