ലോകത്തെമ്പാടും എന്നപോലെ നമ്മുടെ രാജ്യത്തും അമിതവണ്ണവും പ്രമേഹവും പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുകയാണ്. അര നൂറ്റാണ്ടിനുമുന്‍പ് സമ്പന്നരായ പാശ്ചാത്യരില്‍ കണ്ടുവന്ന 'സമ്പന്ന രോഗം' എന്ന ഓമനപ്പേരിനാല്‍ അറിയപ്പെട്ട 'പ്രമേഹം' ഇന്ന് ഏത് സാമൂഹികാവസ്ഥയിലുള്ളവര്‍ക്കും വരാമെന്നായി. മുന്‍കാലങ്ങളില്‍ മുതിര്‍ന്നവരില്‍മാത്രം കണ്ടുവന്നിരുന്ന ടൈപ്പ് 2 പ്രമേഹരോഗം ഇന്ന് സ്‌കൂള്‍കുട്ടികളില്‍പോലും കണ്ടുതുടങ്ങിയിരിക്കുന്നു.

2030 ആകുന്നതോടെ 47.2 കോടിയിലധികം പ്രമേഹരോഗികളും 200 കോടിയിലധികം അമിതവണ്ണക്കാരും ഭൂമിയിലുണ്ടാകും എന്നാണ് ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍ (IDF) പ്രവചിക്കുന്നത്. അതില്‍ 60 ശതമാനവും ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ ഭൂഖണ്ഡത്തിലായിരിക്കും എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ആഗോള ചികിത്സാചെലവിന്റെ 12 ശതമാനത്തിലധികം ചെലവഴിക്കപ്പെടുന്നത് പ്രമേഹത്തിനും അനുബന്ധ ചികിത്സകള്‍ക്കുമാണ്.

വികസ്വര രാജ്യങ്ങളില്‍ മറ്റുമേഖലകളിലെ നേട്ടങ്ങളെപ്പോലും മങ്ങലേല്‍പ്പിക്കാന്‍ പോന്ന പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറിയിരിക്കുകയാണ് പ്രമേഹമടക്കമുള്ള ജീവിതശൈലിരോഗങ്ങള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ളത് ചൈനയിലാണ്. രണ്ടാംസ്ഥാനം ഇന്ത്യയ്്ക്കും. കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറുകയാണ്. മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാളെന്ന നിലയിലേക്ക് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്.

നമുക്ക് തടയാവുന്നതും തടയാന്‍ കഴിയാത്തതും

അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ്, ഉയര്‍ന്ന മാനസിക സമ്മര്‍ദം, പുകവലി, മദ്യപാനം, അധിക രക്തസമ്മര്‍ദം മുതലായ പല ഘടകങ്ങള്‍ക്കൊപ്പം പ്രമേഹസാധ്യത കൂടിയ ജനിതകഘടനകൂടി ചേരുമ്പോഴാണ് രോഗമുണ്ടാകുന്നത്. പ്രമേഹരോഗികളില്‍ 80 ശതമാനംപേരിലും ഫലപ്രദമായ ഇടപെടലുണ്ടെങ്കില്‍ രോഗം തടയാം എന്നുള്ളത് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഈ രോഗപ്രതിരോധ മാര്‍ഗങ്ങളെപ്പറ്റി മനസ്സിലാക്കണമെങ്കില്‍ രോഗകാരണങ്ങളെപ്പറ്റി കൂടുതല്‍ അറിയേണ്ടതുണ്ട്.

രോഗകാരണങ്ങളെ അല്ലെങ്കില്‍ നമ്മെ രോഗത്തിലേക്ക് നയിക്കുന്ന ആപത്ഘടകങ്ങളെ (Risk factors) രണ്ടായി തരം തിരിക്കാം. നമുക്ക് തടയാനോ അല്ലെങ്കില്‍ തിരുത്താനോ കഴിയുന്നവയും (Modifiable risk factors) നമുക്ക് മാറ്റാനോ തടയാനോ കഴിയാത്തവയും (non modifiable risk factors). ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ഏഷ്യന്‍ വംശജര്‍ക്ക് പ്രമേഹരോഗസാധ്യത കൂടുതലാണ്. അതുപോലെ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍, ചെറുപ്പക്കാരെ അപേക്ഷിച്ച് മുതിര്‍ന്നവര്‍, മാതാപിതാക്കള്‍ക്ക് രോഗം ഉണ്ടെങ്കില്‍ അവരുടെ കുട്ടികള്‍, ജനനഭാരം തീരെ കുറഞ്ഞ കുട്ടികള്‍, ജനനഭാരം അധികമായ കുട്ടികള്‍ മുതലായവര്‍ക്കൊക്കെ പ്രമേഹരോഗ സാധ്യത കൂടുതലാണ്. എന്നാല്‍ ഇവയൊന്നുംതന്നെ നമുക്ക് മാറ്റാന്‍ കഴിയാത്തവയാണ്.

അമിതഭാരമുള്ളവര്‍, ശാരീരിക വ്യായാമം കുറഞ്ഞവര്‍, അനാരോഗ്യകരമായ ഭക്ഷണരീതി സ്വീകരിക്കുന്നവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍, പുകവലി, മദ്യപാനശീലങ്ങള്‍ ഉള്ളവര്‍ തുടങ്ങിയ വിഭാഗക്കാരില്‍ പ്രമേഹസാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഈ ആപത്ഘടകങ്ങള്‍ നമുക്ക് പ്രതിരോധിക്കാനോ അല്ലെങ്കില്‍ തിരുത്തുവാനോ കഴിയുന്നവയാണ്. അതുകൊണ്ടുതന്നെ ഈ ആപത് ഘടകങ്ങള്‍ യഥാസമയം നിയന്ത്രിച്ചും പ്രമേഹം വന്നാല്‍തന്നെ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചും സാധാരണ ജീവിതം സാധ്യമാക്കാം.

ഇന്ന് ലോകത്ത് പ്രമേഹരോഗികളില്‍ പകുതിയിലേറെ പേര്‍ അവര്‍ക്ക് രോഗമുണ്ട് എന്ന വസ്തുത അറിയാത്തവരാണ്. പ്രമേഹം തടയാന്‍ ഈ അഞ്ച് കാര്യങ്ങള്‍ പിന്തുടരാം. 

1) നിത്യവ്യായാമം ശീലിക്കുക

കേരളത്തില്‍ നാമമാത്രമായ ആളുകള്‍ മാത്രമാണ് നല്ല ശാരീരിക അധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നത്. വളരെ കുറച്ചുപേര്‍ മാത്രമേ ആരോഗ്യം സംരക്ഷിക്കാനായി നിത്യവ്യായാമത്തിലേര്‍പ്പെടാറുള്ളൂ. ദിവസവും രണ്ടുമണിക്കൂര്‍ ടി.വി. കാണുന്നവരില്‍ പ്രമേഹസാധ്യത 14 ശതമാനം വര്‍ധിക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ദിവസവും രണ്ടുമണിക്കൂര്‍ വീട്ടുജോലികളില്‍ വ്യാപൃതരാകുകയോ വീട്ടില്‍ ചുറ്റി നടക്കുകയോ ചെയ്താല്‍ രോഗസാധ്യത 12 ശതമാനം കുറയും. അതുപോലെ ദിവസവും ഒരുമണിക്കൂര്‍ വേഗത്തില്‍ നടക്കുന്നത് പ്രമേഹരോഗ സാധ്യത 34 ശതമാനം കുറയ്ക്കുന്നു.

സാധാരണ ചെയ്യാറുള്ള വീട്ടുജോലികളോ വ്യായാമമോ മാറ്റിവെച്ചാണ് നമ്മള്‍ പലപ്പോഴും ടി.വി., മൊബൈല്‍ മുതലായവയില്‍ മുഴുകുന്നത്. പലപ്പോഴും ആസമയം ലഘുഭക്ഷണം, മധുരപാനീയങ്ങള്‍, എണ്ണയില്‍ പൊരിച്ച പലഹാരങ്ങള്‍ മുതലായവ കഴിക്കുകയും ചെയ്യുന്നു.

2) ആരോഗ്യദായകമാക്കാം ഭക്ഷണരീതി

പരമ്പരാഗതമായ ഭക്ഷണരീതിയില്‍ തവിട് കളയാത്ത അരിയും സംസ്‌കരിക്കാത്ത ഗോതമ്പും പച്ചക്കറികളും പഴവര്‍ഗങ്ങളും ഒക്കെ ധാരാളം ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തവിടുകളഞ്ഞ് മിനുക്കിയ അരിയും സംസ്‌കരിച്ച ഗോതമ്പും (മൈദ) സംസ്‌കരിച്ചതും അല്ലാത്തതുമായ മാംസ്യവും കൊഴുപ്പും ട്രാന്‍സ്ഫാറ്റും അടങ്ങിയ ജങ്ക്ഫുഡുകളും അടക്കം പോഷകം കുറഞ്ഞതും, എന്നാല്‍ കലോറി കൂടിയതുമായ ഭക്ഷ്യവസ്തുക്കളാണ് നമ്മള്‍ അധികവും ഉപയോഗിക്കുന്നത്. ഇവ അമിതവണ്ണത്തിനും മറ്റ് ജീവിതശൈലിരോഗങ്ങള്‍ക്കും വഴിയൊരുക്കും. തവിടില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് പ്രമേഹ സാധ്യത കുറയ്ക്കും.

കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടുകളായി ആഹാരത്തില്‍ മാംസ്യത്തില്‍നിന്ന് ലഭിച്ചിരുന്ന ഊര്‍ജം 9.3 ശതമാനത്തില്‍ നിന്ന് 15 ശതമാനമായും കൊഴുപ്പില്‍നിന്ന് കിട്ടിയിരുന്ന ഊര്‍ജം 22 ശതമാനത്തില്‍നിന്ന് 30 ശതമാനമായും ഉയര്‍ന്നു. പ്രമേഹം, ഹൃദ്രോഗ സാധ്യതകള്‍ എന്നിവ ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിവുള്ള ട്രാന്‍സ് ഫാറ്റ്, ഫാസ്റ്റ് ഫുഡുകളില്‍ വളരെ കൂടുതലാണ്.

3) ശരീരഭാരം കുറയ്ക്കുക

ആഹാരം (ഊര്‍ജം) കുറയ്ക്കുകയും വ്യായാമം നന്നായി കൂട്ടുകയും ചെയ്താല്‍ മാത്രമേ ശരീരഭാരം കുറയുകയുള്ളൂ. അല്ലാതെ എളുപ്പമാര്‍ഗങ്ങളൊന്നും ഇല്ല. കലോറി കുറഞ്ഞതും പോഷകഗുണമേറിയതുമായ പച്ചക്കറികള്‍, സലാഡുകള്‍, ഫ്രൂട്ട്‌സ് മുതലായവയായിരിക്കണം ഒരുനേരം കഴിക്കുന്ന ആഹാരത്തിന്റെ പകുതിയും. അരി, ഗോതമ്പ് കിഴങ്ങുവര്‍ഗങ്ങള്‍ മുതലായ കാര്‍ബോഹൈഡ്രേറ്റുകള്‍, ആഹാരത്തിന്റെ നാലിലൊന്നായി കുറയ്ക്കുക. ബാക്കി നാലിലൊന്ന് മാംസ്യം, മീന്‍, മുട്ട, പയറുവര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍ മുതലായവയില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ശരീരഭാരം കുറയണമെങ്കില്‍ ആഹാരത്തിന്റെ അളവും കുറയ്ക്കണം. രാത്രിയാഹാരം നേരത്തേ കഴിക്കുകയും അത് ലഘുവാക്കുകയും വേണം.

കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയില്‍ അമിതവണ്ണക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് അടുത്തകാലത്ത് ഉണ്ടായിട്ടുള്ളത്. കുട്ടിക്കാലം മുതല്‍ മധുരപലഹാരങ്ങളും മധുരപാനീയങ്ങളും ധാരാളം കഴിക്കുന്നതിലൂടെ ശരീരത്തില്‍ അത് കൊഴുപ്പായി രൂപാന്തരപ്പെടുകയും അമിതവണ്ണത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് ഭാവിയില്‍ പ്രമേഹരോഗത്തിന് പ്രേരകമാകുന്നു. കുട്ടികള്‍ മധുരം പൂര്‍ണമായി ഒഴി വാക്കേണ്ടതില്ല. എന്നാല്‍ അത് വല്ലപ്പോഴും മാത്രം കൊടുത്ത് ശീലിപ്പിക്കുക. പഞ്ചസാരയ്ക്കുപകരം മറ്റ് ആരോഗ്യകരമായ ബദലുകള്‍ (പഴവര്‍ഗങ്ങള്‍) ശീലിപ്പിക്കുക. പഞ്ചസാരയില്‍ മധുരത്തിനപ്പുറം ഒരുപോഷകങ്ങളും ഇല്ല എന്ന വസ്തുത ഓര്‍ക്കണം.

4) പുകവലിശീലം ഉപേക്ഷിക്കുക

പ്രമേഹസാധ്യത കൂട്ടുന്ന മറ്റൊരു ഘടകമാണ് പുകവലി. പുകവലിക്കാരില്‍ രോഗസാധ്യത 45 ശതമാനം കൂടുതലാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിഗരറ്റ് ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ചൈനയിലാണ്. ഉത്പാദിപ്പിക്കപ്പെടുന്ന സിഗരറ്റിന്റെ മൂന്നില്‍ ഒരുഭാഗം അവര്‍തന്നെ വലിച്ചുതീര്‍ക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യം ചൈനയായതിന് ഒരു കാരണം ഇതുതന്നെയാണ്.

5) മദ്യപാനം ഒഴിവാക്കുക

അമിത മദ്യപാനം പ്രമേഹരോഗസാധ്യത മൂന്ന് ഇരട്ടിയിലധികം കൂട്ടുന്നു. കൂടാതെ അമിത ഭാരം, ട്രൈഗ്ലിസറൈഡ് വര്‍ധന, പാന്‍ക്രിയാറ്റിസ്, കരള്‍ രോഗങ്ങള്‍ മുതലായവയും കാരണമാകും. ആരോഗ്യകരമായ ശീലങ്ങള്‍ രോഗം വന്നതിനുശേഷം തുടങ്ങാന്‍ കാത്തിരിക്കരുത്. ബാല്യം മുതല്‍ അത് കുട്ടികളെ ശീലിപ്പിക്കണം. മാതാപിതാക്കളുടെയും അധ്യാപകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും അതിലുപരി ഭരണകര്‍ത്താക്കളുടെയും നിരന്തര ഇടപെടലിലൂടെ ആരോഗ്യമുള്ള ഒരു സമൂഹത്തെ നമ്മള്‍ വാര്‍ത്തെടുക്കണം.

(കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലെ ഡയബറ്റോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

Content Highlights: World Diabetes Day 2021, What are five ways to prevent diabetes

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്