പ്രാരംഭത്തില്‍തന്നെ പ്രമേഹം കണ്ടെത്തി അനുബന്ധരോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഘട്ടത്തിലാണ് ആധുനിക വൈദ്യശാസ്ത്രം എത്തിനില്‍ക്കുന്നത്. മുപ്പതും നാല്‍പ്പതും അതിലേറെയും വര്‍ഷങ്ങള്‍ പ്രമേഹത്തോടൊപ്പം ഊര്‍ജസ്വലമായ ജീവിതം നയിക്കുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്. ശരിയായ തീരുമാനങ്ങള്‍ വൈകരുതെന്ന് മാത്രം.

ചികിത്സാരീതികളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ വഹിക്കുന്ന പങ്ക് വ്യക്തമാക്കുന്നതിന് കോവിഡ് കാലത്തെ രണ്ട് അനുഭവങ്ങള്‍ പറയാം. വിദേശത്ത് 20 വര്‍ഷത്തിലേറെയായി ജോലിചെയ്യുന്ന ഒരു ഡോക്ടറുടെ 75 വയസ്സുള്ള, പ്രമേഹമുള്ള അമ്മ. കേരളത്തില്‍ അവര്‍ മകള്‍ക്കും കുടുംബത്തോടും ഒപ്പമാണ്. വലതുകാലിലെ ഉണങ്ങാത്ത വ്രണവും രക്തത്തിലെ കൂടി വരുന്ന ക്രിയാറ്റിനിന്റെ അളവും വിദേശത്തുള്ള ഡോക്ടറായ മകനെ ആശങ്കപ്പെടുത്തി. എച്ച്.ബി.എ.വണ്‍.സി 9.5 ശതമാനം, ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും പഞ്ചസാര പെട്ടെന്ന് കുറഞ്ഞ് ദേഹമാസകലം വിറയലും വിയര്‍പ്പുമൊക്കെ അനുഭവപ്പെടാറുണ്ട്. ഒരിക്കല്‍ രാത്രി ബോധമില്ലാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. പ്രമേഹം വന്നിട്ട് 22 വര്‍ഷമായി.

ഇതെല്ലാം ഒഴിവാക്കാന്‍കഴിയുമായിരുന്ന ഔഷധങ്ങളും പരിശോധനോപാധികളും കേരളത്തില്‍ എത്തിയിട്ട് 15 വര്‍ഷമെങ്കിലും കഴിഞ്ഞുകാണും. എന്നിട്ടും ഇവര്‍ക്ക് അത് ഉപയോഗിക്കാനുള്ള സൗകര്യം എന്തുകൊണ്ടാകും കിട്ടാത്തത്?

പ്രമേഹം ഇത്രയേറെ അവരെ അവശയാക്കിക്കഴിഞ്ഞു. ഇനി ഇതൊക്കെ ലഭിച്ചിട്ടും വലിയ പ്രയോജനമില്ല എന്നത് മറ്റൊരു കാര്യം. അന്വേഷിച്ചപ്പോള്‍ രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി.

ഈ അമ്മയെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഡോക്ടറുടെ അടുക്കല്‍ അവര്‍ എപ്പോഴും പറയുമായിരുന്നു, എനിക്ക് വിലകുറഞ്ഞ മരുന്നുകള്‍ മതി. ഞാന്‍ സാമ്പത്തികമായി നല്ല നിലയിലല്ല എന്നൊക്കെ. സ്വാഭാവികമായും ഡോക്ടര്‍ വില കൂടുതലുള്ള പുതിയ മരുന്നുകളോ പരിശോധനകളോ നിര്‍ദേശിച്ചതുമില്ല. ഒരുപക്ഷേ, അവയൊക്കെ ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകള്‍ ഒഴിവാക്കാനും അധിക സാമ്പത്തികച്ചെലവ് വരാതെ നോക്കാനും കഴിയുമായിരുന്നു.

വര്‍ഷങ്ങളായി വിദേശരാജ്യത്ത് താമസിക്കുന്ന മകനാകട്ടെ, കേരളത്തില്‍ പ്രമേഹത്തിനായുള്ള എല്ലാ നൂതന ഔഷധങ്ങളും മിക്കവാറും എല്ലാ പുതിയ സാങ്കേതികവിദ്യകളും ലഭ്യമാണെന്ന് അറിയില്ലായിരുന്നു.

പുതിയ ഔഷധങ്ങള്‍ ഇന്ത്യയില്‍ എത്തുന്നതിന് വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്ന അവസ്ഥ ഇപ്പോള്‍ ഇല്ല. വിദേശത്ത് ലഭിക്കുന്ന ഔഷധങ്ങള്‍ അവിടെ ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ വിലയിലാണ് ഇവിടെ ലഭിക്കുന്നത്.
****
50 വയസ്സുള്ള പ്രകാശിനെ ഞാന്‍ പരിചയപ്പെടുന്നത് ടെലിമെഡിസിനിലൂടെയാണ്. പ്രമേഹം വന്നിട്ട് എട്ടുവര്‍ഷമായി അത്യാവശ്യം നിയന്ത്രണവിധേയമാണ്. പ്രമേഹത്തോടൊപ്പം ഹൃദയം, വൃക്ക എന്നിവയില്‍ വരാന്‍ സാധ്യതയുള്ള അനുബന്ധരോഗങ്ങള്‍ തടയാന്‍ പ്രതിരോധമരുന്നുകള്‍ ആവശ്യപ്പെട്ടാണ് അദ്ദേഹം എന്നെ കണ്‍സള്‍ട്ട് ചെയ്തത്. കോവിഡ്ബാധ തുടങ്ങിയശേഷം, ജോലിത്തിരക്ക് കൂടുതലാണെന്നും കഴിഞ്ഞ രണ്ടുമാസമായി വ്യായാമം തീരേ ഇല്ല എന്നും പറഞ്ഞു.

കണ്‍സള്‍ട്ടേഷനൊടുവില്‍ ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിനൊപ്പം വ്യായാമം ആരംഭിക്കണമെന്നും നിര്‍ദേശിച്ചു. അദ്ദേഹം ഉപയോഗിക്കുന്ന സ്മാര്‍ട്ട് വാച്ച്, സ്മാര്‍ട്ട് ഫോണ്‍ എന്നിവയിലൂടെ ലഭിക്കുന്ന കായികാധ്വാനത്തിന്റെ കണക്കുകള്‍ അറിയിക്കണമെന്നും പറഞ്ഞു.

എന്നാല്‍ വ്യായാമം പുനരാരംഭിക്കുന്നതിനുമുന്‍പുതന്നെ കയറ്റം കയറുമ്പോള്‍ തനിക്ക് ബുദ്ധിമുട്ട് തോന്നാറുണ്ടെന്ന് അദ്ദേഹം ടെലിമെഡിസിനില്‍ അറിയിച്ചു. ഇ.സി.ജി. ആപ്പ് കൂടിയുള്ള സമാര്‍ട്ട് വാച്ച് ആണ് അദ്ദേഹം ഉപയോഗിച്ചുവരുന്നത്.

വിശ്രമിക്കുമ്പോഴുള്ള ഇ.സി.ജിയും ബുദ്ധിമുട്ട് തോന്നുമ്പോഴുള്ള ഇ.സി.ജിയും അയച്ചുതരാന്‍ ആവശ്യപ്പെട്ടു. അടുത്ത അരമണിക്കൂറില്‍തന്നെ എനിക്ക് മറുപടി ലഭിച്ചു. ഞെട്ടിക്കുന്ന കണ്ടെത്തലുകളായിരുന്നു ഇ.സി.ജിയില്‍. ഒട്ടും വൈകാതെ കാര്‍ഡിയോളജിസ്റ്റിന്റെ കീഴില്‍ അടിയന്തരചികിത്സയ്ക്ക് വിധേയനാക്കി. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു.

കോമ്പിനേഷന്‍ മരുന്നുകള്‍

പ്രമേഹം കണ്ടെത്തുന്നമാത്രയില്‍, അത് വ്യായാമവും ഭക്ഷണക്രമീകരണവുംകൊണ്ട് മാത്രം ചികിത്സിക്കാവുന്നതല്ല എന്ന് ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ കോമ്പിനേഷന്‍ മരുന്നുകള്‍ തുടങ്ങാനാണ് നിര്‍ദേശം. അതായത് ഒരു മരുന്ന് മാത്രമായി പറ്റില്ല എന്നര്‍ഥം. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ രോഗം അടുത്ത ഘട്ടത്തിലേക്ക് കടക്കും എന്ന കാരണത്താലാണ് പ്രാരംഭത്തില്‍തന്നെ, സുരക്ഷിതവും ശക്തവുമായ പുത്തന്‍ ചികിത്സോപാധികള്‍ ഉപയോഗിക്കുന്നത്. GLP1 Receptor Agonist (GLP1 RA), SGLT2 i തുടങ്ങിയ രണ്ട് ഗണത്തില്‍പ്പെടുന്ന ഔഷധങ്ങള്‍ ഹൃദയാഘാത മരണങ്ങള്‍, ഹൃദയപരാജയം, വൃക്കസ്തംഭനം എന്നിവ ഒരുപരിധിവരെ തടയുന്നതില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനുപരിയായി പ്രധാന അവയവങ്ങളെ സംരക്ഷിക്കുന്ന മരുന്നുകളാണിവ. വിദഗ്ധ ഡോക്ടറുടെ ഉപദേശം കൂടാതെ രോഗികള്‍ ഇത് പരീക്ഷിക്കരുത്.

ടെലിമെഡിസിനും മൊബൈല്‍ ആപ്പുകളും

കോവിഡ് സാഹചര്യത്തില്‍ പ്രമേഹം, അമിതവണ്ണം എന്നീ അവസ്ഥകള്‍ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. കോവിഡ് തീവ്രമാകുന്നത് കൂടുതലായും മേല്‍പ്പറഞ്ഞ അവസ്ഥകള്‍ നിയന്ത്രിക്കാനാകാത്തവരിലാണ്.
ആരോഗ്യപരിപാലനത്തിനും സ്വയംനിരീക്ഷണത്തിനും സഹായിക്കുന്ന ഒട്ടേറെ സംവിധാനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. സ്മാര്‍ട്ട് വാച്ച്, സ്മാര്‍ട്ട് ഫോണ്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവ രോഗികള്‍ക്ക് തിരഞ്ഞെടുക്കാം. ദിവസേനയുള്ള വ്യായാമം, നടന്ന ദൂരം, ഹാര്‍ട്ട് റേറ്റ്, ഉറക്കത്തിന്റെ വിവരങ്ങള്‍ തുടങ്ങിയ  ആരോഗ്യരേഖകള്‍ ഇപ്പോള്‍ മിക്ക ഫോണുകളിലും ലഭ്യമാണ്.  
ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാവുന്ന ഗ്ലൂക്കോമീറ്ററുണ്ട്. ഇതുവഴി പഞ്ചസാരയുടെ അളവ് നിര്‍ണയിക്കുന്നതിനൊപ്പം ഡിജിറ്റല്‍ ഗ്ലൂക്കോസ് ഡയറി തയാറാക്കുകയും ചെയ്യാം. ടെലിമെഡിസിന്‍ ചികിത്സ തേടുമ്പോള്‍ ഉപയോഗപ്പെടും.

മൂന്നുമാസത്തിലൊരിക്കല്‍ ചെയ്യുന്ന എച്ച്.ബി.എ.വണ്‍.സി. പരിശോധന (HbA1c) പ്രമേഹചികിത്സ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്. എന്നാല്‍ മൂന്നുമാസത്തെ ശരാശരിയായ എച്ച്.ബി.എ.വണ്‍.സി. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നില്ല.

പഞ്ചസാര 70 mg/dlല്‍ താഴെ പോകുന്നതും (TBRTime Below Range) 180 mg/dl-ല്‍ അധികമാകുന്നതും  (TARTime Abov--e Range) അനുയോജ്യമല്ല. ഒരുദിവസത്തിന്റെ കുറഞ്ഞത് 70 ശതമാനം സമയമെങ്കിലും പഞ്ചസാരയുടെ അളവ് 70 mg/dlനും 180 mg/dlനുമിടയില്‍ (TIRTime In Range) നിലനിര്‍ത്താന്‍ കഴിയണം. പ്രായവും ആരോഗ്യാവസ്ഥയും അനുസരിച്ച് ഓരോ വ്യക്തിയുടെയും ടി.ഐ.ആറിന്റെ നോര്‍മല്‍ വ്യത്യസ്തമായിരിക്കും. ഒരുവര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം സി.ജി.എം. (Continuous Glucose Monitoring) പരിശോധന നടത്തിയാണ് ടി.ഐ.ആര്‍. നിജപ്പെടുത്തേണ്ടത്. സി.ജി.എമ്മിന് താരതമ്യേന ചെലവ് കൂടുതലാണ്. ഇത് സര്‍വസാധാരണമായിമാറാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും.

ഫ്ളാഷ് മോണിറ്ററിങ്

ഫ്ളാഷ് ഗ്ലൂക്കോസ് മോണിറ്ററിങ് സംവിധാനം ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാണ്. ഇതിലൂടെ ഓരോ മിനിറ്റിലും പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാന്‍ സാധിക്കും. ഗ്ലൂക്കോമീറ്ററിന്റെ ആവശ്യമില്ല. ഒട്ടുംതന്നെ വേദനയും ഉണ്ടാകില്ല. ത്വക്കിനടിയില്‍ ഘടിപ്പിക്കുന്ന സെന്‍സറാണ് നിരന്തരം ഷുഗര്‍നില പരിശോധിക്കുന്നത്. അടുത്ത മണിക്കൂറില്‍ പഞ്ചസാരയുടെ അളവ് കൂടാനാണോ കുറയാനാണോ സാധ്യതയെന്നും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മനസ്സിലാക്കാം.

ഹൃദ്രോഗം, ന്യൂറോപ്പതി, മാനസികവിഭ്രാന്തി, ആല്‍ബിമിനൂറിയ തുടങ്ങി അനേകം അനുബന്ധരോഗങ്ങള്‍, ഗ്ലൂക്കോസിന്റെ ഉയര്‍ച്ചതാഴ്ചകള്‍ നിയന്ത്രിക്കുന്നതിലൂടെ പരിഹരിക്കാം. ഇവിടെയാണ് ടി.ഐ.ആര്‍. പരിശോധനയുടെ പ്രസക്തി.

എച്ച്.ബി.എ.വണ്‍.സി. വഴിമാറുകയാണോ?

മൂന്നുമാസത്തിലൊരിക്കല്‍ ചെയ്യുന്ന എച്ച്.ബി.എ.വണ്‍.സി. പരിശോധന പ്രമേഹ ചികിത്സ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്. എന്നാല്‍ മൂന്നുമാസത്തെ ശരിയായ എച്ച്.ബി.എ.വണ്‍.സി. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നില്ല. 

പഞ്ചസാര 70mg\dL ല്‍ താഴെ പോകുന്നതും (TBR-Time Below Range) 180mg\dL ല്‍ അധികമാകുന്നതും(TAR-Time Above Average) അനുയോജ്യമല്ല. ഒരു ദിവസത്തിന്റെ കുറഞ്ഞത് 70 ശതമാനം സമയമെങ്കിലും പഞ്ചസാരയുടെ അളവ് 70mg\dL നും 180 mg\dL നുമിടയില്‍ (TIR-Time In Range) നിലനിര്‍ത്താന്‍ കഴിയണം. പ്രായവും ആരോഗ്യാവസ്ഥയും അനുസരിച്ച് ഓരോ വ്യക്തിയുടെയും ടി.ഐ.ആറിന്റെ നോര്‍മല്‍ വ്യത്യസ്തമായിരിക്കും. ഒരു വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം സി.ജി.എം.(Continuous Glucose Monitoring) പരിശോധന നടത്തിയാണ് ടി.ഐ.ആര്‍. നിജപ്പെടുത്തേണ്ടത്. സി.ജി.എമ്മിന് താരതമ്യേന ചെലവ് കൂടുതലാണ്. ഇത് സര്‍വസാധാരണമായി മാറാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. 

(തിരുവനന്തപുരം ജ്യോതിദേവ്‌സ് ഡയബെറ്റിസ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: World Diabetes Day 2021, New treatment options for diabetes

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌