ലോകത്തിന്റെ പ്രമേഹ തലസ്ഥാനമെന്ന രീതിയിലേക്കുള്ള വളര്‍ച്ചയിലാണ് കേരളം എന്നതില്‍ നമുക്ക് അത്ഭുതപ്പെടാനൊന്നുമില്ല. ദേശീയ തലത്തില്‍ പ്രമേഹബാധിതരുടെ ശരാശരി 8 ശതമാനം ആണെങ്കില്‍ കേരളത്തില്‍ അത് 10-20 ശതമാനം ആണ്. അത്ഭുതപ്പെടാനില്ലെങ്കിലും ആശങ്കപ്പെടാന്‍ കുറച്ചധികമുണ്ട് എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. നല്ലരീതിയില്‍ നിയന്ത്രിച്ച് നിര്‍ത്താനും, വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ജീവിതം മുന്‍പിലേക്ക് കൊണ്ടുപോകുവാനും സാധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. എന്നാല്‍ ഈ രോഗത്തെ കൃത്യമായി പരിചരിക്കാതെ, അശ്രദ്ധാപൂര്‍ണ്ണമായ ജീവിതം നയിക്കുന്നവരില്‍ വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് പ്രമേഹം കാരണമാകുമെന്നതില്‍ തര്‍ക്കമില്ല.

പ്രമേഹത്തെ എങ്ങിനെ നിയന്ത്രിക്കാം

മരുന്ന്, ജീവിതശൈലിയിലെ ക്രമീകരണം, വ്യായാമം, കൃത്യമായ ചെക്കപ്പ് എന്നിവയിലൂടെ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ ഇത് നിര്‍വ്വഹിക്കുകയും ചെയ്യാം. എന്നാല്‍ പ്രമേഹത്തിന് ചികിത്സ തേടിയെത്തുന്നവരില്‍ മഹാഭൂരിപക്ഷം പേരും തുടക്കത്തില്‍ കുറച്ച് കാലം ഡോക്ടറുടെ ഈ നിര്‍ദ്ദേശങ്ങളെല്ലാം അനുസരിക്കും. എന്നാല്‍ കുറച്ച് കാലം കഴിയുമ്പോഴേക്കും ഈ നിര്‍ദ്ദേശങ്ങളില്‍ ഓരോന്നോരോന്നായി തെറ്റിക്കാന്‍ തുടങ്ങും. 

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ഞങ്ങളുടെ രോഗികളുടെ ജീവിതത്തെ നിരീക്ഷിക്കുവാനും പഠിക്കുവാനും സഹപ്രവര്‍ത്തകയായ ഡോ. ജഷീറയുടെ കൂടി പിന്തുണയോടെ തീരുമാനിച്ചു. വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ വിവിധ തരത്തിലുള്ള കാരണങ്ങള്‍ കണ്ടെത്തുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. കൂടുതല്‍ പേര്‍ക്കും തൊഴില്‍ പരമായ തിരക്കുകള്‍ കൊണ്ടും മറ്റുമാണ് നിര്‍ദ്ദിഷ്ടമായ ചികിത്സ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നത്. കുറച്ച് പേര്‍ക്ക് അശ്രദ്ധയും മറ്റ് ചിലര്‍ക്ക് ഓര്‍മ്മക്കുറവും അങ്ങിനെ പലവിധത്തിലുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു.

ഈസി കെയര്‍ എന്ന ആശയം

ലോകമെങ്ങുമുള്ള പ്രമേഹ രോഗികള്‍ അനുഭവിക്കുന്ന സ്വാഭാവികമായ പ്രതിസന്ധിയാണിത്. ഇതിന് എങ്ങിനെ പരിഹാരം കാണാന്‍ സാധിക്കുമെന്ന ചോദ്യം സ്വാഭാവികമായും ഞങ്ങള്‍ പരസ്പരം ഉയര്‍ത്തി. നിരവധിയായ ആശയങ്ങള്‍ ഞങ്ങള്‍ ഇരുവരും കണ്ടെത്തുകയും വിശദമായി തന്നെ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിരന്തരം രോഗികളുമായി ഞങ്ങള്‍ അങ്ങോട്ട് ബന്ധപ്പെടുക എന്നതായിരുന്നു. ഓരോ ദിസവും ഇവരുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും, കൃത്യമായ ഇടവേളകളില്‍ ആശുപത്രിയിലെത്താതെ തന്നെ അവരവര്‍ക്ക് സൗകര്യമുള്ള സ്ഥലങ്ങളിലെ ലാബുകളില്‍ നിന്ന് പരിശോധനകള്‍ നടത്തി റിസല്‍ട്ട് ഫോണ്‍ വഴി പരിശോധിക്കുകയും ചെയ്താല്‍ ചികിത്സയില്‍ മുടക്കം വരുത്താനുള്ള സാധ്യത കുറയും എന്ന ധാരണയില്‍ ഞങ്ങള്‍ എത്തി. ഈ ആശയത്തില്‍ ഒരു പേര് വേണമല്ലോ, ഞങ്ങള്‍ അതിനെ 'ഈസി കെയര്‍' എന്ന് വിശേഷിപ്പിച്ചു.

യാഥാര്‍ത്ഥ്യമാകല്‍

നൂറ് കണക്കിന് രോഗികള്‍ ദിവസവും എത്തിച്ചേരുന്നതില്‍ എല്ലാ ദിവസവും എല്ലാവരുമായി ബന്ധപ്പെടുക എന്നത് പ്രാവര്‍ത്തികമായിരുന്നില്ല. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുക എന്നത് ചിന്തിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ കൂടെ ജോലി ചെയ്യുന്ന പരിചയ സമ്പന്നരായ നഴ്‌സുമാരുടേയും മറ്റും സേവനം കൂടി ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. തുടര്‍ന്ന് ഈ പദ്ധതിയെ കുറിച്ച് രോഗികളോട് സംസാരിക്കുകയും താല്‍പര്യമുള്ളവരെ അംഗമാക്കുകയും ചെയ്തു.

ആദ്യ ഘട്ടത്തില്‍ 100 പേരാണ് അംഗങ്ങളായത്. ഇവരുമായി ഞങ്ങളുടെ ടീം നിരന്തരം ബന്ധപ്പെടുകയും എല്ലാ നിര്‍ദ്ദേശങ്ങളും ഓര്‍മ്മിപ്പിക്കുകയും ചെയ്തു. വലിയ പ്രതികരണമാണ് ഓരോരുത്തരില്‍ നിന്നും ലഭിച്ചത്. ആദ്യത്തെ മൂന്ന് മാസം പിന്നിടുമ്പോഴേക്കും വലിയ മാറ്റം ഇതില്‍ പ്രകടമായി തുടങ്ങി. ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തന്നെ പ്രമേഹത്തെ കൃത്യമായി നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചു. അധിക മരുന്നുകള്‍ നിര്‍ദ്ദേശിക്കേണ്ട അവസ്ഥ ആര്‍ക്കും തന്നെ സംഭവിച്ചില്ല എന്ന് മാത്രമല്ല ആദ്യത്തെ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രമേഹത്തിന്റെ ശരാശരി കണക്കാക്കുന്ന പരിശോധനയായ HbA1C യില്‍ രണ്ട് ശതമാനം കുറവ് അനുഭവപ്പെട്ടു. ഇത് വളരെ വലിയ നേട്ടമാണ്. 

ഇത്തരം കൂട്ടായ്മകള്‍ എല്ലായിടത്തും ഉണ്ടാകണം

പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ആശയമാണ് ചികിത്സ നല്‍കുന്നവരും ചികിത്സ സ്വീകരിക്കുന്നവരും തമ്മിലുള്ള ആത്മബന്ധം. ഈ ആത്മബന്ധം നിലനിര്‍ത്താനും, രോഗികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിലേക്ക് വളര്‍ത്താനും സാധിച്ചാല്‍ പ്രമേഹ നിയന്ത്രണത്തില്‍ സമാനതകളില്ലാത്ത മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് ഉറപ്പാണ്. ഞങ്ങളുടെ അനുഭവം ഇതിന് തെളിവാണ്. പ്രമേഹത്തിന് ചികിത്സ നല്‍കുന്ന എല്ലാ സെന്ററുകളും കേന്ദ്രീകരിച്ച് ഇത്തരം ഡോക്ടര്‍-രോഗി കൂട്ടായ്മ വളര്‍ന്ന് വരുന്നതിന് തുടക്കം കുറിക്കാന്‍ ഈ വര്‍ഷത്തെ ലോക പ്രമേഹദിനത്തില്‍ സാധിക്കുമെന്ന് പ്രത്യാശിക്കാം.

(കോഴിക്കോട് ആസ്റ്റര്‍ മിംസ് എന്‍ഡോക്രൈനോളജി വിഭാഗം ഹെഡ് & സീനിയര്‍ കണ്‍സല്‍ട്ടന്റ് ആണ് ലേഖകന്‍)

Content Highlights: World Diabetes Day 2021, New techniques to control diabetes