ടൈപ്പ് 2 പ്രമേഹമുള്ള പുരുഷന്‍മാര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ലൈംഗിക ഉദ്ധാരണക്കുറവ്. ഉദ്ധാരണം നടക്കാത്തതുമാത്രമല്ല, അത് സംഭവിച്ചാല്‍ തന്നെ വേഴ്ചയിലുടനീളം തൃപ്തികരമായി നിലനിര്‍ത്താന്‍ കഴിയാത്തതും പ്രശ്‌നമാണ്. നിയന്ത്രണാതീതമായ പ്രമേഹം രക്തക്കുഴലുകള്‍ക്കും ഞരമ്പുകള്‍ക്കും ക്ഷതങ്ങളുണ്ടാക്കും. ഓട്ടോണമിക് ന്യൂറോപ്പതി എന്നാണ് ഇതിനെ പറയുന്നത്. പ്രമേഹരോഗികളിലെ ഉദ്ധാരണക്കുറവിന് പ്രധാന കാരണം ഓട്ടോണോമിക് ന്യൂറോപ്പതിയാണ്. ചിലയാളുകളില്‍ കുറഞ്ഞകാലത്തേക്കും ചിലരില്‍ ദീര്‍ഘകാലത്തേക്കും ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. പ്രമേഹം ഇല്ലാത്ത ഒരാളെ അപേക്ഷിച്ച് പ്രമേഹം ഉള്ള വ്യക്തിയില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മൂന്നുമടങ്ങ് അധികമാണ്. 

പ്രമേഹമുള്ള പുരുഷന്‍മാര്‍ രാവിലെയുള്ള സ്വാഭാവിക ഉദ്ധാരണം നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. തുടര്‍ച്ചയായി അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടുക. പ്രമേഹ സങ്കീര്‍ണതകളില്‍ ഏറ്റവും കുറവ് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ലൈംഗികപ്രശ്‌നങ്ങള്‍. പലരും ഡോക്ടറോടോ പങ്കാളിയോട് തന്നെയോ ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നതാണ് കാരണം. ഉദ്ധാരണക്കുറവ് പ്രധാനപ്രശ്‌നമായി പറയുന്നുണ്ടെങ്കിലും സ്ഖലനപ്രശ്‌നങ്ങളും താത്പര്യക്കുറവും പ്രമേഹമുള്ളവര്‍ക്ക് ഉണ്ടാകാറുണ്ട്. സ്ത്രീകളിലും അനിയന്ത്രിത പ്രമേഹത്തിന്റെ ഫലമായി ലൈംഗികപ്രശ്‌നങ്ങള്‍ ഉണ്ടാകാം. പരാജയപ്പെടുമോ എന്നുകരുതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതും എല്ലാം മറച്ചുവെക്കുന്നതും കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കും. 

Content Highlights: World Diabetes Day 2021, How to overcome erectile dysfunction if you have diabetes

കടപ്പാട് ആരോഗ്യമാസിക