''സര്‍... കഴിഞ്ഞയാഴ്ച എന്റെ വിവാഹനിശ്ചയമായിരുന്നു''- പ്രത്യുഷ് പറഞ്ഞു.
തിരക്കുള്ള ഗ്രാഫിക് ഡിസൈനറാണ് അയാള്‍. രണ്ടുവര്‍ഷം മുന്‍പ് പ്രമേഹ ബോധവത്കരണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ പരിചയപ്പെട്ടതാണ്. പിന്നീട് പല ആവശ്യങ്ങള്‍ക്കായി പലവട്ടം കണ്ടു. പക്ഷേ, ജീവിതത്തിലെ അത്രയേറെ പ്രാധാന്യമുള്ള ഒരു വിശേഷം പറയുമ്പോള്‍ അയാളില്‍ പഴയ പ്രസരിപ്പ് കാണാനില്ലല്ലോ എന്ന് ഞാന്‍ ശ്രദ്ധിച്ചു. വിവാഹനിശ്ചയം അറിയിച്ച യുവാവിനെ അഭിനന്ദിക്കാന്‍പോലുമാവാതെ ഞാനയാളുടെ കണ്ണുകളിലേക്കുതന്നെ നോക്കി.
അല്പസമയം കഴിഞ്ഞ് പ്രത്യുഷ്തന്നെ വീണ്ടും സംസാരിച്ചുതുടങ്ങി.

''സര്‍... ഞാനൊരു പ്രശ്നത്തിലാണ്. ഈയിടെയായി കാഴ്ചയ്ക്ക് ചെറിയ മങ്ങലുള്ളതുപോലെ. കംപ്യൂട്ടറിന്റെ അമിത ഉപയോഗം കാരണമാവുമെന്ന് കരുതി. ഡോക്ടറെ കണ്ടപ്പോള്‍ രക്തം പരിശോധിക്കാന്‍ നിര്‍ദേശിച്ചു. നോക്കുമ്പോള്‍ ഷുഗര്‍ 380 mg/dl. സംശയം തീര്‍ക്കാന്‍ മറ്റൊരു ലാബില്‍കൂടി പോയി. അപ്പോഴുമുണ്ട് 340 mg/dl. ആകെ തകര്‍ന്നുപോയി സര്‍. കെട്ടാന്‍ പോകുന്ന പെണ്‍കുട്ടിയോട് ഇക്കാര്യം ഞാനെങ്ങനെ പറയും? അവര്‍ വിവാഹത്തില്‍നിന്ന് പിന്‍മാറുമോ...''

മുന്‍പ് കണ്ടതിനെക്കാള്‍ അല്പം ക്ഷീണിച്ചിട്ടുണ്ടെങ്കിലും പ്രത്യുഷിന് ശരീരഭാരം 80 കിലോയ്ക്കടുത്തുണ്ടാവും. ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യുന്നതുകൊണ്ടാവാം, അല്പം കുടവയറുമുണ്ട്.

''ആറുമാസമുണ്ടല്ലോ. നമുക്ക് ശരിയാക്കാമെന്നേ... പ്രമേഹമില്ലാത്ത മണവാളനായി കതിര്‍മണ്ഡപത്തിലിരിക്കാം. പോരേ?''
ഞാന്‍ ആ യുവാവിനെ സമാധാനിപ്പിച്ചു. പക്ഷേ, അവനത് വിശ്വാസം വന്നില്ല.
''പ്രമേഹം ഭേദമാക്കാനോ?''

എല്ലാവരുടെയും സംശയംതന്നെ അവനും ചോദിച്ചു.

മരുന്നില്ലാതെ പകരം എന്തുചെയ്യണം

പ്രമേഹം ചികിത്സിച്ച് ഭേദമാക്കാനാകുമോ? പറ്റുമെന്നുതന്നെയാണ് ഉത്തരം. ഗുളികയോ ഇന്‍സുലിനോ പോലുമില്ലാതെ പ്രമേഹം ചികിത്സിച്ച് ഭേദമാക്കാം എന്നത് വസ്തുതയാണ്. എല്ലാവരിലും സാധിക്കില്ല. എങ്കിലും തുടക്കക്കാരിലും അമിതവണ്ണമുള്ളവരിലും ഇത് സാധ്യമാണ്. വര്‍ഷങ്ങളോളമോ, ചിലരില്‍ ജീവിതകാലം മുഴുവനോ മരുന്നുകളില്ലാതെ, ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ പ്രമേഹത്തെ ഫലപ്രദമായി പ്രതിരോധിച്ചുനിര്‍ത്താനാകും. ടൈപ്പ് 2 പ്രമേഹക്കാര്‍ക്ക് മാത്രമേ ഇങ്ങനെ സാധിക്കൂ. ടൈപ്പ് 1 പ്രമേഹം ഇന്‍സുലിന്‍ കൊടുത്തുമാത്രമേ ചികിത്സിക്കാവൂ.

ടൈപ്പ് 2 പ്രമേഹത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണ്. ഒന്ന്, ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ മതിയാകാതെ വരിക. രണ്ട്, ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ വേണ്ടവിധം പ്രവര്‍ത്തിക്കാന്‍ ശരീരം അനുവദിക്കാതിരിക്കുക (Insuline Restsiance). ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ മരുന്നുകള്‍ കൂടിയേതീരൂ. എന്നാല്‍ ഇന്‍സുലിന്റെ ആവശ്യകത കുറയ്ക്കാനും പ്രവര്‍ത്തനക്ഷമത കൂട്ടാനും നമ്മുടെ ജീവിതശൈലിയിലെ ആരോഗ്യകരമായ ഇടപെടലിലൂടെ സാധിക്കും. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അനുവദനീയമായ സാധാരണ നിലയില്‍ എത്തിക്കാനുമാകും. ഇതിന് ആഹാരം നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കുകയും വേണം. അതായത്, 80 കിലോഗ്രാം ഭാരമുള്ള ഒരാള്‍ 8 കിലോഗ്രാമെങ്കിലും കുറച്ചാല്‍ തുടക്കത്തില്‍ മരുന്നുകളൊന്നുമില്ലാതെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലെത്തും. വളരെക്കാലമായി പ്രമേഹമുള്ളവരിലാണെങ്കില്‍, മരുന്നുകളെല്ലാം ഒഴിവാക്കാന്‍ കഴിഞ്ഞില്ലെങ്കിലും എണ്ണവും ഡോസും കുറയ്ക്കാനാകും. ചിലരില്‍ ഇന്‍സുലിന്‍ ചികിത്സയും നിര്‍ത്താനോ കുറയ്ക്കാനോ സാധിക്കും.

പ്രശ്നം രോഗനിര്‍ണയത്തിലെ കാലതാമസം

ലോകത്തിലെ പ്രമേഹരോഗികളില്‍ പകുതിപ്പേര്‍ക്കും അവര്‍ക്ക് പ്രമേഹമുണ്ട് എന്നകാര്യം അറിയില്ല. പലരിലും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതുകൊണ്ടോ തിരിച്ചറിയാത്തതുകൊണ്ടോ രോഗം കണ്ടുപിടിക്കാന്‍ കാലതാമസം നേരിടാറുണ്ട്. രോഗവിവരം അറിയാത്തതിനാല്‍, പ്രമേഹം കാരണം ക്ഷീണം നേരിടുമ്പോള്‍ പലരും ക്ഷീണം മാറ്റാന്‍ മധുരപാനീയങ്ങള്‍ കഴിക്കും. ഒടുവില്‍ പ്രമേഹം സ്ഥിരീകരിക്കുമ്പോള്‍ പലരിലും പഞ്ചസാരയുടെ അളവ് 500 mg/dl ന് മുകളിലായിരിക്കും. ഇതിനര്‍ഥം അവര്‍ വലിയ പ്രമേഹരോഗികളായി എന്നല്ല; രോഗം കണ്ടുപിടിക്കാന്‍ വൈകിയതുകൊണ്ടാണ് പഞ്ചസാരയുടെ അളവ് അത്രയും കൂടിയത്.
'ടെസ്റ്റുചെയ്താല്‍ മിക്കവാറും പ്രമേഹമുണ്ടാകും. പിന്നെ ഒരു സാധനവും കഴിക്കാന്‍ പറ്റില്ല' എന്നുപറഞ്ഞ് പ്രമേഹപരിശോധനകള്‍ നടത്താതെ മാറിനില്‍ക്കുന്നവരും ഏറെയാണ്. അവരിലും ഇതേ അവസ്ഥയാണുണ്ടാവുക. ചിലരിലെങ്കിലും ഇത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കാറുമുണ്ട്. യഥാസമയം പരിശോധനകള്‍ നടത്തി രോഗാവസ്ഥകള്‍ നേരത്തേ കണ്ടുപിടിക്കുന്നതുതന്നെയാണ് എപ്പോഴും നല്ലത്. രോഗങ്ങളുടെ വക്കില്‍നിന്ന് തിരിച്ചുനടക്കാനും ഇത് സഹായിക്കും.

പ്രധാനമാണ് പ്രമേഹചികിത്സ

പണ്ടുകാലങ്ങളില്‍ 45 വയസ്സില്‍ താഴെയുള്ളവരില്‍ ടൈപ്പ് 2 പ്രമേഹം വിരളമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കുട്ടികളില്‍പോലും ഈ രോഗം കണ്ടുതുടങ്ങി. തുടക്കത്തില്‍ നിഷേധം, ഭയം, വിഷാദം തുടങ്ങിയ മാനസികാവസ്ഥയിലാവും രോഗികളെത്തുക. രോഗത്തെക്കാളേറെ അതിനെക്കുറിച്ചുള്ള അബദ്ധ ധാരണകളാവും മനസ്സുനിറയെ. രോഗകാരണങ്ങളും പരിഹാരമാര്‍ഗങ്ങളും പറഞ്ഞ് മനസ്സിലാക്കുക എന്നതാണ് ആദ്യ ദൗത്യം. അബദ്ധധാരണകളാണ് ഭീതിക്ക് മുഖ്യകാരണം. പ്രമേഹമരുന്നുകള്‍ വൃക്കയെ നശിപ്പിക്കുമെന്ന് പലരും ധരിച്ചുവെച്ചിരിക്കുന്നു. യഥാര്‍ഥത്തില്‍ അനിയന്ത്രിതമായ പ്രമേഹമാണ് ശരീരത്തിലെ മറ്റവയവങ്ങളെ തകരാറിലാക്കുക.

പ്രത്യുഷിനെപ്പോലെത്തന്നെ ചെറുപ്പക്കാരായ പല രോഗികളുടെയും പ്രശ്നം അവരുടെ അമിതവണ്ണവും അമിതഭാരവും വ്യായാമക്കുറവും അനാരോഗ്യകരമായ ആഹാരരീതിയും തന്നെയാണ്. സ്വാഭാവികമായും ഇവ പരിഹരിക്കപ്പെട്ടാല്‍ അവര്‍ക്ക് രോഗമുക്തി നേടാനാകും. അല്പം ആയാസകരമാണ് കാര്യങ്ങളെങ്കിലും പോസിറ്റീവായി സമീപിച്ചാല്‍ അനായാസം അത് സാധ്യമാവും. ശരീരഭാരത്തിന്റെ പത്തുശതമാനം കുറയ്ക്കുക എളുപ്പമല്ല. എന്നാല്‍ അതൊട്ടും അസാധ്യവുമല്ല.

ആദ്യപടി ഭാരം കുറയ്ക്കല്‍

ദൃഢനിശ്ചയവും അര്‍പ്പണ മനോഭാവവുമുണ്ടെങ്കില്‍ തീര്‍ച്ചയായും ഭാരം കുറയ്ക്കല്‍ യാഥാര്‍ഥ്യമാക്കാനാവും. ഒന്നോ രണ്ടോ ആഴ്ചകൊണ്ട് സാധിക്കുന്ന കാര്യമല്ല അത്. വളരെ പെട്ടെന്ന് വളരെയധികം ഭാരം കുറയ്ക്കാന്‍ ശ്രമിക്കുകയുമരുത്. 80 കിലോഗ്രാം ഭാരമുള്ള ഒരാള്‍ മാസം രണ്ടുകിലോഗ്രാം കുറച്ചാല്‍ ആറുമാസം കൊണ്ട് 8-12 കിലോഗ്രാം കുറയ്ക്കാനാകും. കഠിനമായി പട്ടിണി കിടന്നല്ല ഇത് സാധ്യമാക്കേണ്ടത്. ചില എളുപ്പവഴികള്‍ പറയാം. 

രണ്ട് കിലോഗ്രാം എന്നത് 15,400 കിലോ കലോറി ഊര്‍ജത്തിന് തുല്യമാണ്. അതായത് ദിവസവും 500 കിലോ കലോറി നമ്മള്‍ കുറയ്ക്കണം. അതിന് കുറുക്കുവഴികളൊന്നുമില്ല. ആഹാരം കുറയ്ക്കുക, വ്യായാമം കൂട്ടുക, മൂന്നുനേരവും കഴിക്കുന്ന ആഹാരം പകുതിയായി കുറയ്ക്കുക, ഇടയ്ക്കിടെ കഴിക്കുന്ന അനാവശ്യ ഭക്ഷമങ്ങള്‍ ഒഴിവാക്കുക. ഒപ്പം, ദിവസവും അരമണിക്കൂര്‍ നേരത്തെ ഉണരണം. ആ അരമണിക്കൂര്‍ ജോഗിങ്, നീന്തല്‍, വള്ളിച്ചാട്ടം തുടങ്ങിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുക. ഇത് കഴിയില്ലെങ്കില്‍ 45 മിനിറ്റ് വേഗത്തില്‍ നടക്കുക. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ഒരു മാസം കൊണ്ട് രണ്ട് കിലോഗ്രാം ശരീരഭാരം കുറയും. ആര്, എത്ര സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചാലും ഡയറ്റ് പ്ലാനില്‍ നിന്ന വ്യതിചലിക്കരുത്. 

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക

പ്രമേഹംപോലെയുള്ള ജീവിതശൈലിരോഗങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രധാന വില്ലന്‍ ഭക്ഷണംതന്നെയാണ്. കാഴ്ചയിലെ ഭംഗിയോ വിലയോ മണമോ രുചിയോ ഒന്നുമല്ല ആഹാരത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത്. അതിലടങ്ങിയ ഊര്‍ജത്തിന്റെ അളവും പോഷകങ്ങളുമാണ്. പ്രമേഹരോഗികള്‍ക്ക് പ്രത്യേക ആഹാരം; മറ്റുള്ളവര്‍ക്ക് എന്തും കഴിക്കാം എന്ന ധാരണ തെറ്റാണ്. പ്രമേഹരോഗികള്‍ക്ക് നിര്‍ദേശിക്കുന്നത് സമീകൃതാഹാരമാണ്. കുട്ടികളടക്കം വീട്ടിലെ മറ്റെല്ലാ അംഗങ്ങളും അതുതന്നെയാണ് കഴിക്കേണ്ടത്. സമീകൃതാഹാരം എന്നാല്‍, കലോറി കുറഞ്ഞ, സംസ്‌കരിച്ച അന്നജങ്ങളും മധുരപലഹാരങ്ങളും കുറഞ്ഞ, പൂരിത കൊഴുപ്പുകള്‍ ഒഴിവാക്കിയ, പച്ചക്കറികള്‍ കൂടുതലുള്ള, ഫലവര്‍ഗങ്ങളും നാരുള്ള പയറുവര്‍ഗങ്ങളും, മീന്‍, പാല്‍ മുതലാവയും ചേരുന്നതാണ്. ചുവപ്പുമാംസവും ഉപ്പും കുറയ്ക്കണം.

എന്തുകഴിക്കുന്നു എന്നതുമാത്രമല്ല, എത്ര കഴിക്കുന്നു എന്നതും പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും ആവശ്യമുള്ള ഭക്ഷണംമാത്രം കഴിക്കുക. എല്ലാ മാസവും ശരീരഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിരീക്ഷിക്കുക. അവ കുറയുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. കുറയുന്നില്ലെങ്കില്‍ നിരാശപ്പെടാതെ അതിന്റെ കാരണങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് അവ പരിഹരിക്കുക.

പ്രത്യാശയോടെ...

ഗ്രാഫിക് ഡിസൈനറായ പ്രത്യുഷ് യാതൊരു ചിട്ടയുമില്ലാത്ത ജീവിതമാണ് അതുവരെ തുടര്‍ന്നുപോന്നത്. ദീര്‍ഘനേരം ഒറ്റയിരുപ്പില്‍ ഇരുന്നുള്ള ജോലി, സമയനിഷ്ഠയില്ലാത്ത ഭക്ഷണശീലം, അതിലേറെയും ഫാസ്റ്റ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്‌സ്... നേരത്തേ തുടങ്ങുന്ന ജോലി നിര്‍ത്തുന്നതെപ്പോഴെന്ന് പറയാനേ സാധിക്കില്ല. അതുകൊണ്ടുതന്നെ ഉറക്കത്തെക്കുറിച്ച് ഒന്നും പറയാനില്ല. ഇതിനിടയില്‍ വ്യായാമത്തെക്കുറിച്ച് ചിന്തിക്കാനെവിടെ സമയം.

പക്ഷേ, അന്ന് പ്രത്യുഷ് തീരുമാനമെടുത്തു. അത് ഘട്ടം ഘട്ടമായി നടപ്പാക്കി. ഇടയ്ക്കിടെ ശരീരഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും പരിശോധിച്ച് കാണാനെത്തി. ജീവിതത്തില്‍ ചിട്ടയുണ്ടാക്കലും ഭാരം കുറയ്ക്കലും പ്രമേഹനിയന്ത്രണവുമൊന്നും ഒരു പ്രയാസമുള്ള കാര്യമേയല്ലെന്നാണ് പ്രത്യുഷ് പറയുന്നത്. വിവാഹശേഷം പ്രത്യുഷിനൊപ്പം ക്ലിനിക്കിലെത്തിയ അയാളുടെ നവവധു ആഹ്ലാദത്തോടെ പറഞ്ഞു: ''എന്‍ഗേജ്‌മെന്റിന് കണ്ട ആളേയല്ല, കതിര്‍മണ്ഡപത്തിലെത്തിയത്.''
ഉറച്ച തീരുമാനവും കഠിനപ്രയത്നവുമുണ്ടെങ്കില്‍ പ്രമേഹത്തെ പ്രതിരോധിക്കുക അസാധ്യമായ കാര്യമേയല്ല. തീര്‍ച്ചയായും അത് നിങ്ങള്‍ക്കും സാധ്യമാണ്.

(കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലെ ഡയബറ്റോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

Content Highlights: World Diabetes Day 2021, How to control diabetes without using medicine tips to follow

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌