പ്രമേഹം ബാധിച്ചിട്ട് എത്ര നാളുകളായി? എന്തൊക്കെ ബുദ്ധിമുട്ടുകള്‍ പ്രമേഹം കാരണമുണ്ടായിട്ടുണ്ട്? ഇപ്പോള്‍ ചികിത്സ ഫലപ്രദമായി നടക്കുന്നുണ്ടോ? ചെയ്യുന്ന ചികിത്സകൊണ്ട് പ്രമേഹം നിയന്ത്രണവിധേയമാണോ? തുടങ്ങിയ കാര്യങ്ങള്‍ ഒരു പ്രമേഹരോഗിയെ സംബന്ധിച്ച് എല്ലായ്‌പ്പോഴും ഗൗരവമുള്ളതാണ്. 

കേരളത്തില്‍ 60 വയസ്സിന് മുകളില്‍പ്രായമുള്ള നിരവധിപേര്‍ പ്രമേഹത്തിനൊപ്പം രക്തസമ്മര്‍ദ്ദവുംകൂടി ഉളളവരാണ്.
ഇവ രണ്ടുമുള്ളവര്‍ക്ക് കോവിഡ് ബാധിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. അപ്പോള്‍ ഇവരണ്ടും നിയന്ത്രണത്തില്‍ അല്ലാത്തവരുടെ കാര്യമോ? പ്രമേഹവും രക്തസമ്മര്‍ദ്ദവും പൊണ്ണത്തടിയും കൊളസ്ട്രോളുമുള്ളവര്‍ക്ക് പക്ഷാഘാതവും ഹൃദയസ്തംഭനവും ഉണ്ടാകുവാനുള്ള സാദ്ധ്യതയും കൂടുതലാണ്. അതിനാല്‍ പ്രമേഹമുള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നത് വളരെ പ്രധാനമാണ്.

പ്രമേഹരോഗികളുടെ എണ്ണം ഇന്ത്യയില്‍ 2030 ആകുമ്പോള്‍ എട്ടുകോടി കവിയുമെന്ന് കണക്കാക്കുന്നു. രണ്ടായിരാമാണ്ടില്‍ ഇത് കേവലം 1.17 കോടി മാത്രമായിരുന്നു.

പ്രമേഹരോഗം മെറ്റബോളിക് ഡിസോര്‍ഡര്‍ കാരണമുണ്ടാകുന്നതാണ്. അതായത് നാം കഴിക്കുന്ന ആഹാരത്തിനുണ്ടാകേണ്ട ദഹനപചനപ്രക്രിയകള്‍ ശരിയായി നടക്കാത്തത് കാരണമുണ്ടാകുന്നതെന്നാണര്‍ഥം.

രക്തത്തിലെ ഷുഗറിന്റെ അളവ് വര്‍ധിക്കുമെന്നത് മാത്രമല്ല പ്രമേഹത്തില്‍ സംഭവിക്കുന്നത്. മറ്റു പല പ്രധാന അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ പ്രമേഹം ബാധിക്കും. എന്നാല്‍ പ്രമേഹത്തിന് ചികിത്സിക്കുന്ന രോഗിയും അതുപോലെ പലഡോക്ടര്‍മാരും രക്തത്തിലെ ഷുഗര്‍ കുറയുവാനുള്ള ചികിത്സയ്ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. പ്രമേഹരോഗിയുടെ ഷുഗര്‍ നിയന്ത്രിക്കുവാനുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രാധാന്യം നല്‍കേണ്ടത് മെറ്റബോളിസം ശരിയാക്കുക എന്നത് തന്നെയായിരിക്കണം. അതിലൂടെ മാത്രമേ പ്രമേഹരോഗത്തെ ശരിയായി നിയന്ത്രിക്കുവാന്‍ സാധിക്കു. 

ടൈപ്പ് 1, ടൈപ്പ് 2 എന്ന് പ്രധാനമായി രണ്ടുതരം പ്രമേഹമുണ്ട്. കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന ടൈപ്പ് ഒന്ന് പ്രമേഹത്തില്‍ ഇന്‍സുലിന്‍ തന്നെയാണ് പ്രധാന ചികിത്സ.

ടൈപ്പ് 2 മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന പ്രമേഹമാണ്. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചിട്ടപ്പെടുത്തിയും മരുന്ന് കൃത്യമായി ഉപയോഗിച്ചും ഇത് നിയന്ത്രിച്ചു നിര്‍ത്താം. ആയുര്‍വേദരീതിയില്‍ പ്രമേഹം ഇരുപത് തരത്തിലാണ് വിവരിക്കുന്നത്.

ഫാസ്റ്റിംഗ് ഷുഗര്‍ 70 മുതല്‍  100 mg/dl വരെയും, ആഹാരത്തിന്‌ശേഷം 140 വരെയും നോര്‍മല്‍ ആണ്. 100 മുതല്‍ 126 വരെയുള്ള ഫാസ്റ്റിംഗ് ഷുഗറും 160 മുതല്‍ 200 വരെയുള്ള ഉള്ള പോസ്റ്റ് പ്രാന്റിയല്‍ ബ്ലഡ് ഷുഗറും പ്രമേഹത്തിന്റെ സാധ്യതയെ (പ്രീ ഡയബെറ്റിക്) കാണിക്കുന്നു. ഇതിനുമുകളില്‍ ഷുഗറിന്റെ അളവ് കണ്ടാല്‍ മരുന്ന് നിര്‍ബന്ധമാണ്. മരുന്ന് കഴിച്ചാലും ഇല്ലേലും 200 ന് മുകളില്‍ ഒരു മാസം ഷുഗര്‍ലെവല്‍ തുടര്‍ച്ചയായി നിന്നാല്‍ സെക്കന്ററി സങ്കീര്‍ണതകള്‍ ഉണ്ടാകും.

കാഴ്ചവൈകല്യങ്ങള്‍ (ഡയബറ്റിക് റെറ്റിനോപ്പതി ), ഞരമ്പുകളെ ബാധിക്കുന്ന വാതരോഗങ്ങള്‍ (ഡയബറ്റിക് ന്യൂറോപ്പതി), കിഡ്‌നിയെ ബാധിക്കുന്ന അവസ്ഥ (ഡയബെറ്റിക് നെഫ്രോപ്പതി) എന്നിവയാണ് പ്രമേഹത്തിന്റെ സെക്കന്ററി കോംപ്ലിക്കേഷനുകള്‍. മറ്റ് പല ബുദ്ധിമുട്ടുകളും ഇതുകൂടാതെയുമുണ്ടാകും.

കാരണങ്ങള്‍

ശാരീരിക അധ്വാനം വളരെകുറവുള്ള ജോലികളിലേക്ക് മനുഷ്യന്‍ യന്ത്രസഹായത്തോടെ മാറിയതും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍പോലും യന്ത്രങ്ങളുടെ അമിതമായ ഉപയോഗവും ആഹാരരീതിയില്‍വന്ന അനാരോഗ്യകരമായ മാറ്റങ്ങളും മാനസികസമ്മര്‍ദ്ദവും പുകവലിയും മദ്യപാനവും ലഹരി അടങ്ങിയ പാനീയങ്ങളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില മരുന്നുകളുടേയും ഉപയോഗവും പ്രമേഹത്തിന് കാരണമാണ്. 

പാരമ്പര്യമായി പ്രമേഹരോഗമുള്ള കുടുംബാംഗങ്ങള്‍ക്കും വേണ്ടത്ര അദ്ധ്വാനമില്ലാത്തവര്‍ക്കും മാനസികസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉണ്ടായിട്ടുള്ളവര്‍ക്കും അവരുടെ കുട്ടികള്‍ക്കും പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങള്‍

അമിതമായ ക്ഷീണവും വിശപ്പും ദാഹവും, ശരീരഭാരം പെട്ടെന്ന് കുറയുക, കൈകാലുകളില്‍ തരിപ്പും മരവിപ്പും, മുറിവുകള്‍ ഉണങ്ങാനുള്ള കാലതാമസം,കാഴ്ച മങ്ങുക, മൂത്രത്തിനും വായ്ക്കുള്ളിലും ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധ, കണ്‍പോളകളില്‍ ഉണ്ടാകുന്ന കുരുക്കള്‍ (സ്‌റ്റൈ അഥവാ കണ്‍കുരു), തൊലിപ്പുറത്ത് പ്രത്യേകിച്ചും ഗുഹ്യഭാഗത്ത് ഉണ്ടാകുന്ന ചൊറിച്ചില്‍, ശരീരത്തില്‍ ഉണ്ടാകുന്ന കുരുക്കള്‍ (ബോയില്‍സ്) തുടങ്ങിയവ ലക്ഷണങ്ങളാണ്. ഇതില്‍പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങളുള്ളവര്‍  പ്രമേഹരോഗമുണ്ടോ എന്ന് നിരീക്ഷിക്കുന്നത് നല്ലതാണ്.

ഹൈപ്പോഗ്ലൈസീമിയ

രക്തത്തിലെ പഞ്ചസാരയുടെ അളവ് ചിലപ്പോള്‍ അപകടകരമായ രീതിയില്‍ കുറയാറുണ്ട്. ഇന്‍സുലിന്‍ ഷോക്ക് എന്നാണിതിന് പേര്. അമിതമായ വിയര്‍പ്പും വിശപ്പും നെഞ്ചിടിപ്പും തളര്‍ച്ചയും തലചുറ്റലും ബോധക്കേടും ജന്നിയും വരാവുന്നതാണ്. ഇതില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍തന്നെ പഞ്ചസാര ചേര്‍ത്ത പാനീയമോ മറ്റ് ആഹാരമോ മിഠായിയോ പഞ്ചസാരതന്നെയോ  കഴിക്കേണ്ടതാണ്. ഇപ്രകാരം ഒരാള്‍ ബോധംകെട്ടുവീണാല്‍  ശ്വാസമെടുക്കുവാന്‍ അപകടകരമാകാത്ത വിധം അവരുടെ നാവിനടിയില്‍ പഞ്ചസാരയോ ഗ്ലൂക്കോസോ ഇട്ടു കൊടുക്കുവാന്‍ കണ്ടുനില്‍ക്കുന്നവര്‍ തയ്യാറാകണം.

ശ്രദ്ധിക്കേണ്ടവ

 • പ്രമേഹരോഗി കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ ഒരു കാരണവശാലും ഭക്ഷണം താമസിപ്പിക്കരുത്.
 • മൂന്നുനേരം കഴിയ്ക്കാനുള്ള ആഹാരം 5 നേരമായി കഴിക്കുന്നതും അവസ്ഥയ്ക്കനുസരിച്ച് ഗുണം ചെയ്‌തേക്കാം.
 • രാവിലെ വെറുംവയറ്റില്‍ ചായയ്ക്കും കാപ്പിക്കും പകരം മൂന്ന് മുതല്‍ അഞ്ച് നെല്ലിക്കയുടെ നീരില്‍ രണ്ട് നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കണം.
 • കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ തുള്ളിമരുന്ന് കണ്ണില്‍ ഇറ്റിക്കണം.
 • കാല്‍പാദങ്ങള്‍ സംരക്ഷിക്കണം
 • വേദനാസംഹാരികളും ആന്റിബയോട്ടിക്‌പോലുള്ള മരുന്നുകളും ഉപയോഗിക്കുമ്പോള്‍ പ്രമേഹമുണ്ടെന്നകാര്യം ഡോക്ടറോട് പ്രത്യേകം സൂചിപ്പിക്കണം.
 • അത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതിനുള്ള സാഹചര്യമുണ്ടാകാതെ പരമാവധി ശ്രദ്ധിക്കണം.
 • മൂത്ര വര്‍ധനവിനെ ഉണ്ടാക്കുന്ന ആഹാരവും ഔഷധവും പ്രമേഹത്തെ വര്‍ദ്ധിപ്പിക്കും
 • ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചവയും കരിക്കിന്‍ വെള്ളവും ഒഴിവാക്കണം.
 • രാത്രിയില്‍ കടുക്ക, താന്നിക്ക,നെല്ലിക്ക എന്നിവയുടെ ഉപയോഗം ഒരു ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശപ്രകാരം ശീലിക്കണം 
 • പേരയ്ക്ക, ഓമയ്ക്ക (പപ്പായ) തുടങ്ങിയ മധുരംകുറഞ്ഞ പഴങ്ങള്‍ അധികം പഴുക്കുന്നതിനുമുമ്പ് ഉപയോഗിക്കാം.
 • കിഴങ്ങുവര്‍ഗ്ഗങ്ങള്‍, അരി, ഗോതമ്പ്, മൈദ, എണ്ണ, മുട്ട, തൈര്, ഉഴുന്ന് ഇവ പരമാവധി കുറയ്ക്കുക.
 • പഞ്ചസാര, ശര്‍ക്കര, കരുപ്പട്ടി, തേന്‍, കൃത്രിമമധുരം ഇവ ഒഴിവാക്കുക.
 • പച്ചക്കറികള്‍(പച്ചയായും പാകപ്പെടുത്തിയും) ധാരാളം ഉപയോഗിക്കുക.
 • ഷുഗറിന്റെ അളവ് കുറയുവാന്‍ എന്നരീതിയില്‍ ഗ്ലാസ്സ്‌കണക്കിന് പാവയ്ക്കാജ്യൂസും പലതരം ഇലകളും നിത്യവും ഉപയോഗിക്കരുത്. ഇവ
 • ഭക്ഷണമായി ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അധികമാകുന്നത് നല്ലതല്ല.
 • ബിസ്‌ക്കറ്റ്, ബ്രെഡ്, കേക്ക്, പ്രിസര്‍വേറ്റീവുകളും കൃത്രിമ നിറങ്ങളും അടങ്ങിയവ, കോള, മദ്യം എന്നിവയൊന്നും കഴിക്കരുത്.
 • പുകവലിക്കുന്നവര്‍ പ്രമേഹം സ്ഥിരീകരിച്ച അന്നുതന്നെ അത് നിര്‍ത്തണം.
 • ഒരു മാസത്തില്‍ ഒരിക്കലെങ്കിലും ആഹാരത്തിന് മുന്‍പും ശേഷവുമുള്ള പഞ്ചസാരയുടെ അളവ് പരിശോധിക്കണം. അതിനനുസരിച്ച് ഭക്ഷണത്തില്‍ മാറ്റം വരുത്തണം.എന്നാല്‍ മരുന്നില്‍ മാറ്റം വരുത്തുകയോ അളവ് ക്രമീകരിക്കുകയോ ചെയ്യേണ്ടത്  ഡോക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം.

ആയുര്‍വേദ മരുന്നുകള്‍കൂടി ഉള്‍പ്പെടുത്തി പ്രമേഹരോഗത്തെ കൂടുതല്‍ ഫലപ്രദമായി നിയന്ത്രിക്കാം.

പ്രമേഹം കാരണമുള്ള ബുദ്ധിമുട്ടുകള്‍

പ്രമേഹംകാരണം രക്തത്തില്‍ ഷുഗറിന്റെ അളവ് കൂടുമെന്നതിനപ്പുറം മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് വിചാരിച്ചിരിക്കുന്നവര്‍ അത്ര കുറവല്ലെന്നാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

പ്രമേഹം ഉണ്ടെന്നറിഞ്ഞവരില്‍ ചിലരെങ്കിലും മാസങ്ങളോളം വീണ്ടും രക്തപരിശോധന നടത്താതിരിക്കുന്നവരും ആവശ്യത്തിന് മരുന്ന് കഴിക്കാത്തവരുമാണ്. അഥവാ ഇടയ്‌ക്കൊക്കെ പരിശോധിക്കുന്നവര്‍പോലും മുമ്പത്തേക്കാള്‍ ഷുഗര്‍ കുറഞ്ഞിട്ടുണ്ടല്ലോ എന്ന് സമാധാനിച്ച് അര്‍ഹമായ ശ്രദ്ധ നല്‍കാതെ രോഗം നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയില്‍ ഏറെനാള്‍ കഴിയാറുണ്ട്.  അത്തരമാള്‍ക്കാര്‍ കാലില്‍ പെരുപ്പോ, കാഴ്ചക്കുറവോ ഉണ്ടാകുമ്പോള്‍ പോലും പ്രമേഹനിയന്ത്രണത്തില്‍ ശ്രദ്ധവെക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം.

ഷുഗര്‍നില ഒരുമാസത്തിലേറെ കാലം ഇരുന്നൂറിലധികമായി തുടരുന്നത് സെക്കന്ററി സങ്കീര്‍ണതകള്‍ക്ക് കാരണമാകാമെന്നറിയാമല്ലോ? ഡയബറ്റിക് നെഫ്രോപ്പതി, ഡയബെറ്റിക് ന്യൂറോപ്പതി, ഡയബെറ്റിക് റെറ്റിനോപ്പതി, എന്നിവ മാത്രമല്ല സങ്കീര്‍ണതകള്‍. ദഹനപ്രശ്‌നങ്ങള്‍, മലബന്ധം, ക്ഷീണം, തളര്‍ച്ച, മെലിച്ചില്‍, ലൈംഗിക പ്രശ്‌നങ്ങള്‍, വ്രണങ്ങള്‍, തലകറക്കം ശരീരബലക്കുറവ് തുടങ്ങിയവയുമുണ്ടാകാം.

ഷുഗര്‍ നോര്‍മലാക്കിയാലും ഇവയൊന്നും ശമിക്കണമെന്നില്ല. പ്രമേഹം കാരണമുണ്ടായ ഓരോബുദ്ധിമുട്ടുകളേയും സ്വതന്ത്രരോഗങ്ങളായിതന്നെ പരിഗണിച്ച് പ്രമേഹനിയന്ത്രണത്തിനൊപ്പം ചികിത്സിച്ചുകൊണ്ടിരുന്നാല്‍മാത്രമേ കുറച്ചെങ്കിലും സമാധാനമുണ്ടാകൂ എന്ന് സാരം. 

ഡയബറ്റിക് റെറ്റിനോപ്പതി

കണ്ണിലെ ഞരമ്പുകളെബാധിച്ച് കാഴ്ച കുറഞ്ഞുപോകുന്ന അവസ്ഥയാണിത്. പെട്ടെന്നും അല്ലാതെയും കാഴ്ചകുറഞ്ഞ് ജീവിതമാര്‍ഗ്ഗങ്ങള്‍തന്നെ വഴിമുട്ടുന്ന അവസ്ഥയാണിത്. കണ്ണട ഉപയോഗിച്ച് പരിഹരിക്കുവാന്‍ പലപ്പോഴും സാധിക്കാറില്ല. എന്നാല്‍ ശരിയായ ചികിത്സയിലൂടെ കുറെയൊക്കെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമാകും.

ഡയബറ്റിക് നെഫ്രോപ്പതി

പ്രമേഹം വൃക്കകളെ ബാധിച്ച് ഡയാലിസിസ് ചെയ്യേണ്ടിവരുന്ന അവസ്ഥയാണിത്. 'പ്രമേഹത്തിന് മരുന്ന് കഴിച്ചാല്‍ കിഡ്‌നി അടിച്ചു പോകും' എന്ന് പേടിച്ച് മരുന്ന് ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ മരുന്ന് കഴിച്ചില്ലെങ്കില്‍ നിയന്ത്രണവിധേയമല്ലാത്ത പ്രമേഹംകാരണം വളരെ വേഗത്തില്‍ കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. മൂത്രത്തില്‍ മൈക്രോ ആല്‍ബുമിന്‍, രക്തത്തില്‍ സീറം ക്രിയാറ്റിനിന്‍ എന്നിവ ഉള്‍പ്പെടെ ഇടയ്ക്ക് പരിശോധിച്ച് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതാണ്.

ഡയബറ്റിക് ന്യൂറോപ്പതി

കാല്‍പ്പാദങ്ങളില്‍ പെരുപ്പ്, ചവിട്ടിയാല്‍ അറിയുവാന്‍ കഴിയായ്ക,  കാലില്‍നിന്നും ചെരുപ്പ് ഊരിപ്പോയാലും അറിയാതിരിക്കുക, വിരലുകളില്‍ എന്തോ പറ്റിപ്പിടിച്ചിരിക്കുന്ന പോലെ തോന്നുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. പിന്നീട് വിരലുകളില്‍ ഉണങ്ങാത്തവ്രണങ്ങളും പ്രത്യേകകാരണം കൂടാതെ പ്രത്യക്ഷപ്പെടാം.

പ്രമേഹംതന്നെ ചികിത്സിച്ചുമാറ്റുവാന്‍ പ്രയാസമാണ്. ഭക്ഷണം, വ്യായാമം, മരുന്ന് എന്നിവയിലൂടെ നിയന്ത്രിക്കുവാനേ സാധിക്കൂ. പ്രമേഹം നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ സാധിക്കാത്തതുകാരണം ഇത്തരം ബുദ്ധിമുട്ടുകള്‍കൂടി ബാധിക്കുന്നവരില്‍ ജീവിതംതന്നെ ദുഷ്‌കരമാകുവാനിടയുണ്ട്. അത് മനസ്സിലാക്കി പ്രമേഹരോഗ നിയന്ത്രണം മെച്ചപ്പെടുത്തിയേ മതിയാകൂ.

നിയന്ത്രണം

എന്തൊക്കെ ആഹാരകാര്യങ്ങള്‍ ശ്രദ്ധിച്ചും ശീലങ്ങള്‍മാറ്റിയും ഒരു രോഗത്തെ നിയന്ത്രിക്കാനാകുമെന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം. അപ്രകാരം ചെയ്തിട്ടും കുറയാത്ത രോഗങ്ങളിലാണ് മരുന്നും ആവശ്യമായി വരുന്നത്. എന്നിട്ടും രോഗം നിയന്ത്രണവിധേയമാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ വര്‍ധിതവീര്യമുള്ള മരുന്നുകള്‍തന്നെ വേണ്ടിവന്നേക്കാം. മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍കൂടി ഉണ്ടാകുന്നതിനും അത് കാരണമാകാവുന്നതാണ്. ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രമേഹംപോലുള്ള രോഗങ്ങളില്‍ ഇത്തരം കാര്യങ്ങള്‍കൂടി മനസ്സിരുത്തിവേണം ചികിത്സ നിര്‍ണ്ണയിക്കേണ്ടത്.

അരിയേക്കാള്‍ കണ്ണിന് ഹിതവും പേശികള്‍ക്ക് ബലവും നല്‍കുന്നതും വാതരോഗങ്ങളെ കുറയ്ക്കുന്നതുമാണ് ഗോതമ്പ്. അരി അരച്ചും പുളിപ്പിച്ചും ഉഴുന്നും എണ്ണയും ചേര്‍ത്തുമുണ്ടാക്കുന്ന ആഹാരം പ്രമേഹത്തെ വര്‍ധിപ്പിക്കുകയേ ഉള്ളൂ. അപ്പവും ദോശയും ഇഡ്ഡലിയും പ്രമേഹത്തെ വര്‍ധിപ്പിക്കുമെന്ന് സാരം. പ്രമേഹരോഗികളുടെ അസ്ഥികള്‍ക്കും പല്ലുകള്‍ക്കും ബലമുണ്ടാകുന്നതിനും അസ്ഥിതേയ്മാനം കാരണമുള്ള അസുഖങ്ങള്‍ പരിഹരിക്കുന്നതിനും കറുത്ത എള്ളും ചണമ്പയറും ( ഫ്‌ളാക്‌സ് സീഡ്) നല്ലതാണ്. മത്സ്യം കഴിക്കാത്തവര്‍ ഫ്‌ളാക്‌സ് സീഡ് ഉപയോഗിച്ചാല്‍ ഒമേഗാ ത്രീ ഫാറ്റി ആസിഡിന്റെ അഭാവം പരിഹരിക്കാം. സന്ധികളിലെ കാര്‍ട്ടിലേജുകളെ സംരക്ഷിച്ച് തേയ്മാനം കുറയ്ക്കുവാന്‍ ഇത് ഉപകാരപ്പെടും.

ശരിയായ പോഷണത്തിനും പൊണ്ണത്തടിയും ദുര്‍മേദസ്സും കുറയ്ക്കുന്നതിനും പഴമുതിര, ചെറുപയര്‍, തുവരപ്പയര്‍ എന്നിവയും ഉപയോഗിക്കണം. ചെറുപയര്‍, തുവരപ്പയര്‍, ചണമ്പയര്‍ എന്നിവ വേകിച്ച് ഊറ്റിയെടുത്ത വെള്ളം കുടിക്കുന്നതും നല്ലതാണ്.

മലര്‍ (പൊരി)വറുത്തത് ഓട്‌സ്‌പോലെ കുറുക്കി കഴിക്കുന്നത് നല്ലതാണ്. കടകളില്‍നിന്നും വാങ്ങുന്ന മലര്‍ ആവശ്യത്തിലേറെ ഉപ്പ് ചേര്‍ത്തതാണ്. പ്രമേഹരോഗികള്‍ അത്യാവശ്യത്തിനുമാത്രം ഉപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. പ്രമേഹത്തിന് ഉപദ്രവരോഗമായി (സെക്കന്‍ഡറി സങ്കീര്‍ണതകള്‍) വൃക്ക തകരാറുള്ളവരില്‍ ഇന്തുപ്പിന്റെ ഉപയോഗം പാടില്ല.

ലഭ്യതയുടെ കാര്യത്തില്‍ ഇക്കാലത്ത് പ്രയാസമുള്ളവയാണെങ്കിലും അത്തിപ്പഴം, വാഴക്കൂമ്പ്, താമരക്കിഴങ്ങ്, തെങ്ങിന്റേയും കരിമ്പനയുടേയും മണ്ടയും പൊങ്ങും എന്നിവ പ്രമേഹ രോഗശമനത്തിന് നല്ലതുതന്നെ.

ഞാവല്‍ മരത്തിന്റെ തൊലി, ഇല, പഴം, പഴത്തിന്റെ കുരു എന്നിവയുടെ പലവിധത്തിലുള്ള ഉപയോഗങ്ങള്‍ പ്രമേഹരോഗികളില്‍ പഥ്യമാണ്. മധുരം കുറവുള്ള വാഴപ്പഴങ്ങളായ കരിങ്കദളി, പഴറ്റി (പടറ്റി), മൊന്തന്‍പഴം, പച്ച വാഴയ്ക്ക എന്നിവയും ഹിതകരമാണ്. മുരിങ്ങ, പാവയ്ക്കാ, കയ്പ്പന്‍ പടവലം, കുരുട്ടു പാവല്‍, വഴുതനങ്ങ, കത്തിരിക്ക എന്നിവയും ഉപയോഗിക്കണം. പാവയ്ക്ക കറിവെച്ച് ഉപയോഗിക്കാം. പടവലങ്ങ ഹൃദയത്തെ പ്രത്യേകം സംരക്ഷിക്കുന്നതിന് നല്ലതായതിനാല്‍ ഉപയോഗിക്കണം.

ചുവന്നുള്ളി, വെളുത്തുള്ളി, സവാള എന്നിവയെല്ലാം നല്ലതുതന്നെ. പലരീതിയിലും ഇവ ഉപയോഗിക്കാവുന്നതാണ്.

മുയല്‍, കാട, നാടന്‍കോഴി എന്നിവയുടെ ഇറച്ചിയാണ് മറ്റുള്ള ഇറച്ചികളേക്കാള്‍ പ്രമേഹരോഗിക്ക് നല്ലത്. നാടന്‍ കോഴിയിറച്ചിക്ക് സമം അളവില്‍ ചെറിയ ഉള്ളി (ചുവന്നുള്ളി) സാധാരണപോലെ കറിവെച്ചുപയോഗിക്കുന്നത് പഴക്കംചെന്ന പ്രമേഹരോഗമുള്ളവരില്‍ ധാതുശോഷത്തെ കുറച്ച് സപ്തധാതുക്കളേയും പോഷിപ്പിക്കും.

ത്രിഫല എന്ന പേരിലറിയപ്പെടുന്ന കടുക്ക, നെല്ലിക്ക, താന്നിക്ക, ത്രികടു എന്ന പേരിലറിയപ്പെടുന്ന ചുക്ക്, കുരുമുളക്, തിപ്പലി കൂടാതെ ചിറ്റമൃത്, കരിങ്ങാലി, വേങ്ങ, കുടകപ്പാലയരി, കന്മദം, മുത്തങ്ങ, മഞ്ഞള്‍ എന്നിവയുടെ വിവിധ തരത്തിലുള്ള പ്രയോഗങ്ങള്‍ പ്രമേഹരോഗികള്‍ക്ക് വളരെ ഫലപ്രദമാണ്. മഞ്ഞള്‍, നെല്ലിക്ക, കുരുമുളക് എന്നിവയുടെ ഒരുമിച്ചുള്ള ഉപയോഗം പ്രമേഹത്തെ കുറയ്ക്കും.

ശരിയായ ദഹനം, ചയാപചയ പ്രവര്‍ത്തനം (മെറ്റബോളിസം) എന്നിവയുണ്ടാക്കുന്ന ഔഷധങ്ങള്‍ക്ക് പ്രമേഹത്തില്‍ വളരെ പ്രാധാന്യമുണ്ട്. കാരണം പ്രമേഹം ഒരു മെറ്റബോളിക് ഡിസോര്‍ഡര്‍ ആണ്. നമ്മുടെ ദഹനപ്രക്രിയ ശരിയാക്കുക എന്നതുമാത്രമാണ് പ്രമേഹത്തിന്റെ ശരിയായ ചികിത്സ. അല്ലാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള മരുന്ന്മാത്രം കഴിച്ച് പ്രമേഹരോഗത്തില്‍ നിന്നും മോചനം നേടാന്‍ സാധിക്കില്ല. 

(നേമം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസറാണ് ലേഖകന്‍) 

Content Highlights: World Diabetes Day 2021, How to control diabetes, Ayurveda tips to control diabetes