കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ്-19 രോഗത്തിന് കാരണമാകുന്ന നോവല്‍ കൊറോണ വൈറസ് 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വൈകാതെ ഇത് ലോകമെമ്പാടും വ്യാപിച്ചു. കോവിഡ്-19 ന്റെ തീവ്രതയ്ക്കും അത് മൂലമുണ്ടാകുന്ന മരണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പൊണ്ണത്തടി അല്ലെങ്കില്‍ ടൈപ്പ് 1 ഡയബറ്റിസ് മെലിറ്റസ് (T1DM) അല്ലെങ്കില്‍ ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് (T2DM) പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഐ.സി.യുകളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളില്‍ കൂടുതല്‍ പേര്‍ക്ക് പ്രമേഹവും ഹൃദ്രോഗവും ഉള്ളതായി  ചില ആദ്യകാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

ടൈപ്പ് 2 പ്രമേഹം സാധാരണമായി മുതിര്‍ന്നവരില്‍ കാണുന്ന ഒരു ജീവിതശൈലി രോഗമാണ്. അതിനാല്‍, പ്രമേഹം മുതിര്‍ന്ന കോവിഡ് രോഗികളില്‍ കാണുന്നതാണോ അതോ കോവിഡ് പ്രമേഹം ഉണ്ടാക്കുന്നുണ്ടോ എന്ന് പഠനങ്ങള്‍ നടന്നു വരുന്നു.

ഒരു വ്യക്തിയുടെ പ്രമേഹ രോഗത്തിന്റെ തീവ്രത, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ അനുസരിച്ച് കോവിഡ് 19 രോഗത്തിന്റെ തീവ്രത, മരണനിരക്ക് എന്നിവ ബന്ധപ്പെട്ടിരിക്കുന്നു. 

പ്രമേഹമുള്ള രോഗികള്‍

പ്രമേഹരോഗത്തിന് കോവിഡിന്റെ തീവ്രതയുമായി ഉള്ള ബന്ധങ്ങള്‍  എങ്ങനെയൊക്കെ ആണെന്ന് നോക്കാം.

1) രക്തത്തിലെ ഉയര്‍ന്ന തോതിലുള്ള പഞ്ചസാരയുടെ അളവ് കോവിഡ് വൈറസ് ഇരട്ടിക്കുന്നതിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നു. ശരീരത്തിലെ ഏതൊരു അണുബാധയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും.
2) മാരകമായ കോവിഡ് ഉള്ള ആളുകളുടെ ശ്വാസകോശത്തിലെ ഏറ്റവും സാധാരണമായ പോസ്റ്റ്മോര്‍ട്ടം കണ്ടെത്തലുകള്‍ ഇവയാണ്. 

ഉയര്‍ന്ന കോശജ്വലന പ്രതികരണം മൂലം ശ്വാസകോശത്തിലെ  ആല്‍വിയോളകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. അങ്ങനെ അത് രക്തത്തിലെ ഓക്‌സിജനെ നോര്‍മല്‍ ആക്കി നിര്‍ത്തുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. വര്‍ധിച്ചുവരുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വഴി, IL-6 പ്രോട്ടീനുകള്‍, ലിപിഡുകള്‍, ഡി.എന്‍.എ. എന്നിവയെ നശിപ്പിക്കുകയും ശരീരത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും തകരാറിലാക്കുകയും ചെയ്യും. ഈ പ്രഭാവം കോവിഡിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയിലേക്ക് പ്രമേഹ രോഗികളെ നയിച്ചേക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കോവിഡ് പ്രമേഹ രോഗത്തിന് കാരണമോ?

സാധാരണ ജനങ്ങളേക്കാള്‍ പ്രമേഹമുള്ള ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണോ എന്ന് കണ്ടെത്താനുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. 

കോവിഡിനെ അതിജീവിച്ച ശേഷം ആളുകളില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടെന്ന് തിരിച്ചറിയുന്ന എണ്ണം കൂടുന്നു എന്ന് ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിന്റെ സാധ്യത വിശദീകരിക്കാന്‍ കഴിയുന്ന മൂന്ന് സാഹചര്യങ്ങള്‍ ഇവയാണ്. 

1) വ്യക്തിക്ക് ആദ്യം തന്നെ പ്രമേഹ രോഗമുണ്ട്, പക്ഷേ ഇതുവരെ രോഗനിര്‍ണ്ണയം നടത്തിയിട്ടില്ല.

2) വ്യക്തിക്ക് പ്രീ ഡയബറ്റിസ്(പ്രമേഹ രോഗത്തിന്റെ തുടക്കം) ഉണ്ടായിരിക്കാം. കോവിഡ് കാരണം ഉണ്ടായ ഉയര്‍ന്ന കോശജ്വലന പ്രതികരണം മൂലമോ അല്ലെങ്കില്‍ സ്റ്റിറോയിഡ് ചികിത്സയോ അവരെ പ്രമേഹത്തിലേക്ക് നയിച്ചിരിക്കാം. കോവിഡ് രോഗം അവരുടെ ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കുകയും ഇന്‍സുലിന്‍ ഉല്‍പാദനത്തിന്റെ ആപേക്ഷിക കുറവ് വെളിപ്പെടുത്തുകയും ഗ്ലൂക്കോസ് സാധാരണ നിലയേക്കാള്‍ കൂടുതലാകുകയും ചെയ്തതായിരിക്കാം.

3) അമിതഭാരം (പൊണ്ണത്തടി അല്ല), അലസമായ ജീവിതശൈലി, വ്യക്തിക്ക് ജനിതകപരമായി പ്രമേഹത്തിനുള്ള സാധ്യത എന്നിവയുണ്ടായിരിക്കാം.  എന്നാല്‍ പിന്നീട് അണുബാധയില്‍ നിന്നുള്ള ഇന്‍സുലിന്‍ പ്രതിരോധവും, കോവിഡ് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന ഡോസ് സ്റ്റിറോയിഡുകളും ചേര്‍ന്ന് ഗ്ലൂക്കോസ് സാധാരണ നിലയിലാക്കാന്‍ ഇന്‍സുലിന്‍ ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധനവ് ആവശ്യമായി വന്നത് പാന്‍ക്രിയാസ് ഗ്രന്ഥിക്ക് ഉദ്പാദിപ്പിക്കാന്‍ കഴിയാതെ വരാം.

കൊറോണ വൈറസ് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ മാറ്റുന്നുവെന്ന് പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ഇന്‍സുലിന്‍ ഉണ്ടാക്കുന്ന ബീറ്റാ കോശങ്ങള്‍ അടങ്ങിയതാണ് പാന്‍ക്രിയാസ് ഗ്രന്ഥി. പഠനങ്ങള്‍ കാണിക്കുന്നത് ബീറ്റാ കോശങ്ങള്‍ ട്രാന്‍സ്ഡിഫറന്‍ഷ്യേഷന്‍(Transdifferentiation) പ്രക്രിയയിലൂടെ കടന്നുപോകുന്നു, അതില്‍ അവ പുനഃക്രമീകരിക്കപ്പെടുന്നതായി കാണപ്പെടുന്നു എന്നാണ്.

ഈ പ്രക്രിയയില്‍, ശരീരത്തില്‍ ഇന്‍സുലിന്‍ ഉദ്പാദനം കുറയുകയും കൂടുതല്‍ ഗ്ലൂക്കഗോണ്‍ ഉത്പാദനം കൂടുകയും ചെയ്യുന്നു. ഇത് കരളിലെ ഗ്ലൈക്കോജനെ ഗ്ലൂക്കോസായി വിഘടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു.  

സാര്‍സ് കോവ് 2 എങ്ങനെ പാന്‍ക്രിയാസില്‍ എത്തുന്നുവെന്നും തത്ഫലമായുണ്ടാകുന്ന നാശത്തില്‍ രോഗപ്രതിരോധ സംവിധാനത്തിന് എന്ത് പങ്കുണ്ട് എന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. 

കൊറോണ വൈറസ് ചില കോശങ്ങളുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന ACE-2 എന്ന് വിളിക്കുന്ന പ്രോട്ടീന്‍ വഴിയാണ് ശരീരത്തില്‍ പ്രവേശിക്കുന്നത്. ACE-2 പാന്‍ക്രിയാസിലും കാണപ്പെടുന്നു. ഇത് മൂലമായിരിക്കാം പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങള്‍ കൊറോണ വൈറസ് അണുബാധയ്ക്ക് ഇരയാകുന്നത് എന്നതിന് ചില തെളിവുകളുണ്ട്. മറ്റൊരു സിദ്ധാന്തം സൂചിപ്പിക്കുന്നത് കൊറോണ വൈറസ് പാന്‍ക്രിയാസിനെ ബാധിക്കുമ്പോള്‍ അത് രോഗപ്രതിരോധ സംവിധാനത്തെ പ്രേരിപ്പിക്കുകയും ബീറ്റാ കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും എന്നാണ്. ഇത് ടൈപ്പ് 1 പ്രമേഹത്തിന്റെ പ്രധാന സവിശേഷതയാണ്. ഇതു തെളിയിക്കാനും കൂടുതല്‍ പഠനങ്ങള്‍ നടന്നു വരുന്നു.

കോവിഡ് മാറിയ ശേഷം നിങ്ങള്‍ക്ക് പ്രമേഹം വന്നിരിക്കാം എന്ന മുന്നറിയിപ്പ് സൂചനകള്‍ എന്തൊക്കെയാണ്?

1) ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍.  മൂത്രമൊഴിക്കുന്നതിനായി രാത്രിയില്‍ ഉണരുന്നതും കൂടാതെ/അല്ലെങ്കില്‍ പകല്‍ സമയത്ത് വര്‍ധിച്ചുവരുന്ന ആവൃത്തിയും ഇതില്‍ ഉള്‍പ്പെട്ടേക്കാം.
2) കാഴ്ച മങ്ങുക
3) വര്‍ധിച്ച ദാഹം.
4) രോഗം മൂര്‍ച്ഛിച്ചപ്പോള്‍ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കാന്‍ കഴിയാത്ത അവസ്ഥ.
5) മന്ദഗതിയിലുള്ള മുറിവ് ഉണക്കല്‍.
6) അമിതമായ ക്ഷീണം കോവിഡ് ഉള്ള മിക്ക ആളുകള്‍ക്കും രോഗത്തിന് ശേഷം ദീര്‍ഘകാലത്തേക്ക് ക്ഷീണമുണ്ട്.
അതിനാല്‍ ഇത് മാത്രം പ്രമേഹത്തിന്റെ ഒരു ലക്ഷണമായി എടുക്കാന്‍ കഴിയില്ല.

കോവിഡിന് ശേഷം പ്രമേഹം തടയാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാകും?

1) അമിതഭാരം കുറക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രീ ഡയബറ്റിസ് ഉള്ള ജനസംഖ്യയില്‍ നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കി, ഇത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
2) നിങ്ങളുടെ കോവിഡിന് മുമ്പുള്ള ഭക്ഷണക്രമം വിലയിരുത്തുക. അവയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുക. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് പകരം പഞ്ചസാരരഹിത പാനീയങ്ങളോ വെള്ളമോ ഉപയോഗിക്കുക.
3) ഭക്ഷണത്തില്‍ പച്ചക്കറികള്‍, ഫൈബര്‍ കൂടുതലുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിക്കുക. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള പദാര്‍ഥങ്ങള്‍ (അരി, കിഴങ്ങുവര്‍ഗങ്ങള്‍) എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
4) വ്യായാമം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക.

ഇങ്ങനെ ഈ മഹാമാരിക്കാലത്ത് ചിട്ടയായ ജീവിതശൈലിയിലൂടെയും വ്യായാമത്തിലൂടെയും അവയുടെ കൂടെ കൃത്യസമയത്തിലുള്ള രോഗനിര്‍ണ്ണയം, ചികിത്സ എന്നിവയിലൂടെ നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് പ്രമേഹം എന്ന മഹാരോഗത്തിനെതിരെ ചെറുത്തു നില്‍ക്കാം.

(പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ആണ് ലേഖിക)

Content Highlights: World Diabetes Day 2021, How covid19 can lead to diabetes