ഗര്‍ഭത്തിന്റെ ഏഴാം മാസത്തിലാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം അറിഞ്ഞത്. എനിക്ക് പ്രമേഹം ഉണ്ട്. ഏഴാം മാസത്തില്‍ സാധാരണ നടത്താറുള്ള ഷുഗര്‍പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രക്തത്തിലും യൂറിനിലും ഷുഗര്‍ ഉണ്ട്. അതോടെ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞു.

ഗര്‍ഭിണി ആകുന്നതിന് മുമ്പ് പി.സി.ഒ.ഡി. ഉണ്ടെന്ന് കണ്ടെത്തിയിരുന്നതിനാല്‍ പ്രമേഹം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. 

രണ്ടു നേരം ഗുളിക കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഒപ്പം ഭക്ഷണത്തിലും നിയന്ത്രണമുണ്ടായിരുന്നു. 
രാവിലെയും രാത്രിയും ഗോമ്പതുകൊണ്ടുള്ള ഭക്ഷണം. ഉച്ചയ്ക്ക് മാത്രം ചോറ്. മാമ്പഴം പോലുള്ള അധികം മധുരമുള്ള പഴങ്ങള്‍ അമിതമായി കഴിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. രാത്രിയില്‍ എല്ലാവരും മീന്‍ കറി കൂട്ടി കുത്തരിച്ചോര് കഴിക്കുന്നത് കാണുമ്പോള്‍ വല്ലാതെ വിഷമം വരും. അതുകൊണ്ട് അവര്‍ കഴിക്കുന്നതിന് മുമ്പ് രാത്രി ഭക്ഷണം കഴിക്കാന്‍ തുടങ്ങി. പിന്നെ ദാഹമായിരുന്നു മറ്റൊരു പ്രശ്‌നം. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ വെള്ളം കുടിക്കുമായിരുന്നു.

ഇടയ്ക്കിടയ്ക്ക് വീടിന് അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യാന്‍ പോകണമായിരുന്നു. 

നേരത്തെയുള്ളതിനേക്കാള്‍ വിശപ്പ് കൂടുതലായിരുന്നു ഗര്‍ഭിണിയായിരുന്നപ്പോള്‍ എനിക്ക്.  മുമ്പ് ഒരു തവണ ഗര്‍ഭം അലസിപ്പോയിട്ടുള്ളതിനാലും ബൈകോര്‍ണുവേറ്റ് യൂട്രസ് എന്ന അവസ്ഥ ഉള്ളതിനാലും പൂര്‍ണവിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ ഛര്‍ദിയോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ല. അതിനാല്‍, വലിയ ആശ്വാസത്തിലായിരുന്നു ഞാന്‍. ആ ആശ്വാസം കൊണ്ടെത്തിച്ചത് പ്രമേഹത്തിലായിരുന്നു. 

ആറ് മാസമൊക്കെ ആയപ്പോഴേക്കും മധുരത്തോട് വല്ലാത്ത താത്പര്യമായിരുന്നു. വയനാട്ടില്‍ പാല്‍കേക്ക്(ബട്ടര്‍ കേക്ക് എന്നും പറയും) എന്നു വിളിക്കുന്ന പലഹാരത്തോട് ആയിരുന്നു താത്പര്യം മുഴുവന്‍. എനിക്ക് ഉള്ള വീതത്തിനു പുറമെ കെട്ടിയോന്റെയും അമ്മായിഅമ്മയുടെയും പാല്‍കേക്ക് ഞാന്‍ അടിച്ചുമാറ്റി കൊണ്ടിരുന്നു. പതിയെ ദാഹവും വിശപ്പും കൂടി വന്നു. അങ്ങനെയിരിക്കെയാണ് പ്രമേഹം കണ്ടുപിടിക്കുന്നത്. രോഗം കണ്ടുപിടിച്ചതോടെ പാല്‍കേക്ക് തീറ്റയ്ക്ക് തീരുമാനമായി. 

പ്രസവം കഴിയുമ്പോള്‍ പാല്‍കേക്ക് ഉറപ്പായി മേടിച്ചു തരാം എന്ന ഭര്‍ത്താവിന്റെ വാഗ്ദാനമായിരുന്നു ഏക ആശ്വാസം. പ്രസവം കഴിഞ്ഞതിനു തൊട്ടുപിന്നാലെ രക്തത്തിലെ ഷുഗറിന്റെ അളവ് 200-ന് മുകളില്‍ കയറി രണ്ടുനേരം ഇന്‍സുലിന്‍ എടുക്കേണ്ടിയും വന്നു. ഇത് രണ്ടു ദിവസം തുടര്‍ന്നു. പിന്നെ ഷുഗര്‍ സാധാരണനിലയിലായി. ഇതൊക്കെ കഴിഞ്ഞപ്പോഴേക്കും പാല്‍കേക്കിനോടുള്ള ആഗ്രഹവും പോയിരുന്നു. അതിനുശേഷം മരുന്നിന്റെ ഒന്നും ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. ആറുമാസം കൂടുമ്പോള്‍ ഫാസ്റ്റിങ്ങിലും അല്ലാതെയും ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നുണ്ട്. 

ഭക്ഷണകാര്യത്തില്‍ നന്നായി ശ്രദ്ധിച്ചതുകൊണ്ട് ഇന്‍സുലിന്‍ എടുക്കേണ്ട ഘട്ടത്തിലേക്ക് ഷുഗര്‍ ലെവല്‍ ഉയര്‍ന്നില്ല. അത് വലിയൊരു ആശ്വാസമായിരുന്നു. മൂന്നാം മാസത്തില്‍ ആദ്യ ഗര്‍ഭം അലസിപ്പോയിരുന്നതിനാല്‍ രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ വിശ്രമമെടുക്കേണ്ടതായി വന്നിരുന്നു. ആദ്യത്തെ മൂന്ന് മാസം രാവിലെയും വൈകീട്ടും ഇഞ്ചെക്ഷന്‍ ഉണ്ടായിരുന്നു. ഇത് കൂടാതെ, ആഴ്ചയില്‍ ഒരു ദിവസം എടുക്കേണ്ട മറ്റൊരു ഇഞ്ചക്ഷനും. അതിനാല്‍ ഇന്‍സുലിന്‍ എടുക്കേണ്ടി വരരുതേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു പ്രസവം കഴിയുന്നത് വരെ. 

അമ്മയുടെ കുടുംബത്തില്‍ മിക്കവര്‍ക്കും പ്രമേഹമുണ്ട്. അതിനാല്‍, ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത 30-നും 50 ശതമാനത്തിനും ഇടയിലുണ്ടെന്ന് ഗര്‍ഭിണി ആകുന്നതിന്റെ മുമ്പ് തന്നെ ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ദിവസവും ആറുകിലോമീറ്റര്‍ ദൂരം നടക്കുക, ചോറ് കഴിക്കുന്ന അളവ് കുറയ്ക്കുക, പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നിവയായിരുന്നു പി.സി.ഒ.ഡി. കുറയ്ക്കുന്നതിന് ഡോക്ടര്‍ നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍ . 

Content highlights: World diabetes day 2021, Gestational Diabetes, Pregnancy experince