ഗര്‍ഭകാലത്ത് ആദ്യമായി വന്ന പ്രമേഹം പിന്നീട് ജീവിതത്തില്‍ ഉടനീളം പിടിമുറുക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് തൃശ്ശൂര്‍ കുന്നംകുളം സ്വദേശിനി അനിത പീറ്റര്‍.

പ്രമേഹത്തോടുള്ള പോരാട്ടം തുടങ്ങിയിട്ട് 27 വര്‍ഷത്തോളമായി. കുടുംബത്തില്‍ ആര്‍ക്കും പ്രമേഹ പാരമ്പര്യം ഇല്ലായിരുന്നു. ഗര്‍ഭകാലത്താണ് ആദ്യമായി രക്തത്തിലെ ഷുഗര്‍നില ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അത് തന്നെ യാദൃശ്ചികമായി തിരിച്ചറിഞ്ഞതാണ്. ഗര്‍ഭകാലത്തിന്റെ മൂന്നാം മാസത്തിലൊക്കെ ഭക്ഷണം വളരെ കൂടിയ അളവിലാണ് കഴിച്ചിരുന്നത്. ഇത് കണ്ടപ്പോള്‍ അമ്മയാണ് പറഞ്ഞത് ഒരു രക്ത പരിശോധന നടത്തണമെന്ന്. അങ്ങനെ ഫാമിലി ഡോക്ടറെ കണ്ടു. രക്തപരിശോധന നടത്തിയപ്പോള്‍ രക്തത്തിലെ ഷുഗര്‍ നില 400!. ഫലം കണ്ട് ഞങ്ങള്‍ എല്ലാവരും ഞെട്ടി. യാതൊരു സൂചനയും കണ്ടിരുന്നില്ലല്ലോ എന്നായിരുന്നു മനസ്സില്‍. എന്നാലും അല്പം ആശ്വസിച്ചു; ഇപ്പോഴെങ്കിലും രോഗം തിരിച്ചറിഞ്ഞല്ലോ എന്ന്. പക്ഷേ, നിര്‍ഭാഗ്യം പിന്തുടര്‍ന്നു. നാലാം മാസത്തില്‍ അബോര്‍ഷനായി.

പിന്നീട് നിരവധി ടെസ്റ്റുകള്‍ നടത്തി. അപ്പോഴാണ് തിരിച്ചറിഞ്ഞത് മരുന്നുകള്‍ കഴിക്കുന്നത് മൂലമുണ്ടാകുന്ന പ്രമേഹം(drug induced) ആണെന്ന്. ഒവേറിയന്‍ സിസ്റ്റ് ഉണ്ടായിരുന്നതിനെത്തുടര്‍ന്ന് സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിച്ചിരുന്നു. ഈ മരുന്നുകളാണ് പ്രമേഹരോഗത്തിലേക്കെത്തിച്ചത്. 

തുടര്‍ന്ന് അതീവ ശ്രദ്ധയോടെയായി കാര്യങ്ങളെല്ലാം. അബോര്‍ഷനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കഴിഞ്ഞതോടെ പ്രമേഹം നോര്‍മലായി. പക്ഷേ, ഡോക്ടര്‍മാര്‍ ഉറപ്പിച്ചുപറഞ്ഞു വീണ്ടും ഗര്‍ഭിണിയാകാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണെന്ന്. കാരണം, ഗര്‍ഭാവസ്ഥയില്‍ പ്രമേഹം മൂര്‍ച്ഛിക്കും. അത് വീണ്ടും അബോര്‍ഷന് കാരണമാകും.

പിന്നീട് രണ്ടുവര്‍ഷമാകുമ്പോഴേക്കും രണ്ടാമതും ഗര്‍ഭിണിയായി. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്നെ നടത്തിയ രക്ത പരിശോധനയില്‍ തന്നെ ഷുഗര്‍നില കൂടിത്തുടങ്ങിയെന്ന് മനസ്സിലായി. 300 പിന്നിട്ടതോടെ ഇന്‍സുലിന്‍ ആരംഭിച്ചു. പക്ഷേ, എത്ര ശ്രമിച്ചിട്ടും പ്രമേഹം നിയന്ത്രണത്തിലാവുന്നില്ലായിരുന്നു. ദിവസം നാല് നേരമായിരുന്നു ഇന്‍സുലിന്‍ എടുത്തുകൊണ്ടിരുന്നത്. ഗര്‍ഭകാലം സങ്കീര്‍ണതകളുടേതായിരുന്നു. ഗര്‍ഭത്തിലാകട്ടെ ഇരട്ടക്കുട്ടികളും.

anitha
അനിത പീറ്റര്‍ കുട്ടികള്‍ക്കൊപ്പം (ആല്‍ബത്തില്‍ നിന്ന്‌)

അബോര്‍ഷന്‍ ആകാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ആരോഗ്യസ്ഥിതി മോശമാകുമോയെന്ന പേടിയും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഗര്‍ഭകാലം പൂര്‍ത്തിയാവുന്നതിന് ഒരു മാസം മുന്‍പ് തന്നെ സിസേറിയനിലൂടെ ഇരട്ട ആണ്‍കുട്ടികളെ പുറത്തെടുത്തു. ഒരു കുഞ്ഞിന് 3.50 കിലോഗ്രാമും രണ്ടാമത്തെ കുഞ്ഞിന് 3.25 കിലോഗ്രാമും ആയിരുന്നു ഭാരം. അമ്മയുടെ പ്രമേഹമാണ് കുഞ്ഞുങ്ങളുടെ ശരീരഭാരം കൂട്ടിയത്. തുടര്‍ന്ന് അവര്‍ പിന്നീടൊരു മാസം തീവ്ര പരിചരണത്തിലായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സയും പ്രസവവുമെല്ലാം. പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ പ്രമേഹം നോര്‍മലായി. പിന്നീട് നാല് വര്‍ഷം കഴിഞ്ഞപ്പോഴാണ് പ്രമേഹം വീണ്ടും വന്നത്. അന്നുമുതല്‍ ഇന്‍സുലിനും ഗുളികകളും ഉപയോഗിച്ചുതുടങ്ങി. 

കുട്ടികള്‍ക്ക് 10 വയസ്സാകുമ്പോഴാണ് പ്രമേഹത്തിന്റെ ആദ്യ സങ്കീര്‍ണത ഹാര്‍ട്ട് അറ്റാക്കിന്റെ രൂപത്തിലെത്തിയത്. വേദന കാര്യമായി തോന്നിയിരുന്നില്ല. പക്ഷേ രാത്രി മുഴുവന്‍ കടുത്ത അസ്വസ്ഥതയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഹാര്‍ട്ട് അറ്റാക്കായിരുന്നുവെന്ന് മനസ്സിലായത്. ബ്ലോക്ക് നീക്കാനായി ഉടന്‍ ആന്‍ജിയോപ്ലാസ്റ്റിയും ചെയ്യേണ്ടി വന്നു അന്ന്. ഇതിനുമുന്‍പ് 2005 ല്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയും ചെയ്യേണ്ടി വന്നിരുന്നു. 

ഇന്‍സുലിന്റെയും മരുന്നുകളുടെയും ഒക്കെ പിന്തുണയോടെ പ്രമേഹത്തെയും ഹൃദയപ്രശ്‌നങ്ങളെയും മെരുക്കി കൊണ്ടുപോകുന്നതിനിടെയാണ് ഒരു വര്‍ഷം മുന്‍പ് സ്തനാര്‍ബുദം തിരിച്ചറിഞ്ഞത്. തുടക്കത്തില്‍ തന്നെ സ്വയം തിരിച്ചറിയാനായി എന്നതാണ് എനിക്കുണ്ടായ ഒരു ഭാഗ്യം. പെട്ടെന്ന് തന്നെ ചികിത്സ തേടാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോവിഡ് പ്രശ്‌നങ്ങള്‍ക്കിടെയായിരുന്നു സര്‍ജറി. സെപ്റ്റംബറില്‍ റേഡിയേഷനും ചെയ്തു. ഇപ്പോള്‍ പ്രമേഹനിയന്ത്രണത്തിനൊപ്പം കാന്‍സറിനുള്ള മരുന്നുകള്‍ കൂടി കഴിക്കുന്നു. 

അനിത പീറ്റര്‍ തുന്നിയെടുത്ത ചില ചിത്രങ്ങള്‍
അനിത പീറ്റര്‍ തുന്നിയെടുത്ത ചിത്രങ്ങളില്‍ ഒന്ന്‌

ഗണിതശാസ്ത്രത്തില്‍ ബിരുദവും ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ പ്രാവീണ്യവും നേടിയെങ്കിലും രോഗാവസ്ഥകള്‍ മൂലം ജോലിക്ക് പോകാന്‍ സാധിച്ചില്ല. സ്വയം പഠിച്ചെടുത്ത ചിത്രത്തുന്നലില്‍ സംതൃപ്തി കണ്ടെത്തുകയാണ്. നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ ചെയ്തുകഴിഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരും ബിഷപ്പുമാരും ധരിക്കുന്ന തൊപ്പി നിര്‍മ്മാണവും ഇതിനൊപ്പം ചെയ്യുന്നുണ്ട്. ഇതിന് ജീവിതപങ്കാളിയും ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനുമായ ഫാ.പീറ്റര്‍ കാക്കശ്ശേരിയുടെ സഹായവുമുണ്ട്. 

അനിത പീറ്റര്‍ തുന്നിയെടുത്ത ചില ചിത്രങ്ങള്‍
അനിത പീറ്റര്‍ തുന്നിയെടുത്ത ചിത്രങ്ങളില്‍ ഒന്ന്‌

അന്ന് പ്രമേഹ സങ്കീര്‍ണതകള്‍ക്കിടെ പിറന്നുവീണ അപ്പു, അബു എന്നീ ഇരട്ടക്കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രായം 24. പ്രമേഹവും ഹൃദ്രോഗങ്ങളും സ്തനാര്‍ബുദവും ചേര്‍ത്ത് ഞെരുക്കാന്‍ ശ്രമിക്കുന്ന ജീവിതത്തില്‍ അവരാണ് പ്രതീക്ഷയുടെ ഇത്തിരിവെട്ടം.

Content Highlights: World Diabetes Day 2021, Anitha Peter shares her fight withdiabetes heart attack breast cancer