13 വര്‍ഷത്തിലേറെയായി പ്രമേഹത്തെ നിയന്ത്രിച്ചുകൊണ്ട്, ഒപ്പം കൂട്ടി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് അഡ്വ. ജോബി. എ. തമ്പി. പ്രമേഹം തന്റെ ജീവിതത്തില്‍ പിടിമുറുക്കിയതെങ്ങനെയെന്നും നേരിടേണ്ടി വന്ന പ്രമേഹ സങ്കീര്‍ണതകളെക്കുറിച്ചും വിശദമാക്കുകയാണ് ഹൈക്കോടതിയില്‍ അഭിഭാഷകനായ അഡ്വ.ജോബി. 

പ്രമേഹത്തെ കുറിച്ച് ഒട്ടേറെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി പ്രമേഹം സ്വജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നു വന്നു എന്ന് തിരിച്ചറിഞ്ഞത് 2008 സെപ്റ്റംബര്‍ 12 ാം തീയതിയാണ്. 

ഒരാഴ്ചയിലേറെ പതിവില്ലാതെ ദാഹവും രാത്രി തുടര്‍ച്ചയായി  മൂത്രമൊഴിക്കാനുള്ള പ്രവണതയും കൂടി വന്നപ്പോള്‍ ഒരു ചെറിയ സംശയം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒന്ന് പരിശോധിച്ചു കളയാം. രാവിലെ തന്നെ ലാബില്‍ ചെന്ന് ആഹാരത്തിനു മുമ്പും ശേഷവുമുള്ളത് പ്രത്യേകം എടുത്തു പരിശോധിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് റിസള്‍ട്ട് വാങ്ങാനായി ലാബില്‍ ചെന്നപ്പോള്‍ ലാബ് അസിസ്റ്റന്റ്  പെണ്‍കുട്ടി അവിശ്വസനീയതയോടെ മുഖത്തേക്ക് നോക്കുന്നു. എത്ര നാളായി ഷുഗര്‍ ഉണ്ട്?- ആ പെണ്‍കുട്ടി ചോദിച്ചു. എനിക്കതിന് ഷുഗര്‍ ഇല്ലല്ലോ എന്നായി ഞാന്‍. അങ്ങനെ പറഞ്ഞൊഴിഞ്ഞെങ്കിലും അപ്പോഴേ തീര്‍ച്ചയാക്കി ഇനി മുതല്‍ പ്രമേഹം എന്നോടൊപ്പം ഉണ്ടാകും. എങ്കിലും ഭക്ഷണത്തിന് മുന്‍പുള്ള രക്തത്തിലെ ഷുഗര്‍ നില (എഫ്.ബി.എസ്.) 290  ആണ്. ഭക്ഷണശേഷമുള്ളതാകട്ടെ (പി.പി.ബി.എസ്.) 450 എന്ന ഉയര്‍ന്ന നിലയിലും!. 

ഈ കണക്കുകള്‍ ഒക്കെ ശരിയാണോ എന്നാണ് ആദ്യം ചിന്തിച്ചത്. ഏയ്... തെറ്റായിരിക്കും... ലാബുകള്‍ക്കും തെറ്റിയ ചരിത്രമുണ്ടല്ലോ...അതിനാല്‍ അടുത്ത ദിവസം ഒന്നുകൂടി പരിശോധന നടത്താന്‍ തീരുമാനിച്ചു. 

പിറ്റേന്ന് വീണ്ടും നഗരത്തിലെ പേരെടുത്ത മറ്റൊരു ലാബില്‍ വീണ്ടും പരിശോധന. അളവുകളില്‍ നേരിയ  വ്യത്യാസം ഉണ്ടായിരുന്നെങ്കിലും പ്രമേഹം കൂടെയുണ്ട് എന്നത് അപ്പോഴേക്കും അരക്കിട്ടുറപ്പിച്ചു കഴിഞ്ഞിരുന്നു. അന്ന് വൈകിട്ട് തന്നെ നഗരത്തിലെ പ്രശസ്തനായ ഫിസിഷന്‍ ഡോക്ടര്‍ വത്സരാജിനെ കാണുന്നതിനായി അപ്പോയ്മെന്റ് ബുക്ക് ചെയ്തു. കൃത്യസമയത്ത് തന്നെ  ഡോക്ടറെ കണ്ടു. പരിശോധനാഫലങ്ങള്‍ കാണിച്ച് പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. അപ്പോള്‍ തന്നെ ഡോക്ടറുടെ ആശ്വാസ വചനങ്ങള്‍ എത്തി. ഒട്ടും പേടിക്കേണ്ടതില്ലന്നും പ്രമേഹത്തെ ഒരു പങ്കാളിയായി കൂടെ കൂട്ടി ജീവിതാവസാനം വരെ കൊണ്ടു പൊകാവുന്നതേയുള്ളൂ എന്ന വാക്കുകള്‍ ചെറിയൊരു ആശ്വാസം തന്നുവെങ്കിലും തുടര്‍ന്നുള്ള  നിര്‍ദ്ദേശങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. 

joby
അഡ്വ. ജോബി. എ. തമ്പി

എന്നും കൃത്യമായി വ്യായാമം ചെയ്യണമെന്നും ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണം വേണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഡോക്ടര്‍ താന്‍ ചികിത്സിച്ചു വരുന്ന പ്രമേഹ രോഗികളുടെ അനുഭവകഥകള്‍  വിവരിക്കാന്‍ തുടങ്ങി. എനിക്കന്ന് 30 വയസ്സാണ്. വിവാഹം കഴിഞ്ഞ് അധികം ആയിട്ടില്ല. അതെല്ലാം കണക്കിലെടുത്തായിരിക്കണം എന്നിലേക്ക് പരമാവധി ആത്മവിശ്വാസം പകരാനുള്ള പരിശ്രമമായിരുന്നു ഡോക്ടറുടെ ഭാഗത്തുനിന്ന് പിന്നീട് കണ്ടത്. 

എന്നും രാവിലെയും വൈകിട്ടും കഴിക്കാനായി രണ്ട് ടാബ്‌ലറ്റുകള്‍ മാത്രം കുറിച്ച് ഡോക്ടര്‍ രണ്ടുമാസം കഴിഞ്ഞ് വീണ്ടും വന്നു കാണണം എന്ന് നിര്‍ദ്ദേശിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ കുടുംബാംഗങ്ങളോട് ഡോക്ടറുടെ നിര്‍ദേശങ്ങള്‍ എല്ലാം വിശദീകരിച്ചു.  ജീവിതപങ്കാളി യാതൊരു പരിഭ്രമവും കൂടാതെ ആത്മവിശ്വാസം പകര്‍ന്നു തരുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ  മാതാപിതാക്കള്‍ ആകട്ടെ തങ്ങളുടെ പ്രമേഹ കൂട്ടായ്മയിലേക്ക് മറ്റൊരാള്‍ കൂടി കടന്നുവന്നതിനെ നിശബ്ദമായി പഴിച്ച് നീണ്ട നെടുവീര്‍പ്പുകളുമായി ആ ദിവസം കഴിച്ചുകൂട്ടി. 

എന്തായാലും അന്നുരാത്രി തന്നെ ഡോക്ടര്‍ നിശ്ചയിച്ച പ്രകാരം മരുന്നുകള്‍ അത്താഴത്തിന് മുമ്പായി കഴിച്ച് പ്രമേഹചികിത്സയുടെ അത്ര സുഖകരമല്ലാത്ത ലോകത്തേക്ക്  സാവധാനം പ്രവേശിച്ചു. പിറ്റേന്നുമുതല്‍ രാവിലത്തെ ചായയില്‍ നിന്ന് പഞ്ചസാര പൂര്‍ണമായും ഒഴിവാക്കപ്പെട്ടു. വ്യായാമത്തിന്റെ ഭാഗമായി രാവിലെ ആറുമണി മുതല്‍ നടത്തവുമാരംഭിച്ചു. പിന്നീട് പടിപടിയായി നടത്തത്തിന് ദൈര്‍ഘ്യം  കൂട്ടി വന്നു. സ്വയം ഏല്‍പ്പിച്ച ശിക്ഷ പോലെയാണ് ആ ചികിത്സാ വിധികള്‍ എനിക്ക് തോന്നിയത്. അതുകൊണ്ടാകണം പ്രമേഹത്തെ തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസം നല്ലവണ്ണം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒന്നരമാസം കഴിഞ്ഞ് വീണ്ടും  പരിശോധന. ആഗ്രഹിച്ചത് പോലെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് അപ്പോഴേക്കും താഴ്ന്നിരുന്നു. 

ലോകം കീഴടക്കിയ സന്തോഷമായിരുന്നു അപ്പോള്‍. എങ്കിലും ചിട്ടവട്ടങ്ങള്‍ക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. നേരത്തെ നിശ്ചയിച്ചതു പ്രകാരം  രണ്ടുമാസം പൂര്‍ത്തിയായ ദിവസം വീണ്ടും ഡോക്ടറെ കാണുവാനായി ചെന്നു. കയ്യില്‍ ലാബില്‍ നിന്ന് കിട്ടിയ പരിശോധനാഫലങ്ങള്‍  മൂന്നെണ്ണം അടുക്കി വെച്ചിരുന്നു. പക്ഷേ ഡോക്ടര്‍ അതിലേക്ക് എല്ലാം ഒന്ന് വേഗത്തില്‍ കണ്ണോടിച്ചു നോക്കിയശേഷം  തീര്‍ത്തും നിരാശപ്പെടുത്തി കൊണ്ടു പറഞ്ഞു; തത്ക്കാലത്തേക്ക് ഇതൊക്കെ മതി. പക്ഷേ ഇതുകോണ്ടു മാത്രമായില്ല തുടര്‍ന്നും മരുന്നുകള്‍ കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യണം.  അപ്പോള്‍ ഞാന്‍ ചോദിച്ചുപോയി, ''വ്യായാമം കൊണ്ടും ഭക്ഷണ ക്രമീകരണങ്ങള്‍ കൊണ്ടും ഗ്ലൂക്കോസിന്റെ അളവ് പിടിച്ചുനിര്‍ത്താന്‍ കഴിയില്ലേ ഡോക്ടര്‍''?. ചോദ്യം കേട്ട ഡോക്ടര്‍ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു ''ഞാന്‍ അന്നേ പറഞ്ഞില്ലേ ഈ അസുഖത്തെ എളുപ്പത്തില്‍ കീഴടക്കാം എന്ന് കരുതുന്നത് മൗഢ്യമാണ്. എന്നാല്‍ ഇതുമായി സമരസപ്പെട്ട് പോകുവാന്‍ കഴിയുകയാണെങ്കില്‍ വലിയ പ്രതിസന്ധികള്‍ ഒഴിവാക്കാം''. 

എന്തുകൊണ്ടോ ഡോക്ടറുടെ വാക്കുകള്‍  ആശ്വാസം തന്നില്ല. എങ്കിലും ഡോക്ടറുടെ കുറിപ്പടിയില്‍ ഉള്ള മരുന്നുകളും വ്യായാമവും തുടര്‍ന്നുപോന്നു. കൂട്ടത്തില്‍ ഡോക്ടര്‍ ഗ്ലൂക്കോസ് ലെവല്‍ നോക്കുന്നതിന്റെ കൂടെ ഒരു ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് കൂടി നടത്തുവാനും അതിന്റെ ഫലം  അടുത്ത തവണ വരുമ്പോള്‍ കൊണ്ടുവരണമെന്നും  ആവശ്യപ്പെട്ടിരുന്നു. അപ്പോഴും ഒരു നേരിയ പ്രതീക്ഷ ബാക്കി വന്നു. എനിക്കതിന് കഴിയുമായിരിക്കും. കുട്ടിക്കാലം മുതലേയുള്ള   ഐസ്‌ക്രീനോടും മധുരപലഹാരങ്ങളോടുമുള്ള അഭിനിവേശം അവസാനിപ്പിച്ചു അതുപോലെ ജങ്ക് ഫുഡിനോട്  താല്‍പ്പര്യങ്ങള്‍ നിയന്ത്രിക്കുവാന്‍ സ്വയം പരിശീലിച്ചു. ഏകദേശം നാലു മാസങ്ങള്‍ കുടുമ്പോള്‍ ഡോക്ടറെ മുടങ്ങാതെ കാണുവാന്‍  ശ്രദ്ധിച്ചിരുന്നുവെങ്കിലും പൊതു ചടങ്ങുകളിലും സത്ക്കാരങ്ങളിലും മധുരം എത്ര അകറ്റിനിര്‍ത്തിയിട്ടും എന്നോടൊപ്പം കൂട്ടു കൂടുവാന്‍ തിടുക്കം കൂട്ടിയിരുന്നു. പിന്നീട് ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ മനസ്സിനെ സ്വയം പാകപ്പെടുത്തി. 

ഇങ്ങനെയിരിക്കെ 2013 നവംബര്‍ മാസത്തില്‍ ഒരു ദിവസം രാവിലെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ മുഖം  വല്ലാതെ കോടിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഒരു ചെറിയ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ എന്ന് തോന്നിപ്പിച്ചെങ്കിലും പ്രശസ്ത ന്യൂറോളജിസ്റ് ഡോ. ശ്രീകുമാറിനെ ചെന്നു കണ്ടപ്പോള്‍ ഭയപ്പെടേണ്ടതില്ല  ബെല്‍സ് പാള്‍സി എന്ന അസുഖമാണന്നും മുഖത്തിന്റെ പേശികളെ നിയന്ത്രിക്കുന്ന ആറാമത്തെ കര്‍ണ്ണ ഞരമ്പിന് നീര്‍ക്കെട്ട് വീണത് മൂലം മുഖം കോടിയതുപോലെ തോന്നിക്കുന്നതാണന്നും  വിശദീകരിച്ചുതന്നു. പ്രതിവിധിയായി  ഡോ. ശ്രീകുമാര്‍ നിര്‍ദേശിച്ചത് സ്റ്റിറോയ്ഡ് ഇന്‍ജക്ഷന്‍. എന്നാല്‍ പ്രമേഹരോഗിയായതിനാല്‍ തന്നെ ഗ്ലൂക്കോസ് നില കൂടാന്‍ എല്ലാ സാധ്യതയും ഉണ്ട് എന്ന് ഡോക്ടര്‍ മുന്‍കൂട്ടി തന്നെ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു ഗ്ലൂക്കോസ് ലെവല്‍ കൂടി 480 ന് മുകളിലേക്ക് വീണ്ടുമെത്തി. അപ്പോള്‍ ഇന്‍സുലിന്‍ തന്നെ ഉപയോഗിക്കണം എന്ന് നിര്‍ദ്ദേശിച്ചു അതനുസരിച്ച് ആദ്യമായി ശരീരത്തിലേക്ക് ഇന്‍സുലിന്‍ കുത്തിവെക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് 2013 മുതല്‍ ഹ്യൂമന്‍ മിസ്റ്റാര്‍ഡ് എന്ന് പ്രമേഹ ഇന്‍സുലിന്‍ ജീവിതചര്യയുടെ ഭാഗമായി മാറി. കാലക്രമേണ അത് പരമ്പരാഗത നീളന്‍ സൂചിയില്‍ നിന്ന് പേനയിലേക്ക് മാറി. അത് ഇന്നും തുടര്‍ന്നുവരുന്നു. 

കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കാലുകള്‍ക്ക് ചലനാത്മക കുറയുന്നതായി പലപ്പോഴും അനുഭവപ്പെടാന്‍ തുടങ്ങി. വീണ്ടും പരിശോധനകള്‍ നടത്തി. അതില്‍ നിന്നും ഡയബറ്റിക് ന്യൂറോപ്പതിയുടെ ആരംഭമാണെന്ന് തിരിച്ചറിഞ്ഞു. എങ്കിലും മറ്റു പറയത്തക്ക ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ പ്രമേഹ സംബന്ധമായി ഉണ്ടായിട്ടില്ല. 

ഇടയ്ക്കിടെ ഗ്ലൂക്കോസ് ലെവല്‍ പരിശോധിക്കുമ്പോള്‍ മൂന്നു മാസത്തെ ശരാശരി ഗ്ലൂക്കോസ് നില കണക്കാക്കുന്ന എച്ച്.ബി.എ.വണ്‍.സി.  ഫലം 8.5, 9.5 എന്നിങ്ങനെ മാറി മറഞ്ഞുകൊണ്ടിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ച് ആറുമാസം കൂടുമ്പോള്‍ നേത്രപരിശോധനയും പതിവാക്കിയിരുന്നു. 

കോവിഡ്-19 ന്റെ വ്യാപനവും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ആശുപത്രികളില്‍ നിന്ന് അകലം പാലിക്കുവാന്‍ പ്രേരിപ്പിച്ചു. ഇങ്ങനെയിരിക്കെ 2021 ജൂലൈയില്‍  പതിവില്ലാതെ വലതു കണ്ണില്‍ ഒരു കരട് വീണതുപോലെ അനുഭവപ്പെട്ടു. വേദനയോ ചൊറിച്ചിലോ കാഴ്ചയ്ക്ക് പ്രശ്നങ്ങളോ ഒന്നും ഉണ്ടായില്ലെങ്കില്‍ കൂടി പലതവണ കണ്ണു കഴുകിയിട്ടും യാതൊരു മാറ്റവും  കാണാതിരുന്നതിനാല്‍ ഐ ഹോസ്പിറ്റലിലേക്ക് പോയി. അവിടെ ചെന്ന് കണ്ണുകളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി  ഒടുവില്‍ ഡോക്ടര്‍ സ്ഥിരീകരിച്ചു അത്  ഡയബറ്റിക് റെറ്റിനോപ്പതിയാണെന്ന്. വായിച്ചറിഞ്ഞ ഒരു പ്രമേഹ സങ്കീര്‍ണത... പ്രമേഹം കണ്ണുകളെ  ബാധിച്ചിട്ടുണ്ടന്നും റെറ്റിനയിലെ രക്തക്കുഴലുകള്‍ പൊട്ടിയതിന് കാരണം അനിയന്ത്രിതമായ പ്രമേഹം തന്നെയാണെന്ന് ഡോക്ടര്‍ ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ടുതന്നെ  കണ്ണുകളുടെ ഫ്ളൂറോസീന്‍ ആന്‍ജിയോഗ്രാം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. ആദ്യമായിട്ടാണ് ഫ്ളൂറോസീന്‍ ആന്‍ജിയോഗ്രാം എന്നതിനെക്കുറിച്ച് കേള്‍ക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതലായി അതിനെക്കുറിച്ച് കുറിച്ച് അന്വേഷിച്ചു.  പിന്നീട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരം കണ്ണുകളുടെ ഫ്ളൂറോസീന്‍  ആന്‍ജിയോഗ്രാം ചെയ്തു. കൃഷ്ണമണിക്കുളളില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് പുതുതായി രക്തക്കുഴലുകള്‍ വളര്‍ന്ന് ഒരു ചിലന്തി വല പോലെ രൂപാന്തരപ്പെട്ട് അതില്‍ ചിലത് പൊട്ടിയാണ് രക്തസ്രാവം ഉണ്ടായതെന്നും ആന്‍ജിയോഗ്രാം പരിശോധനയില്‍ കണ്ടെത്തി. ലേസര്‍ ചികിത്സയും സ്റ്റിറോയ്ഡ് ഇന്‍ജക്ഷനും സര്‍ജറിയും ആണ് ഇതിന് സാധാരണയായി അവലംബിക്കുന്ന ചികിത്സാവിധികള്‍ എന്ന് ഡോ.  മഹേഷ് സൂചിപ്പിച്ചുവെങ്കിലും ഞാന്‍  ലേസര്‍ ചികിത്സയാണ് തിരഞ്ഞെടുത്തത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇരു കണ്ണുകളിലും ലേസര്‍ ചികിത്സ നടത്തി. രണ്ടുഘട്ടമായിനടത്തിയ ലേസര്‍ ചികിത്സയുടെ ഫലമായി വലതു കണ്ണിന്റെ അസ്വസ്ഥതകള്‍ പൂര്‍ണമായി ഭേദപ്പെട്ടു.

എങ്കിലും ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഡോക്ടര്‍ വീണ്ടും ഉപദേശിക്കാന്‍ മറന്നില്ല പ്രമേഹത്തിന്റെ കാര്യം ശ്രദ്ധിക്കണം എന്ന്. പ്രമേഹം നിയന്ത്രണാതീതമായി പോയാല്‍ വീണ്ടും രക്തക്കുഴലുകള്‍ പൊട്ടി പോകാനുള്ള സാധ്യതയുണ്ട്. കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ ഭാവിയില്‍ പൂര്‍ണ്ണ അന്ധതയ്ക്കുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല എന്നും ഡോക്ടര്‍ ഓര്‍മിപ്പിച്ചു. 

ഇപ്പോള്‍ അതെല്ലാം മനസ്സിലോര്‍ത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ചിട്ടകളൊക്കെ ഉണ്ടെങ്കിലും ചിലപ്പോള്‍ അതെല്ലാം പാളിപ്പോകാറുണ്ട്. പൊതുവേ രാവിലെ മൂന്നോ നാലോ ഇഡലിയോ, മൂന്നോ നാലോ ദോശയോ, രണ്ട് കഷ്ണം പുട്ട് ഒക്കെയാണ് മാറിമാറി കഴിക്കുക. കറിയായി കടല പയര്‍ എന്നിവയും മാറിമാറി കഴിക്കും. ഉച്ചയ്ക്ക് മാത്രമാണ് ഊണ് കഴിക്കുന്നത്. അത്താഴം രണ്ട് ചപ്പാത്തിയോ ഓട്സ് കഞ്ഞിയോ ഗോതമ്പ് കഞ്ഞിയോ ഒക്കെ മാറിമാറി കഴിക്കാറുണ്ട്. ആഹാരത്തിനന്റ അളവ് പലപ്പോഴും വിശപ്പിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ് പതിവ്. ബേക്കറി സാധനങ്ങള്‍ ഒന്നും ഒന്നും കഴിക്കാറില്ല. പഴവര്‍ഗ്ഗങ്ങള്‍ ചെറിയ രീതിയില്‍  കഴിക്കാറുണ്ട്. ആപ്പിള്‍ ചെറുപഴം, നേന്ത്രപഴം, പേരയ്ക്ക, ഓറഞ്ച് ഒക്കെ ലിസ്റ്റില്‍ വരും. 

ഇക്കഴിഞ്ഞ 13 വര്‍ഷമായി പ്രമേഹവുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധം തുടരുകയാണിന്നും...
ഒപ്പം കൂട്ടായി ജീവിത പങ്കാളി ദീപയും മക്കളായ ജോവിറ്റയും ജോയും

Content Highlights: World Diabetes Day 202,1 Adv. Joby A.Thamby shares his experience with Diabetes