ന്‍സുലിന്‍ പ്രമേഹ നിയന്ത്രണത്തിനുള്ള അവസാന ആയുധമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍, ആ കാഴ്ചപ്പാടുകള്‍ മാറി. എപ്പോള്‍വേണമെങ്കിലും ഒരു പ്രമേഹരോഗിക്ക് ഇന്‍സുലിന്‍ കൊടുക്കാം.

 • തുടങ്ങിയാല്‍ പിന്നെ ഇന്‍സുലിന്‍ നിര്‍ത്താന്‍ പറ്റില്ല എന്നതും തെറ്റിദ്ധാരണയാണ്. അത്യാവശ്യംവരുന്ന ഘട്ടത്തില്‍ മാത്രം ഇന്‍സുലിന്‍ കൊടുത്ത് പിന്നീട് വീണ്ടും ടാബ്‌ലെറ്റുകളിലേക്ക് മാറാവുന്നതാണ്.  
 • ഇന്‍സുലിന്‍ തുടങ്ങണോ വേണ്ടയോ എന്നത് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കും. ടൈപ്പ് 1 പ്രമേഹത്തിന് ഇന്‍സുലിന്‍ നല്‍കുക മാത്രമാണ് പ്രതിവിധി. എന്തെന്നാല്‍ ഇവരുടെ പാന്‍ക്രിയാസില്‍നിന്ന് ഇന്‍സുലിന്‍ ഹോര്‍മോണുകളുടെ ഉത്പാദനം നിലച്ചുപോകുന്നു.
 • പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തിനെ ബാധിക്കുന്ന ചില രോഗങ്ങളുമായി ബന്ധപ്പെട്ടും ജനിതകത്തകരാറുകള്‍കൊണ്ടും സംഭവിക്കുന്ന പ്രമേഹത്തിന് ഇന്‍സുലിനാണ് ചികിത്സ.
 • ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കണക്കാക്കുന്ന ടെസ്റ്റുകളും പ്രമേഹത്തിന്റെ ടൈപ്പ് കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന ജനിതക ടെസ്റ്റുകളും ലഭ്യമാണ്. ടൈപ്പ് 1, ടൈപ്പ് 2 മാത്രമായിരുന്ന പ്രമേഹത്തെ ഇന്ന് ഇരുപതോളം തരമായി തിരിച്ചിരിക്കുന്നു. ഇതില്‍ ഓരോന്നിനും ചികിത്സയും വ്യത്യാസപ്പെട്ടിരിക്കുന്നു.
 • ടൈപ്പ് 2 പ്രമേഹമാണ് സര്‍വസാധാരണമായി കണ്ടുവരുന്നത്. ഇത്തരക്കാരില്‍ ഗുളികകള്‍കൊണ്ട് രോഗം നിയന്ത്രണത്തിലാക്കാന്‍ സാധിക്കും. എന്നാല്‍, ഇവരിലും പ്രത്യേക സാഹചര്യങ്ങളില്‍ ഇന്‍സുലിന്‍ പ്രയോഗിക്കാറുണ്ട്.
 • വലിയ ശസ്ത്രക്രിയകള്‍ വേണ്ടിവന്നാല്‍, ശരീരത്തില്‍ അണുബാധയുണ്ടായി ആശുപത്രി അഡ്മിഷന്‍ ആവശ്യമായിവന്നാല്‍, അനിയന്ത്രിതമായ പ്രമേഹം കാരണം ശരീരത്തിന് മെലിച്ചില്‍ വന്നാല്‍, വൃക്ക-കരള്‍ സംബന്ധമായ രോഗങ്ങളുള്ളവരില്‍ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ഇന്‍സുലിന്‍ ആരംഭിക്കേണ്ടതാണ്. ഇത് രോഗിയുടെ അവസ്ഥയും രോഗത്തിന്റെ കാഠിന്യവും നോക്കി ഡോക്ടറെടുക്കുന്ന തീരുമാനമാണ്.
 • പ്രമേഹം നിയന്ത്രണവിധേയമല്ലാതെ കുറേ വര്‍ഷങ്ങള്‍ പിന്നിട്ടാല്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്റെ അളവ് കുറയുകയും ഗുളികകള്‍ കഴിച്ചാലും നിയന്ത്രണവിധേയമാകാത്ത അവസ്ഥ വരികയും ചെയ്യുന്നു. ഇത്തരം രോഗികളിലും ആവശ്യമെന്നുകണ്ടാല്‍ ഇന്‍സുലിന്‍ തുടങ്ങേണ്ടതാണ്.

മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ഒന്നുമില്ലെങ്കിലും ചിലരില്‍ ഇന്‍സുലിന്‍ തുടങ്ങാറുണ്ട്. രോഗസാഹചര്യങ്ങള്‍, രോഗിയുടെ താത്പര്യം മുതലായവ പരിഗണിച്ചാണിത് ചെയ്യുന്നത്. ഗുളിക കഴിച്ചാല്‍ പ്രശ്നങ്ങള്‍ വരുമെന്ന തെറ്റിദ്ധാരണ കാരണം ഇന്‍സുലിനെടുക്കുന്നവരും കുറവല്ല. ഗുളിക കാരണമല്ല, പ്രമേഹം നിയന്ത്രണത്തില്‍വെക്കാത്തതുമൂലമാണ് സങ്കീര്‍ണതകള്‍ വരുന്നതെന്ന് പലരും തിരിച്ചറിയുന്നില്ല. ഗുളിക കഴിച്ചാലും ഇന്‍സുലിനെടുത്താലും പ്രമേഹം നിയന്ത്രണത്തിലാണെങ്കില്‍ ഒരുവിധ പ്രശ്നവും ബുദ്ധിമുട്ടും ഉണ്ടാവില്ല.

ഇന്‍സുലിന്‍ എത്ര തരമുണ്ട്?

ഇന്‍സുലിന്‍ ശരീരത്തില്‍ എത്രസമയം പ്രവര്‍ത്തിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അഞ്ചായി തിരിക്കാം. 
1) അള്‍ട്രാ ഷോര്‍ട് ആക്ടിങ്
2) ഷോര്‍ട് ആക്ടിങ്
3) ഇന്റര്‍മീഡിയറ്റ് ആക്ടിങ്
4) ലോങ് ആക്ടിങ്
5) അള്‍ട്രാ ലോങ് ആക്ടിങ്

മിശ്രണത്തിനനുസരിച്ച് നാലായി തിരിക്കാം

1) മിശ്രിതമല്ലാത്തത്
2) 30\70 മിശ്രിതങ്ങള്‍
3)25\75 മിശ്രിതങ്ങള്‍
4) 50\50 മിശ്രിതങ്ങള്‍

ഉപയോഗിക്കുന്ന രീതിയനുസരിച്ച് രണ്ടായി തിരിക്കാം

1) ഇന്‍സുലിന്‍ സിറിഞ്ഞുപയോഗിച്ച് ചെയ്യാവുന്ന ഇന്‍സുലിന്‍ വയല്‍
2) ഇന്‍സുലിന്‍ പെന്‍ ഉപയോഗിച്ച് ചെയ്യാവുന്ന ഇന്‍സുലിന്‍ കാര്‍ട്രിഡ്ജുകള്‍

ഇന്‍സുലിന്‍ കോണ്‍സെന്‍ട്രേഷനനുസരിച്ച് മൂന്നായി തിരിക്കാം

1) ഒരു മില്ലിലിറ്ററില്‍ 40 Unit ഇന്‍സുലിനുള്ളവ
2) ഒരു മില്ലിലിറ്ററില്‍ 100 Unit ഇന്‍സുലിനുള്ളവ
3)  ഒരു മില്ലിലിറ്ററില്‍ 300 Unit ഇന്‍സുലിനുള്ളവ

ഇന്‍സുലിന്‍ ഉപയോഗിക്കേണ്ട രീതികള്‍

ഓരോതരം ഇന്‍സുലിനും അതിനനുസൃതമായ സിറിഞ്ച് അല്ലെങ്കില്‍ പെന്‍ ഉണ്ട്. അവ കൃത്യമായി ചോദിച്ചറിഞ്ഞ് ഉപയോഗിക്കുക.

insulin

 • സ്വയം കുത്തിവെക്കുകയാണെങ്കില്‍ വയറ്റിലോ തുടയിലോ കുത്തിവെക്കാം. മറ്റുള്ളവരാണ് ചെയ്യുന്നതെങ്കില്‍ കൈയുടെ പുറംഭാഗമാണ് ഉത്തമം.
 • വയറ്റിലാണ് ചെയ്യുന്നതെങ്കില്‍ പൊക്കിളിനുചുറ്റും നാലു സെന്റിമീറ്ററിനുള്ളില്‍ കുത്താന്‍ പാടുള്ളതല്ല. വാരിയെല്ലിനുതാഴെ വലിയൊരു ഭാഗം ഇന്‍സുലില്‍ കുത്തിവെക്കാനായി ലഭ്യമാണ്. ഇവ ഡോക്ടറോട് കൃത്യമായി ചോദിച്ചു മനസ്സിലാക്കുക.
 • തുടയിലാണ് ഇന്‍സുലിന്‍ കുത്തിവെക്കുന്നതെങ്കില്‍ ഉള്‍ഭാഗവും മുട്ടിനോടും ഇടുപ്പിനോടും ചേര്‍ന്ന ഭാഗവും ഒഴിവാക്കണം.
 • ഒരേ സ്ഥലത്ത് സ്ഥിരമായി കുത്തുന്നത് തൊലിക്കടിയില്‍ പ്രശ്നങ്ങളുണ്ടാക്കുകയും ഇന്‍സുലിന്റെ ആഗിരണത്തെ ബാധിക്കുകയും ചെയ്യാം. ഇതിനായി ഡോക്ടര്‍ പറഞ്ഞതിന്‍ പ്രകാരം കൃത്യമായി, കുത്തുന്ന സ്ഥലം മാറ്റിക്കൊണ്ടിരിക്കണം.
 • ഇന്‍സുലിന്‍ കുത്തിവെക്കുന്ന സ്ഥലത്തെ തൊലിമാത്രം മൂന്നു വിരലുകളുപയോഗിച്ച് പൊക്കിപ്പിടിച്ചുവേണം ഇന്‍ജക്ട് ചെയ്യാന്‍. സിറിഞ്ച് 90 ഡിഗ്രി ആംഗിളില്‍ കുത്തനെ പിടിച്ചുവേണം ഇന്‍ജക്ഷന്‍ എടുക്കാന്‍.
 • കുത്തിവച്ചാല്‍ 10 സെക്കന്‍ഡുവരെ സൂചി തൊലിക്കടിയില്‍ത്തന്നെ വെക്കേണ്ടതാണ്.
 • ഇന്‍ജക്ഷന്‍ വെച്ച സ്ഥലത്ത് ഉടന്‍തന്നെ തിരുമ്മാനോ തടവാനോ പാടില്ല.
 • ഉപയോഗത്തിനു മുന്‍പ് ഇന്‍സുലിന്‍ ബോട്ടില്‍ ഓരോ തവണയും കൈവെള്ളയിലിട്ടുരുട്ടുന്നത് അത്യുത്തമം. ശക്തിയില്‍ കുലുക്കുന്നതൊഴിവാക്കുക.
 • ഇന്‍ജക്ഷന്റെ വേദന കുറയ്ക്കാന്‍ ഇന്‍സുലിന്‍ വയല്‍ അല്ലെങ്കില്‍ പെന്‍ കുത്തുന്നതിന് 10 മിനിറ്റുമുന്‍പേ ഫ്രിഡ്ജിനു പുറത്തെടുത്തുവെക്കുക. ദിവസവും സിറിഞ്ച് അല്ലെങ്കില്‍ ഇന്‍സുലിന്‍ പെന്നിന്റെ നീഡില്‍ മാറ്റുക. പുനരുപയോഗം വേദനാജനകമായേക്കാം.

ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കുമ്പോള്‍

ബ്ലഡ് ഷുഗറിന്റെ ഏറ്റക്കുറച്ചിലുകള്‍ നിരീക്ഷിക്കാനുള്ള ഉപകരണമാണ് ഗ്ലൂക്കോമീറ്റര്‍. ബ്രാന്‍ഡഡ് ഉത്പന്നം വാങ്ങുക. വീട്ടിലിരുന്നുതന്നെ വളരെയെളുപ്പം ഷുഗര്‍നില പരിശോധിക്കാം.
ലബോറട്ടറിയിലെ റിപ്പോര്‍ട്ടുമായി 10-30 mg/dl വരെ വ്യത്യാസം ഗ്ലൂക്കോമീറ്റര്‍ റീഡിങ്ങില്‍ സാധാരണയായി കാണാറുണ്ട്. അതിനാല്‍ ഇവ രോഗനിര്‍ണയത്തിനോ ചികിത്സയിലെ വലിയ മാറ്റങ്ങള്‍ക്കോ ഉപയോഗിക്കാറില്ല. എന്നാല്‍, ഏറ്റക്കുറച്ചിലുകള്‍ കണ്ടുപിടിക്കാനും അത്യാവശ്യഘട്ടങ്ങളില്‍ ഷുഗര്‍ നോക്കാനും ഉപകരിക്കുന്നു.

കൃത്യമായ ഇടവേളകളില്‍ വീട്ടില്‍വെച്ച് പരിശോധിക്കുന്നത് ഷുഗറിന്റെ അളവിലെ പ്രശ്നങ്ങള്‍ നേരത്തേ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു. ആവശ്യം വന്നാല്‍ ഡോക്ടറുടെ ഉപദേശമെടുക്കാനും സാധ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • ഗ്ലൂക്കോമീറ്ററില്‍ ഉപയോഗിക്കുന്ന സ്ട്രിപ്പുകള്‍ കാലാവധി തീര്‍ന്നതല്ലെന്ന് ഉറപ്പുവരുത്തുക.
 • പരിശോധിക്കുംമുന്‍പേ കൈകള്‍ നന്നായി സോപ്പിട്ട് കഴുകണം.
 • ഒരു സ്ട്രിപ്പ് ഒരുതവണമാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഉപയോഗശേഷം കൃത്യമായി ഡിസ്പോസ് ചെയ്യണം.
 • പരിശോധനയ്ക്കുപയോഗിക്കുന്ന സൂചി കൃത്യമായ ഇടവേളകളില്‍ മാറ്റിയില്ലെങ്കില്‍ വേദനയ്ക്ക് കാരണമാകും.
 • റീഡിങ്ങുകള്‍ എഴുതിവെക്കുന്നത് ശീലമാക്കുക.
 • പ്രമേഹമുള്ളവര്‍, അവിചാരിതമായി അസ്വസ്ഥതകളനുഭവപ്പെട്ടാല്‍ ഗ്ലൂക്കോമീറ്ററുപയോഗിച്ച് വീട്ടില്‍ത്തന്നെ പരിശോധിക്കുന്നത് ഉചിതമാണ്.
 • വെറുംവയറ്റില്‍ ബ്ലഡ് ഷുഗര്‍ പരിശോധിക്കുന്ന ദിവസംതന്നെ ഭക്ഷണശേഷമുള്ളതും പരിശോധിച്ച് എഴുതിവെക്കുക. അടുത്തതവണ ഡോക്ടറെ കാണാന്‍ പോവുമ്പോള്‍ ഇത് ഉപകരിക്കും.

ഇന്‍സുലിന്‍ സൂക്ഷിക്കേണ്ട വിധം

 • സിറിഞ്ചുപയോഗിച്ച് കുത്തുന്ന വയലാണെങ്കില്‍ ഫ്രിഡ്ജിനകത്ത് വെക്കുക. ഫ്രീസറില്‍ വെക്കാന്‍ പാടില്ല. വീട്ടില്‍ ഫ്രിഡ്ജില്ലാത്തവര്‍ക്ക് ഒരു ഗ്ലാസില്‍ വെള്ളമെടുത്ത് ഇന്‍ജക്ഷന്‍ പാതി മുങ്ങിനില്‍ക്കുംവിധം സൂക്ഷിക്കാം.
 • ഇന്‍സുലിന്‍ പെന്‍ ആണെങ്കില്‍ പുറത്തുവെച്ചാലും കുഴപ്പമില്ല. നേരിട്ട് സൂര്യപ്രകാശം പതിയുന്ന സ്ഥലങ്ങളിലോ ചൂടുള്ള പ്രതലങ്ങളിലോ വെക്കാതിരിക്കുക. 30 ഡിഗ്രിക്ക് മുകളില്‍ ചൂടുള്ള സ്ഥലങ്ങളില്‍ പെന്‍ സൂക്ഷിക്കാതിരിക്കുക.
 • ഒരിക്കല്‍ ഉപയോഗിച്ചുതുടങ്ങിയ ഇന്‍സുലിന്‍ വയല്‍ 4-8 ആഴ്ചകള്‍ക്കുള്ളില്‍ ഉപയോഗിച്ചുതീര്‍ക്കുക. തീര്‍ന്നില്ലെങ്കില്‍ അവ ഉപേക്ഷിച്ച് പുതിയവ വാങ്ങേണ്ടതാണ്.
 • ഇന്‍സുലിന്‍ പെന്‍ ഉപയോഗിച്ചുതുടങ്ങിയാല്‍ കാര്‍ട്രിഡ്ജുകള്‍ മാസങ്ങളോളം തുടരാം. മൂന്നുമാസത്തിലധികം ഉപയോഗിക്കാതിരുന്നാല്‍ ഉത്തമം. പെന്‍ മാറ്റേണ്ടതില്ല. നീഡിലും കാര്‍ട്രിഡ്ജും മാത്രമാണ് മേല്‍പ്പറഞ്ഞ ഇടവേളകളില്‍ മാറ്റേണ്ടത്.

Content Highlights: When should a diabetic patient use insulin- how to use insulin

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്