തീയുണ്ടെങ്കില്‍ പുകയും ഉണ്ടാകുമെന്നുപറയുന്നതുപോലെ രോഗമുണ്ടെങ്കില്‍ ലക്ഷണങ്ങളുമുണ്ടാകും എന്നതാണല്ലോ  പൊതുവായ ധാരണ. എന്നാല്‍ പ്രമേഹത്തെ സംബന്ധിച്ച് ഇങ്ങനെ ഉണ്ടാകണമെന്നില്ല. പലപ്പോഴും പ്രമേഹം നിശ്ശബ്ദമായിരിക്കും.  പ്രമേഹസങ്കീര്‍ണതകളുടെ ലക്ഷണങ്ങളായിരിക്കും ചിലപ്പോള്‍ രോഗിയെ ഡോക്ടറുടെയടുത്ത് എത്തിക്കുന്നത്. അത് ചിലപ്പോള്‍ ചര്‍മത്തിലുണ്ടാകുന്ന കുരുക്കള്‍പോലെ നിസ്സാരമാകാം. മറ്റുചിലപ്പോള്‍ നെഫ്രോപ്പതിപോലെ ഗുരുതര സങ്കീര്‍ണതകളുമാകാം.

കാലില്‍ മുളകരച്ചിട്ടതു പോലെ...

പാദങ്ങളില്‍ അനുഭവപ്പെടുന്ന അസഹ്യമായ പുകച്ചിലിന് പരിഹാരം തേടിയാണ് 63 കാരന്‍ എത്തിയത്. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കാലില്‍ മുളക് അരച്ചിട്ടതുപോലെ തോന്നും. പുകച്ചില്‍ കാരണം രാത്രി ഉറങ്ങാനും സാധിക്കുന്നില്ല. ഒപ്പം പാദങ്ങളില്‍ തരിപ്പും മരവിപ്പും. സാവധാനം തരിപ്പും മരവിപ്പും പാദങ്ങളില്‍നിന്ന് കണങ്കാലിലേക്കും മുകളിലേക്കും പടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷണങ്ങളില്‍നിന്ന് നാഡികളെ ബാധിക്കുന്ന പെരിഫെറല്‍ ന്യൂറോപ്പതിയാണ് പ്രശ്നമെന്ന് മനസ്സിലായി. ന്യൂറോപ്പതിയുടെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് പ്രമേഹമായതുകൊണ്ട് ഡയബെറ്റിസുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ഒരു ഒഴുക്കന്‍ മട്ടില്‍ 'അല്പം ഷുഗറുണ്ട്. അത് കുഴപ്പമില്ല, ഞാന്‍ ആഹാരം ശ്രദ്ധിച്ചോളാം. ഡോക്ടര്‍ ഈ പുകച്ചിലൊന്ന് മാറ്റിത്തന്നാല്‍ മതി' എന്നായി അയാള്‍.

പ്രമേഹം നാഡികളെ ബാധിച്ചതുമൂലമുണ്ടായ ഡയബറ്റിക് പെരിഫെറല്‍ ന്യൂറോപ്പതിയാണ് പ്രശ്നമെന്നും ഇതിനെ നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗം ഷുഗര്‍ നിയന്ത്രിക്കുകയാണെന്നും അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടി. അടുത്ത ദിവസം പരിശോധിച്ചിട്ടുവന്നപ്പോള്‍ ഫാസ്റ്റിങ് ബ്ലഡ്ഷുഗര്‍ 235.

ആദ്യഘട്ടത്തില്‍ പാദങ്ങളിലാണ് ന്യൂറോപ്പതിയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതെങ്കിലും പിന്നീട് തരിപ്പും മരവിപ്പുമൊക്കെ കാല്‍മുട്ടുകള്‍ വരെ വ്യാപിക്കുന്നു. ഇതേസമയത്തുതന്നെ കൈവിരലുകളിലും പിന്നീട് കൈപ്പത്തിയിലും ന്യൂറോപ്പതിയുടെ ലക്ഷണങ്ങളുണ്ടാകുന്നു. രോഗം പുരോഗമിക്കുമ്പോള്‍ തരിപ്പും മരവിപ്പും കുറയുകയും പാദങ്ങളുടെ സംവേദനശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയിലാണ് കാലില്‍വേദനയില്ലാത്ത മുറിവുകളും വ്രണങ്ങളും ഉണ്ടാകുന്നത്.

ഇവിടെയും പ്രമേഹം നേരിട്ടല്ല, പ്രമേഹത്തിന്റെ സങ്കീര്‍ണതയും തുടര്‍ന്നുണ്ടായ അസ്വസ്ഥജനകമായ ലക്ഷണങ്ങളുമാണ് രോഗിയെ ഡോക്ടറുടെ അടുത്ത് എത്തിച്ചത്. പ്രമേഹനിയന്ത്രണം തന്നെയാണ് ന്യൂറോപ്പതി നിയന്ത്രിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. വേദനയും പുകച്ചിലും തരിപ്പുമൊക്കെ കുറയ്ക്കാന്‍ മരുന്നുകള്‍ സഹായിക്കും. B1, B6, B12 തുടങ്ങിയ നാഡീസൗഹൃദ ജീവകങ്ങളും ഗുണം ചെയ്തേക്കും.

മൂത്രം ഒഴിക്കുമ്പോള്‍ പതയുന്നു

മൂത്രമൊഴിക്കുമ്പോള്‍ പത ഉണ്ടാകുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാനാണ് 38-കാരനായ പെയിന്റിങ് തൊഴിലാളി എന്നെ കാണാന്‍ വന്നത്. മൂത്രം സാധാരണ അളവില്‍തന്നെ പോകുന്നുണ്ട്. മൂത്രമൊഴിക്കുമ്പോള്‍ നീറ്റലോ വേദനയോ മറ്റ് പ്രശ്നങ്ങളൊന്നുമില്ല.
കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് കുറച്ചുനാളായി ക്ഷീണം, തളര്‍ച്ച, ഭക്ഷണത്തോട് താത്പര്യക്കുറവ്, ശരീരഭാരം കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞത്. അച്ഛനും അമ്മയ്ക്കുമൊക്കെ ഷുഗറുണ്ടെങ്കിലും ഇതുവരെ ഷുഗര്‍ പരിശോധിച്ചിട്ടില്ല എന്നും പറഞ്ഞു.

രക്തവും മൂത്രവും പരിശോധിച്ചപ്പോഴാണ് ഞെട്ടിയത്. രക്തത്തില്‍ ഷുഗര്‍ നില വളരെ കൂടുതലാണ്. കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റില്‍ യൂറിയയും ക്രിയാറ്റിനും പരിധി കടന്നിട്ടുണ്ട്. മൂത്രത്തില്‍ ആല്‍ബുമിനും കണ്ടെത്തി. മൂത്രത്തിലെ ആല്‍ബുമിനാണ് മൂത്രം പതയുന്നതിന് കാരണമായത്.

രോഗം നിശ്ശബ്ദമായിരിക്കുകയും രോഗസങ്കീര്‍ണത പ്രകടമാവുകയും ചെയ്യുന്ന അവസ്ഥയാണിവിടെ ഉണ്ടായത്. തിരിച്ചറിയാതെപോയ പ്രമേഹം ഡയബറ്റിക് നെഫ്രോപ്പതി എന്ന സങ്കീര്‍ണതയ്ക്ക് കാരണമാവുകയായിരുന്നു.

അനിയന്ത്രിതമായ പ്രമേഹം വൃക്കകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കും. രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരുമ്പോള്‍ വൃക്കകളുടെ ജോലിഭാരവും കൂടുന്നു. രക്തം വൃക്കയിലൂടെ കടന്നുപോകുമ്പോള്‍ ഗ്ലോമറുലസ് എന്ന കാപ്പിലറികള്‍ മാലിന്യങ്ങളെ അരിച്ചെടുക്കും. രക്തത്തിലെ പ്രോട്ടീന്‍ തന്മാത്രകള്‍ വലുതായതിനാല്‍ ഇവയെ അരിച്ചെടുക്കാനാവുകയില്ല. എന്നാല്‍, പ്രമേഹമുള്ളവരില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഗ്ലോമറുലസിന്‍ ചോര്‍ച്ചയുണ്ടാകുന്നു. പ്രോട്ടീന്‍ മൂത്രത്തിലെത്തുന്നു. മൂത്രത്തിലൂടെ 30-നും 300 മില്ലിഗ്രാമിനുമിടയില്‍ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് മൈക്രോ ആല്‍ബുമിനൂറിയ. 300 മി.ഗ്രാമില്‍ കൂടുതല്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് മാക്രോ ആല്‍ബുമിനൂറിയ. ഈ അവസ്ഥയിലാണ് മൂത്രം പതഞ്ഞുകാണുന്നത്.
കണ്‍പോളകളിലും കണങ്കാലിലും നീര് പ്രത്യക്ഷപ്പെടുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാകാം. രാവിലെ എഴുന്നേല്‍ക്കുമ്പോഴായിരിക്കും മുഖത്ത് കൂടുതലായി നീര് പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ, ക്ഷീണം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാകാം.

രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കുകയാണ് വൃക്കരോഗങ്ങള്‍ വരാതിരിക്കാനും ഉണ്ടായാല്‍ രോഗം വഷളാകാതിരിക്കാനും ചെയ്യേണ്ടത്. ഗുളികകള്‍ ഫലപ്രദമായില്ലെങ്കില്‍ ഇന്‍സുലിന്‍ ചികിത്സയെക്കുറിച്ച് ആലോചിക്കേണ്ടിവരും. ബി.പിയും നിയന്ത്രിക്കണം.

തിമിരമാണെന്ന് വിചാരിച്ചു

കാഴ്ച കുറയുന്നതിന്റെ പ്രധാന കാരണമാണല്ലോ തിമിരം. എന്നാല്‍ പ്രമേഹസങ്കീര്‍ണതയും കാഴ്ചയുടെ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. പ്രമേഹം ആദ്യമായി തിരിച്ചറിയുന്നതുതന്നെ ഡയബറ്റിക് റെറ്റിനോപ്പതി എന്ന രോഗാവസ്ഥ ഉണ്ടാകുമ്പോഴായിരിക്കും.
കണ്ണിന് മൂടലുണ്ടാവുക, കണ്ണിനുമുന്നില്‍ ഒരു ഭാഗത്തായി ഇരുട്ടുള്ളതായി തോന്നുക,രാത്രിയില്‍ കാഴ്ച തീരെ മങ്ങുക തുടങ്ങിയവ റെറ്റിനോപ്പതിയുടെ സൂചനകളാണ്.

ലക്ഷണമില്ലാതെ ഹാര്‍ട്ടറ്റാക്ക്

56കാരിയായ റിട്ടയേഡ് ടീച്ചര്‍ ക്ഷീണത്തിന് പരിഹാരം തേടിയാണ് എന്നെ കാണാനെത്തിയത്. വിട്ടുമാറാത്ത ക്ഷീണവും തളര്‍ച്ചയും കാരണം ഒന്നുംചെയ്യാനാകുന്നില്ല. രാവിലെ എഴുന്നേറ്റാലും ക്ഷീണത്തിന് മാറ്റമില്ല. ഇങ്ങനെ തുടര്‍ന്നു ടീച്ചറുടെ പരാതികള്‍...

ക്ഷീണത്തിന് കാരണമാകുന്ന വിളര്‍ച്ചയോ മറ്റ് പ്രശ്നങ്ങളോ ബാഹ്യപരിശോധനയില്‍ കണ്ടില്ല. ടീച്ചര്‍ ഇതുവരെ കാര്യമായ വൈദ്യപരിശോധനകളൊന്നും നടത്തിയിട്ടില്ല. വീട്ടിലെ പണികളും സ്‌കൂളിലെ ജോലിത്തിരക്കുമായി മറ്റൊന്നിനും സമയം കിട്ടിയില്ല. പ്രമേഹമോ ഹൈപ്പര്‍ടെന്‍ഷനോ ഉണ്ടാകാന്‍വഴിയില്ലെന്നുകൂടി ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. കാരണം ക്ഷീണമല്ലാതെ മറ്റൊരു ശാരീരിക അസ്വസ്ഥകളും ഇതുവരെ തോന്നിയിട്ടില്ല എന്നതുതന്നെ.

തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ കാര്യങ്ങളെല്ലാം തകിടംമറിച്ചു. രക്തത്തിലെ ഷുഗറിന്റെ അളവ് വളരെ കൂടുതലാണ്. അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ഇ.സി.ജി.യിലെ വ്യതിയാനങ്ങളാണ്. ആവര്‍ത്തിച്ച് ചോദിച്ചിട്ടും ടീച്ചര്‍ നെഞ്ചുവേദന ഉണ്ടായതായി ഓര്‍ക്കുന്നില്ല. നടക്കുമ്പോള്‍ അല്പം കിതപ്പ് തോന്നാറുണ്ടെന്നുമാത്രം. പ്രമേഹരോഗികളില്‍ കൂടുതലായി കാണാറുള്ള നിശ്ശബ്ദ ഹൃദയാഘാതമായിരുന്നു ഇത്. സാധാരണഗതിയില്‍ ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചുവേദനയും വിയര്‍പ്പുമൊക്കെ ഉണ്ടാകേണ്ടതാണല്ലോ. എന്നാല്‍ പ്രമേഹം നാഡികളെ ബാധിക്കുമ്പോഴാണ് വേദനയറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത്. ഓട്ടോണമിക് ന്യൂറോപ്പതിയാണ് സൈലന്റ് ഹാര്‍ട്ടറ്റാക്കിന് കാരണം.

പ്രമേഹത്തെത്തുടര്‍ന്ന് രക്തധമനികളുടെ ഉള്‍ഭാഗത്ത് (എന്‍ഡോത്തീലിയം) കേട് സംഭവിക്കുകയും കൊഴുപ്പടിഞ്ഞുകൂടുകയും ചെയ്യുന്നു. രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നു. ഇതാണ് ഹൃദയാഘാതത്തിന് കാരണം. 

ഹൃദയാഘാതത്തിനുപുറമേ ഹൃദയപേശികളെ ബാധിക്കുന്ന കാര്‍ഡിയോ മയോപ്പതി, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍, സങ്കോച വികാസ പ്രശ്നങ്ങള്‍ തുടങ്ങിയവയും പ്രമേഹരോഗികളില്‍ കൂടുതലായി കാണപ്പെടുന്നു.

ഫാറ്റി ലിവറിന് കാരണം പ്രമേഹമോ?

അമിതവണ്ണമുള്ള ടൈപ്പ് 2 പ്രമേഹരോഗികളില്‍ ഫാറ്റി ലിവറിനുള്ള സാധ്യത 70 ശതമാനമാണ്. ഇന്‍സുലിന്‍ പ്രതിരോധമാണ് ഇതിന് കാരണം. ഇന്‍സുലിന്‍ റെസിസ് റ്റന്‍സിനെത്തുടര്‍ന്ന് രക്തത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ധിക്കുകയും തുടര്‍ന്ന് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പുഘടകത്തിന്റെ അളവ് കൂടുകയും ചെയ്യുന്നതാണ് കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണം.

ഇവിടെയുള്ള ഒരു പ്രത്യേകത രോഗത്തിന് കാരണമായ ആപത്ഘടകവും രോഗവും പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നതാണ്. ചിലരില്‍ ക്ഷീണം, വയറിന്റെ മുകള്‍ഭാഗത്ത് വലതുവശത്തായി വേദന തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകാമെങ്കിലും മിക്കവാറുമാളുകളില്‍ ഫാറ്റി ലിവര്‍ നിശ്ശബ്ദമായിരിക്കും. പ്രമേഹവും അതുപോലെതന്നെ. എന്നാല്‍ ഫാറ്റി ലിവറിനെ നിസ്സാരമായി തള്ളേണ്ട. കാരണം ഫാറ്റി ലിവര്‍ പിന്നീട് ഹെപ്പറ്റൈറ്റിസിനും സിറോസിസിനും അപൂര്‍വമായി ലിവര്‍ കാന്‍സറിനും കാരണമാകാം. ഫാറ്റി ലിവറിനെ നിയന്ത്രിക്കാന്‍ ഏറ്റവും പ്രധാനം പ്രമേഹനിയന്ത്രണംതന്നെയാണ്. ഒപ്പം ശരീരഭാരം നിയന്ത്രിച്ചുനിര്‍ത്തണം. ചിട്ടയായി വ്യായാമംചെയ്തും ഭക്ഷണത്തില്‍ മുഴുധാന്യങ്ങളും പഴങ്ങളും പച്ചക്കറിയും പയറുവര്‍ഗങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയും കരളില്‍ കൊഴുപ്പടിയുന്നത് ഒഴിവാക്കാം.

നന്നായി ഭക്ഷണം കഴിക്കുന്നുണ്ട്, എന്നിട്ടും ശരീരം വല്ലാതെ മെലിയുന്നു

നല്ല വിശപ്പുണ്ട്, നന്നായി ഭക്ഷണം കഴിക്കുന്നുണ്ട്. എന്നിട്ടും ശരീരം വല്ലാതെ മെലിയുന്നു. പാന്റും ഷര്‍ട്ടുമെല്ലാം ലൂസായി. ഈ പരാതി കേള്‍ക്കുമ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ നോക്കുന്നത് രണ്ടുകാര്യങ്ങളാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും തൈറോയ്ഡ് ഹോര്‍മോണ്‍ നിലയും. പ്രമേഹം പലതരത്തിലും ശരീരഭാരം കുറയാന്‍ കാരണമാകാം. ഇന്‍സുലിന്റെ പ്രവര്‍ത്തനക്കുറവിനെ തുടര്‍ന്ന് പ്രമേഹമുള്ളവരില്‍ മൂത്രത്തിലൂടെ ഗ്ലൂക്കോസ് നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. മൂത്രത്തില്‍ക്കൂടെ അമിതമായി പഞ്ചസാര നഷ്ടപ്പെടുമ്പോള്‍ അതിന്റെ കൂടെ വെള്ളവും ലവണങ്ങളും നഷ്ടപ്പെടും. ശരീരത്തില്‍നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടുമ്പോള്‍ ശരീരം ക്ഷീണിക്കും.

ഇന്‍സുലിന്റെ അഭാവത്തെ തുടര്‍ന്ന് ശരീരകോശങ്ങള്‍ക്ക് ഊര്‍ജത്തിനായി ഗ്ലൂക്കോസിനെ ആശ്രയിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഊര്‍ജസ്രോതസ്സിനായി കൊഴുപ്പുകലകളെയും പേശീകലകളെയും ആശ്രയിക്കേണ്ടി വരുന്നു. കൊഴുപ്പുകലകള്‍ കൂടുതലായി നഷ്ടപ്പെടുന്നതും ശരീരം ക്ഷീണിക്കാന്‍ കാരണമാകും.

വിട്ടുമാറാത്ത മൂത്രാശയ അണുബാധ

മൂത്രത്തിലെ പഴുപ്പ് വിട്ടുമാറാത്തതായിരുന്നു 60-കാരിയായ വീട്ടമ്മയുടെ പ്രശ്നം. ധാരാളം വെള്ളംകുടിച്ചും ഇടയ്ക്ക് വിദേശത്തുള്ള ഡോക്ടറായ മകള്‍ പറഞ്ഞുകൊടുത്ത മരുന്നുകഴിച്ചുമൊക്കെ നോക്കി. പക്ഷേ, മൂത്രച്ചുടിച്ചിലും വേദനയും ആവര്‍ത്തിക്കുന്നു. തുടര്‍ച്ചയായി ഏത് അണുബാധ ഉണ്ടാകുമ്പോഴും നോക്കുന്നതുപോലെ രക്തത്തിലെ ഷുഗര്‍നില പരിശോധിച്ചു. വളരെ ഉയര്‍ന്നുനില്‍ക്കുകയാണ്. രോഗി ഇതുവരെ അറിഞ്ഞിട്ടേയില്ല പ്രമേഹവും ഒപ്പമുണ്ടെന്ന്.

നിയന്ത്രണത്തിലല്ലാത്ത പ്രമേഹം ചര്‍മത്തില്‍ കുരുക്കളും പഴുപ്പുമുണ്ടാകാന്‍ കാരണമാകും. രോമകൂപങ്ങളില്‍ പഴുത്ത കുരുക്കള്‍ രൂപപ്പെടുന്ന ഈ അവസ്ഥയെ ഫറങ്കുലോസിസ് എന്നാണ് വിളിക്കുന്നത്. ബാക്ടീരിയല്‍ അണുബാധ കൂടാതെ ചര്‍മത്തില്‍ തുടര്‍ച്ചയായി ഫംഗസ് ബാധ ഉണ്ടാകുന്നതിന്റെ കാരണങ്ങളിലൊന്ന് പ്രമേഹമാണ്. ലൈംഗികാവയവങ്ങളിലും വിട്ടുമാറാതെ ഫംഗസ് ബാധ ഉണ്ടാകാം. ലിംഗത്തില്‍ ചൊറിച്ചിലും നീര്‍ക്കെട്ടുമുണ്ടാകുന്ന ബലനോഹേസ്‌ത്തൈറ്റിസ്, സ്ത്രീകളില്‍ യോനിയിലെ കാന്‍ഡിഡികാസിസ് ഫംഗസ് ബാധ തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണ്.

പ്രമേഹമുള്ളവര്‍ക്ക് ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ക്ഷയം, ന്യുമോണിയ തുടങ്ങി അണുബാധകളായിരിക്കും പലപ്പോഴും പ്രമേഹത്തെ സംബന്ധിച്ച ആദ്യ സൂചനകള്‍ നല്‍കുന്നത്. രോഗാണുബാധ പെട്ടെന്നുണ്ടാകാനും കൂടുതല്‍ സങ്കീര്‍ണമാകുവാനും പ്രമേഹം കാരണമാകുന്നു.

(ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

Content Highlights: What are the early signs and symptoms of diabetes 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌