പ്രമേഹമുള്ളവർ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

1) പ്രമേഹമുള്ളവർക്കായി ഡയബറ്റിക് ഡയറ്റ് എന്നൊരു ഭക്ഷണരീതി വേറെതന്നെയുണ്ടോ?

ഡയബറ്റിക് ഡയറ്റ് ഒരു പ്രത്യേക ഡയറ്റ് അല്ല. പ്രമേഹരോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസ് നിലയിൽ വലിയതോതിലുള്ള ഉയർച്ച താഴ്ചകൾ വരുത്താതെ എല്ലാവിധ പോഷകഘടകങ്ങളും അടങ്ങിയ ഒരു സമീകൃതാഹാരക്രമം ആണ് ഡയബറ്റിക് ഡയറ്റ്. കുടുംബത്തിലെ എല്ലാവരും കഴിക്കുന്ന ഭക്ഷണക്രമത്തിൽ അനുയോജ്യമായ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ഇവ പ്രമേഹ രോഗികൾക്കും ഉപയോഗിക്കാം. സ്ഥിരമായി പാലിക്കപ്പെടേണ്ടതിനാൽ മടുപ്പുളവാക്കാത്ത ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയാകും.

സ്ഥൂലപോഷകങ്ങളായ അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയും സൂക്ഷ്മപോഷകങ്ങളായ ജീവകങ്ങൾ, ധാതുക്കൾ എന്നിവയും ഭക്ഷ്യനാരുകൾ, ബയോഫ്ളേവനോയിഡുകൾ എന്നിവയും രോഗിയുടെ ശരീരഭാരത്തിനും കായികാധ്വാനത്തിനും അനുസൃതമായി തയ്യാറാക്കുന്നതാണ് ഏറ്റവും ആരോഗ്യകരമായ ഡയബറ്റിക് ഡയറ്റ്.

2) പ്രമേഹത്തിന് മരുന്നു കഴിക്കുന്നുണ്ട്. ഷുഗർ നിയന്ത്രണത്തിലാണ്. അപ്പോൾ എനിക്ക് ഏതുതരം ഭക്ഷണവും ഇഷ്ടാനുസരണം കഴിച്ചുകൂടേ?

ഭക്ഷണനിയന്ത്രണം, വ്യായാമം, മരുന്ന്, രോഗത്തെക്കുറിച്ചുള്ള അവബോധം എന്നിവയാണ് പ്രമേഹ രോഗനിയന്ത്രണത്തിന്റെ നാലു പ്രധാന ഘടകങ്ങൾ. ഇവ നാലുംകൂടിയാലേ രോഗത്തെ വരുതിയിലാക്കാനാവൂ. അതിനാൽ തന്നെ ഏതുതരം മരുന്നുകളോടൊപ്പവും ഭക്ഷണനിയന്ത്രണവും വ്യായാമവും അത്യാവശ്യമാണ്.

3) പ്രമേഹമുള്ളവർക്ക് പഴവർഗങ്ങളെല്ലാം ഇഷ്ടംപോലെ കഴിക്കാമോ?

പ്രമേഹമുള്ളവർക്ക് എല്ലാവിധ പഴവർഗങ്ങളും ഇഷ്ടംപോലെ കഴിക്കാനാവില്ല. പഴങ്ങളിലെ അന്നജം എളുപ്പത്തിൽ ഗ്ലൂക്കോസായി രക്തത്തിലെത്തും. ഫ്രക്ടോസ് രൂപത്തിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ധാരാളം സൂക്ഷ്മപോഷകങ്ങളും ഭക്ഷ്യനാരുകളും, ഫ്ളേവനോയിഡുകളും അടങ്ങിയ പഴവർഗങ്ങൾ നിശ്ചിത അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അമിതമായി പഴുത്തവ, കൂടുതൽ മധുരമുള്ളവ, ജ്യൂസുകൾ എന്നിവ പരമാവധി കുറഞ്ഞ അളവിൽ മാത്രം കഴിക്കുന്നതാണ് നല്ലത്.

4) ഞാൻ ഒരു ഡ്രൈവറാണ്. പ്രമേഹമുണ്ട്. ദീർഘദൂരം വാഹനമോടിക്കുന്നതിനിടയിൽ എന്തുതരം ഭക്ഷണമാണ് കഴിക്കേണ്ടത്?

ദീർഘദൂരം ഡ്രൈവ് ചെയ്യേണ്ടിവരുന്ന അവസരങ്ങളിൽ ധാരാളം വെള്ളം കുടിക്കണം. ഇടനേരങ്ങളിൽ ഓട്സ്, റാഗി, കുറുക്കുകൾ, മുളപ്പിച്ച പയറുവർഗങ്ങൾ, സലാഡ് എന്നിവ ഉപയോഗിക്കാം. എണ്ണയിൽ വറുത്ത പലഹാരങ്ങളും ബേക്കറി സാധനങ്ങളും പരമാവധി ഒഴിവാക്കണം.

5) ഷുഗർ കുറയ്ക്കാൻ ചോറിന്റെ അളവ് കുറച്ച് പകരം ചപ്പാത്തി കഴിച്ചാൽ പോരെ?

അരിയിലും ഗോതമ്പിലും അന്നജം ഒരേ അളവിലാണ് അടങ്ങിയിട്ടുള്ളത്. മുഴുഗോതമ്പിൽ ഭക്ഷ്യനാരുകൾ അല്പം കൂടുതലുണ്ടെന്ന് മാത്രം. അതിനാൽ തന്നെ ചോറിനുപകരം ഇഷ്ടംപോലെ ചപ്പാത്തി കഴിക്കാനാവില്ല. ഒന്നരകപ്പ് ചോറിന് പകരം എണ്ണ ചേർക്കാത്ത രണ്ട് ചപ്പാത്തി കഴിക്കാം.

6) പ്രമേഹരോഗികൾ ഇറച്ചി ഒഴിവാക്കണോ?

മറ്റു അനുബന്ധ രോഗങ്ങളൊന്നുമില്ലാത്ത ഒരു പ്രമേഹരോഗി മാംസാഹാരം മുഴുവനായും ഒഴിവാക്കേണ്ടതില്ല. ചുവന്ന മാംസമായ ബീഫ്, മട്ടൺ എന്നിവയിൽ പൂരിതകൊഴുപ്പുകളുടെയും സോഡിയത്തിന്റെയും അളവ് കൂടുതലാണ്. ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കൊഴുപ്പും തൊലിയും നീക്കിയ കോഴിയിറച്ചി കറിവെച്ചു ഉപയോഗിക്കാം. പരമാവധി രണ്ട് ചെറിയ കഷ്ണം കഴിച്ചാൽ മതിയാവും.

7) ചെമ്മീൻ, ഞണ്ട്, കല്ലുമ്മക്കായ എന്നിവ പ്രമേഹമുള്ളവർക്ക് കഴിക്കാമോ?

ചെമ്മീൻ, ഞണ്ട്, കല്ലുമ്മക്കായ, തുടങ്ങിയ കടൽ വിഭവങ്ങളിൽ പൂരിതകൊഴുപ്പുകളും സോഡിയവും കൂടുതലായി അടങ്ങിയിട്ടുണ്ട്. മറ്റു സൂക്ഷ്മമൂലകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ മറ്റു അനുബന്ധ രോഗങ്ങളില്ലാത്ത പ്രമേഹരോഗികൾക്ക് ഇവ മിതമായി ഉപയോഗിക്കാം.

8) പ്രമേഹമുണ്ടെങ്കിലും മീൻ കഴിക്കാമല്ലോ?

എളുപ്പത്തിൽ ദഹിക്കുന്നതും നല്ല ഇനം മാംസ്യം അടങ്ങിയിട്ടുള്ളതുമായ ചെറുമീനുകൾ പ്രമേഹരോഗികൾക്ക് ഉപയോഗിക്കാം. മത്സ്യം കറിവെച്ചു കഴിക്കുന്നതാണ് നല്ലത്. ഉണക്കമീൻ, വറുത്ത മീൻ എന്നിവ നിയന്ത്രിച്ച് മാത്രം ഉപയോഗിക്കുക.

9) ഭക്ഷണനിയന്ത്രണം എന്നു പറഞ്ഞാൽ അരി ഒഴിവാക്കിയാൽ പോരെ? അതല്ലേ പ്രശ്നം?

പ്രമേഹത്തിനുള്ള ഭക്ഷണനിയന്ത്രണം എന്ന് പറയുന്നത് അരിഭക്ഷണം പൂർണമായി ഒഴിവാക്കലല്ല. അന്നജം അടങ്ങിയ, ഊർജദായകങ്ങളായ ഭക്ഷണങ്ങൾ കൃത്യമായ അളവിലും അനുപാതത്തിലും കഴിക്കുക എന്നതാണ് ലക്ഷ്യം. അരി, ഗോതമ്പ്, കിഴങ്ങുവർഗങ്ങൾ, പയറുവർഗങ്ങൾ, മറ്റു ചെറുധാന്യങ്ങളായ മുത്താറി, തിന, ചോളം ഇവയിലെല്ലാം അന്നജം അടങ്ങിയിട്ടുണ്ട്. ഗോതമ്പ്, കപ്പ പോലുള്ള കിഴങ്ങുവർഗങ്ങൾ എന്നിവ കഴിച്ചാലും ഗ്ലൂക്കോസ് കൂടും. അരി കഴിക്കുന്നതുകൊണ്ട് മാത്രം രക്തത്തിലെ ഗ്ലൂക്കോസ് നില അമിതമായി കൂടുകയോ കഴിക്കാതിരുന്നതുകൊണ്ട് കുറയുകയോ ഇല്ല.

10) പ്രമേഹമുള്ളതിനാൽ എന്നോട് പായ്ക്കറ്റ് ഭക്ഷണങ്ങളൊക്കെ ഒഴിവാക്കാൻ പറഞ്ഞു. അതെന്തുകൊണ്ടാണ്?

പാക്കറ്റ് ഭക്ഷണങ്ങൾ എല്ലാം തന്നെ സംസ്കരിച്ച് പായ്ക്ക് ചെയ്യുന്നവയാണ്. ഭക്ഷ്യവസ്തുക്കൾ സംസ്കരിക്കുമ്പോൾ, അവ കേടുവരാതിരിക്കാനായി പ്രിസർവേറ്റീവുകളും, ഗുണവും മണവും സംരക്ഷിക്കപ്പെടുവാനായി മറ്റുചിലവസ്തുക്കളും (addictive) ചേർക്കാറുണ്ട്. ടിന്നിലടച്ച ഭക്ഷ്യവസ്തുക്കൾ മിക്കവാറും ഉപ്പ്/പഞ്ചസാര ലായനിയിലാണ് സൂക്ഷിക്കുന്നത്. ഇത്തരം ഭക്ഷ്യവസ്തുക്കൾ പ്രമേഹരോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസ് നിലയുടെ താളം തെറ്റിച്ചേക്കാം.

11) ചോറ് രണ്ടുമൂന്നു തവണ തിളപ്പിച്ച് ഊറ്റിയാൽ ഷുഗർ പോവില്ലേ?

ഒരിക്കലുമില്ല. ചോറ് രണ്ടോ മൂന്നോ തവണ തിളപ്പിച്ച് ഊറ്റുമ്പോൾ അവയിലെ ജലത്തിലലിയുന്ന ജീവകങ്ങളും മറ്റു പോഷകഘടകങ്ങളും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

12) പ്രമേഹം നിയന്ത്രിക്കാൻ ഒരു നേരം ഭക്ഷണം ഒഴിവാക്കിയാൽ പോരേ?

ഷുഗർ കുറയുമെന്ന ധാരണയിൽ പ്രമേഹരോഗികൾ ഭക്ഷണം ഒഴിവാക്കുന്നത് ശരിയല്ല. കൃത്യമായി ചെറിയ ഇടവേളകളിൽ കുറേശ്ശേ വീതം കഴിക്കുകയാണ് വേണ്ടത്. മൂന്നു പ്രധാന ആഹാരങ്ങൾ കൂടാതെ രണ്ടോ, മൂന്നോ തവണയായി ലഘുഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തുക.

13) രാത്രി ചോറ് ഒഴിവാക്കി ചപ്പാത്തിയാണ് കഴിക്കാറ്. അതുകൊണ്ട് ഷുഗർ കുറയില്ലേ?

ചോറ് ഒഴിവാക്കി ചപ്പാത്തി കഴിച്ചതുകൊണ്ടുമാത്രം ഷുഗർ കുറയില്ല. രണ്ടിൽനിന്നും ലഭിക്കുന്നത് പ്രധാനമായും അന്നജം തന്നെയാണ്. എന്തു കഴിക്കുന്നു എന്നതിനേക്കാൾ എത്ര കഴിക്കുന്നു എന്നതാണ് പ്രധാനം.

14) പഞ്ചസാര ഒഴിവാക്കി വെല്ലം കഴിച്ചൂകൂടേ?

പഞ്ചസാരയും വെല്ലവും (ശർക്കര) ഊർജസാന്ദ്രതയിൽ ഏറക്കുറെ ഒരുപോലെയാണ്. വെല്ലം ബ്ലീച്ചു ചെയ്ത് തരികളാക്കുന്നതാണ് പഞ്ചസാര. പ്രമേഹരോഗികൾക്ക് പഞ്ചസാരയ്ക്കുപകരം വെല്ലം ഉപയോഗിക്കാനാവില്ല.

15) പ്രമേഹമുള്ളവർക്ക് തണ്ണിമത്തൻ ഇഷ്ടംപോലെ കഴിച്ചുകൂടെ?

തണ്ണിമത്തനിൽ പഞ്ചസാരയുടെ സാന്ദ്രത കുറവാണ്. എങ്കിലും കൂടുതൽ അളവിൽ കഴിക്കുമ്പോൾ അത്രയും ഗ്ലൂക്കോസ് വേഗത്തിൽ രക്തത്തിലെത്തും. ഒരു ഇടത്തരം മുസംബിക്കു പകരമായി ഇടത്തരം തണ്ണിമത്തന്റെ എട്ടിൽ ഒരു ഭാഗം കഴിക്കാം.

16) പ്രമേഹമുള്ളവർക്ക് ഈന്തപ്പഴം കഴിക്കാമോ?

ഈന്തപ്പഴത്തിൽ ജലാംശം കുറവായതിനാൽ പഞ്ചസാരയുടെ സാന്ദ്രത കൂടുതലാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ അളവിൽനിന്ന് കൂടുതൽ ഊർജം ലഭിക്കും. അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു പഴങ്ങൾക്കോ, ഊർജദായകങ്ങളായ മറ്റു ഭക്ഷണങ്ങൾക്കോ പകരമായി ഈന്തപ്പഴം കുറേശ്ശേ ഉപയോഗിക്കുന്നതാണ് നല്ലത്.

17) വെള്ളം കൂടുതൽ കുടിച്ചാൽ ഷുഗർ താഴ്ന്നുപോകുമോ?

ഇല്ല. ശരീരത്തിൽ എല്ലായ്പ്പോഴും ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേ ത് അത്യാവശ്യമാണ്.

18) പ്രമേഹരോഗികൾ കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ടോ?

പ്രമേഹരോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് അമിതദാഹം. നന്നായി വെള്ളം കുടിക്കാം. ദാഹം തോന്നുമ്പോൾ മധുരപാനീയങ്ങളോ ജ്യൂസുകളോ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം.

19) ഇൻസുലിനെടുക്കുമ്പോൾ നന്നായി ഭക്ഷണം കഴിച്ചില്ലെങ്കിൽ ഷുഗർ കുറഞ്ഞുപോകുമോ?

ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗി ശരീരഭാരത്തിനും കായികാധ്വാനത്തിനും അനുസരിച്ചുള്ള ഭക്ഷണം കഴിച്ചാൽ മതിയാകും. ഉപയോഗിക്കുന്ന ഇൻസുലിന്റെ പ്രവർത്തനരീതി അനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണസമയം ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

20) പാവയ്ക്ക, മഞ്ഞൾ, കറുവപ്പട്ട എന്നിവയൊക്കെ ഷുഗർ നിയന്ത്രിക്കാൻ നല്ലതാണോ?

പാവയ്ക്ക, മഞ്ഞൾ, കറുവാപ്പട്ട ഇവയിലെല്ലാം പല തരത്തിലുള്ള ബയോഫ്ളേവനോയിഡുകൾ, ആൽക്കലോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ ശരീരത്തിലെ ചയാപചയ പ്രവർത്തനങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കും. രക്തത്തിലെ ഷുഗർനില കൃത്യമാക്കാനും ഇവ സഹായിച്ചേക്കാം. എന്നാൽ, ഇവ ഒരിക്കലും മരുന്നുകൾക്ക് പകരമല്ല. മരുന്നിനും ഭക്ഷണ നിയന്ത്രണത്തിനും ഒപ്പം പ്രമേഹ നിയന്ത്രണത്തിന് ശക്തി പകരുന്ന (dietary adjuvant) മറ്റൊരു വഴി മാത്രമാണവ.

21) ഷുഗറിന് പച്ചക്കപ്പ കഴിച്ചാലല്ലേ പ്രശ്നം? ഉണക്കക്കപ്പ കഴിക്കാമല്ലോ?

പച്ചക്കപ്പയും വാട്ടുകപ്പയും തമ്മിൽ അന്നജത്തിന്റെ അളവിൽ കാര്യമായ വ്യത്യാസമില്ല. പ്രമേഹരോഗിക്ക് മറ്റു അന്നജമടങ്ങിയ ആഹാരങ്ങൾക്ക് പകരമായി പച്ചക്കപ്പയോ വാട്ടുകപ്പയോ കഴിക്കാം.

22) പ്രമേഹമുള്ളവർക്ക് ചക്ക നല്ലതാണെന്നു കേൾക്കുന്നു. ഇത് എത്രവേണേലും കഴിക്കാമോ?

ചക്കയിലും അന്നജം അടങ്ങിയിട്ടുണ്ട്. എന്നാൽ അതോടൊപ്പം ധാരാളം ഭക്ഷ്യനാരുകളും മറ്റു പോഷകഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾ മറ്റു അന്നജാഹാരങ്ങൾക്കൊപ്പം കൂടിയ അളവിൽ ചക്ക ഉപയോഗിക്കുന്നത് ആകെ ഊർജത്തിന്റെ അളവ് കൂട്ടി പ്രമേഹത്തെ സങ്കീർണമാക്കും. മറ്റ് അന്നജാഹാരങ്ങൾ മറ്റൊന്നുമില്ലാതെ ചക്ക മാത്രമായി നിയന്ത്രിത അളവിൽ കഴിക്കുന്നത് നല്ലതാണ്. ഇടിച്ചക്കയിൽ താരതമ്യേന അന്നജം കുറവാണ്.

23) ഷുഗർ കുറയാൻ നിത്യവും ഉലുവ കഴിക്കുന്നുണ്ട്. അതിനാൽ വേറെ മരുന്നു കഴിക്കേണ്ടതുണ്ടോ?

ഉലുവയിൽ ജലത്തിലലിയുന്ന ഭക്ഷ്യനാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസ് വേഗത്തിൽ രക്തത്തിൽ എത്തുന്നത് തടയുന്നു. അങ്ങനെ രക്തത്തിലെ ഗ്ലൂക്കോസ്നില ക്രമീകരിക്കാൻ സഹായിക്കുന്നു. പക്ഷേ, ഉലുവ മരുന്നിനു പകരമല്ല. സാധാരണ മരുന്നിനും ഭക്ഷണനിയന്ത്രണത്തിനും ഒപ്പം ഉലുവകൂടി ഉപയോഗിക്കുന്നത് ഗുണകരമാണ്. ഉലുവയുടെ അളവ് അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

24) മദ്യപിക്കുമ്പോൾ ഷുഗർ കൂടാതിരിക്കാൻ ഭക്ഷണം കുറച്ചാൽ പോരെ?

മദ്യത്തിൽ അടങ്ങിയിരിക്കുന്നത് ശൂന്യ ഊർജമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിലയിൽ കുത്തനെയുള്ള കയറ്റിറക്കങ്ങൾ ഉണ്ടാക്കും. മദ്യത്തിൽ യാതൊരുവിധ പോഷകമൂല്യവും ഇല്ലതാനും. ഭക്ഷണത്തിന്റെ അളവ് കുറച്ച് മദ്യം കഴിക്കുന്നത് രോഗത്തിന്റെ സങ്കീർണതകൾ കൂട്ടാനേ ഉപകരിക്കൂ.

25) പ്രമേഹമുള്ളവർക്ക് പാല് കുടിക്കാമോ?

പാട നീക്കിയ പാൽ പ്രമേഹരോഗികൾക്ക് ഉപയോഗിക്കാം. ദിവസം 150- 200 മില്ലിലിറ്റർവരെ (ഒന്ന്-ഒന്നര കപ്പ്) ഉപയോഗിക്കാം.

26) പ്രമേഹമുള്ളവർക്ക് ഇലക്കറികളെല്ലാം കഴിച്ചൂകൂടെ?

ഇലക്കറികൾ പ്രമേഹരോഗികൾക്ക് ഇഷ്ടംപോലെ കഴിക്കാം.

27) പ്രമേഹരോഗികൾക്ക് ഏറ്റവും അനുയോജ്യമായ പച്ചക്കറികൾ ഏതൊക്കെയാണ്?

കിഴങ്ങുവർഗങ്ങൾ ഒഴികെ അന്നജത്തിന്റെ അംശം കുറവുള്ളതും ധാരാളം ഭക്ഷ്യ നാരുകൾ അടങ്ങിയതുമായ ചീര, മുരിങ്ങയില, കോവൽ ഇല, മത്തൻ ഇല മുതലായ ഇലക്കറികളും മറ്റു പച്ചക്കറികളും പ്രമേഹരോഗികൾക്ക് ഇഷ്ടംപോലെ ഉപയോഗിക്കാം. വെള്ളരി, കക്കിരി, കുമ്പളം, പാവയ്ക്ക, വെണ്ടയ്ക്ക, വഴുതന, തക്കാളി, നീളൻപയർ, ബീൻസ്, കൊത്തമര, അമര, പടവലം, താലോലിക്ക (Ridge gourd) എന്നിങ്ങനെ.

28) പ്രമേഹരോഗിക്ക് മുട്ട കഴിക്കാമോ?

അമിതവണ്ണമോ അമിത രക്തസമ്മർദമോ കൊളസ്ട്രോൾ പ്രശ്നങ്ങളോ ഇല്ലാത്ത പ്രമേഹരോഗികൾക്ക് മുട്ട കഴിക്കാം. മറ്റുള്ളവർ മഞ്ഞക്കരു ഒഴിവാക്കി വെള്ള കഴിക്കുന്നതായിരിക്കും ഗുണകരം.

29) ചോറിനും കഞ്ഞിക്കുമൊപ്പം ഉരുളക്കിഴങ്ങ് കഴിക്കേണ്ടെന്ന് ഡയറ്റീഷ്യൻ പറഞ്ഞു. ഇതെന്തുകൊണ്ടാണ്?

ചോറിലും കഞ്ഞിയിലും ഉള്ളതുപോലെ അന്നജം ഉരുളക്കിഴങ്ങിലും അടങ്ങിയിട്ടുണ്ട്. ചോറിനോ ചപ്പാത്തിക്കോ കറിയായി ഉരുളക്കിഴങ്ങ് ഉപയോഗിക്കുമ്പോൾ ആകെ ഊർജം കൂടുന്നു. അന്നജാഹാരം കുറച്ച്, പകരമായി ഉരുളക്കിഴങ്ങ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

30) മധുരമുള്ള ഭക്ഷണം കഴിച്ചാൽ പ്രമേഹം വരുമോ?

മധുരം കൂടുതലുള്ള ഭക്ഷണം കഴിച്ചതുകൊണ്ടുമാത്രം പ്രമേഹം വരില്ല. പക്ഷേ മധുരമുള്ളവ അധികം കഴിച്ചാൽ ശരീരഭാരം കൂടും. പ്രമേഹരോഗസാധ്യത ഉള്ള ഒരാളിൽ ഇത് അപകടം ചെയ്യും. അതുകൊണ്ട് മധുരപദാർഥങ്ങൾ കുറയ്ക്കുന്നതാണ് നല്ലത്.

31) ഭക്ഷണത്തിൽ പൂർണമായും ഒഴിവാക്കേണ്ട എന്തെങ്കിലുമുണ്ടോ?

നേരിട്ടുള്ള മധുരം, പഞ്ചസാര, ശർക്കര, തേൻ, കല്ക്കണ്ടം എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഭക്ഷണത്തിൽ നല്ല നിയന്ത്രണം പാലിക്കുന്ന ഒരാൾക്ക് ആകെ ഊർജത്തിൽ വർധന വരുത്താതെ മറ്റു ഭക്ഷണങ്ങൾക്കു പകരമായി കുറേശ്ശെ മധുരം ഉപയോഗിക്കാം.

32) പ്രമേഹരോഗികൾ പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാമോ?

പ്രമേഹസങ്കീർണതകളായ വൃക്കരോഗമോ, മറ്റു അനുബന്ധരോഗങ്ങളോ ഇല്ലാത്ത രോഗിക്ക് സാധാരണ ആരോഗ്യവാനായ ഒരാൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള അതേ അളവിൽ പ്രോട്ടീൻ കഴിക്കാം. വൃക്കരോഗം ഉള്ളവർ, ഡോക്ടറുടെ നിർദേശപ്രകാരം രോഗത്തിനനുസൃതമായി നിയന്ത്രിക്കേണ്ടിവരും.

33) കടല, ചെറുപയർ, പരിപ്പ് എന്നിവയൊക്കെ എത്ര അളവിൽ കഴിക്കാം?

കടല, ചെറുപയർ, പരിപ്പ് മുതലായ പയറുവർഗങ്ങൾ അന്നജം, മാംസ്യം, ജീവകങ്ങൾ, ധാതുക്കൾ, ഭക്ഷ്യനാരുകൾ ഇവയെല്ലാം അടങ്ങിയ ഭക്ഷ്യപദാർഥമാണ്. സസ്യാഹാരികളുടെ മാംസ്യത്തിന്റെ പ്രധാന സ്രോതസ്സും പയറുവർഗങ്ങളാണ്. ഇവ വയറുനിറഞ്ഞ പ്രതീതി നൽകുകയും ചെയ്യും. സാധാരണ ശരീരഭാരമുള്ള ഒരു പ്രമേഹരോഗിക്ക് ദിവസത്തിൽ രണ്ട് ചായക്കപ്പ് അളവിൽ (150 ml), വേവിച്ച പയറുവർഗങ്ങൾ/പരിപ്പ് എന്നിവ ഉപയോഗിക്കാവുന്നതാണ്.

34) മാർക്കറ്റിൽ ലഭ്യമായ ആരോഗ്യപാനീയങ്ങൾ പ്രമേഹരോഗികൾക്ക് ഉപയോഗിക്കാമോ?

വിവിധതരം ആരോഗ്യപാനീയങ്ങൾ പലതരത്തിലുള്ള മേൻമകളും അവകാശപ്പെട്ടുകൊണ്ട് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവയിൽ മിക്കതിന്റെയും അടിസ്ഥാനഘടകം അന്നജത്തിന്റെ വകഭേദമായ മാൾട്ട് എക്സ്ട്രാക്റ്റ് ആണ്. കൂടാതെ രുചി കൂട്ടാനും മറ്റുമായി പഞ്ചസാര, ഗ്ലൂക്കോസ് എന്നിവ ചേർത്തും ഉണ്ടാക്കാം. മറ്റു ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുമ്പോൾ ആകെ ഊർജത്തിന്റെ അളവ് കൂടുന്നതിനാൽ പ്രമേഹരോഗികൾ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

35) എല്ലാ പ്രമേഹരോഗികൾക്കും ക്ഷീണം കുറയ്ക്കാൻ പ്രോട്ടീൻ പൗഡർ ഉപയോഗിക്കാമോ?

പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തിൽ ആവശ്യത്തിനുള്ള പ്രോട്ടീൻ അടങ്ങിയിരിക്കണം. എന്നാൽ പ്രമേഹരോഗത്തിന്റെ സങ്കീർണതകളായ വൃക്കരോഗങ്ങൾ ഉള്ളവർ രോഗത്തിന്റെ തീവ്രത അനുസരിച്ച് പ്രോട്ടീൻ അളവിൽ നിയന്ത്രണം വരുത്തേണ്ടതാണ്. ആരോഗ്യമുള്ള സാധാരണ നിലയിൽ ഭക്ഷണം കഴിക്കുന്ന പ്രമേഹരോഗിക്ക് പ്രോട്ടീൻ പൗഡറിന്റെ ആവശ്യമില്ല. മറ്റു അനുബന്ധ രോഗങ്ങളോ അണുബാധകളോ പോഷകാഹാരക്കുറവോ ഉള്ള പ്രമേഹരോഗികൾ ഭക്ഷണത്തോടൊപ്പം മധുരം അടങ്ങിയിട്ടില്ലാത്ത പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നത് ഗുണകരമാണ്.

36) നേന്ത്രപ്പഴം, റോബസ്റ്റ, ചെറുപഴം എന്നിവ പ്രമേഹരോഗിക്ക് ഉപയോഗിക്കാമോ?

വാഴപ്പഴങ്ങളുടെ കൂട്ടത്തിൽ പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതൽ നേന്ത്രപ്പഴത്തിലാണ്. പഴുക്കും തോറും പഞ്ചസാരയുടെ അളവ് കൂടുന്നതിനാൽ ഇളം പഴുപ്പ് ആയ പഴങ്ങളാണ് ഗുണകരം. പ്രമേഹരോഗികൾക്ക് മറ്റു പഴങ്ങൾക്ക് പകരമായി രണ്ട് ചെറുപഴം/ഒരു റോബസ്റ്റ/ മൂന്നിലൊരുഭാഗം ഏത്തപ്പഴം എന്നിവ കഴിക്കാം.

37) വേവിച്ച നേന്ത്രപ്പഴത്തിൽ ഷുഗർ കുറവാണോ?

നേന്ത്രപ്പഴം വേവിച്ചാലും ഷുഗറിന്റെ അളവിൽ കുറവ് വരുന്നില്ല.

38) ഉപ്പ് ഷുഗർ കൂട്ടുന്നില്ലല്ലോ? അതുകൊണ്ട് ചിപ്സ്, മുറുക്ക്, മിക്സ്ചർ മുതലായ മറ്റു പലഹാരങ്ങൾപ്രമേഹരോഗികൾക്ക് ഇഷ്ടം പോലെ കഴിക്കാമല്ലോ?

ഉപ്പിന് രക്തത്തിലെ ഗ്ലൂക്കോസ് നിലയുമായി നേരിട്ട് ബന്ധമില്ല. എന്നാൽ ഉപ്പ് കൂടുതൽ കഴിക്കുന്നത് അമിത രക്തസമ്മർദത്തിന് കാരണമായോക്കാം. പ്രമേഹരോഗികളിൽ അമിതരക്തസമ്മർദത്തിനുള്ള സാധ്യത കൂടുതലാണ്. വറവു പലഹാരങ്ങൾ എണ്ണയിൽ വറുത്തെടുക്കുന്നതിനാൽ ഊർജവും കൂടുതലാണ്.

39) പ്രമേഹരോഗികൾക്ക് നട്സ് എത്ര കഴിക്കാം?

എല്ലാത്തരം നട്സിലും കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ ഊർജമൂല്യം കൂടുതലാണ്. പ്രമേഹരോഗികൾക്ക് ഉപ്പിടാത്ത നിലക്കടല, ബദാം എന്നിവ മിതമായി ഉപയോഗിക്കാം. ഏകദേശം 20 ഗ്രാം നിലക്കടല 100 കലോറി ഊർജം പ്രദാനം ചെയ്യും. ആൽമണ്ട്, പിസ്ത എന്നിവ 15 ഗ്രാമിൽ നിന്ന് 100 കലോറി ഊർജം ലഭിക്കും.

40) നെല്ലിക്ക പ്രമേഹരോഗികൾക്ക് നല്ലതാണോ?

പഴവർഗങ്ങളിൽ ഉൾപ്പെടുത്താമെങ്കിലും നെല്ലിക്കയിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. കൂടാതെ ധാരാളം ഭക്ഷ്യനാരുകളും വിറ്റാമിൻ-സിയും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ-സി ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ഗുണകരമാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ശ്രീദേവി ജയരാജ്
സീനിയർ ഡയറ്റീഷ്യൻ
ഗവ. മെഡിക്കൽ കോളേജ്, പരിയാരം, കണ്ണൂർ

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത് 

Content Highlights:World Diabetic Day 2020, What to eat and what to avoid when it comes to diabetes 40 questions and answers, Health, Food