വീട്ടിൽ തന്നെയിരുന്ന് സ്വന്തമായി രക്തത്തിലെ ഷുഗർനില പരിശോധിക്കാനുള്ള ഉപകരണമാണ് ഗ്ലൂക്കോമീറ്റർ. ബാറ്ററിയിലാണ് ഈ ഇലക്ട്രോണിക് ഉപകരണം പ്രവർത്തിക്കുന്നത്. ഇതിൽ ഒരു സ്ട്രിപ്പും സൂചിയും ഉണ്ടായിരിക്കണം.

പരിശോധിക്കേണ്ടത് ഇങ്ങനെ

ഭക്ഷണത്തിന് മുൻപോ ശേഷമോ ചെയ്യാം.കൈ നന്നായി വൃത്തിയാക്കണം. ഇതിനുശേഷം വിരൽ തുമ്പ് സ്പിരിറ്റ് വെച്ച് തുടച്ച് സൂചികൊണ്ട് കുത്തുക.അപ്പോൾ പുറത്തുവരുന്ന ഒരു തുള്ളി രക്തമെടുത്ത് ഗ്ലൂക്കോമീറ്ററിന്റെ സ്ട്രിപ്പിൽ ഇറ്റിക്കുക. ഏതാനും സെക്കന്റുകൾക്കുള്ളിൽ ഗ്ലൂക്കോസ് നില എത്രയെന്ന് കാണാം.

ഗ്ലൂക്കോമീറ്ററിന്റെ ഗുണങ്ങൾ

രക്തത്തിലെ ഷുഗർ പരിശോധിക്കുന്നതിന് ഗ്ലൂക്കോമീറ്റർ വളരെ ഉപയോഗപ്രദമായ ഒരു ഉപകരണമാണ്. വീട്ടിലിരുന്നു തന്നെ പ്രമേഹ നിയന്ത്രണം എത്രത്തോളമാണെന്ന് കണ്ടെത്താൻ ഗ്ലൂക്കോമീറ്റർ സഹായിക്കുന്നു. ഷുഗർ ഉയർത്തുന്ന ഭക്ഷണങ്ങൾ ഏതാണെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കുന്നു. ഏതൊക്കെ സമയങ്ങളിൽ ഏത് ഭക്ഷണക്രമത്തിന് ശേഷമാണ് ഷുഗർ കൂടുന്നതെന്ന് തിരിച്ചറിയാനും അനുയോജ്യമായ ചികിത്സാരീതി തിരഞ്ഞെടുക്കാനും ഗ്ലൂക്കോമീറ്റർ സഹായിക്കുന്നു. ഷുഗർനില പെട്ടെന്ന് താഴ്ന്നുപോകുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥ തിരിച്ചറിയാനും ഗ്ലൂക്കോമീറ്റർ സഹായകരമാണ്.

Content Highlights:World Diabetes Day 2020, what is a glucometer and how does it work, Diabetes, Health