ഇത് 3 എ.എം. പരിശോധന എന്നാണ് അറിയപ്പെടുന്നത്. വെളുപ്പിന് മൂന്ന് മണിക്ക് ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് നടത്തുന്ന പരിശോധനയാണിത്. ഫാസ്റ്റിങ് ഷുഗർ നില കൂടി നിൽക്കുന്നവരിൽ അതിന്റെ കാരണം കണ്ടുപിടിക്കാനാണ് ഈ പരിശോധന നടത്തുന്നത്. ശരീരത്തിൽ നിരവധി ഹോർമോൺ മാറ്റങ്ങൾ നടക്കുന്ന സമയമാണ് പുലർച്ചെ മൂന്നുമണി.
പ്രമേഹം നിയന്ത്രിക്കാൻ രാത്രിയെടുക്കുന്ന ഇൻസുലിൻമരുന്ന് ഡോസ് കൂടുതലായി പോവും. ഇങ്ങനെയുള്ളവരിൽ വെളുപ്പിന് മൂന്നുമണി സമയത്ത്ഈ ഷുഗർ നില പെട്ടെന്ന് താഴ്ന്നുപോവും. സൊമോഗി ഇഫക്ട് (Somogyi Effect) എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് പലരും അറിയാറില്ല. അത് മറികടക്കാൻ ശരീരം ശ്രമിക്കും. പല ഹോർമോണുകളും സ്രവിപ്പിക്കും. ഇതുമൂലം ഫാസ്റ്റിങ് ഷുഗർ കുറവ് കാണിക്കില്ല. ഇത് കൃത്യമായി കണ്ടെത്താനാണ് വെളുപ്പിന് മൂന്നുമണിക്ക് പരിശോധിക്കുന്നത്.
ഇത് പരിഹരിക്കാൻ രാത്രി നൽകുന്ന പ്രമേഹമരുന്ന് ഇൻസുലിൻ ഡോസ് കുറച്ചുനൽകും. അപ്പോൾ വെളുപ്പിന് മൂന്നുമണി സമയത്ത് ഷുഗർ നിലയിൽ വലിയ കുറവ് ഉണ്ടാവില്ല. അപ്പോൾ ഷുഗർനിലയെ കൃത്യമാക്കാനുള്ള ഹോർമോണുകളും സ്രവിക്കപ്പെടില്ല. ഇതുമൂലം ഫാസ്റ്റിങ് ഷുഗർ കൃത്യമായിരിക്കും.
മറ്റൊരു തലം കൂടിയുണ്ട് ഇതിന്. രാത്രി എടുക്കുന്ന ഡോസ് ചിലരിൽ അപര്യാപ്തമായിരിക്കും. ഇത്തരക്കാരിൽ വെളുപ്പിന് മൂന്നുമണിയോടെ ഷുഗർനില അൽപം കൂടും. ഇത് ഫാസ്റ്റിങ് ഷുഗർനിലയും കൂട്ടാൻ ഇടയാക്കും. ഇത് ഡോൺ ഇഫക്ട് (Dawn Effect) എന്നാണ് അറിയപ്പെടുന്നത്.
ഇൻസുലിൻ എടുക്കുന്നവരിലാണ് ഈ ടെസ്റ്റുകൾ ചെയ്യാറുള്ളത്. രാത്രിയെടുക്കുന്ന പ്രമേഹത്തിനുള്ള മരുന്ന് ഇൻസുലിൻ
ഡോസിൽ ഏറ്റക്കുറച്ചിലുകൾ വേണോയെന്ന് തീരുമാനിക്കാൻ ഈ പരിശോധന നടത്താറുണ്ട്. ടൈപ്പ് വൺ രോഗികളിൽ ആഴ്ചയിൽ ഒരിക്കൽ ഈ പരിശോധന നടത്താൻ പറയാറുണ്ട്. കാരണം അവരിലാണ് ഈ വ്യതിയാനങ്ങൾ കൂടിയും കുറഞ്ഞും കണ്ടുവരുന്നത്.
Content Highlights:World Diabetes Day 2020, What is 3 AM Test in Diabetes blood test, Diabetes Care, Health