ജീവിതരീതിയിൽ വന്ന മാറ്റങ്ങളാണ് ഒട്ടുമിക്ക ജീവിതശൈലീ രോഗങ്ങളുടേയും അടിസ്ഥാന കാരണം. ഇത്തരത്തിൽ രോഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്.

  • വ്യവസായരംഗത്തും നിത്യജീവിതത്തിലും യന്ത്രവത്‌ക്കരണം അടിച്ചേൽപ്പിച്ച പുതിയ ജീവിതരീതികൾ.
  • കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നതും വ്യായാമ രഹിത ജീവിതവും.
  • ശാരീരിക ക്ഷമതയോ ഫിറ്റ്നസ്സോ ഇല്ലാത്ത അവസ്ഥ.
  • സ്മാർട്ട്ഫോണിന്റെ അമിതോപയോഗവും ഓൺലൈൻ വിനോദങ്ങളുടെ അതിപ്രസരവും.
  • ക്രമം തെറ്റിയുള്ള ഭക്ഷണരീതികളും ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും കടന്നുകയറ്റവും.
  • ഉറക്കക്കുറവും മാനസിക പിരിമുറുക്കങ്ങളും.

ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മർദം, ഹൃദ്രോഗങ്ങൾ അമിതവണ്ണം, സ്ട്രോക്ക്, കാൻസർ മുതലായവയുടെ അടിസ്ഥാന കാരണം ശാരീരികമായ പ്രവർത്തനക്ഷമത കുറയുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് ലോകത്ത് ഏതാണ്ട് 70-80 ശതമാനം ആളുകളും ഇരുന്ന് ജോലി ചെയ്യുന്നവരാണ്. ഇതിൽ വളരെ കുറഞ്ഞ ശതമാനം ആളുകൾ മാത്രമാണ് ആക്ടീവായും ശാരീരികമായി ഫിറ്റായും ജീവിക്കാൻ തയ്യാറാവുന്നത്. എല്ലാ മേഖലകളിലും ശാരീരികമായി ആക്ടീവ് ആവുക എന്നതാണ് ജീവിതശൈലീ രോഗങ്ങളെ ചെറുത്ത് നിർത്തുന്നതിലും, ചികിത്സ കൂടുതൽ ഫലപ്രദമാകുന്നതിനും ഏറ്റവും സഹായകരമായ കാര്യം.

യൂട്യൂബിലും മൊബൈൽ ആപ്പുകളിലുമൊക്കെ ലഭിക്കുന്ന വ്യായാമ വീഡിയോകളെ ആശ്രയിച്ച് വ്യായാമത്തിന് തയ്യാറാകുന്ന വലിയ ഒരു വിഭാഗം നമുക്കിടയിലുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതാണ്. ഇത്തരം രീതികൾ മൂലം ശാരീരികമായ വേദനകളും മറ്റും കൂടുകയും ക്രമേണ വ്യായാമത്തോടുള്ള താത്‌പര്യം കുറയാനിടയാക്കുകയും ചെയ്യുന്നു. മാത്രമല്ല ഓരോ വ്യക്തിയുടെയും ശാരീരികമായ അവസ്ഥകളും രോഗങ്ങളും ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളെ ആശ്രയിച്ചാണ് അതത് വ്യക്തികൾക്കനുയോജ്യമായ വ്യായാമ മുറകൾ തീരുമാനിക്കേണ്ടത്.

ഇത്തരം കാര്യങ്ങളെ ശാസ്ത്രീയമായി അവലോകനം ചെയ്ത ശേഷം വിദഗ്ധനായ ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ നേതൃത്വത്തിൽ വ്യായാമ മുറകളും, ഫിറ്റ്നസ്സ് പ്ലാനുകളും ജീവിതശൈലി മാറ്റങ്ങളും നിർദേശങ്ങളുമെല്ലാം സ്വീകരിക്കാം. ഇതിന് വിശദമായ മെഡിക്കൽ പരിശോധനകളും, ശാരീരിക പരിശോധനയുമെല്ലാം ആവശ്യമായി വരാം. എങ്കിൽ മാത്രമേ വ്യക്തിയുടെ അവസ്ഥ കൃത്യമായി തിരിച്ചറിയാനും പുരോഗതി വിലയിരുത്താനും സാധിക്കുകയുള്ളൂ.

ആരോഗ്യത്തിന് പ്രഥമ സ്ഥാനം നൽകുകയും മറ്റ് അസുഖങ്ങൾ വരാതിരിക്കാൻ വ്യായാമം, ഭക്ഷണക്രമീകരണം, സുഖനിദ്ര, മാനസികാരോഗ്യം മുതലായവ സ്വീകരിക്കുകയും ചെയ്താൽ എല്ലാവിധ ജീവിതശൈലീ രോഗങ്ങളിൽ നിന്നും അകന്ന് നിൽക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും നമുക്ക് സാധിക്കും.

(കോഴിക്കോട് ആസ്റ്റർ മിംസിലെ ചീഫ് ഫിസിയോതെറാപ്പിസ്റ്റും ഫിസിയോതെറാപ്പി വിഭാഗം തലവനുമാണ് ലേഖകൻ)

Content Highlights:World Diabetes Day 2020, Lifestyle diseases and Diabetes, Health