2045 ആകുമ്പോഴേക്കും ലോകത്ത് 70 കോടിയിലധികം പ്രമേഹബാധിതർ ഉണ്ടാകുമെന്നാണ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ (ഐ.ഡി.എഫ്.) നൽകുന്ന കണക്ക്. 10 വർഷംകൂടി കടക്കുമ്പോഴേക്കും 47.2 കോടിയിലധികം പ്രമേഹരോഗികളുണ്ടായേക്കാം. അതിൽ 60 ശതമാനവും ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന ഏഷ്യൻ ഭൂഖണ്ഡത്തിലായിരിക്കും.
ടൈപ്പ് 2 പ്രമേഹം
പ്രമേഹവിഭാഗത്തിൽ ഏറ്റവും കൂടുതൽ ടൈപ്പ് 2 പ്രമേഹമാണ്. ഇൻസുലിൻ ആവശ്യമായ അളവിൽ ഉത്‌പാദിപ്പിക്കാതിരിക്കുകയോ ഇൻസുലിന് വേണ്ടത്ര പ്രവർത്തനശേഷി ഇല്ലാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ്2 പ്രമേഹം. തെറ്റായ ജീവിതശൈലികൾ, പാരമ്പര്യം, പ്രായം, അമിതവണ്ണം തുടങ്ങിയ ഘടകങ്ങളാണ് ടൈപ്പ്2 പ്രമേഹത്തിന് പ്രധാന കാരണം. ജീവിതശൈലീരോഗമായാണ് ഇതിനെ കണക്കാക്കുന്നത്.
കുട്ടികളിലെ പ്രമേഹം
പാൻക്രിയാസിലെ ഇൻസുലിൻ ഉത്‌പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങൾ പൂർണമായി നശിച്ചുപോകുകയും തന്മൂലം ഇൻസുലിന്റെ ഉത്‌പാദനം തീർത്തും ഇല്ലാതാകുകയും ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ചെറിയപ്രായത്തിലുള്ളവരിലാണ് ടൈപ്പ് 1 പ്രമേഹം പൊതുവേ കാണുന്നത്. അതുകൊണ്ട് ജുവനൈൽ ഡയബറ്റിസ് എന്നും വിളിക്കാറുണ്ട്. കൗമാരപ്രായംവരെയുള്ളവരെ കണക്കാക്കുമ്പോൾ ലോകത്ത് 1.1 ദശലക്ഷം പേർക്ക് ടൈപ്പ് 1 പ്രമേഹമുണ്ടെന്നാണ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്ക്.
അതിരിൽ 67.7 ശതമാനം പേർ
45നും 69നുമിടയിൽ പ്രായമുള്ളവരിൽ 67.7 ശതമാനം ആളുകളിൽ പ്രമേഹമോ പ്രമേഹപൂർവാവസ്ഥയോ ഉണ്ടെന്നു കണക്കാക്കുന്നു. പ്രമേഹ പൂർവാവസ്ഥയിൽ നിന്ന് പ്രമേഹത്തിലേക്ക് കടക്കുന്നത് താരതമ്യേന വേഗത്തിലാണ് എന്നതും കേരളത്തെ സംബന്ധിച്ച് പ്രധാന വെല്ലുവിളിയായി മാറുന്നു. കേരളം പ്രമേഹ തലസ്ഥാനമായി മാറുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നതും ഇതുകൊണ്ടാണ്.
പ്രതിരോധിക്കാം, ഫലപ്രദമായി
ടൈപ്പ് 2 പ്രമേഹബാധിതരിൽ 80 ശതമാനം പേരിലും ഫലപ്രദമായ ഇടപെടലിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാനാകുമെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹ കാരണങ്ങളിൽ നമുക്ക് തടയാൻ കഴിയുന്നതും കഴിയാത്തതുമായ ഘടകങ്ങളുണ്ട്. ഇതിൽ ജീവിതരീയിലെയും ഭക്ഷണരീതിയിലെയും തെറ്റുകൾ നമുക്ക് പരിഹരിക്കാവുന്നതാണ്. അതുപോലെ ഉയർന്ന ബി.പി., കൊളസ്ട്രോൾ വ്യതിയാനം എന്നിവയും നിയന്ത്രിക്കാം.
കേരളത്തിൽ അഞ്ചിൽ ഒരാൾക്ക് പ്രമേഹം
കേരളത്തിൽ മുതിർന്നവരിൽ അഞ്ചിൽ ഒരാൾക്ക് പ്രമേഹമുണ്ടെന്നാണ് കണക്ക്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള അച്ച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസസ് ഇതുസംബന്ധിച്ച് നേരത്തെ പഠനം നടത്തിയിരുന്നു. കേരളത്തിൽ ഇതിനു മുൻപ്നടത്തിയ ചില പഠനങ്ങളിൽ സ്ത്രീകളിൽ 19 ശതമാനവും പുരുഷൻമാരിൽ 27 ശതമാനവും പ്രമേഹരോഗം കാണപ്പെടുന്നു എന്ന് കണ്ടെത്തിയിരുന്നു.
Content Highlights:World Diabetes Day 2020, Kerala is becoming the diabetes capital, Health, Diabetes Care