ടൈപ്പ് 1, ടൈപ്പ് 2, ഗർഭകാല പ്രമേഹം എന്നിങ്ങനെ പ്രധാനമായും മൂന്ന് തരത്തിലാണ് പ്രമേഹമുള്ളത്.
ടൈപ്പ് 1 പ്രമേഹം
ശരീരത്തിൽ ഇൻസുലിൻ ഉത്‌പാദനം തീരെ ഇല്ലാത്ത അവസ്ഥയാണ് ടൈപ്പ് വൺ പ്രമേഹം. ഈ അവസ്ഥയിൽ പാൻക്രിയാസ് ഇൻസുലിൻ നിർമ്മിക്കുന്നില്ല. ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ഇൻസുലിൻ ഉത്‌പാദിപ്പിക്കുന്ന ബീറ്റാകോശങ്ങളെ നശിപ്പിക്കുന്നു. ജനിതകമായ കാരണങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകാം.
ടൈപ്പ് 1 പ്രധാനമായും കുട്ടികളിലും ചെറുപ്പക്കാരിലുമാണ് കണ്ടുവരുന്നത്. ജുവൈനൽ ഡയബറ്റിസ്,ചൈൽഡ്ഹുഡ് ഓൺസെറ്റ്, ഇൻസുലിൻ ഡിപ്പൻഡന്റ് എന്നിങ്ങനെ അറിയപ്പെടുന്നു. അമിതമായി മൂത്രമൊഴിക്കൽ(പോളിയൂറിയ), കടുത്ത ദാഹം (പോളിഡിസ്പിയ), വിശപ്പ്, ഭാരക്കുറവ്, കാഴ്ചയിലെ പ്രശ്നങ്ങൾ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ.
ടൈപ്പ് 1 പ്രമേഹമുള്ളവർ ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവയ്പ്പ് എടുക്കേണ്ടി വരും.
ടൈപ്പ് 2 പ്രമേഹം
ഇൻസുലിന്റെ അളവ് കുറയുന്നതും ഒപ്പം അതിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നതുമാണ് ടൈപ്പ് 2 പ്രമേഹം. ഗ്ലൂക്കോസ് പേശികളിലെത്താതെ രക്തത്തിൽ വർധിക്കുകയാണ് ഇവിടെ കാണുന്നത്. ടൈപ്പ് 2 പ്രമേഹം മുതിർന്നവരിലാണ് കാണാറ്. ഇപ്പോൾ ചെറുപ്പക്കാരിലും ടൈപ്പ് 2 പ്രമേഹം കണ്ടു തുടങ്ങിയിട്ടുണ്ട്. ജനിതക കാരണങ്ങൾ, അമിതവണ്ണം, ശാരീരിക വ്യായാമങ്ങൾ ഇല്ലാത്ത അവസ്ഥ എന്നിവയാണ് ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണങ്ങൾ. മുൻപ് നോൺ ഇൻസുലിൻ ഡിപ്പൻഡന്റ്, അഡൾട്ട് ഓൺസെറ്റ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.
ക്ഷീണം, ഭാരം കുറയൽ, കടുത്ത ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, വിശപ്പ്, മുറിവ് ഉണങ്ങാൻ വൈകൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ഗർഭകാല പ്രമേഹം
ഗർഭിണികളിൽ ആദ്യത്തെ മൂന്നുമാസത്തിന് ശേഷംകണ്ടുവരുന്ന പ്രമേഹമാണ് ഗർഭകാല പ്രമേഹം. ഇൻസുലിനോട് ശരീരകോശങ്ങൾ കുറഞ്ഞ തോതിൽ മാത്രം പ്രതികരിക്കുന്ന അവസ്ഥയാണിത്. ഗർഭകാലത്തെ ഹോർമോൺ വ്യതിയാനവും അമിതവണ്ണവും ഗർഭകാലത്തെ അമിതമായ ഭാരവർധനവ് എന്നിവയൊക്കെയാണ് കാരണങ്ങൾ.
ഗർഭകാല പ്രമേഹം പ്രസവ സമയത്ത് പല സങ്കീർണതകൾക്കും കാരണമാകാറുണ്ട്. ഭക്ഷണക്രമീകരണം, ഇൻസുലിൻ കുത്തിവയ്പ്പ് എന്നിവ വേണ്ടിവരും. ഇൻസുലിൻ പ്രതിരോധം(ഇൻസുലിൻ റെസിസ്റ്റൻസ്) ആണ് ഇതിന് കാരണം. ഗർഭകാല പ്രമേഹം പ്രസവത്തോടെ ഭേദമാവാറുണ്ട്.
Content Highlights:World Diabetes Day 2020, Different types of Diabetes, Health, Diabetes Care