വംബർ 14 ലോക പ്രമേഹദിനം. പ്രമേഹത്തെക്കുറിച്ച് ആളുകളിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായിട്ടാണ് നവംബർ 14 ന് ദിനാചരണം നടത്തുന്നത്. പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ചികിത്സയായ ഇൻസുലിൻ ഇഞ്ചക്ഷന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ സർ ഫ്രെഡറിക് ബാന്റിങ്ങിന്റെ ജൻമദിനമാണ് പ്രമേഹദിനമായി ആചരിക്കുന്നത്. പ്രമേഹവും നഴ്സും എന്നതാണ് ഈ വർഷത്തെ പ്രമേഹദിനത്തിന്റെ പ്രമേയം.

നമുക്കെല്ലാവർക്കും സുപരിചിതമായ രോഗമാണ് പ്രമേഹം. ലോകത്ത് പത്തിൽ ഒരാൾക്ക് പ്രമേഹം ഉണ്ട് എന്നാണ് കണക്ക്. എന്നാൽ ഇതിൽ നഴ്സിങ്ങിന്റെ പങ്കിനെക്കുറിച്ച് എത്ര പേർക്ക് അറിയാം?

നഴ്സിങ്ങ് എന്നു കേട്ടാൽ ഓർമ്മ വരുന്നത് ആശുപത്രിയിലെ നഴ്സ് അല്ലേ. എന്നാൽ അതു മാത്രമല്ല രോഗി, രോഗിയുടെ കൂട്ടിരിപ്പുകാർ, വീട്ടിലെ ആളുകൾ എല്ലാവരും ഭാഗമാകുന്ന ഒരു വലിയ ശ്യംഖല തന്നെ ഇതിന്റെ പിന്നിലുണ്ട്.

ഒരു പ്രമേഹ രോഗിക്ക് പരിചരണം ആവശ്യമായി വരുന്നത് ആശുപത്രിയിൽ മാത്രമല്ല. മറിച്ച് ആ രോഗം കണ്ടുപിടിക്കുന്നതിന് മുൻപ് തന്നെ തുടങ്ങുന്നു. കൃത്യമായ പരിപാലനത്തിനും, ആ രോഗം മൂലം ഉണ്ടാകാവുന്ന പാർശ്വഫലങ്ങൾക്കും ആ രോഗാവസ്ഥയിലും നഴ്സിങ് കെയർ ആവശ്യമായി വരും.

ഒരു പ്രമേഹ രോഗിയുടെ ജീവിതത്തിൽ നഴ്സിങ്ങ് കെയർ ആവശ്യമായ മേഖലകൾ ഒന്നു നോക്കാം.
1. രോഗനിർണയ ക്യാംപുകൾ
2. രക്തപരിശോധന
3. ഇഞ്ചക്ഷൻ നൽകാൻ
4. ഡയറ്റ് നോക്കി ഭക്ഷണം നൽകാൻ
5. ഹൃദയമിടിപ്പ് നിരക്ക്, രക്തസമ്മർദം എന്നിവയുടെ പരിശോധന
6. ഓരോ മാസവുമുള്ള പ്രമേഹ പരിശോധന.

പ്രമേഹം മൂലം ഉണ്ടാകുന്ന മറ്റു രോഗങ്ങളിൽ നഴ്സിങ്ങ് കെയർ ആവശ്യമുളളവ .
1. ഡയാലിസിസ് സമയത്ത്
2. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടുന്ന സമയത്ത്
3. രക്തസഞ്ചാരം കുറയുന്നത് മൂലം ഉണ്ടാകുന്ന മുറിവുകളുടെ ഡ്രസ്സിങ്ങ്.
4. വീടുകളിലെ പരിചരണം

മുകളിൽ പറഞ്ഞ കാര്യങ്ങൾ നോക്കിയാൽ മനസ്സിലാവും ആശുപത്രികളിൽ മാത്രമല്ല നഴ്സിങ്ങ് കെയർ വേണ്ടത് എന്ന്.
അതിനാൽ തന്നെ ഒരു പ്രമേഹ രോഗിക്ക് ആശുപത്രിയിലെ നഴ്സുമാർ അല്ലാതെ കൂടെയുള്ളവരും രോഗി സ്വയവും ഒരു നഴ്സ് ആയി മാറുന്നു. മറ്റു രോഗങ്ങളിൽ നിന്നും ഡയബറ്റിസിനെ മാറ്റി നിർത്തുന്ന ഘടകവും ഇതു തന്നെ. പലപ്പോഴും രോഗി തന്നെയാണ് ആദ്യ ഡോക്ടർ.
അമിതമായ വിശപ്പ്, ദാഹം എന്നിവ തോന്നി രക്തം ടെസ്റ്റ് ചെയ്തു റിപ്പോർട്ടുമായി വരുന്ന എത്രയോ ആളുകളെ ഞാൻ കണ്ടിരിക്കുന്നു. അതുകൊണ്ടാണ് പ്രമേഹരോഗിയുടെ ആദ്യ ഡോക്ടർ ആ രോഗി തന്നെയാണ് എന്നു ഞാൻ പറഞ്ഞത്. അവർ പിന്നീട് ഡോക്ടർ നിർദേശിക്കുന്ന ഇൻസുലിൻ ഇഞ്ചക്ഷൻ സ്വയം എടുക്കുന്നു. അവിടെ അവർ സ്വയം നഴ്സും ആവുന്നു.

രോഗിയും ഡോക്ടറും നഴ്സും ഒരേ ആൾ ആകുന്നിടത്താണ് ഈ രോഗത്തിന്റെ യഥാർഥ പരിപാലനം തുടങ്ങുന്നത്.
ഡോക്ടറുടെ പോലെ തന്നെ രോഗിയും നഴ്സും ഡയറ്റീഷനും കൂട്ടിരിപ്പുകാരും എല്ലാവരും ഒരേ പോലെ നഴ്സിങ്ങ് കെയർ നടത്തിയാൽ ഈ രോഗം നിയന്ത്രണ വിധേയമാകും എന്നത് ഉറപ്പാണ്.

ഈ ലോകത്ത് 59 ശതമാനം ആരോഗ്യപ്രവർത്തകർ നഴ്സുമാരാണ്. എന്നാലും ലോകാരോഗ്യസംഘടന പറയുന്നത് 2030 വരെ വർഷത്തിൽ എട്ടുശതമാനം വീതം ഈ എണ്ണം കൂടണം എന്നാണ്. എങ്കിൽ മാത്രമേ എല്ലാ പ്രമേഹ രോഗികൾക്കും നഴ്സിങ്ങ് കെയർ കൃത്യമായി ലഭിക്കുകയുള്ളൂ.

അതിന് താല്കാലിക പരിഹാരം മേൽ പറഞ്ഞതാണ്. എല്ലാവരും അവരാൽ കഴിയുന്ന നഴ്സിങ്ങ് കെയർ കൃത്യമായി ചെയ്യുക.
നമുക്ക് ഓരോരുത്തരും നമ്മുടെ കുടുംബത്തിലെ പ്രമേഹരോഗിയുടെ നഴ്സിങ് കെയർ ഏറ്റെടുക്കാം. അങ്ങനെ പ്രമേഹത്തെയും അതിന്റെ പാർശ്വഫലങ്ങളെയും കീഴ്പെടുത്താം.

Content Highlights:World Diabetes Day 2020, Diabetes control and nurse, Health