പ്രമേഹം പല്ലുകളെയും വായുടെ ആരോഗ്യത്തെയും ബാധിക്കും. അതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

 • പ്രമേഹം നിയന്ത്രണാതീതമായി ഉയരുമ്പോൾ ഉമിനീരിലും ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു.
 • അതേസമയം ഉമിനീരിന്റെ ഉത്‌പാദനം കുറയുകയും ചെയ്യുന്നു.
 • ഉമിനീർ കുറയുന്നത് ഡ്രൈ മൗത്ത് (വായ വരൾച്ച) എന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുന്നു. ഇത് വായിൽ ദുർഗന്ധമുണ്ടാകാൻ കാരണമാകും.
 • ഉമിനീർ കുറയുന്നത് പല്ലിലും മോണയിലും ഭക്ഷണ ശകലങ്ങൾ അടിയുന്നതിനും ബാക്റ്റീരിയ നിറഞ്ഞ ആവരണമായ പ്ലാക്ക് ഉണ്ടാകാനും കാരണമാകുന്നു.
 • പ്ലാക്ക് കൃത്യമായി നീക്കം ചെയ്തില്ലെങ്കിൽ അത് കാൽക്കുലസ് എന്ന ആവരണമായി മാറുന്നു. ഇതൊരു കട്ടിയുള്ള ആവരണമാണ്. ഇത് മോണയും പല്ലും തമ്മിലുള്ള ബന്ധം കുറയ്ക്കുന്നു. പല്ലിനെ പിടിച്ചുനിർത്തുന്ന മോണയെയും അതിനടിയിലുള്ള എല്ലിനെയും പഴുപ്പ് ബാധിച്ച് പല്ലുകളുടെ വേരുകൾ പുറത്തുവരുന്നു. അത് വഴി പല്ലുകൾക്ക് പുളിപ്പ്, നിറവ്യത്യാസം, ചോര പൊടിയുന്ന അവസ്ഥ, പല്ലുകൾക്ക് ഇളക്കം എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നു.
 • കാൽക്കുലസിൽ അടിഞ്ഞുകൂടുന്ന ബാക്റ്റീരിയകൾ മോണപഴുപ്പിന് ഇടയാക്കുന്നു.
 • പല്ലിൽ ഭക്ഷണാവശിഷ്ടങ്ങളിരിക്കുന്നത് വായിൽ ദുർഗന്ധത്തിനും പല്ലിൽ പോടുകൾ ഉണ്ടാകുവാനും കാരണമാകുന്നു.

പല്ലുകളുടെ ആരോഗ്യത്തിന്

 • പ്രമേഹം നിയന്ത്രണത്തിലാക്കണം.
 • ഭക്ഷണാവശിഷ്ടങ്ങൾ വായിൽ അടിയാതെ നോക്കണം. ഭക്ഷണശേഷംപല്ലുകൾ നന്നായി വൃത്തിയാക്കണം. ഇതുവഴി ഭക്ഷണാവശിഷ്ടങ്ങൾ പൂർണമായും നീങ്ങുകയും ദുർഗന്ധം ഉണ്ടാകുന്നത് തടയുകയും ചെയ്യും.
 • മോണയിൽ പഴുപ്പ് കുറയ്ക്കാൻ കല്ലുപ്പ് ചേർത്തുണ്ടാക്കുന്ന ചെറുചൂടുള്ള ഉപ്പുവെള്ളം, മൗത്ത് റിൻസ് എന്നിവ ഡെന്റിസ്റിന്റെ നിർദേശപ്രകാരം ഉപയോഗിക്കാം.
 • വായ വരളാതിരിക്കാൻ ഇടക്കിടെ വെള്ളം കുടിക്കുകയോ വായ കഴുകുകയോ ചെയ്യണം.
 • പല്ലുകൾ ക്ലീൻ ചെയ്യുക.
 • കേടുള്ള പല്ലുകളാണെങ്കിൽ അവയിലെ പോടുകൾ അടച്ച് സംരക്ഷിക്കുക.
 • അടയ്ക്കാൻ കഴിയാത്തവിധം കേടുള്ളവയാണെങ്കിൽ റൂട്ട് കനാൽ ചികിത്സ ചെയ്യാം.
 • സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് നല്ല ബ്രഷിങ് ശീലങ്ങൾ വളർത്തിയെടുക്കണം.

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ജിജിൻ ജെ. പനയ്ക്കൽ
ഡെന്റിസ്റ്റ്
ഡെന്റ്ജോയ്സ് ഡെന്റൽ ക്ലിനിക്ക്, കൂറ്റനാട്

Content Highlights:World Diabetes Day 2020, dental health for people with diabetes, Health