കോവിഡ് ബാധിതരിൽ രോഗാവസ്ഥയിലും കോവിഡാനന്തരവും പ്രമേഹം വർധിക്കുന്നതായി വിദഗ്ധർ. ലോക്ഡൗണിൽ ഭക്ഷണനിയന്ത്രണം പാലിക്കാത്തതും വ്യായാമം മുടങ്ങുന്നതും കൊണ്ട് മാത്രമാണിതെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇതിനു പുറമേയും കാരണങ്ങളുണ്ട്.

ശരീരത്തിന്റെ സ്വാഭാവിക സന്തുലിത രാസപ്രക്രിയകളും സ്വാസ്ഥ്യവും കോവിഡ് ബാധിക്കുമ്പോൾ തകരാറിലാവുന്നു. ചിലരിൽ സമ്മർദമേറുന്നു. കോവിഡ് ചികിത്സയിൽ ചിലർക്ക് ഡോക്ടർമാർ കൂടിയ അളവിൽ സ്റ്റിറോയ്‌ഡുകൾ നല്കാറുമുണ്ട്. ഇതിന്റെയെല്ലാം അനന്തര ഫലമായി രോഗമുക്തിക്കുശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നു നിൽക്കുന്നു. ശരീരത്തിന്റെ പ്രതിരോധസംവിധാനം മൊത്തത്തിൽ തകരാറിലാവുന്നതും വിവിധ മാനസിക ശാരീരിക സമ്മർദങ്ങൾ ഒരുമിച്ചു ചേരുന്നതും ഇൻസുലിൻ ഉല്പാദനത്തെയും പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു.

വൈറസ് ബാധിക്കുമ്പോൾ ശരീരത്തിൽ സ്വാഭാവികമായും കോർട്ടിസോൺ പോലുള്ള ഹോർമോണുകളും ഇന്റർലെവ്ക്കിൻ, ടി.എൻ.എഫ്. തുടങ്ങിയ രാസപദാർഥങ്ങളും വർധിക്കുന്നു. ശരീരത്തിന്റെ 'പ്രതിരോധ സേന'യെ സുശക്തമാക്കാനുള്ള ഈ നീക്കം മൊത്തം ആന്തരിക സ്ഥിതിയിൽ വ്യത്യാസം വരുത്തുന്നു. ചിലരിൽ കോവിഡ് ശ്വാസതടസ്സം, അണുബാധ, ന്യുമോണിയ എന്നിവയുണ്ടാക്കാറുണ്ട്. പ്രമേഹ രോഗികൾ എല്ലാ വൈറസ് പകർച്ചവ്യാധികളുടെയും കാര്യത്തിൽ ഹൈ റിസ്ക്ക് കാറ്റഗറിയിലാണ്. അതിനാൽ അമേരിക്കയിലും മറ്റും പ്രമേഹരോഗികൾക്ക് ഫൽവാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്.

വൈറസ് ബാധയ്ക്കുശേഷം ചിലരിൽ ടൈപ്പ് വൺ പ്രമേഹം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പാൻക്രിയാസിലെ ഇൻസുലിൻ ഉത്‌പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങൾ നശിച്ചുപോവുക മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. വൈറസിനെതിരായ ആന്റിബോഡികൾ പലതും പാൻക്രിയാസ് കോശങ്ങളെ നശിപ്പിക്കുന്നവയാണ്. അനിയന്ത്രിതമായി പ്രമേഹമുള്ളവർ കോവിഡിനു ശേഷവും ചികിത്സ തുടരേണ്ടതുണ്ട്. കോവിഡ് പോസിറ്റീവ് അവസ്ഥയിൽ പ്രമേഹരോഗികളിൽ വൈറസ് പെരുകുന്നതിന്റെ വേഗം കൂടുതലാണെന്നും പഠനങ്ങളുണ്ട്.

വൃക്കരോഗങ്ങളുള്ളവരും, കോവിഡ് മുക്തരായ ശേഷവും ശ്വസനസംബന്ധമായ തകരാറുള്ളവരും പ്രമേഹരോഗികളെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം. ചികിത്സയിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിതാവസ്ഥയിലെത്തിക്കുകയും ഭക്ഷണം, ജീവിതശൈലി, വ്യായാമം എന്നിവ ക്രമീകരിക്കുകയുമാണ് ഇപ്പോൾ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. കോവിഡാനന്തര പ്രമേഹമെന്നത് പുതിയ പ്രശ്നമായതിനാൽ അതെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നതേയുള്ളൂ.

ഇന്ത്യയിൽ പ്രമേഹബാധിതരിൽ 50-52 ശതമാനം പേരിൽ മാത്രമേ രോഗം നിർണയിക്കപ്പെടുകയും ചികിത്സിക്കപ്പെടുകയും ചെയ്യുന്നുള്ളൂ. കോവിഡ് ചികിത്സയിൽ പരിശോധനകളുടെ ഭാഗമായി ചിലരിൽ രോഗാവസ്ഥ ആദ്യമായി തിരിച്ചറിയുന്നുമുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. പി. ജയപ്രകാശ്
സീനിയർ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റ് മെഡിക്കൽട്രസ്റ്റ് ആശുപത്രി, കൊച്ചി

ഡോ. കെ. മധു
സീനിയർ കൺസൾട്ടന്റ്
പൾമനോളജി വിഭാഗം
മെയ്ത്ര ആശുപത്രി, കോഴിക്കോട്

Content Highlights:World Diabetes Day 2020, Covid19 increases Diabetes, Health, Diabetes Care