പ്രമേഹരോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനൊപ്പം ചികിത്സാരംഗത്തെ സാങ്കേതികവിദ്യയും വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. നിർമിതബുദ്ധി, ബിഗ് ഡേറ്റാ അനാലിസിസ്, സ്മാർട്ട് പെൻ, റോബോട്ടിക്സ് എന്നിവയെല്ലാം പ്രമേഹചികിത്സാരംഗത്ത് വളരെ സജീവമായിക്കഴിഞ്ഞു.

ഗ്ലൂക്കോമീറ്റർ

ലബോറട്ടറിയിൽ പോവാതെ ഏതു പാതിരാത്രിയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാനാവുന്ന ഗ്ലൂക്കോമീറ്റർ പ്രമേഹരോഗികളിൽ ഭൂരിഭാഗവും ഇന്ന് ഉപയോഗിക്കുന്നുണ്ട്. പഴയകാല ഗ്ലൂക്കോമീറ്ററുകളെക്കാൾ എളുപ്പത്തിൽ പ്രായമായവർക്കുപോലും കൈകാര്യംചെയ്യാം. ഒരു തുള്ളി രക്തംമതി പരിശോധനയ്ക്ക്. വെറുംവയറ്റിലും ഭക്ഷണശേഷവും പരിശോധിക്കാനുള്ള സംവിധാനമുണ്ട്. ആയിരത്തിലേറെ പരിശോധനഫലങ്ങൾ സൂക്ഷിച്ചുവെക്കുകയുംചെയ്യാം. പല കമ്പനികളുടെ ഗ്ലൂക്കോമീറ്ററുകൾ ഇന്ന് വിപണിയിലുണ്ട്. കോവിഡ് കാലത്ത് ഗ്ലൂക്കോമീറ്റർ അടക്കമുള്ള മെഡിക്കൽ ഗാഡ്ജറ്റുകളുടെ വില്പന 30 ശതമാനത്തിലേറെ വർധിച്ചെന്നാണ് കണക്ക്.

ആപ്പുകൾ

പ്രമേഹരോഗികളെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യാനും ഓർമിപ്പിക്കുന്ന ഒട്ടേറെ ആൻഡ്രോയ്‌ഡ് ആപ്പുകൾ ഇന്നുണ്ട്. അതതുദിവസം ശരീരം ഉപയോഗിച്ച കലോറിയുടെ അളവ്, എത്രദൂരം നടന്നു, എത്രസമയം വ്യായാമംചെയ്യണം തുടങ്ങിയ കാര്യങ്ങൾ ഇവയിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ബ്ലഡ് ഗ്ലൂക്കോസ് ട്രാക്കർ, മൈ ഷുഗർ എന്നിവ ഉദാഹരണം.

സ്മാർട്ട് ഫോൺ ഗ്ലൂക്കോ മീറ്ററുകൾ

സ്മാർട്ട് ഫോണുകളിൽ ഘടിപ്പിക്കാവുന്ന ഗ്ലൂക്കോമീറ്ററാണിത്. ഐഫോണിലും ഐപോഡിലും ഘടിപ്പിക്കാവുന്ന ഗ്ലൂക്കോമീറ്റർ ഐബി.ജി.സ്റ്റാർ എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്.

ആപ്പിൾ വാച്ച്

രക്തത്തിൽ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ സഹായിക്കുന്ന സജ്ജീകരണങ്ങളൊരുക്കിയ വാച്ച് വിപണിയിലിറക്കുമെന്ന് ആപ്പിൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

സി.ജി.എം.എസ്.

പ്രമേഹരോഗികളുടെ ശരീരത്തിൽ ഘടിപ്പിക്കുന്ന നേർത്ത സെൻസർവഴി 24 മണിക്കൂറും പഞ്ചസാരയുടെ അളവിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്താവുന്ന സാങ്കേതികവിദ്യയാണ് കണ്ടിന്യുസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം അഥവാ സി.ജി.എം.എസ്. വയറിലോ തോളിനുതൊട്ടുതാഴെയോ കൈയിലോ ആണ് സെൻസർ നീഡിൽ ഘടിപ്പിക്കുക.

തയ്യാറാക്കിയത്:
ഷിനില മാത്തോട്ടത്തിൽ

Content Highlights:World Diabetes Day 2020, Artificial intelligence for Diabetes Care, Health