പ്രമേഹമുണ്ടോയെന്ന് അറിയാൻ സാധാരണയായി ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഭക്ഷണശേഷവുമാണ് രക്തത്തിലെ ഗ്ലൂക്കോസ് അളവ് പരിശോധിക്കുന്നത്. ഇതുവഴി ആ ദിവസത്തെ മാത്രം ഗ്ലൂക്കോസ് നിലയാണ് അറിയാനാവുന്നത്.

എന്നാൽ, കഴിഞ്ഞ മൂന്ന് മാസത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വിലയിരുത്തുന്നതാണ് എച്ച്.ബി.എ.വൺ.സി. (HbA1c) പരിശോധന. രക്തത്തിലെ ചുവന്ന രക്താണുവായ ഹീമോഗ്ലോബിൻ എന്ന പ്രോട്ടീനിൽ ഒട്ടിപ്പിടിച്ച ഷുഗറിന്റെ അളവാണ് ഇതിൽ കണക്കാക്കുന്നത്. രക്തത്തിൽ ഷുഗർ കൂടുംതോറും ഈ ശതമാനവും കൂടുന്നു. ഭക്ഷണം, വ്യായാമം, ചികിത്സ എന്നിവയനുസരിച്ച് രക്തത്തിലെ ഗ്ലൂക്കോസ് നില നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഈ ഏറ്റക്കുറച്ചിലുകളുടെ ഒരു ശരാശരിയാണ് ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ അഥവാ എച്ച്.ബി.എ.വൺ.സി. നൽകുന്നത്. ഗ്ലൂക്കോസിന്റെ അളവിനെക്കുറിച്ചുള്ള കൃത്യമായ ധാരണ ലഭിക്കാൻ ഇത് സഹായിക്കും.

നാലിനും 5.6 ശതമാനത്തിനും ഇടയിലാണെങ്കിൽ നോർമലാണ്. 5.7 ശതമാനത്തിനും 6.4 ശതമാനത്തിനും ഇടയിലാണെങ്കിൽ പ്രമേഹം ബാധിക്കാനുള്ള സാധ്യത കൂടുതലാണ് (പ്രമേഹ പൂർവാവസ്ഥ). 6.5 ഉം അതിനു മുകളിലുമാണെങ്കിൽ പ്രമേഹമുണ്ട്. പ്രമേഹം നിയന്ത്രണത്തിലാണോ എന്നറിയാൻ വർഷത്തിൽ രണ്ടോ മൂന്നോ തവണ എങ്കിലും എച്ച്.ബി.എ.വൺ.സി. പരിശോധിക്കുന്നത് നല്ലതാണ്.

Content Highlights: World Diabetes Day 2020, what is HbA1C blood test for Diabetes, Health, Diabetic Care