പ്രമേഹചികിത്സയില്‍ രോഗി ഒറ്റപ്പെട്ടുപോകരുതെന്ന് അന്താരാഷ്ട്ര ഡയബറ്റിസ് ഫെഡറേഷന് ഓര്‍മിപ്പിക്കുന്നു. നവംബര്‍ 14-ാം തീയതി 'ലോക പ്രമേഹ ദിനം' ആയി സമാചരിക്കുകയാണ്. 'കുടുംബത്തോടൊപ്പം പ്രമേഹചികിത്സയെ നേരിടണം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം. അതായത്, കുടുംബാംഗങ്ങളെല്ലാവരും പ്രമേഹരോഗിയുടെ പരിചരണത്തില്‍ സജീവമായി പങ്കുചേരണം.
പ്രമേഹരോഗിക്ക് കര്‍ശനമായ ഭക്ഷണനിയന്ത്രണവും മറ്റു കുടുംബാംഗങ്ങള്‍ക്ക് സുഭിക്ഷമായ ആഹാര വിഭവങ്ങളും. അതു പറ്റില്ലെന്നാണ് ഡയബെറ്റിസ് ഫെഡറേഷന് താക്കീത് നല്‍കുന്നത്.
പ്രമേഹ നിയന്ത്രണത്തില്‍ ഔഷധങ്ങളേക്കാളുപരി ജീവിത-ഭക്ഷണ ക്രമീകരണത്തിന് പ്രഥമസ്ഥാനം നല്‍കേണ്ടതുകൊണ്ട്, രോഗിയുടെ ജീവിതചര്യകളും ഭക്ഷണശൈലിയും ക്രിയാത്മകമാക്കുന്നതിന് കുടുംബത്തിലെ എല്ലാ അംഗങ്ങളും ആത്മാര്‍ഥമായി പരിശ്രമിക്കണം. അതുവഴി, പ്രമേഹസാധ്യത മറ്റു കുടുംബാംഗങ്ങളിലും ഇല്ലാതാക്കാന്‍ സാധിക്കും.
അന്താരാഷ്ട്ര ഡയബെറ്റിസ് ഫെഡറേഷന്റെ കണക്കുപ്രകാരണം, ഭൂമുഖത്ത് എല്ലാ ഏഴ് സെക്കന്‍ഡിലും ഒരാള്‍ പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ മൂലം മരണമടയുകയാണ്. അതില്‍ 50 ശതമാനം മരണങ്ങളും അറുപത് വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നത്. അതായത്, ഏതാണ്ട് നാല് ദശലക്ഷം പേര്.
പ്രമേഹബാധ ലോകത്തുള്ള 8.8 ശതമാനം ആള്‍ക്കാരില്‍ കണ്ടുവരുന്നു. ഈ സംഖ്യ 2045 ആകുമ്പോള്‍ 9.9 ശതമാനമായി വര്‍ധിക്കും. ഇപ്പോഴുള്ള 425 ദശലക്ഷം പ്രമേഹരോഗികളുടെ സംഖ്യ 2045 ആകുമ്പോള്‍ 629 ദശലക്ഷമായി ഉയരും.
കഷ്ടകാലമതല്ല, ഇതില്‍ 79 ശതമാനം പേരും സാമ്പത്തികമായി താഴെക്കിടയിലുള്ള രാഷ്ട്രങ്ങളിലായിരിക്കും ജീവിക്കുക എന്നതാണ്. ഇക്കൂട്ടരുടെ പരിചരണവും ചികിത്സയും ദരിദ്രരാഷ്ട്രങ്ങളുടെ നടുവൊടിക്കും.
കേരളത്തില്‍ പ്രമേഹബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 8.9 ലക്ഷം പുതിയ പ്രമേഹരോഗികളെയാണ് കണ്ടെത്തിയത്. 2012 മുതല്‍ ഇതുവരെയായി ഒരു കോടി 33 ലക്ഷം ആളുകളെ സ്ക്രീനിങ് ടെസ്റ്റിന് വിധേയമാക്കുകയുണ്ടായി. അക്കൂട്ടത്തില്‍ നിന്നാണ് 8.9 ലക്ഷം പുതിയ രോഗബാധിതരെ കണ്ടെത്തിയത്. ഇക്കൂട്ടരെല്ലാം പ്രമേഹമാണെന്ന് അറിയാതെ, ചികിത്സ തേടാതെ ജീവിക്കുകയായിരുന്നു.
കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹം എന്ന മാറാരോഗമുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പും തിരുവനന്തപുരത്തെ അച്യുതമേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസും സംയുക്തമായി നടത്തിയ പഠനങ്ങളിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നത്.
കേരളത്തിലെ മുതിര്‍ന്നവരില്‍ 30 ശതമാനും പേര്‍ക്ക് പ്രമേഹമുണ്ട്. ഇത് ലോക ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ്. എന്നാല്‍, പ്രമേഹത്തെ പിടിയിലൊതുക്കുന്നതില്‍ മലയാളികള്‍ ദാരണമായി പരാജയപ്പെടുന്നതായി കാണുന്നു.
ഇവിടെയുള്ള രോഗബാധിതരില്‍ വെറും 16 ശതമാനം പേര് മാത്രമാണ് രക്തത്തിലെ പഞ്ചസാര പരിധികള്‍ക്കുള്ളില്‍ നിയന്ത്രിക്കുന്നത്. അതായത്, 84 ശതമാനം പേര് ഒരു നിയോഗംപോലെ മരുന്നുകളെടുത്ത്, പഞ്ചസാര നിയന്ത്രിക്കാതെ സംതൃപ്തരായി മുന്നോട്ടുപോകുന്നു എന്നര്‍ഥം. ഇക്കൂട്ടരില്‍ സ്ഥിരമായി വര്‍ധിച്ചുകാണുന്ന രക്തത്തിലെ പഞ്ചസാര അവരെ വൈകാതെ മരണത്തിലേക്കും കൈപിടിച്ച് കൊണ്ടുപോകുന്നു.
പ്രമേഹം പ്രഥമമായി ഒരു ജീവിതശൈലീ രോഗമാണെന്നും അതിന്റെ സമഗ്രമായ നിയന്ത്രണത്തിന് അപഥ്യമായ ഭക്ഷണശൈലിയില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ വരുത്തണമെന്നുമുള്ള യാഥാര്‍ത്ഥ്യം വിസ്മരിച്ചുപോകുന്നതാണ് മലയാളികളില്‍ പ്രമേഹചികിത്സ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം.
ശാസ്ത്രീയമായ ചികിത്സയെടുക്കാന്‍ മലയാളിക്ക് മടിയാണ്. സ്വയംചികിത്സയും ഒറ്റമൂലിയും വിവിധ 'ആള്‍ട്ടര്‍ണേറ്റീവ്' ചികിത്സാമുറകളുടെ പരീക്ഷണവും ആക്രാന്തം പിടിച്ച ഭക്ഷണക്കൊതിയും മലയാളികളുടെ പ്രമേഹപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതുകൂടാതെ, ഒടുങ്ങാത്ത സ്ട്രെസ്സും വ്യായാമമില്ലായ്മയും വികലമായ മദ്യാസക്തിയും മലയാളികളുടെ ആരോഗ്യനിലവാരത്തെ തകിടംമറിക്കുന്നു.
നിയന്ത്രിക്കപ്പെടാത്ത പ്രമേഹരോഗം കാലാന്തരങ്ങളില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളെയുംതന്നെ കാര്‍ന്നുതിന്നുന്നു എന്നതാണ് ഈ രോഗാതുരതയുടെ പ്രത്യേകത. ഈ സങ്കീര്‍ണതകളുണ്ടാക്കുന്ന കഷ്ടപ്പാടുകളിലൂടെ രോഗി സാവധാനം മൃത്യുവിനെ പ്രാപിക്കുന്നു. ദീര്‍ഘനാളുകളായി നിയന്ത്രിക്കപ്പെടാത്ത, രക്തത്തിലെ പഞ്ചസാര ശരീരത്തിലാകമാനമുള്ള രക്തക്കുഴലുകളുടെ ഘടനയെ വികലമാക്കുന്നു. വലുതും ചെറുതുമായ ധമനികളുടെ ഉള്‍വ്യാസം ചുരുങ്ങി, അതിലൂടെയുള്ള രക്തപ്രവാഹം ദുഷ്കരമാക്കുന്നു.
അമിത രക്തസമ്മര്‍ദം, അന്ധത, വൃക്കകളുടെ അപചയം, കാലുകളിലെ ഉണങ്ങാത്ത വ്രണങ്ങള്‍, ലൈംഗിക ശേഷിക്കുറവ്, മറവിരോഗം. അങ്ങനെ നിയന്ത്രണവിധേയമാകാത്ത പ്രമേഹരോഗം ശരീരത്തിലുണ്ടാക്കുന്ന വിപത്തുകള്‍ ഏറെയാണ്.
65 വയസ്സിന് താഴെയുള്ളവരില്‍ പുതുതായുണ്ടാക്കുന്ന അന്ധതയ്ക്കുള്ള മുഖ്യകാരണം പ്രമേഹബാധയാണ്. ഡയാലിസിസ് ചെയ്യുന്ന 50-60 ശതമാനം രോഗികള്‍ക്ക് മൂര്‍ച്ഛിച്ച പ്രമേഹരോഗമുണ്ട്. വൃക്കപരാജയത്തിനുള്ള മുഖ്യകാരണം ഈ രോഗാതുരതതന്നെ. എല്ലാ 30 സെക്കന്‍ഡിലും ലോകത്തിലെവിടെയെങ്കിലും പ്രമേഹബാധമൂലം കാല് മുറിച്ചുകളയപ്പെടുകയാണ്.
പ്രമേഹത്തിന്റെ സങ്കീര്‍ണത ഉണ്ടാക്കുന്ന ഏറ്റവും ഭീകരനായ വില്ലന്‍ 'ഹൃദ്രോഗം' തന്നെ. പ്രമേഹ രോഗികളില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത, ഇല്ലാത്തവരെ അപേക്ഷിച്ച് 4-5 ഇരട്ടിയാണ്. 70 ശതമാനം പ്രമേഹബാധിതരും മരണപ്പെടുന്നത് ഹൃദയാഘാതം കൊണ്ടുതന്നെ. പ്രമേഹബാധിതരിലെ ഹൃദ്രോഗം മൂര്‍ധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങള്‍ രോഗികള്‍ എപ്പോഴും തിരിച്ചറിയണമെന്നില്ല. നെഞ്ചുവേദന പലപ്പോഴും പൂര്‍ണമായി അനുഭവപ്പെടാത്ത ഹാര്‍ട്ടറ്റാക്ക് (സൈലന്റ് അറ്റാക്ക്) പ്രമേഹരോഗികള്‍ക്ക് സ്വന്തം. ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന നാഡീവ്യൂഹത്തിന് ഏല്ക്കുന്ന അപചയംതന്നെ കാരണം. തന്മൂലം നെഞ്ചുവേദന അറിയാനുള്ള സംവേദനക്ഷമത കുറയുന്നു.
പ്രമേഹബാധിതരിലെ ഹൃദ്രോഗചികിത്സ ഏറെ ദുഷ്കരമാണ്. ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ച് 'ആന്‍ജിയോപ്ളാസ്റ്റി' ചികിത്സ ഇക്കൂട്ടരില്‍ അത്ര എളുപ്പമല്ല. നനുത്ത് ചുരുങ്ങിയതും വികലവുമായ ഹൃദയധമനികളിലെ ബ്ലോക്ക് വികസിപ്പിച്ചെടുക്കുക ശ്രമകരമാണ്. പലപ്പോഴും ഹൃദയത്തിലെ എല്ലാ ധമനീ ശാഖകളിലും ബ്ലോക്കുകളുണ്ടാകും.
കൂടാതെ, നെഞ്ചുവേദന അനുഭവപ്പെടാത്തതുമൂലം ചികിത്സ വൈകി ആശുപത്രികളിലെത്തുന്നവരില്‍ സങ്കീര്‍ണതകള്‍ കൂടുതലായി കാണുന്നു. ഹൃദയപരാജയവും താളംതെറ്റുന്ന ഹൃദയമിടിപ്പുകളും പലപ്പോഴും ചികിത്സിച്ച് ഭേദപ്പെടുത്താന്‍ പ്രയാസമാണ്. കൂടുതല്‍ ഹൃദയധമനികളെ ബാധിക്കുന്ന ബ്ലോക്കുകളും സങ്കോചനക്ഷമതയുടെ മാന്ദ്യവും കാരണം പ്രമേഹരോഗിക്ക് ഏറ്റവും ഉചിതം 'ബൈപ്പാസ് ശസ്ത്രക്രിയ' തന്നെ.
ഹാര്‍ട്ടറ്റാക്കോ ആന്‍ജിയോപ്ളാസ്റ്റിയോ ബൈപ്പാസ് സര്‍ജറിയോ കഴിഞ്ഞശേഷം, പ്രമേഹരോഗിയുടെ ജീവിതം കര്‍ശനമായ നിബന്ധനകളോടെ മുന്നോട്ടു പോകണം. ഹൃദ്രോഗ ചികിത്സാ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഔഷധങ്ങള്‍ പിഴവുകള്‍ കൂടാതെ സേവിക്കണം. കൃത്യമായ കാലയളവില്‍ ഷുഗറും കൊളസ്ട്രോളും പരിശോധിച്ച് ക്രമീകരിക്കണം.
ഹൃദ്രോഗപരിശോധനകളായ 'എക്കോ കാര്‍ഡിയോഗ്രാഫി'യും 'ട്രെഡ്മില്' ടെസ്റ്റും കൃത്യ കാലയളവില്‍ ചെയ്യണം. പ്രമേഹസൂചനയായ 'എച്ച്.ബി.എ. ഒന്ന് സി 6.5' ശതമാനത്തില്‍ കുറയ്ക്കാന്‍ യത്നിക്കണം. അമിത വണ്ണം കുറയ്ക്കുകയും കൃത്യമായി വ്യായാമമുറകളില്‍ ഏര്‍പ്പെടുകയും വേണം. പ്രമേഹ നിയന്ത്രണത്തിന് കുറുക്കുവഴികളില്ല. പരസ്യങ്ങള്‍ക്ക് പിറകെപോയി വഞ്ചിതരാകരുത്. അല്പം മെനക്കെട്ടാല്‍ പ്രമേഹരോഗിയുടെ ജീവിതം ആസ്വാദ്യജനകമാക്കാം.
എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍
'പ്രമേഹം ഇനി പേടി വേണ്ട' എന്ന പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം
Content Highlights: Diabetes Symptoms Causes Treatment Prevention