പ്രമേഹം ഒരു വ്യക്തിയുടെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് അമിതമായി വര്‍ദ്ധിക്കുന്നതു മൂലമുണ്ടാകുന്ന രോഗമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആദ്യമായി പ്രമേഹം എന്ന രോഗത്തെക്കുറിച്ച് പറഞ്ഞത് ഭാരതീയ വൈദ്യന്‍മാരാണ്. രോഗികളുടെ മൂത്രം ഉറുമ്പുകളെ ആകര്‍ഷിച്ചിരുന്നതുകൊണ്ട് അവര്‍ ഈ രോഗത്തെ 'മധുമേഹാ അഥവാ തേന്‍മൂത്രം' എന്ന് വിശേഷിപ്പിച്ചു. പ്രമേഹത്തെ തരം തിരിച്ചത് പ്രസിദ്ധ ഭാരതീയ വൈദ്യന്‍മാരായ ചരകനും ശുശ്രുതനുമാണ്. പ്രമേഹത്തിന് ഫലപ്രദമായ ചികിത്സ 1921-ല്‍ ശാസ്ത്രജ്ഞന്‍മാരായ ചാള്‍സ് ബെസ്റ്റും ഫ്രഡറിക് ബാന്റിങ്ങും ഇന്‍സുലിന്‍ കണ്ടുപിടിച്ചതിലൂടെ ലോകത്തിന് നല്‍കി. ഫ്രഡറിക് ബാന്റിങ്ങിന്റെ ജന്മദിനമായ നവംബര്‍ 14-ആണ് ലോക പ്രമേഹദിനമായി ലോകമെമ്പാടും കൊണ്ടാടുന്നത്.

ആഗോളതലത്തില്‍ത്തന്നെ പ്രായപൂര്‍ത്തിയായവരിലെ പ്രമേഹം 8.8 ശതമാനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷം കൊണ്ട് പ്രമേഹത്തിന്റെ പ്രബലത ഏകദേശം നാലിരട്ടി വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയെ ലോകത്തിലെ പ്രമേഹ രാഷ്ട്രമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 7.2 കോടി ആളുകള്‍  ഇന്ത്യയില്‍ മാത്രം പ്രമേഹ രോഗബാധിതരായിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ളത് കേരളത്തിലും തുടര്‍ന്ന് തമിഴ്നാട്ടിലും പഞ്ചാബിലുമാണ്.

ശരീരത്തില്‍ ഗ്ലൂക്കോസിന്റെ പരിണാമത്തിന് ആവശ്യമായ ഒരു ഹോര്‍മോണാണ് ഇന്‍സുലിന്‍. ഇന്‍സുലിന്റെ ന്യൂനത കൊണ്ടോ, പ്രവര്‍ത്തനക്ഷമതയിലെ കുറവുകൊണ്ടാ പ്രമേഹം ഉണ്ടാകാം. പലതരത്തിലുള്ള പ്രമേഹമുണ്ട്. അതില്‍ മുഖ്യമായിട്ടുള്ളതാണ് Type - I Diabetes (Insulin Deficiency) & Type - 2  Diabetes (Defective Insulin action).

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ വരുമ്പോഴേക്കും രോഗാവസ്ഥ മൂര്‍ച്ഛിച്ചിട്ടുണ്ടാകും. അമിത ദാഹം, പതിവിലേറെ ക്ഷീണം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, കാഴ്ച മങ്ങല്‍, മുറിവുണങ്ങാനുള്ള കാലതാമസം, കൈതരിപ്പ്, ഭാരക്കുറവ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. ആരംഭത്തില്‍ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതുകൊണ്ടുതന്നെ പതിവായ വൈദ്യപരിശോധനയും രക്തപരിശോധനയും കൊണ്ടുമാത്രമേ പ്രമേഹം കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളു. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളെയും ബാധിക്കും. ഹൃദ്രോഗത്തിനും വൃക്കരോഗത്തിനും കാഴ്ചശക്തി നഷ്ടപ്പെടുന്നതിനും അംഗവിച്ഛേദനത്തിനും മുഖ്യ കാരണമാകുന്നു. ഹൃദയത്തിലേക്കും തലച്ചോറിലേക്കും പാദങ്ങളിലേക്കുള്ള വലിയ രക്തക്കുഴലുകളേയും കണ്ണിലേക്കും ഞരമ്പുകളിലേക്കും വൃക്കയിലേക്കുമുള്ള ചെറിയ രക്തക്കുഴലുകളേയും പ്രമേഹം സാരമായി ബാധിക്കുന്നതുകൊണ്ടാണിത്.

ഭക്ഷണ ക്രമീകരണവും കൃത്യമായുള്ള വ്യായാമവുമാണ് പ്രമേഹ ചികിത്സയുടെ അടിസ്ഥാനം. ഈ നിയന്ത്രണങ്ങള്‍ ഇല്ലാതെ ചികിത്സ ഒരിക്കലും ഫലപ്രദമാകില്ല. ചെറിയ കുട്ടികളിലാണ് സാധാരണയായി Type - 1 പ്രമേഹം കാണുന്നത്. അവരുടെ ശരീരത്തില്‍ ഇന്‍സുലിന്‍ ഇല്ലാത്തതുകൊണ്ടുതന്നെ അവര്‍ക്ക് ഇന്‍സുലിന്‍ കുത്തിവെപ്പുകളിലൂടെ മാത്രമേ കൃത്യമായ ചികിത്സ ലഭ്യമാകുന്നുള്ളു.

മുതിര്‍ന്ന ആളുകളിലെ Type - 2 പ്രമേഹം കൃത്യമായ ഭക്ഷണ ക്രമീകരണവും വ്യായാമവും അതോടൊപ്പം പ്രമേഹ നിയന്ത്രണ ഗുളികകള്‍ (Oral Anti Diabetic Medication) എന്നിവയിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്.
ഈ വര്‍ഷത്തെ ലോക പ്രമേഹദിനത്തിന്റെ വിഷയം പ്രമേഹവും കുടുംബവുമാണ്. പ്രമേഹ രോഗിയുടെ  രോഗ നിയന്ത്രണത്തിന് കുടുംബം വളരെ പ്രധാനമായ ഒരു പങ്ക് നിര്‍വഹിക്കുന്നു. കൃത്യമായ ഭക്ഷണരീതിക്കും വ്യായാമത്തിനും മരുന്നുകളുടെ കൃത്യമായ ഉപയോഗത്തിനും കുടുംബാംഗങ്ങളുടെ സഹകരണം വളരെ പ്രധാനമാണ്. അതുകൂടാതെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ കുട്ടികള്‍ക്കും വരാനുള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ പതിവായി രക്തപരിശോധന നടത്തേണ്ടതാണ്. ഇതുമൂലം വളരെ നേരത്തെ തന്നെ പ്രമേഹം കണ്ടുപിടിക്കാന്‍ സാധിക്കും. ചിട്ടയായ ജീവിതശൈലിയിലൂടെയും വ്യായാമത്തിലൂടെയും നമുക്ക് പ്രമേഹത്തോട് പോരാടാം. അമിത വണ്ണം കുറച്ചുകൊണ്ടും ഭക്ഷണം ക്രമീകരിച്ചുകൊണ്ടും നമുക്ക് വരുന്ന തലമുറയിലെ പ്രമേഹത്തിന്റെ പ്രബലത കുറയ്ക്കാം.