കുത്തിവെപ്പായി നല്‍കുന്ന ഇന്‍സുലിന്റെ ജോലി ഭക്ഷണത്തിന്റെ ഇടനേരങ്ങളിലും ഭക്ഷണത്തെ തുടര്‍ന്നും പഞ്ചസാരയുടെ നില ക്രമീകരിക്കലാണ്. അതുകൊണ്ട് രണ്ട് തരത്തിലുള്ള ഇന്‍സുലിനാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഭക്ഷണത്തെ തുടര്‍ന്ന് പഞ്ചസാര കുത്തനെ ഉയരുന്നതിനെ പിടിച്ചുനിര്‍ത്താന്‍ ഉടന്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സുലിനും ഭക്ഷണത്തിന്റെ ഇടനേരങ്ങളിലുള്ള, പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന ഇന്‍സുലിനും. ഉടന്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ കുത്തിവെച്ച് ഏതാണ്ട് അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ കഴിയുമ്പോള്‍ ഇന്‍സുലിന്‍ രക്തത്തില്‍ ലഭ്യമാവും. 

കുത്തിവെപ്പിനു ശേഷം രണ്ടോ മൂന്നോ മണിക്കൂര്‍ കഴിയുമ്പോഴാണ് ഇന്‍സുലിന്റെ അളവ് പരമാവധി ആകുന്നത്. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുള്ള പഞ്ചസാരയുടെ അളവ് പരമാവധി ആകുന്നത് ഏതാണ്ട് ഒന്നരമണിക്കൂറിലാണ്. ഈ സമയത്ത് രക്തത്തില്‍ ഇന്‍സുലിന്‍ ലഭ്യമാകുന്നതിന് വേണ്ടിയാണ് ഉടന്‍ പ്രവര്‍ത്തിക്കുന്നതരം ഇന്‍സുലിന്‍ ഭക്ഷണത്തിന് അരമണിക്കൂര്‍ എങ്കിലും മുമ്പ് രോഗി കുത്തിവെക്കണം എന്നു പറയുന്നത്. എന്നാല്‍ അടുത്തിടെ ലഭ്യമായ ചില പുതിയ തരം ഇന്‍സുലിനുകള്‍ രക്തത്തിലെ പഞ്ചസാര വര്‍ധിപ്പിക്കുന്നതനുസരിച്ച് വര്‍ധിക്കുകയും രക്തത്തിലെ പഞ്ചസാര തീരുന്നതിന് സമാന്തരമായി തീരുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം ഇന്‍സുലിനുകള്‍ ഭക്ഷണത്തിന് തൊട്ടുമുമ്പ് എടുത്താല്‍ മതിയാകും. 

ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ ഇടനേരങ്ങളിലെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനാണ്. ഈ ഇന്‍സുലിന്റെ അളവ് പര്യാപ്തമാണോ എന്ന് പരിശോധിക്കുന്നത് ഭക്ഷണത്തിന് മുമ്പുള്ള പഞ്ചസാരയുടെ അളവ് നോക്കിയാണ്. ഇന്‍സുലിന്‍ മാത്രം കുത്തിവെക്കുന്ന പ്രമേഹരോഗികള്‍ക്ക് ഓരോ ഭക്ഷണത്തിന് മുമ്പും ഉടന്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ കുത്തിവെക്കുകയും ഇടനേരങ്ങളിലെ പഞ്ചസാരയെ കുറയ്ക്കുവാനുള്ള ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ ഒന്നോ രണ്ടോ തവണ കുത്തിവെക്കുകയും ചെയ്യുന്നതാണ്. ഇങ്ങനെയാവുമ്പോള്‍ ദിനംപ്രതി ഒരുപാട് കുത്തിവെപ്പുകള്‍ വേണ്ടിവരും. ഇതൊഴിവാക്കാനുള്ള മാര്‍ഗം ഉടന്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സുലിനും ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന ഇന്‍സുലിനും ചേര്‍ത്തുണ്ടാക്കിയ മിശ്രിതങ്ങള്‍  ദിവസവും രണ്ടോ മൂന്നോ നേരം നല്‍കലാണ്. ഓരോ രോഗിക്കും ഇന്‍സുലിന്റെ ആവശ്യകത വിഭിന്നമായിരിക്കും. 

ഒരാള്‍ക്ക് എത്ര ഇന്‍സുലിന്‍ വേണം എന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണം തീരുമാനിക്കുവാന്‍. ഏതാണ്ട് 24 മണിക്കൂറും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഇന്‍സുലിനാണ് ലാന്റസ്, ഡിറ്റമിര്‍ തുടങ്ങിയവ. ങഒഛ കുത്തിവെപ്പ് ദിവസം രണ്ടോ മൂന്നോ തവണ നല്‍കേണ്ടിവരുമ്പോള്‍ ഭക്ഷണത്തിന്റെ ഇടനേരങ്ങളിലെ പഞ്ചസാരയെ ക്രമീകരിക്കാനായി ഇത്തരം കുത്തിവെപ്പുകള്‍ ഒരു നേരം നല്‍കിയാല്‍ മതി എന്നതാണ് ഗുണം.

ഇന്‍സുലിന്‍ നല്‍കാന്‍ പല മാര്‍ഗങ്ങള്‍
ഇന്‍സുലിന്‍ നല്‍കുന്നതിനുള്ള നല്ല മാര്‍ഗം കുത്തിവെപ്പ് തന്നെയാണ്. ഇന്‍സുലിന്‍ കുത്തിവെപ്പ് സാധാരണയായി നല്‍കുന്നത് കുപ്പിയും സിറിഞ്ചും ഉപയോഗിച്ചാണ്. ഇന്‍സുലിന്‍ നല്‍കാനുള്ള ഏറ്റവും ലളിതമായ മറ്റൊരു മാര്‍ഗം ഇന്‍സുലിന്‍ പേനയാണ്. ഇന്‍സുലിന്‍ പേനയുടെ ഉപയോഗം ലോകത്താകമാനം വര്‍ധിച്ചുവരികയാണ്. സൂചിയെ പേടിക്കുന്നവര്‍ക്കുള്ള നൂതനമാര്‍ഗമാണ് ജെറ്റ് ഇന്‍ജെക്ടര്‍. ശരീരത്തിലേക്ക് തുടര്‍ച്ചയായി ഇന്‍സുലിന്‍ നല്‍കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് ഇന്‍സുലിന്‍ പമ്പ്. 

ഓരോ മാര്‍ഗത്തിനും അതിന്‍േറതായ ഗുണങ്ങളും അല്‍പം ചില ദോഷങ്ങളുമുണ്ട്. ഓരോരുത്തര്‍ക്കും ഏറ്റവും അനുയോജ്യമായ മാര്‍ഗം ഡോക്ടറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. ഇന്‍സുലിന്‍ കുത്തിവെപ്പിന് പാര്‍ശ്വഫലങ്ങള്‍ വിരളമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് തീരെ കുറഞ്ഞുപോവുക എന്നതാണ് ഇന്‍സുലിന്‍ കുത്തിവെപ്പിനെ തുടര്‍ന്നുണ്ടാകാവുന്ന പ്രധാനപ്പെട്ട പാര്‍ശ്വഫലം. ഇന്‍സുലിന്റെ അളവ് കൃത്യമായി ക്രമീകരിക്കുകയും ഇടനേരങ്ങളില്‍ ഭക്ഷണം കഴിക്കുകയും ചെയ്താല്‍ ഈ അവസ്ഥ ഒഴിവാക്കാം. 

ഇന്‍സുലിന്റെ ആവശ്യകത പല പ്രമേഹരോഗികള്‍ക്കും വിഭിന്നമായിരിക്കും. ഇന്‍സുലിന്‍ ആവശ്യമുണ്ടെങ്കില്‍ ഒരു കാരണവശാലും ഒഴിവാക്കരുത്. ഏറ്റവും അനുയോജ്യമായ രീതി ഡോക്ടറോടാലോചിച്ച് രോഗിക്ക് തിരഞ്ഞെടുക്കാം. ഏറ്റവും ലാഭകരമായ മാര്‍ഗം, സാര്‍വത്രികമായ ലഭ്യത എന്നിവയാണ് കുത്തിവെപ്പിന്റെ ഗുണങ്ങള്‍. താരതമ്യേന വേദന കൂടുതലാണ് എന്നത് ന്യൂനതയാണ്.

ഇന്‍സുലിന്‍ സൂക്ഷിക്കുമ്പോള്‍
കുത്തിവെപ്പിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇന്‍സുലിന്‍ മുറിയിലെ ഊഷ്മാവില്‍ സൂക്ഷിക്കുന്നതില്‍ തെറ്റില്ല. ഭാവിയിലേക്കായി ശേഖരിക്കുന്ന ഇന്‍സുലിന്‍ ശീതീകരിച്ച അവസ്ഥയിലാണ് സൂക്ഷിക്കേണ്ടത്.  

ഇന്‍സുലിന്‍ പേന
ഇന്‍സുലിന്‍ പേനയുടെ വലിപ്പം താരതമ്യേന കുറവാണ്. ഇതിനുള്ളില്‍ത്തന്നെ ഇന്‍സുലിന്‍ ശേഖരിച്ചിട്ടുണ്ട്. നിര്‍ദിഷ്ട അളവിലുള്ള ഇന്‍സുലിന്‍ പേനയില്‍ ഡയല്‍ ചെയ്യാം. തുടര്‍ന്ന് ഇന്‍സുലിന്‍ സിറിഞ്ചിലെന്ന പോലെ കുത്തിവെക്കുക. കൊണ്ടുനടക്കാന്‍ കഴിയും, യാത്രാവേളകളില്‍ ഉത്തമം, വേദന താരതമ്യേന കുറവാണ് എന്നിവയാണ് ഗുണങ്ങള്‍. സാധാരണ കുത്തിവെപ്പിനെ അപേക്ഷിച്ച് ചെലവ് അല്‍പം കൂടുതലാണ്.

ഇന്‍സുലിന്‍ പമ്പ്
പേജറിന്റെ വലിപ്പത്തിലുള്ള ഉപകരണമാണ് ഇന്‍സുലിന്‍ പമ്പ്. പമ്പിനുള്ളില്‍ ഉള്ള റിസര്‍വയറിലേക്ക് ഇന്‍സുലിന്‍ നിറയ്ക്കുന്നു. ഈ റിസര്‍വോയര്‍ ഒരു നേര്‍ത്ത കുഴലിലൂടെ ഉദരഭാഗത്തെ കൊഴുപ്പിലേക്ക് ഘടിപ്പിക്കുന്നു. പ്രോഗ്രാം ചെയ്യുന്ന അളവിലുള്ള ഇന്‍സുലിന്‍ തുടര്‍ച്ചയായി പമ്പ് ശരീരത്തിന് നല്‍കും. 

ഇതുകൂടാതെ ഭക്ഷണം കഴിക്കുന്ന അവസരങ്ങളില്‍ ഒരു സ്വിച്ച് അമര്‍ത്തുന്നതിലൂടെ ഭക്ഷണത്തെ തുടര്‍ന്നുള്ള രക്തത്തിലെ പഞ്ചസാരയെ ക്രമീകരിക്കാന്‍ വേണ്ട ഇന്‍സുലിന്‍ കുത്തിവെക്കാവുന്നതാണ്. ഇന്‍സുലിന്‍ തുടര്‍ച്ചയായി വേണ്ട രോഗികള്‍ക്ക് പ്രത്യേകിച്ച് ടൈപ്പ് ഒന്ന് പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ നല്‍കുവാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്.
രണ്ടു ലക്ഷത്തോളം രൂപ വിലവരും. ഭീമമായ പ്രതിമാസ ചെലവുകള്‍ വേറെയുമുണ്ട് എന്നതാണ് ന്യൂനത.

ജെറ്റ് ഇന്‍ജക്ടര്‍
സൂചിയില്ലാത്ത സിറിഞ്ചിനുള്ളില്‍, കുപ്പിയില്‍ നിന്നും ഇന്‍സുലിന്‍ നിറയ്ക്കുന്നു. ഈ സിറിഞ്ച് പേന പോലുള്ള ഒരു ഉപകരണത്തില്‍ ഘടിപ്പിക്കുന്നു. ഈ ഉപകരണത്തിന്റെ ഒരു സ്വിച്ച് അമര്‍ത്തുമ്പോള്‍ സിറിഞ്ചിലെ ചെറിയ സുഷിരത്തിലൂടെ ഇന്‍സുലിന്‍ കൊഴുപ്പിനുള്ളിലേക്ക് പ്രവേശിക്കുന്നു. സൂചി ഇല്ല, വേദന കുറവ് എന്നിവയാണ് ഗുണങ്ങള്‍. വില സാധാരണ സിറിഞ്ചിനെ അപേക്ഷിച്ച് കൂടുതലാണ്. ചില രോഗികള്‍ക്ക് വേദനയും അനുഭവപ്പെടും.